Monday, October 09, 2017

' പണ്ഡിതൻ' എന്ന വാക്കിനു തന്നെ ആചാര്യർ ഗീതാ ഭാഷ്യത്തിൽ കൊടുക്കുന്ന അർത്ഥം 'പണ്ഡാ ആത്മ വിഷയാ മതി : യേ ഷാം തേ ഹി പണ്ഡിതാ: ' - 'ആത്മനിഷ്ഠാ മായുള്ള ബുദ്ധി അഥവാ ആത്മജ്ഞാനമാണ് പാണ്ഡിത്യം അല്ലാതെ പുസ്തക ജ്ഞാനമല്ല' എന്നാണ്. 'പണ്ഡാ' എന്നാൽ ആത്മജ്ഞാനം എന്നർത്ഥം. ശ്രുതി പ്രോക്തമായ ബ്രഹ്മാത്മൈകത്വജ്ഞാനം ഉള്ളവനാണ് ശ്രോത്രിയൻ. സ്ഥൂല ശരീരത്തിന്റെ കർമങ്ങളോ സൂഷ്മ ശരീരത്തിന്റെ ചിത്തവൃത്തികളോ കാരണ ശരീരത്തിന്റെ അവിദ്യയോ ആരുടെ സ്വരൂപ പ്രജ്ഞയെ ബന്ധിക്കുന്നില്ലയോ അവനാണ് ബ്രഹ്മനിഷ്ഠൻ. 'അഹം മനുരഭവം
സൂര്യശ്ച ' - 'ഞാൻ തന്നെ മനു വായിരുന്നു, സൂര്യനും' എന്ന് ഗർഭത്തിൽ വെച്ചു തന്നെ ആത്മാവിനെ അറിഞ്ഞ വാമദേവനെ പലവുരു ആചാര്യർ തന്റെ ഭാഷ്യങ്ങളിൽ ഉദ്ധരിക്കുന്നു. ഗർഭത്തിൽ വാമദേവൻ ആരുടെ അടുക്കൽ പാഠം പഠിക്കും? അതിനാൽ ഗുരുവിൽ നിന്നും ശിഷ്യൻ അറിയേണ്ടത് 'അഹം' എന്നതിന്റെ ബ്രഹ്മത്ത്വമാണ്. 'ഞാൻ' എന്നത് അഖണ്ഡ ബോധമാണ് എന്നതാണ് മഹാ വാ ക്യാർത്ഥം. അതാണ് ഗുരുമുഖത്തിൽ നിന്നും അറിയേണ്ടത്. ഇതിലുള്ള സംശയങ്ങൾ നീക്കാൻ ചോദിച്ച് അറിയാം. ഇങ്ങനെയല്ലാതെ പാഠം പോലെ പഠിക്കുന്നത് സ്വരൂപ ജ്ഞാനത്തിന് കാരണമാകയില്ല. പ്രസ്ഥാനത്രയപാഠമെല്ലാം ശ്രുതി താത്പര്യ നിർണയത്തിന് മാത്രമാണ്.
(ആത്മതീർത്ഥം - നൊച്ചൂർ വെങ്കിട്ടരാമൻ )

No comments: