Tuesday, October 31, 2017

അന്തരിച്ച പ്രൊഫ. തുറവൂര്‍ വിശ്വംഭരനെക്കുറിച്ച്.....
ഓരോ വാക്കും കടലുപോലെ ഗംഭീരവും ഉജ്ജ്വലവും. അര്‍ത്ഥഗരിമയുടെ ആകാശങ്ങളില്‍ അവ പ്രകാശം ചുരത്തുമ്പോള്‍ ശ്രോതാവ് അതിശയിക്കുന്നു, അമ്പരപ്പോടെ സ്വയം ചോദിക്കുന്നു- ഇങ്ങനെയും വ്യാഖ്യാനങ്ങളോ? ഇത്രയും അര്‍ത്ഥതലങ്ങളോ? പുരാണത്തിന് പഴമയുടെ മടുപ്പിക്കുന്ന ഗന്ധമെന്ന് കരുതി മുഖം തിരിക്കുന്നവരുണ്ടോ… ഒരിക്കലെങ്കിലും ഈ പ്രൊഫസറുടെ വ്യാഖ്യാനങ്ങള്‍ സശ്രദ്ധം കേള്‍ക്കാന്‍ അവസരം ലഭിച്ചാല്‍ ഉറപ്പാണ് അവര്‍ പറഞ്ഞതെല്ലാം, ധരിച്ചതെല്ലാം തിരുത്തും. അറിവ് കടലായി ഒഴുകുമ്പോള്‍ സ്വയം ചുരുങ്ങി പ്രപഞ്ചത്തിന്റെ നിസ്സാരതകളില്‍ മുങ്ങി സ്വത്വം തേടിപ്പോകും സഹൃദയന്‍. നല്ല ആസ്വാദനശീലമുള്ളവനാണ് സഹൃദയന്‍, വായിക്കുന്നതും കേള്‍ക്കുന്നതും ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുന്നവന്‍. പറയുന്നതും അങ്ങനെയായാലോ അറിവ് അഗ്‌നിയായി കത്തിജ്ജ്വലിക്കും.
അറിവിന്റെ ആ നിശബ്ദ ജ്വലനത്തിനാണ് അമൃത ടിവി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവസരമൊരുക്കി വരുന്നത്. കൃത്യമായി പറഞ്ഞാല്‍ 2063 ദിവസങ്ങളിലായി മഹാഭാരതദര്‍ശനം നിര്‍ഗളമൊഴുകുകയാണ്. ആദ്യം കേള്‍ക്കുന്നവര്‍ക്ക് തികച്ചും അപ്രാപ്യമാണ് തത്വങ്ങള്‍. കേള്‍ക്കണം, കാതും മനസ്സും പൂര്‍ണ്ണമായും നല്‍കി. അങ്ങനെ കേള്‍ക്കുന്ന ഒരു വിഭാഗം എല്ലാ പ്രഭാതങ്ങളിലും കാത്തിരിക്കുന്നുണ്ട് പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരനെ.
സാധാരണ ടെലിവിഷന്‍ ഷോയുടെ ഒരുവിധ പൊങ്ങച്ചവുമില്ലാത്ത പരിപാടി. അതിന് ഏറ്റവും വലിയ തെളിവ് സേതുവമ്മയാണ്. ക്യാന്റീനില്‍നിന്നു ചായ വിതരണം ചെയ്യുന്നവരാണവര്‍.
പൊങ്ങച്ചക്കാരുടെ കെട്ടുക്കാഴ്ച്ചകളില്‍ ഇളകിമറിയുന്ന ഷൂട്ടിംഗ് രംഗങ്ങള്‍ കണ്ട് ശീലിച്ച സേതുവമ്മ പലപ്പോഴും ഭാരതദര്‍ശനത്തിന്റെ ഷൂട്ടിംഗ് സ്റ്റുഡിയോയ്ക്ക് മുന്നില്‍ സംശയിച്ചു നില്‍ക്കും. ക്യാമറ റോളിംഗാണോ.. പ്രവേശിക്കാമോ എന്ന് പ്രൊഡ്യൂസറിന്റെ അനുവാദത്തിനായി. ഒരിക്കല്‍ റോള്‍ ചെയ്യുന്ന ക്യാമറക്ക് മുന്നില്‍ പെണ്ണുകാണല്‍ ചടങ്ങുപോലെ ചായക്കപ്പുകളുമായി സേതുവമ്മ പ്രവേശിച്ചത് ചാനലിലെ കുട്ടിത്തലമുറ കഥകളുണ്ടാക്കി ആഘോഷിച്ചു. അതിന് സേതുവമ്മ പ്രതികരിച്ചതിങ്ങനെ- ”പോയിന്‍ പിള്ളാരേ..അവിടെന്താ നടക്കുന്നതെന്ന് ഞാനെങ്ങനെ അറിയും. എപ്പം നോക്കിയാലും മൂന്ന് പേര്‍ ഒരു മേശക്ക് ചുറ്റും…ഒച്ചയുമില്ല അനക്കവുമില്ല…’
ശരിയാണ് അംഗചലനങ്ങളുടെ വശ്യതയും വാചാലതയുമല്ല ഇവിടെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്. പ്രപഞ്ചത്തിലെ സകലജീവികളും കഥാസന്ദര്‍ഭങ്ങളില്‍ നിറഞ്ഞ് നിരക്കുന്ന മഹാഭാരതമാണ് വിഷയം. മഹാഭാരതത്തിലുള്ളത് മാത്രമേ നൂറാനുകോടി ഗ്രഹങ്ങളും നക്ഷത്രങ്ങളും നിറഞ്ഞ ഈ മഹാപ്രപഞ്ചത്തിലുള്ളു എന്നത് എന്നേ പറഞ്ഞുപോയ സത്യം.
”യദിഹാസ്തി തദന്യത്ര
യന്നേഹാസ്തി ന തത് കുത്രചിത് ‘
സൈദ്ധാന്തികമായോ ഭാഷാപരമായോ തുറവൂര്‍ വിശ്വംഭരനൊപ്പം നില്‍ക്കാന്‍ കഴിയുന്നവര്‍ കുറവ്. ശാസ്ത്രാതീതകാലം മുതല്‍ സാങ്കേതികജ്ഞാനത്തിന്റെ ഏറ്റവും പുത്തനറിവ് വരെ അദ്ദേഹത്തിന്റെ നാവിന്‍തുമ്പിലുണ്ട്. സംഭാഷണത്തിനിടെ ലോകത്താകമാനമുള്ള സാഹിത്യകൃതികള്‍ ഉദ്ധരിക്കപ്പെടുന്നു.
പുരാണേതിഹാസങ്ങളില്‍ ഏറ്റവും വിമര്‍ശനവിധേയവും ചോദ്യം ചെയ്യപ്പെടുന്നതുമായ സന്ദര്‍ഭങ്ങള്‍ക്ക് ഇത്ര യുക്ത്യധിഷ്ടിതമായി ഉത്തരം നല്‍കാന്‍ മാഷെപ്പോലെ സാധിക്കുന്ന മറ്റൊരാള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. മാനുഷികമായ പരിഗണനയുടെ പേരില്‍ മഹാഭാരതത്തിലെ ഏറ്റവും ജനകീയമായ കഥാപാത്രങ്ങളില്‍പ്പെടുന്ന കര്‍ണ്ണന്റെയും ഏകലവ്യന്റെയും ചിലര്‍ കെട്ടിപ്പൊക്കിയുണ്ടാക്കിയ കൃത്രിമ പ്രതിഛായ നിശ്ശേഷം തകര്‍ക്കാന്‍ രണ്ടോ മൂന്നോ വാക്കുകള്‍ മതി വിശ്വംഭരന്‍ മാഷിന്. ഗുരുവിന്റെ പ്രതിമ സ്ഥാപിച്ച് അതിന് മുന്നില്‍ ആയോധനവിദ്യകള്‍ സ്വയം പഠിച്ചെടുത്ത ഏകലവ്യനോട് ദ്രോണാചാര്യര്‍ കാട്ടിയ ക്രൂരതക്ക് എന്ത് ന്യായമെന്ന ചോദ്യത്തോട് മാഷ് ഒരിക്കല്‍ പ്രതികരിച്ചതിങ്ങനെ-ദ്രോണാചാര്യരുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ അവന്റെ തലയറുക്കുമായിരുന്നു. നിഷാധവംശവും കുരുവംശവും രണ്ട് രാജ്യങ്ങളാണ്.
ആയോധനമുറകള്‍ പഠിക്കാന്‍ അയല്‍രാജ്യത്തെ സൈനികഗുരുവിനെ സമീപിക്കുന്നത് തെറ്റ്. യുദ്ധമുറകള്‍ ഒളിച്ചിരുന്ന് പഠിച്ചത് അതിലും മാപ്പര്‍ഹിക്കാത്ത തെറ്റ്. പാക്കിസ്ഥാനിലെ സൈനികന്‍ ഇന്ത്യന്‍ പ്രതിരോധ സേനയെ സമീപിച്ചാല്‍ എങ്ങനെ പ്രതികരിക്കും രാജ്യസ്‌നേഹികള്‍. ആയോധനവിദ്യകള്‍ അഭ്യസിച്ച ശത്രുവിനെ അനുഗ്രഹിച്ച് അയക്കുന്നതോ രാജ്യസ്‌നേഹം. വിരല്‍ മാത്രം അറുത്തുമാറ്റിയത് ദ്രോണാചാര്യര്‍ ഏകലവ്യന് നല്‍കിയ മാനുഷിക പരിഗണന. മാത്രമല്ല പാണ്ഡവര്‍ക്കൊപ്പം കാട്ടിലെത്തിയ ദ്രോണാചാര്യര്‍ക്ക് മുന്നേ പോയ നായ തിരികെയെത്തിയത് വായ നിറയെ അസ്ത്രങ്ങളുമായി. പുലിയും കടുവയുമൊന്നുമല്ല കല്ലെറിഞ്ഞാല്‍, ഒച്ചയുയര്‍ത്തിയാല്‍ മാറി നില്‍ക്കുന്ന മിണ്ടാപ്രാണിയോടായിരുന്നു ഈ ക്രൂരത. ഏകലവ്യനെന്ന ജനകോടികള്‍ വാഴ്ത്തുന്ന നിഷാദന്റെ ക്രൗര്യതക്ക് ഇതിലും വലിയ തെളിവില്ലെന്ന് മാഷ് ചൂണ്ടിക്കാണിക്കുന്നു.
ജന്മസിദ്ധമായ കവചകുണ്ഡലങ്ങള്‍ ദാനം ചെയ്ത കര്‍ണ്ണന്റെ മഹാത്യാഗത്തെ മാഷ് വിശേഷിപ്പിക്കുന്നത് കണ്ടീഷണല്‍ എക്‌സ്‌ചേഞ്ച് (conditional exchange)എന്നാണ്. കവചവും കുണ്ഡലവും തരാം പകരം ദിവ്യശക്തിയുള്ള ആയുധം ലഭിക്കണം, മാത്രമല്ല ശരീരത്തോട് ചേര്‍ന്നു കിടക്കുന്ന കവച കുണ്ഡലങ്ങള്‍ മാറ്റുമ്പോള്‍ തന്റെ സൗന്ദര്യത്തിന് ക്ഷതമേല്‍പ്പിക്കുന്ന മുറിവുകളൊന്നും പാടില്ല. ഇവിടെ എവിടെയാണ് കവികള്‍ പാടി പുകഴ്ത്തുന്ന നിസ്വാര്‍ത്ഥത്യാഗമെന്നാണ് മാഷിന്റെ ചോദ്യം. രാജകുമാരന്‍മാരുടെ അഭ്യാസപ്രകടനത്തിനിടെ മികവ് തെളിയിക്കാനെത്തിയ കര്‍ണ്ണന്‍ അപമാനിക്കപ്പെട്ടു എന്ന ആക്ഷേപത്തിന് administrative principle അറിയാത്ത ദ്രോണാചാര്യരുടെ പിഴവ് മൂലമാണ് കര്‍ണ്ണന്‍ രാജസന്നിധിയില്‍ പ്രവേശിക്കപ്പെട്ടതെന്നാണ് മാഷ് പറയുന്നത്. നിയമസഭയില്‍ കടന്ന് എനിക്കും ചിലത് പറയാനുണ്ട് എന്ന് പറയുന്നവന്റെ ഗതിയായിരുന്നു കര്‍ണ്ണന് ഉണ്ടാകേണ്ടത്. പക്ഷേ ദ്രോണാചാര്യര്‍ കണ്ണടച്ചു, അര്‍ജ്ജുനന്റെ പ്രകടനത്തില്‍ അന്തം വിട്ട ദുര്യോധനനിലെ ഭീരുത്വമാണ് കര്‍ണ്ണന് പിന്തുണ നല്‍കിയതെന്ന് മാഷ് പറയുമ്പോള്‍ പ്രേക്ഷകര്‍ക്ക് മറുചോദ്യമില്ല.
ഭീഷ്മരെയും വെറുതെ വിടുന്നില്ല മാഷ്, സമകാലീന പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രതീകമാണ് ഭീഷ്മര്‍. പ്രീണനനയത്തിന്റെ ആള്‍രൂപമായിരുന്നതിനാലാണ് പാഞ്ചാലി അപമാനിക്കപ്പെട്ട സദസ്സില്‍-ധര്‍മ്മസ്യ തത്വം നിഹിതം ഗുഹായാം- എന്ന് പറഞ്ഞ് കൗരവരുടെ അധാര്‍മ്മികതയ്‌ക്കെതിരെ അദ്ദേഹം നിശബ്ദനായതെന്ന് മാഷ് ചൂണ്ടിക്കാണിക്കുന്നു. ദുര്യോധനനെയും കമ്മ്യൂണിസ്റ്റ് സ്വേഛാധിപതി സ്റ്റാന്‍ലിനെയും ഒരേ ത്രാസില്‍ അളക്കുന്നു മാഷ്.
വ്യാസനെ വ്യാഖ്യാനിക്കുകയല്ല വ്യാസമനസ് പകര്‍ത്തുകയാണ് മാഷെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇനിയമുണ്ട് ഉദാഹരണങ്ങള്‍. മഹാഭാരതം മാത്രമല്ല പറഞ്ഞുവരുമ്പോള്‍ രാമായണം ഉള്‍പ്പെടെയുള്ളവയും ചര്‍ച്ചയില്‍ കടന്നുവരുന്നു. സീതയെ കാട്ടിലുപേക്ഷിച്ച രാമന്റെ നീതി ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഉറപ്പിച്ച് പറയുന്നു മാഷ്, രാമന്‍ അന്നങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ സീത ഒരിക്കലും പതിവ്രതാരത്‌നമാകില്ലായിരുന്നുവെന്ന്. സംശയിക്കപ്പെട്ട ചാരിത്ര്യശുദ്ധിയുമായി സീതയെന്ന കഥാപാത്രം അവശേഷിച്ചേനേ. സീതയെ സീതയാക്കിയത് രാമന്റെ നിലപാടാണെന്ന് ചുരുക്കം. ഇങ്ങനെ പുരാണേതിഹാസങ്ങളില്‍ എതിര്‍വാദത്തിന് പഴുതുപോലും അവശേഷിപ്പിക്കാതെ മാഷ് തിരുത്തിത്തരുന്ന ധാരണകള്‍ ഏറെയുണ്ട്.
തിന്നുകുടിച്ച് ആഘോഷിച്ച് ജീവിക്കുന്നവര്‍ക്ക് വായിച്ചുരസിക്കാനുള്ള കഥയല്ല മഹാഭാരതമെന്നും പൂര്‍വ്വവൃത്തം കഥായുക്തം..എന്ന് തുടങ്ങുന്ന ഇതിഹാസലക്ഷണമനുസരിച്ച് അത് വ്യക്തമായ ചരിത്രമാണെന്ന് മനസ്സിലാക്കത്തവരെ എന്ത് വിളിക്കണമെന്നും മാഷ് ചോദിക്കുന്നു. അമൃത ടിവിയില്‍ ഭാരതദര്‍ശനം തുടങ്ങുന്നതിന് മുമ്പ് മലയാളം വാരികയില്‍ പരമ്പരയായി അതെക്കുറിച്ച് എഴുതുന്നുണ്ടായിരുന്നു മാഷ്. അമൃതാ ടിവി തുടങ്ങുന്ന സമയത്ത് വള്ളിക്കാട്ടെ അമൃതാനന്ദമയീ ആശ്രമത്തില്‍ നിന്ന് ഇത്തരത്തില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ നേരിട്ട് ക്ഷണിക്കുകയായിരുന്നു. മാഷിന്റെ ആദ്യപ്രതികരണം തന്നെ ജ്ഞാനവിജ്ഞാനങ്ങള്‍ക്ക് അതിര്‍ത്തി കല്‍പ്പിച്ച് സംസാരിക്കാന്‍ കഴിയില്ലെന്നായിരുന്നു. തനിക്ക് ഹിതമായവ ആശ്രമത്തിനും മറ്റും അഹിതമെന്ന് തോന്നിക്കൂടായ്കയില്ല എന്ന മുന്നറിയിപ്പും നല്‍കി മാഷ്. പക്ഷേ ആശ്രമത്തിന് വിശ്വംഭരന്‍ മാഷിനെ അല്‍പ്പവും അവിശ്വാസമില്ലായിരുന്നു, ലൈസന്‍സ് നല്‍കി എന്തും പറയാന്‍.
പരിപാടിക്കായി അന്ന് പ്രോഗ്രാമിന്റെ ചുമതലയുള്ള ജൂഡ് അട്ടിപ്പേറ്റിയുമായി സംസാരിച്ചു. എന്തായിരിക്കണം ടൈറ്റില്‍ സോങ്ങ്, വിഷ്വല്‍ ആവിഷ്‌ക്കാരം എങ്ങനെയാകണം. അര്‍ജ്ജുനനും കൃഷ്ണനുമൊക്കെചേര്‍ന്ന ഒരു ദൃശ്യാവിഷ്‌ക്കാരം കണ്ടുമടുത്ത conventional concept അല്ലേ എന്നായിരുന്നു ജൂഡ് അട്ടിപേറ്റിന്റെ സംശയം- ഉടന്‍ നല്‍കി മാഷ് മറുപടി, ”അച്ഛനെ സ്ഥിരം കണ്ട് മടുത്തെന്നും അദ്ദേഹത്തെ മാറ്റണമെന്നും ആരെങ്കിലും അമ്മയോട് ശുപാര്‍ശ ചെയ്യുമോ..? ‘
അങ്ങനെ ഭാരതദര്‍ശനം തുടങ്ങി. അദ്വൈതവും സാഹിത്യവും ശാസ്ത്രവും സാമൂഹികവുമായ വിഷയങ്ങള്‍ സോദാഹരണം വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ അഭൂതപൂര്‍വ്വമായ പ്രതികരണമായിരുന്നു.
കേട്ടതില്‍ വ്യക്തത തേടിയും കേട്ടത് ഒട്ടും മനസ്സിലാകാത്തവരും വിമര്‍ശിക്കുന്നവരുമായി ഫോണ്‍കോളുകളുടെ ബഹളം. ഈ പരിപാടി 2063 എപ്പിസോഡ് പിന്നിടുമ്പോള്‍ ചിരിയോടെ മാഷ് പറയുന്നു ”ഞാന്‍ പറയുന്നത് പൂര്‍ണമായും മനസ്സിലാക്കി വിളിക്കുന്നവരുണ്ടെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല” എന്ന്. ശരിയാണ് കോടാനുകോടി പ്രപഞ്ചങ്ങള്‍ നിറയുന്ന മഹാപ്രപഞ്ചത്തെ ഉള്‍ക്കൊള്ളുന്ന പ്രജാപതി തന്നെ കവിയാകുന്ന മഹാഭാരതം അങ്ങനെ പെട്ടെന്ന് മനസ്സിലാക്കാനാകില്ല. ഭൗതിക ശാസ്ത്രവും പ്രകൃതി ശാസ്ത്രവും മനസ്സിലാക്കിയ വ്യാസനെ ദുര്‍വ്യാഖ്യാനിച്ചവരാണ് കുട്ടിക്കൃഷ്ണമാരാരും എം.ടി.വാസുദേവന്‍നായരും ഉള്‍പ്പെടെയുള്ളവരെന്ന് മാഷ് വെട്ടിത്തുറന്ന് പറയുന്നു. മാറുന്നത് മെറ്റീരിയലാണെന്നും ഊര്‍ജ്ജം മാത്രമാണ് സത്യമെന്നുമുള്ള ഐന്‍സ്റ്റീന്റെ വാക്യത്തെ മഹാതത്വമായി കൊണ്ടാടുന്നവര്‍ നൂറ്റണ്ടുകള്‍ക്ക് മുമ്പേ ഇക്കാര്യം പകല്‍പോലെ വ്യക്തമാക്കിയ വ്യാസനുള്‍പ്പെടെയുള്ളവരെ കേള്‍ക്കാത്തതില്‍ മാഷിന് പക്ഷേ പരാതിയില്ല. ‘വിവരക്കേട്’ എന്ന ഒറ്റവാക്കില്‍ പ്രതികരണം.
ഭാരതദര്‍ശനത്തിന്റെ സ്ഥിരം പ്രേക്ഷകര്‍ക്ക് ഈ പരിപാടിയെക്കുറിച്ച് ഏറെ പറയാനുണ്ട്. വിമര്‍ശനാത്മകവും ശാസ്ത്രീയവും ഭാഷാപരവുമായി ഒന്നത്യം പുലര്‍ത്തുന്ന ഒരു പരിപാടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. സൂക്ഷ്മതലങ്ങളില്‍ കാര്യങ്ങളെ മനനം ചെയ്യുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തിരുന്ന ത്രികാലജ്ഞാനികളുടെ ദര്‍ശനങ്ങളാണ് വിവിധ തലങ്ങളില്‍ വിവരിക്കപ്പെടുന്നത്. കേവലം കഥകള്‍ മാത്രമായി പുതിയ തലമുറ കാണുന്ന സംഭവങ്ങളുടെ ശാസ്ത്രീയതയും സൂക്ഷ്മതലങ്ങളും മനസ്സിലാക്കാന്‍ ഭാരതദര്‍ശനം വഴിയൊരുക്കുകയാണ്.
മഹാഭാരതത്തിന്റെ ധാര്‍മ്മികത ചോദ്യം ചെയ്യുന്ന കഥാ സന്ദര്‍ഭങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഉത്തരം കൂടിയാണ് ഈ പരിപാടി. ധൃതരാഷ്ട്രരുടെ പുത്രന്‍മാരായ കൗരവരാണോ കുന്തിക്ക് വിവിധ ദേവന്‍മാരില്‍ ജനിച്ച പാണ്ഡവരാണോ യഥാര്‍ത്ഥത്തില്‍ രാജ്യാവകാശികള്‍ എന്ന ചോദ്യത്തിന് പുത്രോത്പാദനത്തിന് കഴിയാത്ത ഭര്‍ത്താവിന്റെ സമ്മതത്തോടെ നടത്തുന്ന ഐവിഎഫ് പോലുള്ള ആധുനിക മാര്‍ഗങ്ങളുടെ നൈതികതയും നിയമപിന്തുണയും ചൂണ്ടിക്കാട്ടി സാധൂകരണം നടത്താന്‍ മാഷിന്റെ വാക്കുകള്‍ പിന്തുടരുന്ന പ്രേക്ഷകന്‍ സ്വയം പര്യാപത്‌നാകുന്നു.
അക്ഷരങ്ങളിലൂടെ പറയാനാകുന്നതിന് പരിമിതിയുണ്ടായിരുന്നെന്നും ഭാരതദര്‍ശനം എന്ന പരിപാടി തുറന്ന സംവാദവേദിയാണെന്നും വിശ്വംഭരന്‍ മാഷ് പറയുന്നു. ഒരു പ്രത്യേക വിഷയത്തില്‍ ഒതുങ്ങാതെ വിജ്ഞാനത്തെ അഖണ്ഡമണ്ഡലങ്ങളിലേക്കും വ്യാപരിപ്പിക്കാന്‍ ചില ചോദ്യങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറയുന്നു. പറഞ്ഞുവരുമ്പോള്‍ കാറ്റും മരവും കിളിയും കീടവും കടലും ആകാശവും വിഷയങ്ങളാകുന്നു. അവയെല്ലാം മഹാഭാരതമെന്ന ഇതിഹാസത്തിലേക്ക് ഒതുങ്ങുന്നു. ചുരുക്കത്തില്‍ ജന്മാന്തരങ്ങള്‍ പറഞ്ഞാലും തീരാത്ത അറിവിന്റെ മഹായജ്ഞമാണ് അമൃതി ടിവിയില്‍ വിശ്വംഭരന്‍ മാഷ് നടത്തുന്ന ഭാരതദര്‍ശനം. പറഞ്ഞതിനേക്കാള്‍ പറയാനുള്ളത് അവശേഷിക്കുമ്പോള്‍ മാഷെങ്ങനെ മിണ്ടാതിരിക്കും. അക്ഷരഭാണ്ഡത്തിന്റെ ഭാരം കുറയുകയല്ല, കൂടുകയാണല്ലോ…


ജന്മഭൂമി: http://www.janmabhumidaily.com/news723932#ixzz4x5iwPt97

No comments: