Sunday, October 29, 2017

സത്ത ഒന്നേ ഉള്ളു, എങ്കിലും വ്യാവഹാര സൗകര്യത്തിനുവേണ്ടി ശാസ്ത്രത്തില്‍ അതു മൂന്നായി വിഭജിക്കപ്പെട്ടിട്ടുണ്ട്. പാരമാര്‍ത്ഥികസത്ത, വ്യാവഹാരികസത്ത, പ്രാതിഭാസികസത്ത എന്ന പേരിലാണ് അതു അറിയപ്പെടുന്നത്. ഒരിക്കലും ഒരു വിധത്തിലും മാറ്റമില്ലാതെ പൂര്‍ണ്ണമായും സ്വതന്ത്രമായും എന്നും നിലകൊള്ളുന്ന സച്ചിദാനന്ദ സ്വരൂപമായ ബ്രഹ്മമാണ് പാരമാര്‍ത്ഥിക സത്ത.
വ്യവഹാരകാലത്തു മാറ്റമില്ലാതെ നിലനില്ക്കുന്നതായി അനുഭവപ്പെടുന്ന പദാര്‍ത്ഥങ്ങളുടെ സത്ത വ്യാവഹാരികമെന്നു പറയപ്പെടുന്നു. ഘടം, പടം, മഠം മുതലായവയുടെ സത്ത അതിനുദാഹരണങ്ങളാണ്. പ്രതീതി കാലത്തുമാത്രം ഉളളതെന്നു തോന്നുന്ന പദാര്‍ത്ഥങ്ങളുടെ സത്ത പ്രാതിഭാസികമാകുന്നു. രജ്ജുസര്‍പ്പം. ശുക്തികാരജതം, മരുമരീചിക മുതലായവയാണ് അതിനു ദൃഷ്ടാന്തങ്ങള്‍. രജ്ജു സര്‍പ്പം മുതലായവയുടെ പ്രാതിഭാസികസത്ത തല്‍കാരണങ്ങളായ രജ്ജു മുതലായവയുടെ അനുഭവത്തിലും, രജ്ജു മുതലായവയുടെ വ്യാവഹാരികസത്ത, തല്‍കാരണമായ പാരമാര്‍ത്ഥിക ബ്രഹ്മസത്തയുടെ അനുഭവത്തിലും അസത്തായിത്തീരുന്നു. അതിനാല്‍ പ്രാതിഭാസികസത്ത വ്യാവഹാരികസത്തയിലും, വ്യാവഹാരികസത്ത പാരമാര്‍ത്ഥികസത്തയിലും അടങ്ങുന്നതായി അനുഭവപ്പെടുമ്പോള്‍ സകലവിധത്തിലുള്ള പ്രപഞ്ചവും അസത്താണെന്നു തെളിയും.punyahbumi

No comments: