Monday, October 16, 2017

ഒരു വനത്തിലൂടെ യാത്രചെയ്തിരുന്ന വലിയ തടിച്ച ശരീരമുള്ള ഒരാൾ എങ്ങനെയോ അവിടെ മരിച്ചുവീണുവത്രെ. അല്പം കഴിഞ്ഞപ്പോൾ ഒരു കുറുക്കനും കുറച്ചു കുറുക്കൻകുട്ടികളും ആ വഴി വന്നു. നല്ല തടിച്ച മൃതശരീരം കണ്ട കുട്ടികൾ ആഹാരം കഴിക്കാനായി മൃതശരീരത്തിലേക്ക് ചാടിവീണു. അപ്പോൾ വലിയ കുറുക്കൻ, കുട്ടികളോട് "തൊട്ടുപോകരുത്" എന്നാണു പറഞ്ഞത്. കാരണമന്വേഷിച്ച കുട്ടികളോട് തള്ളക്കുറുക്കൻ ഇങ്ങനെ പറയാൻ തുടങ്ങി:
"ദാനം കൊടുക്കാൻ വിധിക്കപ്പെട്ട രണ്ടു കൈകൾ ഈശ്വരൻ നൽകിയിട്ടും ജീവിതകാലത്തിൽ ആർക്കും ഒന്നും കൊടുത്തില്ല, മഹാക്ഷേത്രങ്ങൾ സന്ദർശിക്കാൻ ഉപകരിക്കേണ്ട രണ്ടു പാദങ്ങളുണ്ടായിട്ടും ഒരു തീർത്ഥാടനക്ഷേത്രവും സന്ദർശിച്ചില്ല, നാമമന്ത്രങ്ങൾ ഉരുവിടാനായി നൽകിയ ഒരു നാവുണ്ടായിട്ടും ഒരു നാമം പോലും ജപിച്ചില്ല, സർവ്വ ചരാചരങ്ങളിലും ഈശ്വരനെ ദർശിക്കേണ്ട രണ്ടു കണ്ണുകൾ കൊടുത്തിട്ടും അനാവശ്യകാര്യങ്ങൾ മാത്രം കണ്ടുകൊണ്ടുനടന്നു, സത്സംഗവും ഭഗവദ്ശ്രവണവും കേൾക്കേണ്ട രണ്ടു കാതുകൾ കൊടുത്തിട്ടും, ദുഃസംഗത്തിനും മാത്രം ചെവിയോർത്തു നടന്നു, ഭാഗവാന്റെയും ഭഗവദ്സ്വരൂപങ്ങളായ വസ്തുക്കളെയും കണ്ട് കുനിക്കേണ്ട ഒരു ശിരസ്സ് കൊടുത്തിട്ടും തല അല്പം പോലും കുനിച്ചില്ല... ഇങ്ങനെയുള്ള ഒരു മനുഷ്യന്റെ ശരീരം തോടുന്നതുപോലും പാപമാണ്; അതിനാൽ ദൂരേക്ക്‌ പോവുക" എന്ന്. പിന്നീട് കുറുക്കനും കുട്ടികളും അവിടെനിന്നും രക്ഷപ്പെട്ടുവേന്നാണ് കഥ.
ദേവന്മാർ പോലും കൊതിക്കുന്ന, മുക്തിക്കുകാരണമായ ഈ മനുഷ്യജന്മം കിട്ടിയിട്ടും, "മനുഷ്യരൂപേണ മൃഗാശ്ചരന്തി" (മനുഷ്യരൂപത്തിൽ മൃഗങ്ങൾ നടക്കുന്നു) എന്നാണെങ്കിൽ എന്തു പ്രയോജനം? ഇങ്ങനെയുള്ള മനുഷ്യൻ യഥാർത്ഥത്തിൽ മൃഗങ്ങളെക്കാളും എത്രയോ അധഃപതിച്ചിരിക്കുന്നു; "മൃഗീയത" എന്നുവിളിക്കുന്നതുപോലും മൃഗങ്ങളെ കളിയാക്കലാണ്. "രാക്ഷസീയത" എന്നൊക്കെയാണെങ്കിൽ കൊള്ളാം.
sudhabaharat

No comments: