Tuesday, November 20, 2018

"ക്ഷേത്രം: ആചാരം, അനുഷ്ഠാനം"
...................... ......................
കടവല്ലൂർ അന്യോന്യത്തോടനുബന്ധിച്ച് കടവല്ലുർ ശ്രീരാമസ്വാമി ക്ഷേത്ര പരിസരത്ത് "ക്ഷേത്രം: ആചാരം, അനുഷ്ഠാനം" എന്ന വിഷയത്തിൽ ഇന്ന് നടന്ന സെമിനാറിൽ അവതരിപ്പിക്കാൻ വേണ്ടി തയ്യാറാക്കിയ കുറിപ്പ്. മൈക്കിന് മുന്നിലെത്തിയപ്പോൾ ഇത് ഇതേ പോലെ പറയാൻ സാധിച്ചില്ലെങ്കിലും ഇതുപോലെ എന്തൊക്കെയൊ ആശയങ്ങൾ മുന്നോട്ട് വയ്ക്കുകയുണ്ടായി.
...................... ...................... ......................
പ്രശസ്ത ജന്തു ശാസ്ത്രജ്ഞനും, ചിത്രകാരനും, എല്ലാമായ ബ്രിട്ടീഷ്‌ എഴുത്തുകാരൻ ഡെസ്മണ്ട്‌ മോറിസ്സിനെ പറ്റി അറിയാത്തവർ കുറവായിരിക്കും. 1967 ഇൽ ആണു അദ്ദേഹം The Naked Ape അഥവാ നഗ്ന വാനരൻ എന്ന അദ്ദേഹത്തിന്റെ വിഖ്യാത കൃതി രചിക്കുന്നത്‌. മനുഷ്യൻ ഉൾപ്പെടുന്ന പൊതു കുരങ്ങ്‌ വർഗ്ഗത്തെ സമഗ്രമായി പഠന വിധേയമാക്കുന്നുണ്ട്‌ അദ്ദേഹം ആ കൃതിയിൽ. അതിനപ്പുറം മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങളേയും വിശദ പഠനത്തിനു വിധേയമാക്കുന്ന ഒരു പുസ്തകം ആണു അത്‌. മനുഷ്യൻ ഉൾപ്പടെയുള്ള ഏതാണ്ട്‌ 193 തരം കുരങ്ങ്‌ വർഗ്ഗങ്ങളെക്കുറിച്ചും അവയുടെ പരിണാമ ദശയെക്കുറിച്ചും എല്ലാം ആ പുസ്തകത്തിൽ അദ്ദേഹം സവിസ്തരം പറഞ്ഞ്‌ പോകുന്നുണ്ട്‌.
ക്ഷേത്രം, ആചാരം, അനുഷ്ഠാനം എന്ന വിഷയത്തെക്കുറിച്ചുള്ള ഈ ആചാര്യ സദസിൽ എന്തിനാണ് ഡസ്മണ്ട് മോറിസിനേയും നഗ്ന വാനരനേയും കുറിച്ചെല്ലാം ചർച്ച ചെയ്യുന്നത് എന്ന സംശയം സ്വാഭാവികമായും വരാം. എന്നാൽ ഞാൻ സൂചിപ്പിക്കുന്നത് മറ്റൊരു കാര്യമാണ്. ആ പുസ്തകത്തിന്റെ ആമുഖത്തിൽ മോറിസ് സൂചിപ്പിക്കുന്ന രസകരമായൊരു കാര്യമുണ്ട്. മനുഷ്യനെ വിശദ പഠനത്തിനു വിധേയമാക്കുമ്പോൾ അദ്ദേഹം നേരിട്ട എറ്റവും പ്രധാന പ്രതിസന്ധി അദ്ദേഹമൊരു മനുഷ്യനാണ് എന്നതാണത്രേ. അതായത് ഒരു അവസ്ഥയിൽ നിന്ന് അതേ അവസ്ഥയെ വിലയിരുത്തുക എന്നത് പ്രായോഗിക തലത്തിൽ എളുപ്പമല്ല, പൂർണത കുറവായിരിക്കുകയും ചെയ്യുമതിന്.
ക്ഷേത്രാചാരങ്ങളേയും അനുഷ്ഠാനങ്ങളേയും ചർച്ച ചെയ്യുന്ന വേളയിൽ നമ്മൾ കടന്ന് പോകുന്നതും ഏതാണ്ട് അതേ അവസ്ഥയിലൂടെയാണ്. നമുക്ക് നമ്മുടെ ആചാര പദ്ധതികളെക്കുറിച്ച് എന്തെല്ലാമോ അറിയാം. എന്നാൽ അവയുടെയൊന്നും യഥാർത്ഥ തത്വത്തെ നമുക്ക് ഒന്നും അറിയില്ല എന്നതാണ് സത്യം. മോറിസ്‌ പറഞ്ഞ്ത്‌ പ്രകാരം നമുക്ക്‌ സ്വയമേവ സ്വന്തം ശരീരത്തെ കണ്ടറിഞ്ഞ്‌ വിലയിരുത്തുക എന്നത്‌ എളുപ്പമല്ല. ബാഹ്യമായ അവയവങ്ങളെക്കുറിച്ച്‌ വിലയിരുത്താമെന്നല്ലാതെ ആന്തരീകമായ ഘടനയെ നേരിട്ട്‌ അറിയുകയില്ല. അത് തന്നെയാണ് ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത്. ആന്തരികമായ സത്തയെ അറിയാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണ് പലരും ഇന്ന്. നമ്മളുടെ സംസ്കാരത്തിന്റെ അടിസ്ഥാന ശിലകൾ ആയിരുന്ന ആചാരാനുഷ്ഠാനങ്ങളുടെ യഥാർത്ഥ അന്തസത്തയെക്കുറിച്ചുള്ള അവബോധം നമുക്ക് ഇന്ന് കൈമോശം വന്ന് പോയിരിക്കുന്നു. എന്ത് കൊണ്ടാണങ്ങിനെ സംഭവിക്കുന്നത്..?
സൂക്ഷമമായി ചിന്തിച്ചാൽ ഒരു ഉത്തരം കിട്ടും. സ്വാതന്ത്ര്യം കിട്ടിയിട്ട് എഴുപത്തി ഒന്ന് ആണ്ട് പിന്നിട്ടിട്ടും നമ്മളുടെ സാംസ്കാരിക അടിമത്വ ബോധം നമ്മളെ വിട്ടൊഴിഞ്ഞ് പോയിട്ടില്ല എന്ന് നമുക്ക് കാണാം. നൂറ്റാണ്ടുകൾ നീണ്ട കോളനി വാഴ്ചയുടെ ഫലമായി ഉണ്ടായിട്ടുള്ള കൊളോണിയൽ കറ അത്രമേൽ ശക്തമായി അടിഞ്ഞ് കൂടിയിരിക്കുന്നു നമ്മളിൽ. അതായത് വളരെ പ്രബലമായ ഒരു വൈദേശിക ചിന്താധാര നമ്മളിൽ ഇന്നും ആധിപത്യം പുലർത്തുന്നുണ്ട് എന്ന് വ്യക്തമാണ്. നമുക്കെവിടെയോ നമ്മുടെ തത്വചിന്താ ശാഖ നഷ്ടപ്പെട്ടിരിക്കുന്നു. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യഥാർത്ഥ മുഖം യോഗയും, ആയുർവ്വേദവും, ഇവിടുത്തെ സമ്പന്നമായ അദ്ധ്യാത്മികതയുമാണ്. വൈദേശികർ ഇന്ത്യയിലേക്ക് പ്രതീക്ഷയോടെ ഉറ്റ് നോക്കുന്നതും അന്വേഷിച്ച് വരുന്നതുമായ പ്രധാന കാര്യങ്ങൾ ഇവയാണ്. എന്നാൽ ഇവ പോലും ഇവയുടെ യഥാർത്ഥ അന്തസത്തയിൽ നിന്ന് വ്യതിചലിച്ചിരിക്കുന്നു. നമ്മുടെ തത്വചിന്താ പരിസരത്ത് വളർന്ന് വന്ന ശാസ്ത്ര ശാഖകളാണിവ. ആയുർവ്വേദ വൈദ്യൻമാർ ഇന്ന് ഡോക്ടർമാരാണ്. ഒരു ചികിത്സാ പദ്ധതി എന്ന നിലയ്ക്ക് പ്രയോഗത്തിൽ ഉണ്ട് എങ്കിലും ഒരു ശാസ്ത്രം എന്ന നിലയ്ക്ക് ചരകനും, ശുശ്രുതനും വാഗ്ഭടനും നിർത്തിയിടത്ത് നിന്ന് മുന്നേറാൻ സാധിച്ചിട്ടില്ല. മാത്രവുമല്ല ബയോ മെസിക്കലൈസ്ഡ് ആയ യഥാർത്ഥ അസ്തിത്വം നഷ്ടപ്പെട്ട മറ്റെന്തോ ആയി ആയുർവ്വേദം പരിണമിച്ചു. യോഗയുടേയും അവസ്ഥ അത് തന്നെ തത്വചിന്തയെ കൈവിട്ട് വികലമായ ഗോക്രി കാട്ടൽ മാത്രമായി യോഗയും പരിണമിച്ച് തുടങ്ങി. ആദ്ധ്യാത്മികത ബിസിനസ് ആയി മാറി. ഞാനിത്രയും പറഞ്ഞത് വൈദേശിക അധിനിവേത്തിന്റെ ബൗധിക അടിമത്തത്തിൽ നിന്ന് പുറത്ത് കടക്കാൻ ഭാരതീയ ശാസ്ത്ര ശാഖകൾക്ക് ഒന്നും ഇനിയും സാധിച്ചിട്ടില്ല എന്നും വൈദേശിക ഭ്രമം നിമിത്തം നമ്മൾ അവയുടെ യഥാർത്ഥ സംശുദ്ധി കളഞ്ഞ് കുളിച്ചു എന്നും ചൂണ്ടിക്കാട്ടുവാനാണ്. ഈ ഒരു പശ്ചാത്തലത്തിലാണ് ക്ഷേത്രാചാരങ്ങളെക്കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചും എല്ലാം നമ്മൾ ചർച്ച ചെയ്യുന്നത് എന്ന ബോധ്യം നമ്മൾക്ക് ഉണ്ടാവണം. അതോടൊപ്പം നമ്മൾ ഈ ഒരു ഘട്ടത്തിൽ അതി ഗഹനമായ തത്വചിന്താധാര അടങ്ങിയിട്ടുള്ള തന്ത്രശാസ്ത്രത്തിൽ അധിഷ്ഠിതമായ ക്ഷേത്രാരാധനാ പദ്ധതിയെയും അതിന്റെ അടിസ്ഥാന ഘടകങ്ങളായ ആചാരാനുഷ്ഠാനങ്ങളേയും കൂട്ടിയാണ് ചർച്ച ചെയ്യുന്നത്.
ഇവിടെ ആചാര സംഹിതകളെ ചർച്ചയ്ക്ക് വയ്ക്കുക എന്നത് കൊണ്ട് ഭാരതീയമായ തത്വചിന്തകളെ റീവൈറ്റലൈസ് ചെയ്യുക എന്നതിന്റെ ആവശ്യകത കൂടിയാണ് ഉദ്ദേശിക്കുന്നത്. കേരളീയ ക്ഷേത്ര തത്വത്തിന്റെ അടിസ്ഥാനമായ തന്ത്രശാസ്ത്രത്തെ വളരെ ആഴത്തിൽ നോക്കി കാണുമ്പോൾ ഭാരതീയ തത്വചിന്താ ശാഖയിലെ പ്രബല ദർശനമായ സാഖ്യത്തിന്റേയും, പതഞ്ജലിയുടെ യോഗശാസ്ത്രത്തിന്റെയും, ആരോഗ്യ ശാസത്രമായ ആയുർവേദത്തിന്റേയും എല്ലാം വ്യക്തമായ ഒരു സമ്മേളനം നമുക്ക് കാണുവാൻ സാധിക്കും. സാഖ്യത്തെ എടുത്താൽ യോഗത്തെ അതിൽ ബന്ധിച്ചിരിക്കുന്നത് കാണാം, യോഗത്തെ ആയുർവേദത്തിലും ബന്ധിച്ചിരിക്കുന്നത് കാണാം. സാഖ്യം ഒരു ഊർജ്ജതന്ത്രവും, യോഗം ഒരു ബൗദ്ധീക ക്രിയയും, ആന്തരിക വ്യായാമം കൂടിയാണ്. ആയുർവേദം പൂർണ്ണമായും ഒരു ആരോഗ്യ ശാസ്ത്രവും. ഇത് മൂന്നും പ്രത്യക്ഷമായോ പരോക്ഷമായോ സമ്മേളിക്കുന്ന തന്ത്രശാസ്ത്രം അത് കൊണ്ട് തന്നെ ഇവകളുടെ പ്രായോഗിക തലം കൂടിയാണ്. ഭാരതത്തിൽ ഒരു ഫിലോസഫിയും കേവലം തിയറിയായി മാത്രം നില നിന്നിട്ടില്ല. എല്ലാ തത്വചിന്തകൾക്കും ഒരു പ്രായോഗിക തലം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഇത്തരത്തിൽ അതിവിശാലമായ, അതി സങ്കീർണമായ, തത്വചിന്താ, സാധനാ പദ്ധതികൾ ഒത്തു ചേർന്ന തന്ത്ര ശാസ്ത്രത്തിൽ അധിഷ്ഠിതമാണ് ക്ഷേത്രങ്ങൾ എന്ന് വരുമ്പോൾ എത്ര സങ്കീർണ്ണമാണ്, എത്ര വിശാലമാണ് അതിന്റെ ആരാധനാ പദ്ധതികൾ എന്ന് നമ്മൾ മനസിലാക്കണം.
ശരീരം കൊണ്ട് ത്രാണനം ചെയ്യാനാകുന്ന ശാസ്ത്രമാണ് തന്ത്രം എന്നാണ് തന്ത്രമെന്ന വാക്കിന്റെ പൊരുൾ. അതായത് ബാഹീകമായ ഒരു ശാസ്ത്രമല്ല എന്നും അകമെ പ്രകാശിപ്പിക്കുന്ന ഒരു പദ്ധതിയാണ് അത് എന്നും ചുരുക്കം. അതായത് ശുദ്ധമായ ക്രിയകൾ സമ്മേളിച്ചിട്ടുള്ള ശുദ്ധമായ ഫിലോസഫിയാണ് തന്ത്രം. ഇദം ശരീരം കൗന്തേയാ എന്ന പ്രസ്താവനയോടെ ഗീതയിൽ ഭഗവാൻ ശരീരത്തെ ക്ഷേത്രവുമായി ബന്ധിപ്പിക്കുന്നുണ്ട്. ആ അർത്ഥത്തിലാണ് തന്ത്ര ശാസ്ത്രത്തിൽ അധിഷ്ഠിതമായ ക്ഷേത്രാരാധനയെ നാം മനസിലാേക്കണ്ടത്. ഓരോ ആചാര പദ്ധതികളിലും വ്യതിചലിക്കാൻ ആകാത്ത ഓരോ സത്തകൾ ഉണ്ട്.
ഈ പ്രപഞ്ചമൊട്ടാകെ നിറഞ്ഞ് നിൽക്കുന്ന ഈശ്വരീയ ചൈതന്യത്തെ മനുഷ്യരുടെ ഉപാസനയ്ക്കായി മനുഷ്യനുമായി വളരെ താദാത്മ്യം പുലർത്തുന്ന തലത്തിലേക്ക് തന്ത്രവിധാനത്തിലൂടെ ചുരുക്കി കൊണ്ട് വന്ന് വിഗ്രഹമാകുന്ന ഒരു ഉപാധിയിലേക്ക് അതിനെ സമ്മേളിപ്പിക്കുന്നതാണ് വിഗ്രഹാരാധനയുടെ പൊരുൾ. അപ്പോൾ ഓരോ ക്ഷേത്രത്തിലും ദേവന് ഓരോ വ്യക്തിത്വങ്ങൾ കൈവരുന്നു. ദേവന്റെ ആ വ്യക്തിത്വങ്ങൾ ആണ് ഓരോ ക്ഷേത്രങ്ങളുടേയും പ്രസക്തി. ഗുരുവായൂരപ്പനെ കാണാൻ ഗുരുവായൂരിലും, അയ്യപ്പനെ കാണാൻ ശബരിമലയിലും, രാജരാജേശ്വരനെക്കാണാൻ തളിപ്പറമ്പിലും, ചോറ്റാനിക്കര ഭഗവതിയെക്കാണാൻ ചോറ്റാനിക്കരയിലും ഭക്തൻമാർ ചെല്ലുന്നത് അതത് ക്ഷേത്രങ്ങളിൽ ഈശ്വരീയ ഭാവത്തിന് കൈവരുന്ന ഈ വ്യക്തിത്വങ്ങളുടെ പ്രത്യേകത കൊണ്ടാണ്. ആ വ്യക്തിത്വങ്ങളാണ് ഓരോ ക്ഷേത്രത്തിലെയും വ്യത്യസ്ഥമായ ആചാരങ്ങളെ നിർണ്ണയിക്കുന്നതും.
കാലികമായ വ്യത്യാസങ്ങൾ പല ആചരണങ്ങൾക്കും ഇന്ന് വന്നിട്ടുണ്ട് എന്ന് കാണാം. എന്നാൽ ഓരോ ക്ഷേത്രങ്ങളിലേയും മർമ്മ പ്രധാനമായ ആചരണങ്ങൾക്കൊന്നും തന്നെയും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇനി അങ്ങിനെ സംഭവിച്ചെന്നാൽ അതത് ക്ഷേത്രങ്ങളുടെ ആരാധനാക്രമത്തിന്റെ കാതലായ തത്വം നഷ്ടപ്പെടുന്നു എന്ന് കൂടിയാണ് അർത്ഥം.
ആചാര: പരമോ ധർമ്മ:/ ആചാരമാണ് പരമമായ ധർമ്മം. അതിനാൽ അത് സംരക്ഷിക്കപ്പെടുക തന്നെ വേണം. ശ്രുതി, സ്മൃതി, സദാചാരം, ആത്മ തുഷ്ടി എന്നീ നാല് പാദങ്ങൾ ആണ് ധർമ്മത്തിന് അധിഷ്ഠാനം. ഇത് പ്രകാരം ശ്രുതികൾക്ക് അനുസരിച്ച് സ്മൃതികളും, സ്മൃതികൾക്ക് അനുസരിച്ച് സദാചാരവും, സദാചാരത്തിന് അനുസരിച്ച് ആത്മ തുഷ്ടിയും നിലനിൽക്കുന്നു. അതായത് ധർമ്മത്തിന്റെ അധിഷ്ഠാനമായ 4 ഘടകങ്ങളിൽ മൂന്നും നിലനിൽക്കുന്നത് ശ്രുതികളെ അഥവാ വേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. അതിനാൽത്തന്നെ വേദ പ്രമാണങ്ങൾക്ക് അനുസൃതമാണ് നമ്മുടെ ഓരോ ആചാര അനുഷ്ഠാനങ്ങളും. അത് പരിപാലിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. ചെറുതും വലുതുമായ ഏതാണ്ട് നാൽപ്പതിനായിരത്തോളം ക്ഷേത്രങ്ങൾ കേരളത്തിൽ ഉണ്ട് എന്നാണ് കണക്ക്. അവിടങ്ങളിലെല്ലാം ശ്രുതിയിൽ അധിഷ്ഠിതമായ ഇത്തരം ധർമ്മ ശാസത്രങ്ങൾ പ്രകാരമാണ് ആചാരാനുഷ്ഠാനങ്ങൾ നിലനിന്ന് പോരുന്നത്. തന്ത്ര ശാസ്ത്രത്തിനൊപ്പം തന്നെ പ്രാധാന്യം ഇത്തരം ധർമ്മശാസ്ത്രത്തിനും ഉണ്ട്. ഏതെങ്കിലും ഒരു ഘട്ടത്തിൽ ശാസ്ത്രത്തിനും ആചാരത്തിനും തമ്മിൽ തുലനം ചെയ്യേണ്ട ഘട്ടം വന്നാൽ അവിടെ ആചാരത്തിന് പ്രാമുഖ്യത കൊടുക്കേണ്ടതുണ്ട് എന്നും ആചാരത്തെ ലംഘിക്കരുത് എന്നുമാണ് പ്രമാണം. അതായത് ശസ്ത്രത്തേക്കാൾ കവിഞ്ഞ പ്രാധിന്യം അത്തരം ഘട്ടങ്ങളിൽ ആചാരത്തിന് കൈവരുന്നുണ്ട് എന്നാണതിനർത്ഥം.
എന്തായാലും ക്ഷേത്രാചാരം സംബന്ധിച്ച ഇപ്പോളത്ത ചർച്ചകൾ അനന്തമായി നീണ്ടു കൊണ്ടിരിക്കുകയാണ്. യഥാർത്ഥത്തിൽ ഇന്ന് അത് അതിന്റെ യഥാർത്ഥ തലം വിട്ട് പൂർണ്ണമായും രാഷ്ട്രീയ രൂപം പൂണ്ടിരിക്കുന്നു എന്നതാണ് അവസ്ഥ. എന്തൊക്കെയായാലും സങ്കീർണമായ ഇന്നത്തെ സാഹചര്യത്തിൽ വളർന്നു വന്നിരിക്കുന്ന പുതിയ സാംസ്കാരിക മണ്ഡലം നിശിതവും ശക്തമായ പുനർ വിചിന്തനങ്ങൾക്ക് തയ്യാറാവേണ്ടിയിരിക്കുന്നു. അതി വിദൂരമായ ഒരു കാലത്തേക്കായിട്ടാണ് എങ്കിലും ഹൈന്ദവ സമൂഹത്തിന്റെ ബഹുതലങ്ങളിൽ ചർച്ചകളിലൂടെ വികസിക്കേണ്ട ചില ആശയ സംവാദങ്ങൾക്ക് ഉള്ള നിർദ്ദേശങ്ങൾ കൂടി ഈ ഘട്ടത്തിൽ മുന്നോട്ട് വയ്ക്കുന്നു.
1) സമൂഹത്തിന്റെ ഏറ്റവും ചെറിയ ഘടകമായ കുടുംബം എന്ന സ്ഥാപനത്തിന്റെ അടിസ്ഥാനമായ നിത്യനിദാനങ്ങൾ, കുടുംബത്തിൽ പാലിക്കേണ്ട ആചാരാനുഷ്ഠാനങ്ങൾ കൃത്യമായി അനുഷ്ഠിക്കുക. സ്വന്തം മക്കളിൽ ക്ഷേത്രം, ആചാരം, അനുഷ്ഠാനങ്ങൾ എന്ന സാമാന്യ വിവക്ഷകൾ അപഹാസ്യമാണെന്ന ധാരണ നൽകുന്ന വ്യവസ്ഥകൾ മാറ്റുക. അച്ഛനമ്മമാരെ കണ്ടാണ് കുഞ്ഞുങ്ങൾ വളരുന്നത് എന്ന ബോധം എല്ലാ രക്ഷാകർത്താക്കളിലും ഉണ്ടാവുക.
2) ഹൈന്ദവത ഒരു മതമല്ല എന്നും ഒരു സംസ്കാരമാണ് അഥവാ സനാതന ധർമ്മമാണ് എന്നതും സമൂഹത്തെ ബോധ്യപ്പെടുത്തുക.
ഒരേസമയം ഹിന്ദുത്വ രാഷ്ട്രീയവും സനാതന ധർമ്മവും നേരിടുന്ന ഐഡന്റിക്കൽ ക്ലാഷ്‌ ഒഴിവാക്കുക. ഹിന്ദുത്വ രാഷട്രീയമല്ല ഹൈന്ദവ ധർമ്മമാണ് സനാതനം എന്നും, ഇന്ത്യൻ സ്പിരിച്വാലിറ്റി എന്നാൽ ധർമ്മമാണ് എന്ന് കുട്ടികളെക്കൂടി ബോധ്യപ്പടുത്തുക.
4) ആചാരാനുഷ്ഠാനങ്ങൾ പിന്തിരിപ്പനല്ല എന്ന് ബോധ്യപ്പെടുത്തുകയും അതിന്റെ ആന്തരീക സത്തയെ തെറ്റായി വ്യാഖ്യാനിക്കുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യുക.
5) സംസ്ഥാന തലത്തിൽ തന്നെ മുഴുവൻ ക്ഷേത്രങ്ങളെയും കോർത്തിണക്കി പൂർണ്ണമായും കക്ഷി രാഷട്രീയത്തിനതീതമായി ഒരു ആദ്ധ്യാത്മിക /ധർമ്മ സമിതി രൂപീകരിക്കുക. കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളുടെയും ഒരു നെറ്റ് വർക്കായി ഇതിനെ മാറ്റുക. ഇവയുടെ നേതൃത്വത്തിൽ ഒരു കരിക്കുലം കമ്മറ്റി രൂീകരിക്കുകയും, കൃത്യമായ സിലബസിന്റെ അടിസ്ഥാനത്തിൽ ക്ഷേത്ര സങ്കേതങ്ങളിൽ ഏകീകൃത സ്വഭാവത്തോടെയുള്ള ആദ്ധ്യാത്മിക പാഠശാലകൾ ആരംഭിക്കുകയും ചെയ്യുക. മതബോധത്തിനല്ല പകരം സനാതന ധർമ്മബോധത്തിന് ഈ പഠ്യപദ്ധതിയിൽ പ്രാമുഖ്യത കൊടുക്കുക.
ഇവയൊന്നും നടപ്പാക്കാൻ എളുപ്പമല്ലാത്ത ആശയങ്ങൾ ആണ് എന്ന കൃത്യമായ ധാരണയോടെ തന്നെയാണ് ഇത് എഴുതുന്നത്. അത് കൊണ്ട് അതി വിദൂര കാലം ലക്ഷ്യമിട്ട് ബഹുതലങ്ങളിൽ വികസിക്കേണ്ട അനേകം സംവാദങ്ങൾക്ക് ആമുഖമായി മാത്രമേ ഈ രൂപരേഖ കണക്കാക്കേണ്ടതുള്ളൂ.
Pudayoor Jayanarayanan

No comments: