Tuesday, October 31, 2017

നാമമഹിമയുടെ ഉത്തമ മാതൃകയാണ് ശ്രീമദ് ഭാഗവതം. സത്യംപരാ ധീമഹിയില്‍ തുടങ്ങി സത്യംപരം ധീമഹി യില്‍ അവസാനിക്കുന്നു. നാമങ്ങള്‍ ചൊല്ലി ഭഗവാന്റെ സ്വന്തമായി മാറണം. യഥാര്‍ത്ഥ ഭക്തന് ജീവിതത്തില്‍ ആവലാതികളോ വേവലാതികളോ ഉണ്ടാവാന്‍ വഴിയില്ല. ഇനിയൊരു ജന്മം ഉണ്ടായാലും അവയിലെല്ലാം അചഞ്ചലമായ അച്യുതഭക്തി ഉണ്ടാവണമെന്നാണ് പ്രാര്‍ത്ഥന.
ഒറ്റയ്ക്ക് നാമം ജപിക്കുന്നതിനേക്കാള്‍ മഹത്വം കൂട്ടായി ജപിക്കുന്നതിനാണ്. നാമം സര്‍വപാപഹരമാണ്; എങ്കിലും പാപങ്ങള്‍ ചെയ്ത് അവസാനം നാമം ജപിക്കുകയല്ല വേണ്ടത്.
ശരിയായ കൃഷ്ണഭക്തി ഉണ്ടാവണമെങ്കിലും ജന്മങ്ങളുടെ സുകൃതം തന്നെ വേണം. ശ്രീകൃഷ്ണനെക്കുറിച്ചുള്ളതെല്ലാം അത്ഭുതങ്ങളാണ്. പ്രാര്‍ത്ഥിക്കുമ്പോള്‍ സമര്‍പ്പണ മനസ്സ് ഉണ്ടാകണം. പണ്ഡിതനിലും പാമരനിലും ഒരുപോലെ പ്രേമം വളര്‍ത്തുന്നതാണ് കൃഷ്ണ രൂപം. കഥാമൃതം നുകരുന്നതിന് വിശപ്പും ദാഹവും ആവശ്യമില്ല-അനുഭവപ്പെടില്ല. സ്ത്രീകളുടെ മുടിയില്‍ എല്ലാ ദേവന്മാരും ഉണ്ടെന്നാണ് സങ്കല്‍പ്പം. അതുകൊണ്ട് സ്ത്രീകള്‍ സൗന്ദര്യത്തിനുവേണ്ടി മുടി മുറിക്കരുത്. ദേവകിയുടെ തലമുടിയില്‍ പിടിച്ച കംസനും ദ്രൗപദിയുടെ മുടിയില്‍ പിടിച്ച ദുര്യോധനാദികള്‍ക്കും എന്തു സംഭവിച്ചു, അവര്‍ എങ്ങനെ നശിച്ചുവെന്നത് എല്ലാവര്‍ക്കും അറിയാവുന്ന സംഗതിയാണ്.
രാമഭക്തന്‍ എല്ലാം നല്‍കുന്നവനാണെങ്കില്‍, കൃഷ്ണ ഭക്തന്‍ എല്ലാം നേടിയെടുക്കുന്നവനാണ്. ധര്‍മാര്‍ത്ഥ കാമമോക്ഷങ്ങളുടെ പ്രതീകമാണ് മഹാവിഷ്ണുവിന്റെ നാലു കൈകള്‍. ലോകം കണ്ട ഏറ്റവും വലിയ പ്രകടനക്കാരനാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍. വേണുഗാനം അനങ്ങുന്നതിനെ നിശ്ചലമാക്കും അനങ്ങാത്തതിനെ ചലിപ്പിക്കും.
ഗൗരവപൂര്‍വം വിവരിക്കേണ്ട ഭാഗവത കഥകള്‍ ശ്രോതാക്കളെ ഹരം പിടിപ്പിച്ച് അവതരിപ്പിക്കാനുള്ള പ്രവണത ശരിയല്ലെന്ന് അഭിപ്രായപ്പെടുന്നു.
കഥകള്‍ ജിജ്ഞാസ ഉണര്‍ത്താന്‍ വേണ്ടി മാത്രമുള്ളതാണ്. ഇവയില്‍ മുഴുകി തത്വോപദേശങ്ങള്‍ വിട്ടുകളയരുത്. വലിയ വലിയ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ കിട്ടുന്ന ആദ്ധ്യാത്മിക മുഖം ഈ ചര്‍ച്ചകള്‍ ലഘുവായാല്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട്.
ജീവിതം സന്തോഷപ്രദമായി ആസ്വദിക്കുമ്പോള്‍ ഭഗവദ്ചിന്തയില്‍നിന്ന് അകന്നു നില്‍ക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. കഷ്ടപ്പാടു വരുമ്പോള്‍ ഭഗവാനിലേക്ക് വീണ്ടും തിരിയുന്നു. ഒഴിവു സമയങ്ങളില്‍ ഈശ്വരചിന്തയില്‍ മുഴുകണം. തീര്‍ത്ഥാടനം, സപ്താഹങ്ങള്‍, ഭജനോത്സവം മറ്റു സത്സംഗങ്ങള്‍ എന്നിവയില്‍ പങ്കെടുത്ത് മനഃശാന്തി കൈവരിക്കുക. പൂജയും പാരായണവും ജീവിതത്തിന്റെ ഭാഗമാക്കണം. ഭക്തിപ്രഭാഷണങ്ങള്‍ സംഘര്‍ഷം ലഘൂകരിക്കും.
നാമജപമാണ് എല്ലാറ്റിനും പരിഹാരം. ആദ്ധ്യാത്മിക ചിന്ത, കൃഷ്ണാര്‍പ്പണം, നാരായണ സ്തുതി എന്നിവ കൈവിടരുത്. മനുഷ്യനെ കടഞ്ഞ് കൈവല്യ നവനീതം എടുക്കാനാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ശ്രമിക്കുന്നത്. എന്നും ബുദ്ധികുശലതയുള്ള ഭരണാധികാരിയാണ് ശ്രീകൃഷ്ണനെന്ന് സ്വാമി ഭൂമാനന്ദതീര്‍ത്ഥ ഒരിക്കല്‍ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഭാഗവതമാകുന്ന വ്യവസായശാലയിലെ വിവിധ വിഭാഗങ്ങളാണ് പന്ത്രണ്ട് സ്‌കന്ദങ്ങള്‍. അതിലൂടെ കടന്നുപോകുന്ന അസംസ്‌കൃത വസ്തുവാണ് മനുഷ്യന്‍. അവസാനം ഉത്തമമായ ഉല്‍പ്പന്നമായി പുറത്തുവരുന്നു. ചെയ്യുന്ന കാര്യങ്ങള്‍ നാമം ജപിച്ചുകൊണ്ട് ഈശ്വരാര്‍പ്പണമായി നിര്‍വഹിച്ചാല്‍ ഈശ്വരസാക്ഷാത്കാരം നടക്കുന്നത് വഴി പാപവാസന ഇല്ലാതാകും.

No comments: