Thursday, October 05, 2017

മഹാരാജാ ശന്തനു വൃദ്ധനായി. അദ്ദേഹത്തിന്റെ പുത്രന്‍ ഭീഷ്മര്‍ (സത്യവ്രതന്‍)യുവാവും വീരനുമായിരുന്നു. ഭീഷ്മരുടെ വിവാഹവും രാജാഭിഷേകവും നടക്കാനിരിക്കുകയാണ്. ഇതിനിടയിലാണ് ശന്തനുവിന് സത്യവതി എന്ന കന്യകയെ പരിണയിക്കാന്‍ ആഗ്രഹമുദിച്ചത്.
വിവരമറിഞ്ഞ് സത്യവതിയുടെ പിതാവ് ചില വ്യവസ്ഥകളുന്നയിച്ചു. രാജാധികാരം സത്യവതിയിലുണ്ടാകുന്ന പുത്രനു നല്‍കണമെന്നായിരുന്നു ആദ്യ വ്യവസ്ഥ. പിന്നത്തേത് ഭീഷ്മര്‍ വിവാഹം ചെയ്യാന്‍ പാടില്ലെന്നുള്ളതും. ഭീഷ്മര്‍ വിവാഹം ചെയ്താല്‍ പുത്രനുമായി അധികാരത്തിനുവേണ്ടിയുള്ള മത്സരമുണ്ടാകാമെന്നായിരുന്നു ഇതിനു പറഞ്ഞ ന്യായം.
ശന്തനുവിനു ഈ വ്യവസ്ഥകളൊന്നും സ്വീകാര്യമായിരുന്നില്ല. പക്ഷെ സത്യവതിയിലുള്ള അദ്ദേഹത്തിന്റെ ഭ്രമത്തിന് ഒട്ടും കുറവുണ്ടായില്ല. അത് കൂടിക്കൂടി വരികയായിരുന്നു ദിനംതോറും. എന്തു ചെയ്യേണ്ടൂ എന്നറിയാതെ അദ്ദേഹം ഏറെ മനോവിഷമത്തിലായി. രാജാവ് തികച്ചും ഉദാസീനനായി കാണപ്പെട്ടു. പുത്രന്‍ ഭീഷ്മരെ എങ്ങനെ അറിയിക്കുമെന്ന ചിന്ത അദ്ദേഹത്തെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.
ദിനരാത്രങ്ങള്‍ കടന്നുപോയി. ഇക്കാര്യം എങ്ങനെയോ ഭീഷ്മര്‍ അറിഞ്ഞു. അദ്ദേഹം ഉടന്‍തന്നെ സത്യവതിയുടെ പിതാവിനെ ചെന്നുകണ്ട് പ്രതിജ്ഞ ചെയ്തു. ”ഞാനൊരിക്കലും വിവാഹം ചെയ്യില്ല. ഇതു സത്യം… സത്യം… സത്യം!” ദേവതകള്‍ ആ പ്രതിജ്ഞ കേട്ട് സത്യവത്രനെന്ന അദ്ദേഹത്തിന്റെ നാമം ഭീഷ്മരെന്നാക്കി.
ശന്തനു സത്യവതിയെ വിവാഹം ചെയ്തു. ഭീഷ്മരാകട്ടെ ആജീവനാന്തം അവിവാഹിതനായും കഴിഞ്ഞു!
ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ സ്വന്തം പിതാവ് ദശരഥന്റെ വാക്കുപാലിക്കാന്‍ വനവാസത്തിനുപോയില്ലേ കൊട്ടാരം വിട്ട്. പ്രഹ്ലാദന്‍ തന്റെ ദുഷ്ടനായ പിതാവിന്റെ സദ്ഗതിക്കായി ഭഗവാനോട് വരം വാങ്ങിച്ചില്ലേ. ഇവരെല്ലാം ഉന്നതരായ ആദര്‍ശപുരുഷന്മാര്‍ തന്നെ!


ജന്മഭൂമി: http://www.janmabhumidaily.com/news715549#ixzz4ug9dCM7H

No comments: