Tuesday, October 31, 2017

രമണ മഹര്‍ഷി പറഞ്ഞു....
നാമരൂപങ്ങളെ കണ്ടിട്ടാണ് ആത്മസാക്ഷാത്കാരത്തെക്കുറിച്ച് ചോദ്യം ഉയരുന്നത്. താന്‍ ഇക്കണ്ട സ്ഥൂലശരീരമാണെന്ന് അഹങ്കാരം നിമിത്തം കരുതുന്നതിനാലാണ് ഈ സ്ഥൂലക്കാഴ്ചകള്‍.
അഹങ്കാരന്‍, സ്വപ്‌നത്തിലെന്ന പോലെ, സൂക്ഷ്മശരീര മനസ്സോടു ചേര്‍ന്നിരിക്കുമ്പോള്‍ സൂക്ഷ്മലോകത്തെ കാണുന്നു. സുഷുപ്തിയിലാണെങ്കില്‍ അതുമില്ല. കാഴ്ചയേ ഇല്ല.
അക്കാരണത്താല്‍ ആ സമയത്ത് ദ്രഷ്ടാവില്ലെന്നര്‍ത്ഥമാവുമോ? ദ്രഷ്ടാവപ്പോള്‍ ഇല്ലായിരുന്നുവെങ്കില്‍ സുഖമായുറങ്ങി എന്നു പറയാനാര്? ഉറങ്ങിയതാര്? ഉറക്കത്തെപ്പറ്റി ഉറങ്ങുമ്പോള്‍ അറിയുന്നില്ല, പിന്നീടാണ് അറിയുന്നതും, പറയുന്നതും. പിന്നീടേ അറിയാനും പറയാനും ഒരാളുണ്ടായിരുന്നുള്ളു. ഞാന്‍ അഥവാ അഹങ്കാരന്‍ ഈ ഞാന്‍ തന്നെയാണ്.
ഉറങ്ങിയതും ഉണര്‍ന്നതും സ്വപ്‌നം കണ്ടതും എന്നാല്‍ മാറ്റമുള്ള ഈ മൂന്നവസ്ഥാഭേദങ്ങളുമല്ലാതെയും മാറ്റമില്ലാതെയും അന്തര്‍ലീനമായും ആധാരമായും വസ്തുവിനെ അറിയുക. അതിനെ കേവലം ‘ഉള്ളത്’ എന്നു മാത്രമേ പറയാവൂ. അതില്‍ നീയില്ല, ഞാനില്ല, അവനില്ല, അതുമില്ല അതിനു ഭൂതഭാവികളുമില്ല. ദേശ, കാല, അവസ്ഥകളുമില്ല.
ഭാവിച്ചറിയാനും ഒക്കാത്തത്. അത് ഈ സത്യമാണ്. എപ്പോഴുമുള്ളതാണ്. ആദി ദക്ഷിണാമൂര്‍ത്തി മൗനത്തില്‍കൂടി സനകാദി മഹര്‍ഷിമാരുടെ സംശയം തീര്‍ത്തരുളി, ‘വാഴയ്ക്കു വാഴ’ എന്ന മട്ടില്‍ ഗുരുപരമ്പരയെ അനുഗ്രഹിച്ചുകൊണ്ടിരുന്നു. ഗുരു, ആ ദക്ഷിണാമൂര്‍ത്തിയുടെ പേരാണ്. ആത്മാവിനെ അറിഞ്ഞാല്‍ പിന്നീട് ഈ ചോദ്യമുദിക്കുകയില്ല.

No comments: