അമ്മേ, ദേവീ, എന്‍റെ വിനീത നമസ്കാരം. അവിടുന്ന് വിശ്വമാതാവാണ്. പ്രകൃതീശ്വരിയും കല്യാണിയും സര്‍വ്വാര്‍ത്ഥങ്ങളെ സാധിപ്പിക്കുന്ന വരദയും നീയാണ്. സിദ്ധിവൃദ്ധികള്‍ അവിടുന്നാണ്. പഞ്ചകൃത്യ (സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം) വിധായികയായ അമ്മേ, അവിടുന്നാണ് സച്ചിദാനന്ദരൂപിണി. സര്‍വ്വത്തിനും ആധാരയും മൂലക്കല്ലുമായ അമ്മയെ ഞങ്ങള്‍ തൊഴുതു നമസ്കരിക്കുന്നു. മന്ത്രങ്ങളില്‍ വെറും അര്‍ദ്ധമാത്രയ്ക്ക് പോലും പരമമായ പദം ലഭ്യമാകുന്നത് അവിടുത്തെ നാമത്താല്‍ മാത്രമാണ്. 'ഹ്രീ'ങ്കാരരൂപേ, അമ്മേ, ഞങ്ങള്‍ കൈകൂപ്പുന്നു.
സകലതും നിന്നില്‍ വിലയിച്ചിരിക്കുന്നുവെന്നും അവയുടെയെല്ലാം സൃഷ്ടിസ്ഥിതിവിനാശങ്ങള്‍ക്ക് നീയാണ് കാരണമെന്നും അറിഞ്ഞതിനാല്‍ അവിടുന്നു മഹിതപ്രഭാവമാര്‍ന്ന ജഗജ്ജനനിയാണെന്ന് ഞങ്ങള്‍ അറിഞ്ഞിരിക്കുന്നു.
സത്തും അസത്തും നിറഞ്ഞ വിശ്വത്തെ സൃഷ്ടിച്ചു നീ ചൈതന്യ സ്വരൂപനായ പുരുഷന് കാട്ടിക്കൊടുന്നു. ഇരുപത്തിമൂന്ന് തത്വങ്ങളാല്‍ നീയാടുന്ന ലീലയാണീ പ്രപഞ്ചം എന്നും ഞാനറിയുന്നു.
നീയല്ലാതെ മറ്റൊരു വസ്തു ഈ ഭുവനത്തിലോ ബ്രഹ്മാണ്ഡത്തിലോ ഇല്ല. ശക്തിയോടു ചേര്‍ന്നാലല്ലാതെ പുരുഷന് വ്യവഹാരപ്രാഭവം ഉണ്ടാവുകയില്ലെന്നു ബുദ്ധിമാന്മാര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്.
നിന്റെ പ്രാഭവം കൊണ്ട് വിശ്വം ചമയ്ക്കുന്നത് ജഗത്തിന് സന്തോഷത്തെ പ്രദാനം ചെയ്യാനാണെന്നു നിശ്ചയം. പ്രളയകാലത്ത് സകലതിനെയും ഹനിച്ചും, എന്നാല്‍ തന്നുദരത്തില്‍ അവയെയെല്ലാം ലയിപ്പിച്ചും വിളയാടുന്ന അവിടുത്തെ പ്രഭാവിലാസം ആര്‍ക്കാണ് അറിയാനാവുക?..devibhagavatam nithyaparayanam
No comments:
Post a Comment