Thursday, October 05, 2017

ദേവിയുടെ അഞ്ചാമത്തെ ഭാവമാണ് രാധ. പഞ്ചപ്രാണങ്ങൾക്കും നാഥയായ രാധ, പഞ്ചപ്രാണസ്വരൂപിണിയാണ്. ശ്രീകൃഷ്ണന് സ്വന്തം പ്രാണനേക്കാൾ പ്രിയപ്പെട്ടവൾ. ഏവരേക്കാളും സുന്ദരിയും, സർവ്വപ്രിയയും, കാര്യകാരണസ്വരൂപയും, ധന്യയും, മാന്യയും സർവ്വപൂജിതയും, സനാതനിയും, പരമാനന്ദസ്വരൂപയും, ശ്രീകൃഷ്ണ രാസക്രീഡയുടെ അധിഷ്ഠാനദേവതയും, രാസമണ്ഡലസംഭൂതയും, രാസമണ്ഡലഭൂഷണയും, രാസേശിയും, രസികയും, രാസമണ്ഡലവാസിയും, ഗോലോകനിവാസിനിയും, ഗോപികാനാരീജനയിത്രിയും, നിസ്സംഗയും, നിർഗ്ഗുണയും, പരമാഹ്ളാദരൂപയും, സന്തോഷഹർഷസ്വരൂപിണിയും, നിരാകാരയും, ആത്മസ്വരൂപിണിയുമാണ് രാധ.

നിരീഹ, നിരഹങ്കാര, ഭക്താനുഗ്രഹമൂർത്തി, വേദവിജ്ഞാത, എന്നിങ്ങിനെ പ്രസക്തയായ ദേവിയെ ദേവേന്ദ്രാദികൾക്കുപോലും കാണാനാവില്ല. അഗ്നിപോലെ പ്രോജ്വലിക്കുന്ന ശുദ്ധമായ പട്ടുടയാട, നാനാഭരണവിഭൂഷകൾ, എന്നിവയാൽ അലങ്കൃതയായ ദേവിക്കുചുറ്റും സർവ്വസമ്പത്തുക്കളും നിരന്നുനില്ക്കുന്നു.

കോടി തിങ്കൾക്കല ഒന്നിച്ചുനിന്നാലുണ്ടാകുന്ന പ്രഭയാണവൾക്ക്. ഐശ്വര്യദേവതയായി നില്ക്കുന്ന അവളുടെ കൈകൾ ശ്രീകൃഷ്ണസേവയ്ക്കായി എപ്പോഴും സന്നദ്ധമാണ്. വരാഹകല്പത്തിലവൾ വൃഷഭാനുപുത്രിയായി ജനിച്ച് ഭൂമിയെ പവിത്രയാക്കി. ബ്രഹ്മാദികൾക്ക് കാണാൻ പോലും കിട്ടാത്ത ഈ ദേവിയെ ഭാരതത്തിലെ ജനങ്ങൾ കാണുന്നു. ദേവകീവസുദേവപുത്രനായ കൃഷ്ണനോടൊപ്പം കളിച്ചുരസിച്ച രാധയെ വൃന്ദാവനവാസികൾ എത്ര കണ്ടിരിക്കുന്നു! സ്ത്രീരത്നങ്ങളിൽ ഉത്തമയായ രാധ ഭഗവാന്റെ വക്ഷസ്സിൽ കുടികൊള്ളുന്നു..devibhagavatamnithyaparayanam

No comments: