ലോകഗുരുവാകുന്ന ഭാരതത്തിന്റെ മന്ത്രം
ആചാര്യശ്രീ രാജേഷ്
Wednesday 7 November 2018 2:33 am IST
പൂര്‍വജന്മസുകൃതംകൊണ്ട് നാം പിറന്നുവീണത് ഈ സംസ്‌കൃതിയിലാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ പ്രാചീനമായ ഈജിപ്ഷ്യന്‍ മെസപ്പൊട്ടേമിയന്‍ സംസ്‌കാരവും ഗ്രീക്ക് സംസ്‌കാരവുമെല്ലാം നിലംപരിശായപ്പോഴും ലോകത്തിനു മുന്‍പില്‍ തലയുയര്‍ത്തിപ്പിടിച്ചുനിന്ന, സഹസ്രാബ്ദകാലത്തോളം വൈദേശികരാല്‍ ഭരിക്കപ്പെട്ടപ്പോഴും അവര്‍ ആവുന്നത്ര ശ്രമിച്ചിട്ടും നശിപ്പിക്കാന്‍ കഴിയാതിരുന്ന ഭാരതീയ സംസ്‌കൃതിയില്‍. ഈ ഭാരതീയ സംസ്‌കൃതിയെ കെട്ടിപ്പടുത്ത മൂലമന്ത്രം എന്തെന്ന് വേദങ്ങളില്‍ അന്വേഷിച്ചുചെന്നാല്‍ നാം ഈ ഋഗ്വേദമന്ത്രത്തെ കണ്ടുമുട്ടും. ഓം ഇളാ സരസ്വതീ മഹീ തിസ്രോ ദേവീര്മയോഭുവഃ. ബ്‌രഹിഃ സീദന്ത്വസ്രിധഃ.
(ഋഗ്വേദം 1.13.9) പദം പിരിച്ച് അര്‍ത്ഥമെഴുതാം.
(ഇളാ=) ഇഡാ(സരസ്വതീ=)സരസ്വതി (മഹീ), മഹി ഈ (തിസ്രഃ ദേവീഃ)മൂന്ന് ദേവതകള്‍ (മയോഭുവഃ) ആനന്ദത്തെയും മംഗളത്തെയും നല്‍കുന്നവരാണ്. അവര്‍ (അസ്രിധഃ) പ്രമാദമില്ലാതെ ഈ (ബര്ഹിഃ) കുശപ്പുല്ലില്‍/ഹൃദയാന്തരീക്ഷത്തില്‍ (സീദന്തും) യജ്ഞത്തിനായി ഉപവിഷ്ടരായിടട്ടെ.
മൂന്നു ദേവതകളെക്കുറിച്ചാണ് മന്ത്രത്തില്‍ പറയുന്നത്. ഭൂമി, അന്നം, ഗോക്കള്‍, ധനം തുടങ്ങിയവയുടെ ദേവതയാണ് ഇഡാ. ഭൗതികമായ സമ്പത്തിനെയാണ് ഇഡാ ദേവത പ്രതിനിധാനം ചെയ്യുന്നതെന്ന് പറയാം. രണ്ടാമത്തേത് സരസ്വതീ ദേവതയാണ്. അറിവിന്റെയും പ്രചോദനങ്ങളുടെയും ദേവതയാണ് സരസ്വതി. മഹി എന്നാല്‍ ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും ദേവതയാണ്. ഈ മൂന്നു ദേവതകള്‍ യജ്ഞത്തിനായിക്കൊണ്ട് ഉപസ്ഥിതരാകുവാനുള്ള പ്രാര്‍ത്ഥനയാണ് മന്ത്രത്തിലുള്ളത്. ഇവിടെ യജ്ഞമെന്നത് രാഷ്ട്രയജ്ഞമാണ്. ഏതൊരു രാഷ്ട്രയജ്ഞത്തിലാണോ ഈ മൂന്നു ദേവതകള്‍ ഉപസ്ഥിതരാകുന്നത്, ആ രാഷ്ട്രത്തില്‍ സര്‍വവിധത്തിലുമുള്ള ആനന്ദവും മംഗളങ്ങളും വന്നുനിറഞ്ഞിടും.
അനേക സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഈ ഭാരതമഹാരാജ്യത്തിന്റെ സംസ്‌കൃതി കെട്ടിപ്പടുത്തിരിക്കുന്നത് ഈയൊരു ഋഗ്വേദമന്ത്രത്തിന്റെ മുകളിലാണ്. ഇഡാ ദേവതയുടെ പ്രസാദമായിരുന്നു ഇവിടത്തെ സര്‍വവിധത്തിലുള്ള ഭൗതിക സമൃദ്ധിയുടെയും ആധാരം അന്നം, ഗോ എന്നിവയുടെയുംകൂടി ദേവതയാണ് ഇഡാ എന്നുപറഞ്ഞു. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാകാത്ത ഭാരതത്തിന്റെ ഗോസംരക്ഷണ സങ്കല്‍പത്തിന്റെ അടിസ്ഥാനവും ഇതുതന്നെ.
ഗോക്കളില്‍നിന്നും ലഭിക്കുന്ന ചാണകവും ഗോമൂത്രവും കായികോര്‍ജവും ഉപയോഗിച്ച് ജൈവകൃഷിയിലൂടെ വിഷം തീണ്ടാത്ത അന്നം വിളയിക്കുകയും കൃഷിക്കുശേഷം അവശേഷിക്കുന്ന കച്ചിയും പച്ചപ്പുല്ലും തീറ്റയായി നല്‍കി ഗോക്കളെ പരിപാലിക്കുകയും അവയില്‍നിന്നും പാല്‍ കറന്നെടുക്കുകയും ചെയ്ത നമ്മുടെ പൂര്‍വികര്‍ ശാസ്ത്രീയമായ ഈ ചാക്രികപ്രക്രിയയിലൂടെയാണ് നമ്മുടെ രാജ്യത്തിന്റെ കാര്‍ഷികസമൃദ്ധിയെ മന്ഥനം ചെയ്‌തെടുത്തത്. സാങ്കേതിവിദ്യയെ വികസിപ്പിച്ച് പല പ്രകാരങ്ങളിലുള്ള വ്യവസായങ്ങളില്‍ ശോഭിച്ചവരായിരുന്നു അവര്‍. അര്‍ഥശാസ്ത്രത്തെ വികസിപ്പിച്ചവരായിരുന്നു. ഇഡാ ദേവതയുടെ ഉപാസന എന്തെന്ന് അവര്‍ നമുക്ക് കാണിച്ചുതന്നു.
രണ്ടാമതായി അറിവിന്റെയും പ്രചോദനങ്ങളുടെയും ദേവതയായ സരസ്വതിയെ ഭാരതീയര്‍ ഉപാസിച്ചു. 'വിദ്യാധനം സര്‍വധനാത്പ്രധാനം' എന്ന് അവര്‍ ലോകത്തെ ഉപദേശിച്ചു. തത്ത്വചിന്തയുടെ പാരമ്യതയില്‍ വിരാജിക്കുന്ന ഉപനിഷത്തുക്കളെയും ഷഡ്ദര്‍ശനങ്ങളെയും അവര്‍ ലോകത്തിന് സംഭാവന ചെയ്തു. ആയുര്‍വേദത്തെയും നാട്യശാസ്ത്രത്തെയും ജ്യോതിശ്ശാസ്ത്രത്തെയും വികസിപ്പിച്ചു. ലോകത്തിന്റെ മറ്റ് കോണുകളില്‍ മതത്തിന്റെയും വിശ്വാസങ്ങളുടെയും പേരില്‍ മനുഷ്യര്‍ മനുഷ്യരെ കൊന്നൊടുക്കിയപ്പോള്‍, ഇവിടെ സൈദ്ധാന്തിക ചര്‍ച്ചകളായിരുന്നു തര്‍കം എന്ന് അറിയപ്പെട്ടത്. കനകത്തിനോ കാമിനിക്കോ വേണ്ടിയോ, ഭൂമിക്കോ അധികാരത്തിനോ വേണ്ടിയോ ആയിരുന്നില്ല, നല്ല ബുദ്ധിക്കായുള്ള പ്രാര്‍ത്ഥനയായ ഗായത്രീ മന്ത്രമായിരുന്നു ഇവിടത്തെ ജനതയുടെ പരമമായ പ്രാര്‍ത്ഥന.
എന്നാല്‍ ഇഡയും സരസ്വതിയും മാത്രം പോരാ. അതായത് ഭൗതിക സമൃദ്ധിയും വിജ്ഞാനവും മാത്രം പോരാ, മൂല്യവത്തായ സംസ്‌കാരവുംകൂടി ഇവയോടു ചേര്‍ന്നാലേ പൂര്‍ണത കൈവരൂ. മഹീ ദേവത പ്രതിനിധാനം ചെയ്യുന്നത് ഇതിനെയാണ്. മഹീ ദേവത ഭാരതീ എന്നും അറിയപ്പെടുന്നു. ചില മന്ത്രങ്ങളില്‍ മഹീ എന്നതിനുപകരം ഭാരതീ എന്നു കാണാം. മഹീ എന്നാല്‍ ഭാരതി തന്നെ ആണെന്ന് ശൗനകകൃതമായ ബൃഹദ്ദേവതയില്‍നിന്നും മനസ്സിലാക്കാം. ഭാരതസംസ്‌കാരത്തിന്റെ ചിഹ്നം ഈ ഭാരതീ അതവാ മഹീ ആണെന്നു പറയാം. പൂജനീയമായത് എന്നാണ് മഹീ ശബ്ദത്തിനര്‍ത്ഥം.
പൂജിക്കാനുള്ള മനോഭാവം മഹീദേവതയുടെ ഭാവമാണെന്നു പറയാം. ഉദാഹരണമായി, മറ്റു മതങ്ങളെയും ചിന്താധാരകളെയുമെല്ലാം ആദരവോടെ കാണുവാനുള്ള ഭാരതീയ ജനതയുടെ സഹജഭാവം ഈ മഹീദേവതയുടെ ഉപാസനയിലൂടെ രൂപപ്പെട്ടുവന്നതാണ്. ബര്ഹിഃ എന്നാല്‍ കുശപ്പുല്ല് എന്നാണ് സാമാന്യ അര്‍ത്ഥം. യജ്ഞവേദിയില്‍ യാജ്ഞികര്‍ക്ക് ഇരിക്കാനായി കുശപ്പുല്ലുകൊണ്ടുണ്ടാക്കിയ പായ് ഉപയോഗിക്കുന്ന രീതി ഇതില്‍നിന്നും ഉണ്ടായതാണ്.
ബര്ഹിഃ എന്നാല്‍ കുശപ്പുല്ല് എന്നാണ് സാമാന്യഅര്‍ത്ഥം. യജ്ഞവേദിയില്‍ യാജ്ഞികര്‍ക്ക് ഇരിക്കാനായി കുശപ്പുല്ലുകൊണ്ടുണ്ടാക്കിയ പായ് ഉപയോഗിക്കുന്ന രീതി ഇതില്‍നിന്നും ഉണ്ടായതാണ്. ആധിദൈവികമായി ബര്ഹിഃ എന്നാല്‍ അന്തരീക്ഷം എന്നും ആധ്യാത്മികമായി ഹൃദയം എന്നുമാണ് അര്‍ത്ഥം. ഇവിടെ, രാഷ്ട്രയജ്ഞമാണ് വിഷയമെന്നു പറഞ്ഞു.
രാഷ്ട്രം എന്നാല്‍ അതിരുകളോടുകൂടിയ അല്ലെങ്കില്‍ ഒരു ഏകീകൃത ഭരണത്തിന്‍ കീഴിലുള്ള ഏതെങ്കിലും ഭൂപ്രദേശത്തെ സൂചിപ്പിക്കുന്ന നാമമല്ല. ഒരു പൊതുബോധത്താല്‍ ചേര്‍ന്നുനില്‍ക്കുന്ന ജനസമൂഹമാണ് രാഷ്ട്രം. അവരെ ചേര്‍ത്തുനില്‍ക്കുന്ന ആ പൊതുബോധമാണ് രാഷ്ട്രബോധം. അങ്ങനെയെങ്കില്‍ ഈ രാഷ്ട്രയജ്ഞം നടക്കുന്നത് വാസ്തവത്തില്‍ രാഷ്ട്രത്തിലെ ഓരോ പൗരന്റെയും ഹൃദയത്തിലാണ്. ഇഡയും സരസ്വതിയും ഭാരതിയും ഒത്തുചേരുന്നത് അവിടെയാണ്.
ഈ ത്രിവേണി സംഗമത്തിനായുള്ള ഈശ്വരന്റെ ആഹ്വാനമാണ് ഋഗ്വേദമന്ത്രത്തില്‍ കാണുന്നത്. ഈ വേദമന്ത്രത്തെ ഹൃദയത്തോട് ചേര്‍ത്തുവച്ച ആചാര്യന്മാരും അതിനോട് ചേര്‍ന്നുനിന്ന ശിഷ്യന്മാരുമാണ് ഭാരതത്തെ നിര്‍മിച്ചത്. ഗോക്കളില്‍ ഇഡാ ദേവതയെ ദര്‍ശിച്ച അവര്‍ ഗോക്കളുടെ ദിവ്യതയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി. ജ്ഞാനപ്രവാഹമായ സരസ്വതിയെ നദീപ്രവാഹത്തില്‍ ദര്‍ശിച്ച അവര്‍ സരസ്വതീനദി എന്ന് അതിനെ നാമകരണം ചെയ്തു. ഭാരതീദേവതയില്‍നിന്നും ഭാരതമാതാവ് ഉണ്ടായി. അങ്ങനെ ഈ ദേവതാസങ്കല്‍പങ്ങള്‍ സാമാന്യജനതയുടെ ഹൃദയങ്ങളില്‍ ഉപവിഷ്ടരായി. ആ ദേവതകള്‍ ചെയ്ത രാഷ്ട്രയജ്ഞം വ്യക്തികളില്‍ വരുത്തിയ ആധ്യാത്മിക പരിവര്‍ത്തനത്തില്‍നിന്നാണ് ഈ ഭാരതീയ സംസ്‌കൃതി ഉത്പന്നമായത്. ഇതാണ് ഭാരതത്തെ ലോകഗുരുവാക്കി മാറ്റിയതും.
No comments:
Post a Comment