ജ്യോതിസ്വരൂപനായ പരം പൊരുള്‍
ഒരു രാജ്യത്തെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് അവിടുത്തെ സാംസ്കാരിക പ്രതീകങ്ങളെയും ആചാരങ്ങളെയും ആഘോഷങ്ങളെയും അവമതിച്ച് ദുഷിപ്പിക്കുന്നതിന് അധര്‍മ്മത്തിന്റെ സന്തതികള്‍ ശ്രമിക്കുന്നത്. ദേശസംസ്കാരത്തെ നശിപ്പിച്ച് കൊളോണിയല്‍ വാഴ്ചയുടെ സംസ്കാരം ജീവിതത്തില്‍ ബോധപൂര്‍വം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന നരകാസുരന്മാര്ക്കെതിരെ ജാഗ്രത്താകേണ്ട കാലംകൂടിയാണിത്. ദേശവിരുദ്ധ ശക്തികള്‍ കരുത്താര്‍ജ്ജിക്കുകയും നീചന്മാര്ക്ക് മഹത്വം ലഭിക്കുകയും ഭരണാധികാരികള്‍ പണത്തിനു പിന്നാലെ പോവുകയും ഭൂമി നിര്‍വീര്യവും ഔഷധഗുണം കുറഞ്ഞും ബ്രാഹ്മണരും കുടുംബിനികളും പുത്രന്മാരും വിരുദ്ധ സ്വഭാവമുള്ളവരായി മാറുന്നതും അങ്ങനെ ഗ്രാമം ക്ഷയിക്കുന്നതിനെപ്പറ്റി ഋഷീശ്വരന്മാര് നമുക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.എന്നാല്‍ കലിയുഗത്തിന്റെ തീക്ഷ്ണതയിലും ധര്‍മ്മാചരണത്തിലൂടെ അധര്‍മ്മത്തെയും അക്രമത്തെയും മറികടക്കാനാകുമെന്നാണ് ”ധര്‍മ്മോ രക്ഷതി രക്ഷതഃ” എന്ന ഉപദേശം സൂചിപ്പിക്കുന്നത്.
ആഘോഷത്തിനു പിന്നിലെ വിചാരം
ആഘോഷങ്ങളെന്തായാലും ഓരോരുത്തരിലുമുള്ള സഹജമായ ദൈവികതയെ തിരിച്ചറിയുമ്പോഴാണ് അര്‍ത്ഥപൂര്‍ണമാകുന്നത്. പങ്കുവയ്ക്കലിലും മറ്റുള്ളവരെ സ്നേഹിക്കുന്നതിലും ഉള്‍ക്കൊള്ളുന്നതിലും ആനന്ദം അനുഭവിക്കുമ്പോഴാണ് ഒരുവനിലെ ദൈവികത തിരിച്ചറിയാന്‍ തുടങ്ങുന്നത്. മറ്റുള്ളവരൊക്കെ തന്റെതാണെന്ന തോന്നലില്‍ നിന്നും തിരിച്ചറിവ് ”അലകളുമാഴിയുമെന്നുവേണ്ടയെല്ലാവുലകും ഉയര്ന്നറിവായി മാറി” ആ മുറിവില്ലാത്ത അറിവില്‍ മൃദുവായമര്ന്നീടേണമെന്നു ഗുരുദേവന്റെ പ്രാര്‍ത്ഥനയില്‍ പറയുന്നപോലെ ജീവിതം മാറണമെന്നുമുള്ള ആശയമാണ് ആഘോഷത്തിനു പിന്നിലുള്ളത്.ദീപാവലിയുടെ പ്രാധാന്യം ദീപാരാധനയാണല്ലോ. ദീപം അഗ്നിയാണ്. അഗ്നി അറിവാണ്. ഈ അറിവില്‍ (ഭാസില്‍) രമിക്കുന്നവരായ ഋഷീശ്വന്മാരുടെ നാടായതുകൊണ്ടാണല്ലോ നമ്മുടെ നാടിന് ഭാരതമെന്ന് പേര് വന്നത്. പഞ്ചഭൂതങ്ങളില്‍ സവിശേഷ സ്വഭാവമുള്ള അഗ്നിക്ക് രണ്ട് സ്വഭാവമുണ്ട്. ഒന്ന് സര്‍വ്വത്തിനെയും ദഹിപ്പിച്ച് മുന്നോട്ടുപോകാനുള്ളത്, മറ്റൊന്ന് തിരിയിട്ട് കൊളുത്തിയ വിളക്കിലെ സൗമ്യദീപമായി ഒരിടത്തിരുന്ന് സ്വയം പ്രകാശിക്കാനും മറ്റുള്ളവയെ പ്രകാശിപ്പിക്കാനുമുള്ള കഴിവ്. വിശ്വം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന അഗ്നിതത്ത്വത്തിന്റെ പ്രത്യക്ഷരൂപമാണ് ജ്വലിപ്പിക്കുന്ന അഗ്നിയില്‍ നാം ദര്‍ശിക്കുന്നത്.സൂക്ഷ്മമായി ചിന്തിച്ചാല്‍ ചിദാകാശത്തില് ഉദിച്ചുനില്ക്കുന്ന ഭാനുമാന്റെ തിരുവുരുവാണ് ശരീരവും അന്തക്കരണങ്ങളും ഈ വിഷയപ്രപഞ്ച ജാലമെല്ലാം. ഈ ജ്യോതിസ്വരൂപനാണ് ജ്ഞാനവും ജ്ഞേയവും ജ്ഞാതാവുമായി എങ്ങും നിറഞ്ഞുനില്ക്കുന്നത്. ഈ ജ്യോതി ആന്തരിക തലത്തിലേക്ക് നയിക്കേണമേ എന്നാണ് ഋഷി പ്രാര്‍ത്ഥിച്ചത്.അന്തര്ജ്യോതിഃ ബഹിര്ജ്യോതിഃപ്രത്യക്ജ്യോതിഃ പരാത്പരഃജ്യോതിര് ജ്യോതിഃ സ്വയംജ്യോതിഃആത്മജ്യോതിഃ ശിവോളസ്മ്യഹംഅഗ്നീമിളേ പുരോഹിതം എന്ന് ഋഗ്വേദം അഗ്നിയെ സ്തുതിച്ചുകൊണ്ട് ആരംഭിച്ചത് ഈ ശിവത്വത്തെ പ്രാപിക്കാനായിരുന്നു.
ഈ ജ്ഞാനാഗ്നി എല്ലാ അറിവില്ലായ്മയെയും ഭസ്മീകരിക്കുന്നുവെന്നാണ് ഭഗവാന് ഭഗവദ്ഗീതയില്‍ ഉപദേശിച്ചത്.(”ജ്ഞാനാഗ്നി സര്‍വ്വകര്‍മാണി ഭസ്മസാത് കുരുതേ തഥാ”) ഇതുപോലെ പവിത്രമായ മറ്റൊന്ന് ഇല്ല തന്നെ.’ന ഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ” എന്നിടത്ത് പറയുന്നത്. ഈ ജ്ഞാനാഗ്നിയോടുള്ള പ്രാര്‍ത്ഥനയാണ് ‘അസതോ മാ സദ്ഗമയ… തമസോ മാ ജ്യോതിര്‍ഗമയ… മൃത്യോര്‍ മാ അമൃതം ഗമയ’ എന്നത്. അസത്തില്‍നിന്ന് ഒരുവന് സത്തിലേക്കുയരണമെങ്കില് സംസ്കാര പ്രക്രിയയിലൂടെ സത്യധര്‍മ്മങ്ങള്‍ ആചരിച്ച് അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, ശുദ്ധിപഞ്ചകം എന്നീ ദൈവീക ഗുണങ്ങള്‍ ഉള്‍ക്കൊണ്ട് പടിപടിയായി ഉയരേണ്ടതാണ്. അത് യാദൃച്ഛികമായി സംഭവിക്കുന്നതല്ല. കൃത്യമായ സങ്കല്‍പ്പവും പ്രാര്‍ത്ഥനയും പ്രയത്നവും സമര്‍പ്പണവും അതിനു പിന്നിലുണ്ടാവണം. ആഘോഷങ്ങള്‍ പകര്‍ന്നു നല്കിയതും ആചാര്യന്മാര് ഉപദേശിച്ചതും അസത്തില്‍ നിന്ന് സത്തിലേക്ക് ഉയരുന്നതിനുള്ള വഴികളായിരുന്നു. അസത്ത് അന്ധകാരമാണ്, അജ്ഞാനമാണ്. അതില്‍നിന്നുള്ള മോചനം അറിവാകുന്ന പ്രകാശമാണ്.അതുകൊണ്ടാണ് ഉപനിഷത് ഋഷി ഉപദേശിച്ചത് എപ്പോഴാണോ നിങ്ങള്‍ സ്വയം പ്രകാശിക്കുന്നത് അപ്പോള്‍ സമസ്ത പ്രപഞ്ചവും പ്രകാശപൂരിതമാകും. നിങ്ങള്‍ സ്വയം ഇരുളുമ്പോള്‍ ചുറ്റും അന്ധകാരം പരക്കും.
എല്ലാം നിങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്.ജീവിതം മുഴുവന്‍ മധുരവും ദീപ്തവുമാകണമേയെന്ന പ്രാര്‍ത്ഥനയാണ് ദീപാവലി മധുരം പങ്കുവയ്ക്കുമ്പോഴും നമ്മുടെ മനസ്സില്‍ വരേണ്ടത്. ഇന്നത്തേതുപോലെ സ്നേഹനിര്‍ഭരമായ ബന്ധങ്ങളാല്‍ ജീവിതം എന്നും ഊഷ്മളമാകണേ ഓരോ ദിവസവും എന്നായിരിക്കണം ബന്ധുജനങ്ങള്ക്കുമുന്നില് നില്ക്കുമ്പോള് ഉണ്ടായിരിക്കേണ്ട വിചാരം. എത്രപേരെ നിരുപാധികമായി സ്നേഹിക്കാനും എന്തൊക്കെ അവരുമായി പങ്കുവെയ്ക്കാനും കഴിഞ്ഞെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ അഭിവൃദ്ധിയുടെയും ആനന്ദത്തിന്റെയും ഒഴുക്ക് നമുക്കനുഭവിക്കാനാവും.എന്നാല്‍ ഈ ആഘോഷത്തിന്റെ ആനന്ദമനുഭവിക്കാനാവാതെ വരുന്നത് കഴിഞ്ഞകാലത്തെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളും വരാനിരിക്കുന്ന കാലത്തെ ആശങ്കകളുമാണ്. മനസ്സില്‍ വിങ്ങിനില്ക്കുന്ന ഓര്‍മകളും ആശങ്കകളും പൊട്ടിവിതറുമ്പോഴാണ് വര്‍ത്തമാനത്തിലെ ആഘോഷത്തില്‍ നമുക്ക് പങ്കുചേരാനാകുന്നത്. ദീപാവലിയുടെ ഓരോ പടക്കം പൊട്ടിക്കലും നമ്മുടെ നിഷേധ വികാരങ്ങളുടെ പൊട്ടിത്തെറിയായി കരുതണം. അപ്പോള്‍ മനസ്സ് നിര്‍മ്മലമാകും. നിര്‍മ്മലമായ മനസ്സിലാണ് യഥാര്‍ത്ഥത്തിലുള്ള ആഘോഷം നടക്കുന്നത്. ശ്രീശ്രീ രവിശങ്കര്‍ ദീപാവലിയെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്. കുളിച്ച് കുറിയിട്ട് പുതുവസ്ത്രങ്ങളണിഞ്ഞ് അലങ്കാരങ്ങള്‍ ചെയ്യുമ്പോള്‍ നാമോര്‍ക്കണം ഈശ്വരന് ലോകത്തിനു സമ്മാനിച്ച മനോഹരമായ സമ്മാനമാണ് എന്റെയീ ശരീരമെന്ന്. അത് ദേവസ്പര്ശമുള്ളതു തന്നെയാണെന്ന് മറ്റുള്ളവര്ക്കനുഭവിക്കാനാവണം മധുരമൂറുന്നവാണിയുടെ ഹൃദ്യമായ പെരുമാറ്റത്തിലൂടെ, ഭാവശുദ്ധിയാര്‍ന്ന മനസ്സിനുടമയാണെന്ന തിരിച്ചറിവിലൂടെ.
അങ്ങനെ വരുമ്പോള്‍ മറ്റുള്ളവരുടെ സ്നേഹത്തിനും ഇഷ്ടത്തിനും അനുഗ്രഹത്തിനും പ്രോത്സാഹനത്തിനും ആദരവിനും അംഗീകാരത്തിനും നാം പാത്രമായിത്തീരും.പുതിയ അറിവിനും അധികാരപ്രാപ്തിക്കും സമ്പത്തിനും ഇത് നമ്മെ പ്രാപ്തരാക്കുന്നു. ഈ നേട്ടങ്ങളോരോന്നും മനുഷ്യനെ അഹങ്കാരിയും സ്വാര്ത്ഥനുമാക്കാന് സാധ്യതയുണ്ട്. അതിനാല്‍ കാരുണ്യത്തിന്റെ നിറകുടമായ ഭഗവാന്റെ അനുഗ്രഹമുണ്ടാകാന്‍ സ്വയം പ്രാര്‍ത്ഥിക്കണം. എന്റെ മുന്നിലിരിക്കുന്ന ചെറിയ വിഗ്രഹത്തില്‍ കുടികൊള്ളുന്നതല്ല എങ്ങും നിറഞ്ഞിരിക്കുന്ന അഖിലേശ്വരനാണ് നീയെന്നത് തിരിച്ചറിവുണ്ടാകണം. ഗുരു നിത്യചൈതന്യയതി പറഞ്ഞതുപോലെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ നീ തന്നെ ബാലഭാവം പൂണ്ടു വിളയാടുകയാണെന്ന് മനസ്സിലാക്കാനും അറിവുണ്ടെന്ന് മനസ്സിലാക്കാനും എല്ലാ ശബ്ദങ്ങളിലും നിന്റെ വൈഖരി വിലാസം തന്നെയാണെന്ന് അറിഞ്ഞ് ആഹ്ലാദിക്കാനുള്ള വിവേകം തരണേ എന്നതാവണം നമ്മുടെ പ്രാര്‍ത്ഥന.ജ്യോതിസ്വരൂപനായ പരംപൊരുളിനെ അനുസരിച്ചാണ് ലോകത്തിലുള്ളതെല്ലാം പ്രകാശിക്കുന്നത്. ആ പ്രകാശത്തില്‍ നിന്നാണ് എല്ലാ വസ്തുക്കള്‍ക്കും പ്രകാശവും ശക്തിയും ലഭിക്കുന്നത് എന്ന ഉപനിഷദ് ഋഷിയുടെ ദര്‍ശനം അറിയാനും അറിയിക്കാനുമായിരുന്നു ഇവിടെ പിറവിയെടുത്ത ഋഷിമാരും കവികളും ശ്രമിച്ചിരുന്നതും.
ഈ ദര്‍ശനമാണ് ദീപാവലിയുടെ പൊരുള്‍. ഇക്കാര്യം മഹര്‍ഷിയായ ശ്രീനാരായണ ഗുരുദേവന് ഹോമമന്ത്രമെന്ന സൂക്തത്തിലും മഹാകവി കുമാരനാശാന് ‘ദീപാര്‍പ്പണം’ എന്ന കൃതിയിലും മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.ഹോമമന്ത്രംഓം അഗ്നേ, തവ യത്തേജസ്തദ് ബ്രാഹ്മംഅതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസിത്വദീയാ ഇന്ദ്രാണി മനോ ബുദ്ധിരിതി സപ്തജിഹ്വഃത്വയി വിഷയാ ഇതി സമിധോ ജുഹോമി,അഹമിത്യാജ്യാം ജുഹോമിതം നഃ പ്രസീദ പ്രസീദ,ശ്രേയശ്ച പ്രേയശ്ച, സ്വാഹാ,ഓം ശാന്തിഃ ശാന്തിഃ ശാന്തിഃഅല്ലയോ അഗ്നേ, അവിടുത്തെ യാതൊരു തേജസുണ്ടോ അത് ബ്രഹ്മസംബന്ധമാണ്. അതിനാല്‍ നീ പ്രത്യക്ഷമായ ബ്രഹ്മമാകുന്നു. പഞ്ചേന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും നിന്റെ ഏഴു നാക്കുകളാണ്. വിഷയങ്ങള്‍ എന്ന സങ്കല്‍പ്പത്തില്‍ ഞാന്‍ നിന്നില്‍ സമിത്തുകള്‍ ഹോമിക്കുന്നു. നീ ഞങ്ങളില്‍ പ്രസാദിച്ചാലും, പ്രസാദിച്ചാലും ശ്രേയസും പ്രേയസും നല്കിയാലും. സ്വാഹ, ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ.ദീപാര്പ്പണംഭാവബന്ധമൊടു സത്യരൂപനാംദേവ, നിന്മഹിമയാണ് കോവിലില്പാവനപ്രഭയെഴും വിളക്കിതാസാവധാനമടിയന് കൊളുത്തിനേന്‍.
അല്പ്പമെങ്കിലുമതിന് പ്രഭാങ്കുരംസത്പതേയിരുള് തുരന്നുമെല്ലവേശില്പ രമ്യപദപീഠഭൂവില് നി-ന്നുല്പതിച്ചു തിരുമെയ്യിലെത്തണേ.
സ്ഥേയമാര്ന്ന മണിഭൂഷണത്തിലുംതൂമനോജ്ഞമലര്മാല തന്നിലുംഹേമവിഗ്രഹമരീചിേേതടുമീ-ക്കോമളപ്രഭ വിളങ്ങണേ വിഭോ.
മാറ്റി നിന്മുഖരസം മറച്ചതില്പോറ്റി, പുല്‍കരുതു ധൂമരേഖകള്മാറ്റിയന്ന മണിവാതിലൂടെഴും-കാറ്റിലാടരുതിതിന്‍ ശിഖാഞ്ചലം.
ചീര്‍ത്തിതിന്നൊളി തെളിഞ്ഞുപൊങ്ങി നെയ്-വാര്‍ത്തിടായ്കിലുമെരിഞ്ഞു മേല്ക്കുമേല്നേര്ത്തിതീശ, മിഴിയഞ്ചീടുന്ന നിന്-മൂര്‍ത്തി മുന്‍പു നിഴല്നീങ്ങി നില്ക്കണേ.
സ്ഥേയമാര്ന്ന മണിഭൂഷണത്തിലുംതൂമനോജ്ഞമലര്മാല തന്നിലുംഹേമവിഗ്രഹമരീചിേേതടുമീ-ക്കോമളപ്രഭ വിളങ്ങണേ വിഭോ.
മാറ്റി നിന്മുഖരസം മറച്ചതില്പോറ്റി, പുല്‍കരുതു ധൂമരേഖകള്മാറ്റിയന്ന മണിവാതിലൂടെഴും-കാറ്റിലാടരുതിതിന്‍ ശിഖാഞ്ചലം.
ചീര്‍ത്തിതിന്നൊളി തെളിഞ്ഞുപൊങ്ങി നെയ്-വാര്‍ത്തിടായ്കിലുമെരിഞ്ഞു മേല്ക്കുമേല്നേര്ത്തിതീശ, മിഴിയഞ്ചീടുന്ന നിന്-മൂര്‍ത്തി മുന്‍പു നിഴല്നീങ്ങി നില്ക്കണേ.
ജന്മഭൂമി: http://www.janmabhumidaily.com/news723094#ixzz4vvUGzLpF
No comments:
Post a Comment