നമുക്കറിയാം, ഉറങ്ങിക്കിടക്കുന്ന ശക്തിയെ വീണ്ടും ഉണര്‍ത്താമെന്ന്. ശരീരത്തിലെ ചില ചലനങ്ങള്‍ ഇപ്പോള്‍ മുഴുത്ത പ്രസുപ്താവസ്ഥയിലാണെങ്കിലും കഠിനപ്രയത്‌നവും അഭ്യാസവുംകൊണ്ടു നമുക്കവയെ പൂര്‍ണ്ണമായി സ്വാധീനമാക്കാം. ഈ യുക്തിവഴിക്കു നോക്കുമ്പോള്‍ ശരീരത്തിലെ ഓരോ ഭാഗവും തികച്ചും നിയന്ത്രിക്കാമെന്നുള്ളതില്‍ അസാദ്ധ്യത ഒട്ടുമില്ലെന്നു മാത്രമല്ല, എല്ലാ സാദ്ധ്യതകളും ഉണ്ടെന്നുകൂടി കാണാം. ഇതു യോഗി സാധിക്കുന്നു: മാര്‍ഗ്ഗം പ്രാണായാമവുമാണ്. പ്രാണായാമത്തില്‍ ശ്വാസം ഉള്ളിലേക്കു വലിക്കുമ്പോള്‍ ശരീരം പ്രാണനെക്കൊണ്ടു നിറയ്ക്കണമെന്നു നിങ്ങളില്‍ച്ചിലര്‍ വായിച്ചിരിക്കും. എന്നാല്‍ ഇംഗ്ലീഷു പരിഭാഷകളില്‍ പ്രാണന്‍ എന്നതിനു ശ്വാസം എന്ന് അര്‍ത്ഥം കൊടുത്തിരിക്കുന്നു: അപ്പോള്‍, ശരീരം ശ്വാസംകൊണ്ടു നിറയ്ക്കുന്നതെങ്ങനെ എന്നു നിങ്ങള്‍ക്കു സംശയം ചോദിച്ചേക്കും. ആ പിഴ പരിഭാഷകന്റെതാണ്. ശരീരത്തിലെ ഏതു ഭാഗവും ഈ ജീവശക്തിയാകുന്ന പ്രാണനെക്കൊണ്ടു നിറയ്ക്കാന്‍ കഴിയും. അതു ചെയ്യാന്‍ കഴിഞ്ഞാല്‍ ശരീരം മുഴുവന്‍ നിയന്ത്രിക്കാന്‍ സാധിക്കും. ശരീരത്തിലുണ്ടാകുന്ന സര്‍വ്വരോഗങ്ങളും വേദനകളും നിങ്ങള്‍ക്കു കീഴടങ്ങും.
അതുമാത്രമല്ല, അന്യന്റെ ശരീരവും നിങ്ങള്‍ക്കു നിയന്ത്രിക്കാന്‍ കഴിയും. നന്മയാകട്ടെ, തിന്മയാകട്ടെ, ലോകത്തിലുള്ളതെല്ലാം പകരുന്നതാണ്. നിങ്ങളുടെ ശരീരം ഒരുതരം മുറുക്കത്തിലിരിക്കെ അതിന് അന്യശരീരങ്ങളില്‍ അതേ മുറുക്കമേല്‍പിക്കുവാന്‍ ഒരു വാസനയുണ്ടാകും. നിങ്ങള്‍ക്കു ബലവും ആരോഗ്യവുമുണ്ടെങ്കില്‍ നിങ്ങളുടെ സമീപസ്ഥര്‍ക്ക് ആ വിധത്തിലാകുവാന്‍ ഒരു വാസനയുണ്ടാകും. നിങ്ങള്‍ രോഗിയും ദുര്‍ബ്ബലനുമാകുമ്പോള്‍ നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്കും ആ വിധത്തിലാകുവാന്‍ വാസനയുണ്ടാകും. ഒരാള്‍ വേറൊരാളിന്റെ രോഗം ശമിപ്പിക്കാന്‍ ഉദ്യമിക്കുന്ന കാര്യത്തില്‍ ആദ്യത്തെ ആശയം തന്റെ ആരോഗ്യം മറ്റെയാളിനു പകര്‍ന്നുകൊടുക്കുക എന്നതാണ്. ഇതു ചികിത്‌സയുടെ പ്രാകൃതാവസ്ഥയാണ്. അറിഞ്ഞോ അറിയാതെയോ ആരോഗ്യം പകര്‍ന്നുകൊടുക്കാം. ബലിഷ്ഠന്‍ ദുര്‍ബ്ബലനോടു സഹവസിക്കുമ്പോള്‍ അയാള്‍ അറിഞ്ഞോ അറിയാതെയോ ദുര്‍ബ്ബലനെ തെല്ലു ബലവാനാക്കും.
അത് അറിഞ്ഞുകൊണ്ടാണെങ്കില്‍ പ്രവൃത്തിക്കു വേഗവും മേന്മയും കൂടും. ഇനി മറ്റൊരുതരം സംഗതികള്‍ ആലോചിക്കാനുണ്ട്. ചിലര്‍ക്കു സ്വന്തമായി അധികം ആരോഗ്യമില്ലായിരിക്കാം: എങ്കിലും മറ്റുള്ളവര്‍ക്ക് ആരോഗ്യം ഉണ്ടാക്കിക്കൊടുക്കുവാന്‍ അവര്‍ക്കു കഴിവുണ്ടെന്നു കാണുന്നു. അവിടെ, അയാള്‍ക്കു പ്രാണനിയന്ത്രണം കുറേക്കൂടെയുണ്ട്: തല്‍ക്കാലത്തേക്ക് ആ പ്രാണശക്തിയെ ഉണര്‍ത്തി ഒരു പ്രത്യേകതരം സ്പന്ദത്തില്‍ എത്തിക്കുന്നു: എന്നിട്ട് അതിനെ മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുന്നു എന്നു പറയാം.
ഈ പ്രയോഗം ദൂരെയിരുന്നു നടത്തിയിട്ടുള്ള ദൃഷ്ടന്തങ്ങളുണ്ട്. എന്നാല്‍ വിടവു വരത്തക്ക ഒരു ദൂരം വാസ്തവത്തിലില്ല. ഇടമുറിഞ്ഞ ദൂരം എവിടെയുണ്ട്? നിങ്ങള്‍ക്കും സൂര്യനും ഇടയില്‍ വല്ല വിടവുമുണ്ടോ? ഇത് അവിച്ഛിന്നമായ ഭൂതസമുദ്രം – അതില്‍ ഒരു ഭാഗം സൂര്യന്‍, മറ്റൊരു ഭാഗം നിങ്ങള്‍. നദിയുടെ ഒരു ഭാഗത്തിനും വേറൊരു ഭാഗത്തിനും ഇടയ്ക്കു വല്ല വിടവുമുണ്ടോ? എങ്കില്‍പ്പിന്നെ എന്തുകൊണ്ട് ഏതു ശക്തിക്കും എവിടെയും സഞ്ചരിച്ചുകൂടാ? ഇതിനെ ഖണ്ഡിക്കാന്‍ ഒരു യുക്തിയുമില്ല. ദൂരെയിരുന്നു രോഗം ശമിപ്പിച്ച സംഭവങ്ങള്‍ എത്രയും വാസ്തവമാണ്. പ്രാണനെ വളരെ ദൂരം സംക്രമിപ്പിച്ചുകൊണ്ടു പോകാന്‍ കഴിയും. എന്നാല്‍ ഇത്തരം ദൃഷ്ടാന്തങ്ങളില്‍ ഒന്നു സത്യമായുണ്ടായതാണെങ്കില്‍ നൂറു നൂറെണ്ണം വ്യാജമായിരിക്കും. ഈ ചികിത്‌സാസമ്പ്രദായം വിചാരിക്കുന്ന വിധം അത്ര എളുപ്പമല്ല.
ഏറ്റവും സാധാരണമായ അത്തരം ചികിത്‌സകളില്‍ മനുഷ്യശരീരത്തിന്റെ സ്വാഭാവികമായ ആരോഗ്യാവസ്ഥയെ ചികിത്‌സകന്‍ ഉപയോഗപ്പെടുത്തുകമാത്രമാണ് ചെയ്യുന്നത്. വിഷൂചികാരോഗികളെ ചികിത്‌സിക്കാന്‍ അലോപ്പതി ഡോക്ടര്‍ വന്ന് ഔഷധങ്ങള്‍ കൊടുക്കുന്നു: ഹോമിയോപ്പതി ഡോക്ടറും വന്ന് അതേ രോഗത്തിന്നു സ്വന്തം മരുന്നുകൊടുക്കുന്നു: അയാള്‍ പക്ഷേ അലോപ്പതിക്കാരനെക്കാള്‍ കൂടുതല്‍ പേരെ സുഖപ്പെടുത്തിയെന്നു വരാം: എന്തുകൊണ്ടെന്നാല്‍ അയാള്‍ ഔഷധങ്ങള്‍ കൊണ്ടലട്ടാതെ രോഗിയെ പ്രകൃതിയുടെ പ്രവര്‍ത്തനത്തിനു വിട്ടുകൊടുക്കുന്നു. വിശ്വാസചികിത്‌സകന്‍ അതിലുമധികം പേര്‍ക്കു രോഗശാന്തി വരു ത്തുന്നു. അയാള്‍ മനഃശക്തിയുപയോഗിച്ച് രോഗിക്കു വിശ്വാസം ജനിപ്പിച്ച്, രോഗിയുടെ പ്രസുപ്തപ്രാണശക്തിയെ ഉണര്‍ത്തുകയാണു ചെയ്യുന്നത്. വിവേകാനന്ദ സാഹിത്യസര്‍വ്വസ്വത്തില്‍ നിന്ന്
ജന്മഭൂമി:
No comments:
Post a Comment