Wednesday, October 25, 2017

യോഗശാസ്ത്രവും മന്ത്രവും

പ്രിന്റ്‌ എഡിഷന്‍  ·  October 26, 2017
മനുഷ്യശരീരത്തെ നമ്മുടെ പൗരാണിക ഋഷികള്‍ ഈ പ്രപഞ്ചത്തിന്റെ സാദൃശ്യങ്ങള്‍ മുഴുവനും ഒത്തിണങ്ങിയ ഒരു പ്രതീകമായിട്ടാണ് ദര്‍ശിച്ചത്. ഈ മാനുഷിക ശരീരത്തിന്റെ സൃഷ്ടിയില്‍ ഈശ്വരശക്തി വിവിധതലങ്ങളിലൂടെ ഭൗതിക ശരീരംവരെ ഇറങ്ങിവരുന്ന വിവിധതലങ്ങള്‍ ആറെണ്ണമുണ്ട്.
ആദ്യത്തേത്, ഭ്രൂമദ്ധ്യത്തിലുള്ള ആജ്ഞാചക്രവും രണ്ടാമത്തേത് കണ്ഠത്തിലുള്ള വിശുദ്ധചക്രവും മൂന്നാമത്തേത് ഹൃദയഭാഗത്തുള്ള അനാഹതചക്രവും നാലാമത്തേത്, നാഭിക്കു പിന്നിലുള്ള മണിപൂരകചക്രവും അഞ്ചാമത്തേത്, ലിംഗമൂലത്തിലുള്ള സ്വാധിഷ്ഠാനചക്രവും ആറാമത്തേത്, അതിനുമിടയിലുള്ള മൂലാധാരവുമാണെന്ന് യോഗശാസ്ത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ചക്രങ്ങള്‍ ഭൗതികാവയവങ്ങള്‍ അല്ല. സൂക്ഷ്മ ശരീരത്തിലുള്ളവയാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. കണ്ഠസ്ഥമായ വിശുദ്ധിചക്രത്തിന്റെ പതിനാറുദളങ്ങള്‍ ‘അ’ മുതല്‍ ‘അഃ’വരെയുള്ള പതിനാറ് സ്വരാക്ഷരങ്ങളുടെ സ്പന്ദന വിശേഷങ്ങള്‍ ഉള്‍ക്കൊണ്ടവയാണ്.
അതുപോലെ ഹൃദയസ്ഥാനത്തുള്ള അനാഹതചക്രം ക, ഖ, ഗ, ഘ, ങ, ച, ഛ, ജ, ഝ, ഞ, ട, ഠ എന്നീ പന്ത്രണ്ട് വ്യഞ്ജനാക്ഷരങ്ങളുടെയും അതിനിടയിലുള്ള മണിപൂരകചക്രം ഡ, ഢ, ണ, ത, ഥ, ദ, ധ, ന, പ, ഫ എന്നീ പത്ത് അക്ഷരങ്ങലുടെയും സ്വാധിഷ്ഠാനചക്രം ബ, ഭ, മ, യ, ര, ല എന്നീ ആറ് അക്ഷരങ്ങലുടെയും മൂലാധാരചക്രം വ, ശ, ഷ, സ എന്നീ നാലക്ഷരങ്ങളുടെയും ഭ്രൂമദ്ധ്യത്തിലുള്ള ആജ്ഞാചക്രം ഹ, ക്ഷ എന്നീ രണ്ടക്ഷരങ്ങളുടെയും സ്പന്ദന വിശേഷങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ഇവയ്‌ക്കെല്ലാമുപരി തലച്ചോറിന്റെ ഉപരിതലത്തിലുള്ള സഹസ്രദളപത്മത്തില്‍ ഈ അമ്പത് അക്ഷരങ്ങളുടെയും ആവര്‍ത്തനങ്ങള്‍ വീണ്ടും വരുന്നു. നാം ഉച്ചരിക്കുന്ന ഏതു ശബ്ദവും ഈ അക്ഷരമാലക്കകത്ത് ഉള്‍പ്പെടണമല്ലോ.
അങ്ങനെ യോഗപരമായ സാധന ചെയ്ത് സിദ്ധി വന്നതിനുശേഷം ഇച്ഛാശക്തി പൂര്‍ണമായി ഉപയോഗിച്ച് ഉച്ചരിക്കുന്നതായ ഓരോ ശബ്ദവും അതത് ചക്രത്തിലെ അതത് ദളങ്ങളെ പ്രചോദിപ്പിക്കുന്നവയാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news726776#ixzz4wZBlLXyu

No comments: