Friday, October 06, 2017

ലളിതാസഹസ്രനാമസ്തോത്രവ്യാഖ്യാനം.. ആമുഖം. ക്രമത്രിതയസമാശ്രയവ്യതിരേകേണ യാ സംതതം ക്രമത്രിതയലങ്ഘനം വിദധതീ വിഭാത്യുച്ചകൈഃ ക്രമൈകവപുരക്രമപ്രകൃതിരേവ യാ ദ്യോത്യതേ കരോമി ഹൃദി താമഹം ഭഗവതീം പരാം സംവിദം. ഏതൊരു ദേവിയാണോ ഭുവനത്തിന്റെ ഉദയം രക്ഷാ നാശം (സര്ഗം രക്ഷ നാശം) ഇവയുടെ നിരോധവും അനുഗ്രവും ആയി അഞ്ചും ചെയ്യുന്നത് ആ ദേവിയെ നമസ്കരിക്കുന്നു.. ലളിതാസഹസ്രനാമത്തിന്റെ വ്യാഖ്യാനങ്ങളിൽ പ്രധാനമാണ് സൌഭാഗ്യഭാസ്കരമെന്ന ഭാസ്കരറായരുടെ വ്യാഖ്യാനം..മഹാനായ കണ്ടിയൂർ മഹാദേവശാസ്ത്രികൾ ഒരു ഭാഷാപരിഭാഷ അതിന് തയ്യാറാക്കിയിട്ടുമുണ്ട്..അതെ പോലെതന്നെ ലളിതാസഹസ്രനാമത്തിന് മലയാളത്തിൽ പല ആചാര്യന്മാരുടെ ഭാഷാവ്യാഖ്യാനങ്ങൾ ലഭ്യമാണ്.. ബ്രഹ്മശ്രീ കെ.എ. സുബ്രഹ്മണ്യയ്യരുടെ ലളിതാസഹസ്രനാമവ്യാഖ്യാനം ഇതിൽ വളരെ പ്രധാനമായ ഒന്നാണ്..എത്ര വ്യാഖ്യാനിച്ചാലും തീരാത്ത വിധത്തിലാണ് ലളിതാസഹസ്രനാമത്തിന്റെ ഗൂഢാര്ഥങ്ങൾ..ലളിതാസഹസ്രനാമത്തിന് ആചാര്യന്മാർ പറഞ്ഞിരിക്കുന്ന അര്ഥങ്ങളോടൊപ്പം തന്നെ പുരാണങ്ങൾ, ഇതിഹാസം, മറ്റ് ശാസ്ത്രങ്ങൾ എന്നിവയിൽ പറഞ്ഞിരിക്കുന്ന അര്ഥങ്ങളിലൂടേയും ഉള്ള ഒരു യാത്രയാകട്ടെ ഇവിടെ.. ഈ യാത്രയ്ക് കാരിണിയും കാരയിത്രിയും ആയ ദേവിതന്നെ നാം എല്ലാവരേയും സഹായിക്കുമെന്ന് വിശ്വാസത്തോടും ഗുരുക്കന്മാരുടേയും എല്ലാ കുടുംബാംഗങ്ങളുടേയും അനുഗ്രഹവും ആശിസ്സും പ്രാര്ഥിച്ചുകൊണ്ട്.. 18 പുരാണങ്ങളിലൊന്നായ ബ്രഹ്മാണ്ഡപുരാണം ഉത്തരഖണ്ഡത്തിൽ ഹയഗ്രീവാഗസ്ത്യസംവാദരൂപത്തിലാണ് ലളിതാസഹസ്രനാമം പറയുന്നത്.. ഫലേച്ഛ ഇല്ലാതെ ചെയ്യണമെന്ന് സാധാരണ പറയുന്ന നിത്യകര്മമായ സന്ധ്യാവന്ദനം എങ്ങിനെയാണോ അതേ പോലെ ലളിതാസഹസ്രനാമവും ചെയ്യണമെന്നാണ് നിയമം..സ്തോത്രങ്ങൾ അര്ഥം അറിഞ്ഞു ചെയ്യുന്നതാണ് ഉത്തമം.. അര്ഥബോധത്തോടെ നാമം ചൊല്ലുന്നവരുടെ അന്തരംഗം ശുദ്ധമാകും..ശുദ്ധമായ അന്തഃകരണത്തിൽ അശുഭചിന്തകളൊന്നുമുണ്ടാവില്ല.. ലളിതാസഹസ്രനാമം ചൊല്ലുന്നവര്ക്ക് പ്രധാനമായി വേണ്ടത് ഭക്തിയും വിശ്വാസവുമാണ്.. ഭക്തിയോടെ ജപിക്കുന്നതിനൊപ്പം തന്നെ വിശ്വാസപൂർവം ജപിക്കുവാൻ ശ്രദ്ധിക്കുക.. അനുഗ്രഹദായിയായ അമ്മയുടെ കയ്യിൽ പിടിച്ച് നാം നടക്കുന്നതിനു പകരം ജീവിതത്തിൽ എന്ത് സംഭവിച്ചാലും ആ അമ്മയുടെ ഇച്ഛതന്നെയാണ് എന്ന് സ്വീകരിച്ച് അമ്മയുടെ കയ്യിലേക്ക് സ്വയം അര്പിക്കുക.. ശരണാഗതി.. ഇതാണ് ഉപാസന... ദേവി എന്നതിന് സരളമായി പറഞ്ഞാൽ വാക്കിന് കാരണമായിരിക്കുന്ന ശക്തി എന്ന് ദേവിയെ പറയാം..ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ ഏതൊരു വിദ്യകൊണ്ടാണോ ശരീരാവസ്ഥയിൽ തന്നെ മനുഷ്യന്റെ ദോഷങ്ങൾ അസ്തമിച്ച് സംതൃപ്തിയും ആനന്ദവും അനന്തമായ സത്യത്തിന്റെ അനുഭവവും ഉണ്ടാകുന്നത് ആ വിദ്യയാണ് ദേവി. ദേവി അനുഗ്രഹദായിനിയാണ്.. എന്താണ് അനുഗ്രഹം.. അനുഗ്രഹം എന്നതിന് അര്ഥം പറയുകയാണെങ്കിൽ ലൌകികങ്ങളായ സൃഷ്ടി സ്ഥിതി സംഹാരം തിരോധാനം ഇവയിൽ നിന്ന് രക്ഷിക്കുന്നതാണ് അനുഗ്രഹം. ഈ ശരീരം ഉള്ളപ്പോൾ തന്നെ രക്ഷനേടുന്നതിന് വേണ്ടിയാണ് നാം അമ്മയെ ആശ്രയിക്കുന്നത് എന്നര്ഥം.. "അഹം ദേവീ ന ചാന്യോസ്മി ബ്രഹ്മൈവാഹം ന ശോകഭാക് " എന്ന് അറിയുന്നവനാണു ശ്രീവിദ്യാ ഉപാസകൻ.. അങ്ങിനെയാണ് എങ്കിൽ ആര് ആരെയാണ് രക്ഷിക്കുന്നത് എന്നത് സംശയം തോന്നാം..അപ്പോൾ പറയുന്നു, മുക്തി എന്നത് നേടി എടുക്കാനുള്ളതല്ല അത് നമ്മുടെ ഉള്ളിൽ തന്നെ ഉള്ളതാണ് എന്നുള്ള ബോധം..തപസ്സ് എന്നത് ഗുഹയിലോ കാട്ടിലോ പോയി ഇരിക്കലല്ല.. ഞാൻ എവിടെ നിന്നു വന്നു എന്നറിഞ്ഞ് ശുദ്ധമായ ആ ശ്രോതസ്സിനെ തപസ്വികൾ അറിയുകയാണ് ചെയ്യുന്നത്.. തപസ്സ് എന്നത് ആ മൂലത്തിൽ അടങ്ങലാണ്..ദേവീ ഉപാസനയും അതുതന്നെയാണ്.. ശ്രീമാതാ എന്നുതുടങ്ങി ശിവശക്ത്യൈക്യരൂപിണി എന്ന് അവസാനിക്കുന്ന സഹസ്രനാമത്തിലൂടെ അമ്മയിലൂടെ അച്ഛനെ അറിയുവാൻ ശ്രമിക്കുകയാണ് നാം ചെയ്യുന്നത്.. ശിവയിലൂടെ ശിവസായൂജ്യം.. നാദം ബിന്ദു കല ഇവയിൽ ബിന്ദുസ്ഥാനത്തിരിക്കുന്ന ഞാൻ എന്ന ഭാവത്തെ നശിപ്പിച്ച് ശിവസായൂജ്യം നേടാനുള്ള മാര്ഗം ആണ് ഇത്.. ഉറങ്ങുന്നതിനും, എണീക്കുന്നതിനും, സ്മൃതിയ്കം ബുദ്ധിയ്കും എല്ലാത്തിനും കാരണഭൂതമായിരിക്കുന്ന ദേവി തന്നെയാണ് നാം എന്ന് അറിയുക..നാം കാണുന്ന പ്രപഞ്ചം ദേവിയുടെ പ്രത്യക്ഷസ്വരൂപം ആണ്.. എങ്ങിനെയാണ് നാദരൂപിണിയായ ദേവി നാം ആകുന്നത് ? നാം കാണുന്ന ഈ പ്രപഞ്ചം ദേവിയുടെ പ്രത്യക്ഷസ്വരൂപമാകുന്നത് എങ്ങിനെയാണ് ? ഇതിന്റെ തുടര്ച്ചയും ലളിതാ സഹസ്രനാമത്തിന്റെ കഥാസന്ദര്ഭവും നാളെ മുതൽ ആരംഭിക്കാം.. ഹരി ഓം..

ലളിതാസഹസ്രനാമസ്തോത്രവ്യാഖ്യാനം. തുടര്ച്ച..ഭാഗം 2 എങ്ങിനെയാണ് നാദരൂപിണിയായ ദേവി നാം ആകുന്നത് ? നാം കാണുന്ന ഈ പ്രപഞ്ചം ദേവിയുടെ പ്രത്യക്ഷസ്വരൂപമാകുന്നത് എങ്ങിനെയാണ് ? ഇത് പറയണമെങ്കിൽ രണ്ട് വാക്കുകളുടെ അര്ഥം അറിയണം.. നാദം ...അതേ പോലെ പ്രപഞ്ചം. നാദത്തിനെ കുറിച്ച് സംഗീതദാമോദരം പറയുന്നു ന നാദേന വിനാ ഗീതം, ന നാദേന വിനാ സ്വരഃ. ന നാദേന വിനാ രാഗസ്തസ്മാന്നാദാത്മകം ജഗത്. ന നാദേന വിനാ ജ്ഞാനം ന നാദേന വിനാ ശിവഃ. നാദരൂപം പരം ജ്യോതിര്നാദരൂപോ പരം ഹരിഃ. നാദമില്ലാതെ ഗീതം ഇല്ല.. നാദം ഇല്ലാതെ സ്വരവുമില്ല.. നാദമില്ലാതെ രാഗവുമില്ല.. അതുകൊണ്ട് തന്നെ നാദാത്മകം ആണ് ജഗത്. നാദമില്ലാതെ ജ്ഞാനവുമില്ല.. നാദമില്ലാതെ ശിവനുമില്ല.. നാദരൂപം തന്നെയാണ് ജ്യോതി , അതേ നാദംതന്നെയാണ് ഹരിയും.. അതെ നാദം തന്നെയാണ് നാം.. അതെ നാദം തന്നെയാണ് ദേവിയും.. നാദരൂപിണിയായ ദേവി നാം ആകുന്നത് എങ്ങിനെയാണ്. . നാദം എന്നതിന് അര്ഥം പറയുന്നു നദ ശബ്ദേ ഭാവേ ഘഞ്.. അതായത് നാദം എന്നതിന് ശബ്ദം എന്ന് അര്ഥം.. പ്രപഞ്ചം എന്നതിന് ആകട്ടെ പ്രപഞ്ചയതെ എന്നാണ് അര്ഥം പറയുന്നത്.. പ്ര പചി ക്തഃ, അതായത് വ്യക്തീകരണം എന്നാണ് അര്ഥം പറയുക.. വിപര്യാസം എന്നും പ്രപഞ്ചത്തിന് അര്ഥമുണ്ട്.. വിപര്യാസോ വൈപരീത്യം ഭ്രമോ വാ മായേതി സ്വാമീ. അതായത് വിപര്യാസം എന്ന് പറഞ്ഞാൽ വീണ്ടും പറയുന്നു വൈപരീത്യം ഭ്രമം മായ എന്നൊക്കെ അര്ഥം. (നാദം, പ്രപഞ്ചം എന്നിവയുടെ കൂടുതൽ വിവരണം ഗ്രന്ഥവ്യാഖ്യാനത്തിൽ ഉൾപ്പെടുത്താം..) ഇവിടെ എന്താണ് പ്രപഞ്ചിക്കുന്നത്.. ഇത് മനസ്സിലാക്കിയാൽ പ്രപഞ്ചം എന്താണ് എന്നും നാദസ്വരൂപിണിയായ ദേവി എങ്ങിനെയാണ് പ്രപഞ്ചരൂപമാകുന്നത് എന്നും മനസ്സിലാക്കാം.. പഞ്ചീകരണം എന്ന് നാം സ്ഥിരം കേൾക്കുന്നതാണ്...പ്രപഞ്ചത്തിന്റെ ഉത്പത്തി ഈ പഞ്ചീകരണത്തിലധിഷ്ഠിതമാണ്..അതായത് ആകാശാത്തിൽ നിന്ന് വായു.. വായുവിൽ നിന്ന് അഗ്നി.. അഗ്നിയിൽ നിന്ന് ജലവും ജലത്തിൽ നിന്ന് പൃഥിവി ഇതാണ് പഞ്ചീകരണത്തിന്റെ അടിസ്ഥാനം.. ആകാശത്തിൽ നിന്ന് വായു..പക്ഷെ ഈ ആകാശം എന്താണ്.. അതിന് ആചാര്യൻ ഉത്തരം പറയുന്നു, ശബ്ദഗുണകമാകാശം.. അതായത് ശബ്ദത്തിന്റെ ഗുണമാണ് ആകാശം.. അതായത് നാദം എന്നതിന്റെ ഗുണമാണ് ആകാശം എന്നര്ഥം..സൂക്ഷ്മമായ നാദബ്രഹ്മം അതിന്റെ ഗുണരൂപമായ ആകാശത്തിലൂടെ സ്ഥൂലമായ പ്രകൃതിസ്വരൂപമായി മാറുമ്പോഴാണ് പഞ്ചീകരണം വരുന്നത്..അതായത് പ്രപഞ്ചം ആയി പരിണമിക്കുന്നത്.. നാദം ദേവി ആകുമ്പോൾ അതെ ദേവിയുടെ ഗുണസ്വരൂപമായ ആകാശത്തിൽ നിന്ന് തന്നെയാണ് നാം ഉണ്ടായിരിക്കുന്നത് എന്നര്ഥം.. സൂക്ഷ്മമായും സ്ഥൂലവുമായി യഥാര്ഥത്തിൽ ഉള്ളത് ദേവി തന്നെയാണ്.. ഇതെ രീതിയിൽ പ്രപഞ്ചത്തിലുള്ള എല്ലാം ആ ദേവിയുടെ തന്നെ രൂപപരിണാമം മാത്രമാണ്.. അഹമെവ ദേവി ന ചാന്യോസ്മി എന്ന് പറയുന്നത് സ്ഥൂലസൂക്ഷ്മമായി ദേവി തന്നെയാണ് നാം ആയി പരിണമിച്ചിരിക്കുന്നത് എന്ന് ഉപാസകന് ഉത്തമബോധ്യമുള്ളതുകൊണ്ടാണ്.. അതുകൊണ്ട് തന്നെയാണ് നാദബ്രഹ്മമയി ആകാശരൂപിണി എന്നൊക്കെ ദേവിയെ വിളിക്കുന്നത്.. ലളിതാ സഹസ്രനാമത്തിന്റെ കഥാസന്ദര്ഭവും എന്തുകൊണ്ട് ലളിതാസഹസ്രനാമം പ്രധാനമെന്നതും നാളെ തുടരാം..ഹരി ഓം.

ലളിതാസഹസ്രനാമസ്തോത്രവ്യാഖ്യാനം. തുടര്ച്ച..ഭാഗം 3 നാദബ്രഹ്മമയീ...നാം ദേവിയെ എപ്പോഴും വിളിക്കുന്ന പേരുകളിൽ ഒന്നാണ്.. എന്താണ് നാദം.. നദ ശബ്ദേ ഭാവേ ഘഞ്.. നദ എന്ന ധാതുവിൽ നിന്ന് നാദഃ എന്ന പദം കിട്ടുന്നു.. ഇതിനു ധ്വനിയെന്നാണ് അര്ഥം..നാദത്തിന് പ്രധാനമായി അര്ദ്ധേന്ദ്രം, അര്ദ്ധമാത്രാ, സദാശിവൻ, തുരീയാ, വിശ്വമാതൃകലാ, പരാ ബ്രഹ്മസ്വരൂപവിശേഷം എന്നിങ്ങനെയാണ് അര്ഥം പറയുന്നത്.. ശാര്ങ്ഗദേവൻ പറയുന്നു.. ചൈതന്യം സർവഭൂതാനാം വിവൃത്തം ജഗദാത്മനാ നാദബ്രഹ്മ തദാനന്ദമദ്വിതീയമുപാസ്മഹേ. എല്ലാ പ്രാണികളിലും ചൈതന്യമായും ചരാചരാത്മകമായ ജഗത്തിനുകാരണമായും ആനനന്ദസ്വരൂപമായും തന്നിൽ നിന്ന് ഭിന്നമായി മറ്റൊന്നില്ലാത്തതായും എങ്ങിനെ പ്രകാശിക്കുന്നുവോ അതുപോലെ നിത്യവും ഏകവും അഖണ്ഡാത്മകവുമായി നാദവും സകലപദാര്ഥങ്ങളേയും പ്രകാശിപ്പിക്കുകയും ശ്രുതിവര്ണാദിശബ്ദപ്രപഞ്ചത്തിനുകാരണമായുമിരിക്കുന്നു അങ്ങിനെയുള്ള നാദബ്രഹ്മത്തെ ഉപാസിക്കുന്നു എന്നാണ് ശ്ലോകാര്ഥം. സർവലോകോദ്ഭവാത് പൂർവം യേന വ്യാപ്തം ചരാചരം നാദാത്മകം തദാകാശം ഭൂതാനപി കാരണം. ഈ ലോകമെല്ലാം ഉണ്ടാകുന്നതിന് മുന്പ് ഏതൊരു മഹത്തായ വസ്തുവാണോ സ്ഥാവരജംഗമമായ ഈ ലോകവും ആകാശവും മുഴുവൻ വ്യാപിച്ചിരുന്നത്.. ഏതാണോ ലോകവ്യവഹാരത്തിനു മൂലകാരണമായിരിക്കുന്നത് അതാണു നാദം. നാദോത്പത്തിയെ കുറിച്ച് സംഗീതസമയസാരത്തിൽ പറയുന്നു, നാഭിക്കു താഴെ ലിംഗമൂലത്തിനു മുകളിലായി ത്രികോണാകൃതിയിൽ മൂലാധാരവുമായി ചേര്ന്നുനിൽക്കുന്ന ബ്രഹ്മഗന്ധിയെന്ന സ്ഥാനത്തു പ്രാണവായു എപ്പോഴും നിറഞ്ഞിരിക്കുന്നു.. ആ വായുവിൽ നിന്ന് ജഠരാഗ്നി യെന്ന ജ്വാല ജീവനുള്ള ശരീരത്തിൽ എപ്പോഴും കത്തികൊണ്ടിരിക്കുന്നു.. നാം ശ്വസിക്കുന്ന വായു മൂലാധാരത്തിലെത്തി ഈ ജ്വാലയിൽ തട്ടുമ്പോൾ നാദമുണ്ടാകുന്നു. എങ്ങിനെ നാദം ഉണ്ടാകുന്നു എന്ന് സംഗീതരത്നാകരത്തിൽ ഒന്നുകൂടി വിശധീകരിച്ച് പറയുന്നു..ഒരു നാദം പുറപ്പെടുവിക്കണമെന്ന് ആത്മാവിനുതോന്നുമ്പോൾ അതിനുവേണ്ട പ്രയത്നം ചെയ്യാൻ അതു മനസ്സിനെ പ്രേരിപ്പിക്കുന്നു.. മനസ്സ് ആകട്ടെ ശരീരത്തിലുള്ള അഗ്നിയെ ഉണര്ത്തുന്നു..അഗ്നി പ്രാണവായുവിനെ പ്രേരിപ്പിക്കുന്നു.. ബ്രഹ്മഗ്രന്ഥിയിൽ സ്ഥിതിചെയ്യുന്ന ഈ മാരുതനാകട്ടെ ക്രമത്തിൽ മേല്പോട്ടുസഞ്ചരിച്ച് നാഭി ഹൃദയം കണ്ഠം മൂര്ധാവ് ആസ്യം എന്നിവയിൽ തട്ടി ധ്വനിയുണ്ടാക്കുന്നു.. നകാര: പ്രാണ ഇത്യാഹുര്‍ ദകാരശ്ചാനലോ മത: ജാത: പ്രാണാഗ്നി സംയോഗാത്‌ തേന നാദോ അഭിധീയതെ എന്ന പ്രമാണംസ്വീകരിച്ചാൽ പ്രാണാഗ്നിസംയോഗമാണ് നാദത്തിനുകാരണം..നകാരം പ്രാണവായുവിനേയും ദകാരം അഗ്നിയേയും കുറിക്കുന്നു എന്നര്ഥം.. നാഭേരൂര്ധ്വം ഹൃദി സ്ഥനാന്മാരുതഃ പ്രാണസംജ്ഞകഃ നദതി ബ്രഹ്മരന്ധ്രാന്തേ തേന നാദഃ പ്രകീര്തിതഃ എന്ന് അലങ്കാരകൌസ്തുഭവും പറയുന്നു.. സംഗീതദാമോദരം പറയുന്നു, പ്രാണവായുവിന്റേയും ദേഹാഗ്നിയുടേയും സംയോഗത്തിൽ ഉണ്ടാകുന്ന നാദമാണ് ഓംകാരമെന്നും പ്രണവമെന്നും പറയപ്പെടുന്നത്.. ഹൃദയം മുഴുവൻ വ്യാപിച്ചിരിക്കുന്ന അതിസൂക്ഷ്മമായ നാദത്തെ നാലു തരത്തിൽ പറയാം.. പ്രാണാഗ്നിസംയോഗത്താലുണ്ടാകുന്ന അതിസൂക്ഷ്മമായ നാദം പരാ, നാഭിക്കും മൂലാധാരത്തിനും മധ്യത്തിലുള്ള സൂക്ഷ്മനാദം പശ്യന്തീ, മൂലാധാരത്തിൽ നിന്നുള്ള നേര്ത്ത നാദം വൈഖരീ, മൂലാധാരം തൊട്ടു ഹൃദയം വരെ വ്യാപിക്കുന്ന നാദം മധ്യമാ. അതുകൊണ്ടുകൂടിയാണ് ദേവിയെ നാദരൂപിണിയായും വാഗീശ്വരിയായും നാം കല്പിക്കുന്നത്.. ഈ പ്രപഞ്ചം പഞ്ചഭൂതാത്മകമാണ് എന്ന് ഇന്നലെ പറഞ്ഞത് ഒന്നു കൂടി വിശധീകരിച്ചു പറഞ്ഞാൽ പഞ്ചമഹാഭൂതങ്ങളെ ഓരോന്നിനേയും തുല്യങ്ങളായ ഈ രണ്ടു ഭാഗങ്ങളായി വിഭജിച്ച് അവയില്‍ ആദ്യഭാഗങ്ങളായ (ഓരോന്നിന്റേയും പകുതി അംശങ്ങളെ) ഓരോന്നിനേയും നന്നാലാക്കി ആ നാലിനേയും മറ്റു ഭൂതങ്ങളുടെ പപ്പാതിയോടു ചേര്‍ത്തപ്പോള്‍ സ്വാംശം പകുതിയും മറ്റു നാലംശങ്ങള്‍ അരയ്ക്കാല്‍ ഭാഗം (മറ്റോരോ ഭൂതത്തിന്റെയും അരയ്ക്കാല്‍ഭാഗം) വീതം കൂടിയ പകുതിയും ചേര്‍ന്നു സ്ഥൂലഭൂതങ്ങൾ ഉണ്ടായി. (ദ്വിധാ വിധായ ചൈകൈകം ചതുര്‍ദ്ധം പ്രഥമം പുനഃസ്വസ്വേതരദ്വിതീയാംശൈര്‍യോജനാത് പഞ്ച പഞ്ച തേ). ഉദാ:- ആകാശത്തെ രണ്ടായി വിഭജിച്ച് അതില്‍ ഒരംശവും, വായ്വാദി ഭൂതങ്ങളുടെ അരയ്ക്കാല്‍ അംശം വീതവും ഒന്നിച്ചു ചേര്‍ന്നു സ്ഥൂലാകാശമുണ്ടാകുന്നു. ഇതുപോലെ എല്ലാഭൂതങ്ങളെക്കുറിച്ചുമുള്ള പഞ്ചീകരണം ഗ്രഹിച്ചുകൊള്ളണം എന്ന് അര്‍ത്ഥം. ഈ ജീവനിൽ നിന്ന് നാദമുണ്ടായികൊണ്ടിരിക്കുന്നു.. ഈ നാദത്തിൽനിന്ന് അകാരം മുതൽ ഹകാരം വരെയുള്ള അക്ഷരങ്ങൾ സഞ്ജാതമാകുന്നു.. ഗീതം നാദാത്മകം വാദ്യം നാദവ്യക്ത്യാ പ്രശസ്യതേ തദ്വദ്വായുനാഗതം നൃത്യം നാദാധീനമതസ്ത്രയം. നാദേന വ്യജ്യതെ വര്ണഃ പദം വര്ണാത് പദാദ്വചഃ വചസോ വ്യവഹാരോ അയം നാദാധീനമതോ ജഗത് .. അക്ഷരങ്ങൾ ചേര്ന്ന് പദങ്ങളും പദങ്ങൾ ചേര്ന്ന് ലൌകികവും വൈദികവും ആയ വാക്യങ്ങളും വേദസാരമായ ഗായത്രീ തുടങ്ങിയ മഹാമന്ത്രങ്ങളും സകലശാസ്ത്രങ്ങളും ഉണ്ടായി.. ഭാഗവതം പറയുന്നു ഹൃദ്യാകാശാദഭൂത് നാദോ വൃത്തിരോധാദ്വിഭാവ്യതേ. തതോ അഭൂത് ത്രിവിധോംകാരോ യോ അവ്യക്തഃ പ്രഭവഃ സ്വരാദ്. ഇത്യാരഭ്യ തതോ അക്ഷരസമാമ്നായമസൃജദ്ഭഗവാനജഃ. ഞാൻ എന്നതിന് നാം സ്ഥിരമായി പ്രയോഗിക്കുന്ന അഹം എന്ന ശബ്ദമാകട്ടെ അകാരം മുതൽ ഹകാരം വരെയുള്ള അക്ഷരങ്ങളുടെ ആകെ തുകയാണ്.. അതായത് നാം അഹം അഹം എന്ന് പറയുമ്പോഴും ആ അക്ഷരബ്രഹ്മസ്വരൂപത്തെ തന്നെയാണ് പറയുന്നത് എന്നര്ഥം.. ധ്വനിയുടെ ആദ്യരൂപമായ ഓംകാരത്തെ പ്രണവമെന്ന് പറയുന്നു..എങ്ങിനെയാണോ മായ എപ്പോഴും ബ്രഹ്മത്തിൽ സംയുക്തമായിരിക്കുന്നത് അതുപോലെ നാദത്തോടു കൂടി കലയും സംയുക്തമായിരിക്കുന്നു.. പ്രണവത്തിൽ ഓ എന്നത് നാദം, അനുസ്വാരം ബിന്ദു. നാദവും ബിന്ദുവും ചേര്ന്നുണ്ടാകുന്ന ഓംകാരത്തിൽ ആകട്ടെ കലയെന്നതു സ്വയം വരുന്നു.. നാദബിന്ദുകലാദീ നമോ നമോ എന്ന് അരുണഗിരിനാഥൻ സൂചിപ്പിക്കുന്നത് ഇതിനെയാണ്.. നദ്യതെ അതായത് ധ്വനിപ്പിക്കപ്പെടുന്നത്, എന്നതുകൊണ്ട് നാദം എന്ന് മതംഗൻ നാദവ്യുത്പത്തി പറയുന്നു.കല്ലുപൊട്ടിക്കുന്നത്, മരം വെട്ടുമ്പോഴോ ഉണ്ടാകുന്ന ശബ്ദത്തിൽ കലാസംബന്ധമില്ലാത്തതിനാൽ അവയെ നാദമായി സ്വീകരിക്കാറില്ല.. ശിവശക്തിസംയോഗത്താൽ എങ്ങിനെയാണോ ക്രിയയുണ്ടാകുന്നത് അതുപോലെ കലസംബന്ധം കൊണ്ടുമാത്രമെ ശബ്ദത്തിനു നാദസ്വരൂപം ഉണ്ടാകു എന്നര്ഥം.. സൂക്ഷ്മം അതിസൂക്ഷ്മം വ്യക്തം അവ്യക്തം കൃത്രിമം എന്ന് ബൃഹദ്ദേശിയിൽ നാദത്തെ അഞ്ചായി വിഭജിച്ചിട്ടുണ്ട്..പാര്ശ്വദേവനും ശാര്ഗദേവനും വ്യക്തം അവ്യക്തം എന്നിവയ്ക് പകരം പുഷ്ടം അപുഷ്ടം എന്നിവയെ ആണ് സ്വീകരിക്കുന്നത്.. സൂക്ഷ്മത്തിനു നാഭിയും, അതിസൂക്ഷ്മത്തിനു ഹൃദയവും പുഷ്ടത്തിനു കണ്ഠവും അപുഷ്ടത്തിന് മൂര്ധാവും കൃത്രിമത്തിന് മുഖവും ഉത്പത്തിസ്ഥാനങ്ങളാണ്.. (നാദത്തിന്റെ ഇനിയുള്ള വ്യാഖ്യാനങ്ങളും അര്ഥഭേദങ്ങളും ഗ്രന്ഥവ്യാഖ്യാനത്തിലുൾപ്പെടുത്താം).. നാദോപാസന എന്നത് ബ്രഹ്മാനന്ദനിലയമായ മോക്ഷം പ്രദാനം ചെയ്യുന്നു.. അതേ നാദോപാസന തന്നെയാണ് സാക്ഷാൽ ലളിതാസഹസ്രനാമത്തിലൂടെ നാം ചെയ്യുന്നത്.. അതായത് നാദരൂപിണിയായ ദേവിയെ നാദരൂപത്തിൽ തന്നെ ഭജിച്ചുകൊണ്ട് ആ ബ്രഹ്മത്തിൽ ലയിക്കുവാനാണ് ലളിതാസഹസ്രനാമപാരായണം ചെയ്യുന്നത് എന്നര്ഥം..അമ്മെ നാരായണ.. ഹരി ഓം

ലളിതാസഹസ്രനാമസ്തോത്രവ്യാഖ്യാനം. തുടര്ച്ച..ഭാഗം 4 ലളിതാസഹസ്രനാമത്തിലെ അതായത് ശ്രീമാതാ ശ്രീമഹാരാജ്ഞീ എന്ന് തുടങ്ങുന്ന ദേവിയുടെ ആദ്യനാമമായ ശ്രീമാതാ എന്നതിന്റെ അര്ഥം പറയണമെങ്കിൽ പോലും ശ്രീചക്രം, പഞ്ചദശി എന്നിവയെ കുറിച്ച് അറിയാതെ വിശധീകരിക്കുവാനാകില്ല.. അതുകൊണ്ട് തന്നെ ഈ ദിവസങ്ങളിൽ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ ഒരു ആമുഖമായി സ്വീകരിച്ചുകൊള്ളുക.. ബിന്ദുമണ്ഡലവാസിനി എന്നും സർവാനന്ദമയചക്രേശി എന്നും ശ്രീപീഠസ്ഥിതെ എന്നെല്ലാം ജഗദീശ്വരിയായ ആ ദേവിയെ വിളിക്കുന്നതിന്റെ കാരണം അറിയണമെങ്കിൽ ആദ്യം ശ്രീചക്രം എന്ത് എന്ന് അറിയണം.. ദശമഹാവിദ്യകളിൽ ഒന്നായ ത്രിപുരസുന്ദരിയുടെ സൂക്ഷ്മരൂപത്തെ ശ്രീവിദ്യാ മന്ത്രം എന്നും അതിന്റെ സ്ഥൂലരൂപത്തെ ശ്രീചക്രം എന്നും പറയുന്നു. പരാശക്തിയുടെ പ്രതീകമായി കരുതിപ്പോരുന്ന ശ്രീചക്രം ശ്രീവിദ്യോപാസനയിൽ വളരെ പ്രാധാന്യമര്ഹിക്കുന്നു...ശാസ്ത്രപ്രകാരം മദ്ധ്യത്തില്‍ ബിന്ദുവും, ത്രികോണം, അഷ്ടകോണം, അന്തര്‍ദശാരം, ബഹിര്‍ദശാരം, ചതുര്‍ദശാരം, അഷ്ടദളം, ഷോഡശദളം, വൃത്തത്രയം, ചതുരശ്രം എന്നിവയോടുകൂടിയാണ് ശ്രീചക്രത്തെ ഒരുക്കിയിരിക്കുന്നത്. നടുവില്‍ ബിന്ദുവിനുശേഷം മുകളിലേക്ക് നാലും താഴേക്ക് അഞ്ചും ത്രികോണങ്ങള്‍ പരിഛേദിക്കുമ്പോള്‍ നാല്‍പ്പത്തിമൂന്ന് ത്രികോണങ്ങള്‍ കാണും. ഇതിനുചുറ്റും എട്ടും പതിനാറും താമരദളങ്ങളുള്ള രണ്ടുചക്രവും അവയെ ചുറ്റി മൂന്നു വൃത്തങ്ങളും നാലുവശത്തേക്കും തുറക്കുന്ന നാലുഭൂപുരത്തോടുകൂടിയ ചതുരശ്രവും കൂടിയതാണ് ശ്രീചക്രം. ശ്രീവിദ്യോപാസനയിൽ ശ്രീചക്രം മന്ത്രം ദേവി ഇവ മൂന്നും ഒന്നു തന്നെയാണ്.. ഈ ബിന്ദുചക്രത്തെ സർവാനന്ദമയചക്രം എന്നാണ് വിളിക്കുന്നത്.. ശ്രീചക്രത്തിന്റെ ഏറ്റവും പുറമെ ഉള്ള ആദ്യത്തെ ചക്രത്തെ ഭൂപുരം എന്നു പറയുന്നു.. ഈ ഭൂപുരത്തിന്റെ ഏറ്റവും പുറമെ ഉള്ള ഫലകത്തിൽ അണിമ ഗരിമാ ലഘിമാ ഈശിത്വം വശിത്വം പ്രാകാമ്യം ഭുക്തി പ്രാപ്തി സർവകാമ എന്നി 10 സിദ്ധിദേവതകൾ സ്ഥിതിചെയ്യുന്നു.. ഭൂപുരത്തിലെ രണ്ടാമത്തെ രേഖയിൽ ബ്രാഹ്മീ മാഹേശ്വരി കൌമാരീ വൈഷ്ണവി വാരാഹി മാഹേന്ദ്രീ ചാമുണ്ഡാ മഹാലക്ഷ്മി എന്നി 8 മാതൃക്കൾ സ്ഥിതിചെയ്യുന്നു. ഭൂപുരത്തിലെ മൂന്നാമത്തെ രേഖയിൽ സർവസംക്ഷോഭിണി, സർവവിദ്രാവിണി, സർവാകര്ഷിണി, സർവവശങ്കരി, സർവോന്മാദിനി, സർവമഹാങ്കുശ, സർവഖേചരി, സർവബീജാ, സർവയോനി, സർവത്രിഖണ്ഡാ 10 മുദ്രാദേവികൾ സ്ഥിതിചെയ്യുന്നു. ഈ ഭൂപുരത്തെ ത്രൈലോക്യമോഹനചക്രം എന്നും ഇതിൽ വസിക്കുന്ന 28 ദേവതമാരേയും ചേര്ത്ത് പ്രകടയോഗിനികൾ എന്ന് വിളിക്കുന്നു. ഇതിന്റെ നായിക ത്രിപുരയാണ്. രണ്ടാമത്തെ ആവരണമായ ഷോഡശദളത്തിൽ കാമാകര്ഷിണി ബുദ്ധ്യാകര്ഷിണി, അഹങ്കാരാകര്ഷിണി, ശബ്ദാകര്ഷിണി, സ്പര്ശാകര്ഷിണി, രൂപാകര്ഷിണി, രസാകര്ഷിണി, ഗന്ധാകര്ഷിണി, ചിത്താകര്ഷിണി, ധൈര്യാകര്ഷിണി, സ്മൃത്യാകര്ഷിണി, നാമാകര്ഷിണി, ബീജാകര്ഷിണി, ആത്മാകര്ഷിണി, അമൃതാകര്ഷിണി, ശരീരാകര്ഷിണി, എന്നി 16 ദേവിമാരാണ് വസിക്കുന്നത്. ഇവരെ 16 കലകളായും പറയാറുണ്ട്. ഈ ഗുണങ്ങളുടെ പുറകിൽ ഒളിഞ്ഞിരിക്കുന്നതിനാൽ ഇവർ ഗുപ്തയോഗിനികൾ എന്ന് കൂടി അറിയപ്പെടുന്നു. സാധകന്റെ ആഗ്രഹങ്ങൾ പരിപൂര്ണമാക്കപ്പെടുന്നതിനാൽ ഇതിനെ സർവാശാ പരിപൂരകചക്രം എന്ന് പറയുന്നു. ഇതിന്റ നായിക ത്രിപുരേശി ആണ്. തൃതീയാവരണമായ അഷ്ടദളപദ്മത്തിൽ അനംഗകുസുമ, അനംഗമേഖലാ, അനംഗമദനാ, അനംഗമദനാതുരാ, അനംഗരേഖാ, അനംഗവേഗിനി, അനംഗാങ്കുശ, അനംഗമാലിനി എന്നിങ്ങനെ 8 ദേവിമാർ സ്ഥിതിചെയ്യുന്നു. ഇതിനെ സർവസംക്ഷോഭണചക്രം എന്ന് വിളിക്കുന്നു. ഈ 8 ദേവിമാരെ ഗുപ്തതരയോഗിനിമാർ എന്ന് പറയുന്നു. ഈ ചക്രത്തിന്റെ നായിക ത്രിപുരസുന്ദരിയാകുന്നു. സർവസൌഭാഗ്യദായകചക്രം എന്ന് പറയുന്ന 14 ത്രികോണങ്ങളുള്ള നാലാമത്തെ ആവരണത്തിൽ സർവസംക്ഷോഭിണി, സർവവിദ്രാവിണി, സർവാകര്ഷിണി, സർവാഹ്ലാദിനി, സർവസമ്മോഹിനി, സർവസ്തംഭിനി, സർവജൃംഭിണി, സർവവശങ്കരി, സർവരഞ്ജിനി, സർവോന്മാദിനി, സർവാര്ഥസാധിനി, സർവസംപത്തിപൂരിണി, സർവമന്ത്രമയി, സർവദ്വന്ദ്വക്ഷയങ്കരി എന്നി ശക്തിദേവതകൾ കുടികൊള്ളുന്നു. ഈ 14 ശക്തികളെ സമ്പ്രദായയോഗിനിമാർ എന്ന് വിളിക്കുന്നു. ഈ ആവരണത്തിന്റെ ദേവത ത്രിപുരവാസിനി ആണ്. സർവാര്ധസാധകചക്രമെന്ന് വിളിക്കുന്ന 10 ത്രികോണങ്ങൾ ചേര്ന്ന അഞ്ചാമത്തെ ആവരണത്തിൽ സർവസിദ്ധിപ്രദ, സർവസമ്പത്പ്രദ, സർവപ്രിയങ്കരി, സർവമംഗളകാരിണി, സർവകാമപ്രദ, സർവദുഃഖവിമോചിനി, സർവമൃത്യുപ്രശമനി, സർവവിഘ്നനിവാരിണി, സർവാംഗസുന്ദരി, സർവസൌഭാഗ്യദായിനി എന്നിങ്ങനെ 10 യോഗിനമാർ വസിക്കുന്നു. ഈ ദേവതകളെ കുളോത്തീര്ണയോഗിനികൾ എന്നാണ് വിളിക്കുന്നത്. ഈ ആവരണത്തിന്റെ അധിദേവത ത്രിപുരാശ്രീ ആണ്. സർവരക്ഷാകരമെന്നും സമസ്തരക്ഷാകരമെന്നും അറിയപ്പെടുന്ന ശ്രീചക്രത്തിന്റെ ആറാമത്തെ ആവരണത്തിൽ സർവജ്ഞാ, സർവശക്തി, സർവൈശ്വര്യപ്രദാ, സർവജ്ഞാനമയി, സർവവ്യാധിവിനാശിനി, സർവാധാരസ്വരൂപ, സർവപാപഹരാ, സർവാനന്ദമയി, സർവരക്ഷാസ്വരൂപിണി, സർവെപ്സിതഫലപ്രദ എന്നീ ദേവികൾ വസിക്കുന്നു. ഈ ദേവിമാരെ നിഗര്ഭയോഗിനികൾ എന്ന് അറിയപ്പെടുന്നു. ഈ ചക്രത്തിന്റെ അധിഷ്ഠാനദേവത ശ്രീത്രിപുരമാലിനി എന്ന ദേവിയാണ്. ശ്രീചക്രത്തിന്റെ സർവരോഗഹരചക്രമെന്ന് അറിയപ്പെടുന്ന 8 ത്രികോണങ്ങൾ ചേര്ന്ന ഏഴാമത്തെ ആവരണത്തിൽ വശിനി കാമേശ്വരി, മോദിനി, വിമലാ, അരുണാ, ജയിനി, സർവേശ്വരി, കൌലിനി എന്നീ 8 ദേവിമാർ വസിക്കുന്നു. ഈ വശിന്യാദി വാഗ്ദേവതകളെ രഹസ്യയോഗിനികൾ എന്നു വിളിക്കുന്നു. ഈ ചക്രത്തിന്റെ അധീശ്വരി ത്രിപുരസിദ്ധയാണ്. ശ്രീചക്രത്തിന്റെ 8മത്തെ ആവരണവു സർവസിദ്ധിപ്രദചക്രം എന്നും അറിയപ്പെടുന്ന നടുവിലുള്ള ത്രികോണത്തിൽ കാമേശ്വരി വജ്രേശ്വരി ഭഗമാലിനി എന്നീ ത്രിമൂര്ത്തികൾ വസിക്കുന്നു. ഈ ചക്രത്തിൽ വസിക്കുന്ന ദേവതമാരെ പരാപരരഹസ്യയോഗിനികൾ എന്ന് വിളിക്കുന്നു. ത്രിപുരാംബയാണ് ഈ ചക്രത്തിന്റെ നായികാ. ഈ ഒറ്റ ത്രികോണത്തിന്റെ മുകളിലെ പാര്ശ്വഭാഗത്തിന്റെ മുകൾഭാഗത്ത് മിത്രേശൻ, ഉഡ്ഢീശൻ, ഷഷ്ഠീശൻ, ചര്യൻ എന്നീ നാലു ഗുരുക്കന്മാർ സ്ഥിതിചെയ്യുന്നു. ഇവരെ യുഗനാഥന്മാർ എന്ന് വിളിക്കുന്നു. ലോപാമുദ്രാ, അഗസ്ത്യൻ, കാലതാപനൻ, ധര്മാചാര്യൻ, മുക്തകേശീശ്വരൻ, ദീപകലാനാഥൻ, വിഷ്ണുദേവൻ, പ്രഭാകരദേവൻ, തേജോദേവൻ. മനോജദേവൻ, കല്യാണദേവൻ, രത്നദേവൻ, വാസുദേവൻ, ശ്രീരാമാനന്ദൻ എന്നിവരേയും ഗുരുക്കന്മാരായി പറയാറുണ്ട്. ഇതുകൂടാതെ ത്രികോണത്തിന്റെ മൂന്നു പാര്ശ്വങ്ങളിലായി കാമേശ്വരി, ഭഗമാലിനി, നിത്യക്ലിന്നാ, ഭേരുണ്ഡാ, വഹ്നിവാസിനി, മഹാവജ്രേശ്വരി, ശിവദൂതി, ത്വരിതാ, കുലസുന്ദരി, നിത്യാ, നീലപതാകാ, വിജയാ, സർവമംഗളാ, ജ്വാലാമാലിനി, ചിത്രാ എന്നിങ്ങിനെ 15 തിഥി ദേവതകൾ വസിക്കുന്നു. ശ്രീചക്രത്തിന്റെ നടുവിലുള്ള ബിന്ദുവിന് ചുറ്റുമുള്ള ഭാഗത്ത് ഹൃദയദേവി ശിരോദേവി കവചദേവി ശിഖാദേവി നേത്രദേവി അസ്ത്രദേവി എന്നീ 6 ദേവിമാർ വസിക്കുന്നു. ശ്രീചക്രത്തിന്റെ നടുവിൽ ഒന്പതാമത്തെ ബിന്ദുവിൽ ഇരിയ്കുന്നതും ബ്രഹ്മ വിഷ്ണു രുദ്ര ഈശ്വര സദാശിവന്മാരാകുന്ന പഞ്ചബ്രഹ്മരൂപത്തിലുമുള്ള ബിന്ദുപീഠത്തെ സർവാനന്ദമയചക്രമെന്ന് വിളിക്കുന്നു. മഹാത്രിപുരസുന്ദരിയായ ലളിതാദേവിയുടെ ആസ്ഥാനവും കൂടിയാണ് ഇത്... ഈ പീഠത്തെ മഹാപീഠമെന്നും ശ്രീപീഠമെന്നും പഞ്ചാശത്പീഠമെന്നും വിളിയ്കാറുണ്ട്. ഈ ആവരണത്തിലെ ദേവതയെ മഹാത്രിപുരസുന്ദരി, ലളിതാംബികാ, മഹാകാമേശ്വരീ, ശ്രീ രാജരാജേശ്വരി ശ്രീവിദ്യാ എന്നിങ്ങനെ വിളിക്കുന്നു. യഥാര്ഥത്തിൽ ഈ ശ്രീചക്രം മനുഷ്യശരീരവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ബൈന്ധവം ബ്രഹ്മരന്ധ്രേ ച മസ്തകെ ച ത്രികോണകം ലലാട്യെഷ്ടാരചക്രം സ്യാത് ഭ്രുവോര്മധ്യേ ദശാരകം. ബഹിര്ദ്ദശാരം കണ്ഠേ തു മന്വശ്രം ഹൃദയാംബുജേ കടിര്ദ്വിതീയവലയം സ്വാധിഷ്ഠാനെ കലാശ്രയം മൂലേ തൃതീയവലയം ജാനുഭ്യാം തു മഹിപുരം ജംഘേ ദ്വിതീയഭൂഗേഹം തൃതീയം പാദയുഗ്മകേ ത്രിപുരാ ശ്രീ മഹാചക്രം പിണ്ഡാണ്ഡാത്മകമീശ്വരി. ശ്രീചക്രത്തിലെ ബിന്ദുസ്ഥാനത്തെ ശിരസ്സിലെ ബ്രഹ്മരന്ധ്രമായും ആദ്യത്തെ ത്രികോണത്തെ മസ്തകമായും അതിനു താഴെയുള്ള അഷ്ടാരചക്രത്തെ ലലാടസ്ഥാനമായും, അന്തര്ദശാരത്തെ ഭ്രൂമധ്യമായും, ബഹിര്ദ്ദശാരത്തെ കണ്ഠമായും, ചതുര്ദശാരത്തെ ഹൃദയസ്ഥാനമായും, പ്രഥമവൃത്തത്തെ കുക്ഷിയായും, അഷ്ടദളപദ്മത്തെ നാഭീസ്ഥാനമായും, ദ്വിതീയവൃത്തത്തെ അരക്കെട്ടായും തൃതീയവൃത്തത്തെ മൂലാധാരസ്ഥാനമായും, ഭൂപുരത്തിലെ ഒന്നാം ചതുരം മുട്ടുകളായും, രണ്ടാമത്തേത് കണങ്കാലുകളായും മൂന്നാമത്തേത് പാദങ്ങളായും പറയുന്നു. ചുരുക്കത്തിൽ നിവര്ന്നു നിൽക്കുന്ന മനുഷ്യശരീരം തന്നെ ആണ് ശ്രീചക്രം.. അതായത് സ്ഥൂലസൂക്ഷ്മഭാവത്തിൽ അതേ ദേവിതന്നെയാണ് ശ്രീചക്രമായും ശ്രീവിദ്യാമന്ത്രമായ പഞ്ചദശിയായും സ്ഥിതിചെയ്യുന്നത് എന്നര്ഥം, അതേ പോലെ ജഗദീശ്വരിയായ ആ ദേവിയും ശ്രീചക്രവും മന്ത്രവും എല്ലാം താൻ തന്നെയെന്ന് സാധകൻ മനസ്സിലാക്കുമ്പോഴാണ് അഹമെവ ദേവി ന ചാന്യോസ്മി എന്ന് പറയുന്നത്.. എന്താണ് ശ്രീവിദ്യാമന്ത്രം ആയ പഞ്ചദശി എന്ന് നാളെ തുടരാം. ഹരി ഓം..



ലളിതാസഹസ്രനാമസ്തോത്രവ്യാഖ്യാനം. തുടര്ച്ച..ഭാഗം 5

ശ്രീവിദ്യാമന്ത്രം..പഞ്ചദശി എന്താണ് 

ശിവശക്തിസ്വരൂപമാണ് ശ്രീചക്രവും ശ്രീവിദ്യാമന്ത്രവും.. എന്തുകൊണ്ടാണ്  പഞ്ചദശി എന്ന് വിളിക്കുന്നത് എന്ന് ചോദിച്ചാൽ ആകാശം വായു തേജ അപഋ പൃഥ്വീ  (ശബ്ദ സ്പര്ശ രൂപ രസ ഗന്ധങ്ങൾ) എന്ന   പഞ്ചീകരണത്തെ സ്വീകരിച്ചാൽ 1 + 2 +3 + 4 +  5   ഇവയെ കൂട്ടിയാൽ കിട്ടുന്നത് പഞ്ചദശിയാണ്.. ഏതേഷാം ഗുണാനാം പഞ്ചദശഭാവേന ശ്രീവിദ്യാ പഞ്ചദശാക്ഷരീ ജാതാ.. ആദിഭൂതഗണാനാം പഞ്ചദശത്വാത് വിദ്യാക്ഷരാണാം അപി പഞ്ചദശത്വം.. അതായത് മൂലഭൂതമായ ഗുണങ്ങൾ 15 ആയതുകൊണ്ട്  വിദ്യാക്ഷരമായ ശ്രീവിദ്യയും 15 അക്ഷരമായി എന്നര്ഥം.. 

മൂന്നുകലകൾ ആയ പഞ്ചദശാക്ഷരി മന്ത്രങ്ങൾ അഞ്ചുതരത്തിലുണ്ട് എന്ന് നിത്യതന്ത്രത്തിൽ പറയുന്നു.. ഏകാക്ഷരമന്ത്രത്തെ  പിണ്ഡമെന്നും   രണ്ടക്ഷരമുള്ളവയെ കര്ത്തരി എന്നും, മൂന്നുമുതൽ ഒന്പതു അക്ഷരങ്ങൾ ഉള്ളവയെ ബീജമെന്നും, 10-20 വരെ അക്ഷരമുള്ളവയെ മന്ത്രമെന്നും അതിനുമേൽ ഉള്ളവയെ മാലാമന്ത്രമെന്നും പറയുന്നു.. 

ലളിതാ ത്രിപുരസുന്ദരിയുടെ ശ്രീവിദ്യാ മന്ത്രം ഒരുപാട് തരത്തിൽ കാണപ്പെടുന്നു എങ്കിലും പ്രധാനമായും 15 അക്ഷരങ്ങളുള്ള രണ്ടു വിഭാഗമാണ് പറയപ്പെടുന്നത്. ശിവകാമരാജയുടെ കാദി വിദ്യ, കാരണം മന്ത്രം തുടങ്ങുന്നത് ക എന്ന അക്ഷരത്തിലാണ്. രണ്ടാമത്തേത് ലോപമുദ്രയുടെ ഹാദി വിദ്യ കാരണം ഇവിടെ മന്ത്രം തുടങ്ങുന്നത് ഹായിലാണ്.  Kadi means ka e I la hrim, ha sa ka ha la hrim, sa ka la hrim (ക എ ഇ ല ഹ്രീം ,  ഹ സ ക ഹ ല ഹ്രീം, സ ക ല ഹ്രീം). Hadi vidya of lopamudra is ha sa ka la hrim, ha sa ka ha la hrim, sa ka la hrim (ഹ സ ക ല ഹ്രീം ഹ സ ക ഹ ല ഹ്രീം സ ക ല ഹ്രീം).). 15 അക്ഷരമുള്ളതിനാൽ ഇതിനെ മന്ത്രമെന്നു പറയുന്നു..  മന്ത്രനിബന്ധമാക്കിയതുപോലെ തന്നെ ശ്രീവിദ്യയെ യന്ത്രനിബന്ധം അല്ലെങ്കിൽ ചക്രനിബന്ധവും ആക്കിയിട്ടുണ്ട്..  

ത്രിപുരതാപിന്യുപനിഷത്തിൽ ഗായത്രിയും പഞ്ചദശിയുടേയും ഐക്യം വിവ രിക്കുന്നുണ്ട്.. ഗായത്രിയുടെ നാലാംപാദമായി ആണ് ശ്രീവിദ്യയെ അഥവാ പഞ്ചദശിയെ കണക്കാക്കുന്നത്..  ഗായത്രീമന്ത്രം അനുഷ്ടുപ് ആണ്.. അതായത്     ഒരു പാദത്തിൽ 8 അക്ഷരം  4 പാദങ്ങൾ ചേരുമ്പോൾ 32 അക്ഷരക്ഷങ്ങൾ ആണ്..  സാധാരണ നാം ഉപയോഗിക്കുന്നത് 24 അക്ഷരങ്ങൾ ചേര്ന്ന മൂന്ന് പാദങ്ങൾ മാത്രം.. ഗായത്രീ മന്ത്രത്തിലെ അവസാനപാദം ഇങ്ങിനെ ആണ്.. പരോ രജസെ സാവദോമ് ('परो रजसे सावदोम्).. ഒന്നു കൂടി വിശധീകരിച്ചാൽ പരോ രജസേ അസൌ അദഃ ഓം... അതായത് രജസ് പദാര്ഥം അല്ലെങ്കിൽ പ്രകാശം, നാം എന്തിനെയാണോ ഇതും അതും എന്ന് പറയുന്നത് അത് എല്ലാം തന്നെ  അക്ഷരരൂപമായ ബ്രഹ്മതന്നെയാണ് എന്നര്ഥം അതാണ് ശ്രീവിദ്യ..  ഗായത്രിയിലെ തത് എന്നത് പഞ്ചദശിയിലെ ക എന്ന ബീജമാണ് . വിശ്വാമിത്രകല്പത്തിൽ ഉൾപ്പെടെ പ്രധാനതന്ത്രഗ്രന്ഥങ്ങളിലും ഇതിന്റെ ഉല്ലെഖം കൃത്യമായി ഉണ്ട്...3 പാദം മാത്രം ജപിക്കുവാൻ യോഗ്യവും നാലാം പാദം അനുഭൂതിഗമ്യവുമായി കണക്കാക്കുന്നു.. അതുകൊണ്ട് തന്നെ ഗായത്രിയുടെ മൂന്നുപാദങ്ങൾ ആണ്  ജപിക്കുന്നതിനായി  നാം ഉപയോഗിക്കുന്നത്..അതായത് നാലാം പാദമായ പഞ്ചദശി കൊണ്ട് സാക്ഷാൽ ജഗദീശ്വരിയും നമുക്ക്  അനുഭൂതിഗമ്യമാണ്  എന്നര്ഥം..

ദശമഹാവിദ്യകളിൽ ഒന്നായ ത്രിപുരസുന്ദരിയുടെ സൂക്ഷ്മരൂപത്തെ ശ്രീവിദ്യാ മന്ത്രം എന്നും അതിന്റെ സ്ഥൂലരൂപത്തെ ശ്രീചക്രം എന്നും പറയുന്നു. 
भूमिश्चन्द्रः शिवो माया शक्तिः कृशानुसादनौ । अर्धचन्द्रश्च बिन्दुश्च नवार्णो मेरुरुच्यते। 
കാമോ യോനിഃ കമലാ വജ്രപാണിര്ഗുഹാഹസാ മതരിശ്വാഭ്രാമിന്ദ്രഃ 
പു നര്ഗുഹാസകല മായയാ ച പുരുച്യേഷാ വിശ്വമാതാദിവിദ്യാ. ഈ ശ്ലോകത്തിലാണ് 15 അക്ഷരങ്ങളെ ഗോപ്യമായി പറയുന്നത്. 

Kaman (ka) yoni (e) kamala (i) vajrapanir (la)-guha (hrim) ha(ha) sa (sa) matharisva (ka) abram (ha) indra (la) punar (punar means again) guha (hrim) sakala (sa, ka, la) mayaya ca (hrim) purucyesa visvamatadividya. 

ഹ്രീം എന്നതിനെ ഹൃല്ലേഖാ എന്ന് പറയുന്നു.  ഹൃല്ലേഖ എന്ത് എന്നാണെങ്കിൽ ഹകാര രേഫേകാരാനുസ്വാരനാദപഞ്ചകത്തെ ആണ് ഹൃല്ലേഖ എന്ന് പറയുന്നത്..  ഹ്രീം എന്നത് 12 മാത്രകൾ ചേര്ന്നതാണ്.. H + r + i + m and a bindu. ഈ ബിന്ദു അര്ധചന്ദ്രം, രോധിനി, നാദ, നാദാന്തം, ശക്തി, വ്യാപികാ, സമാനാ, ഉന്മനീ ചേര്ന്നതാണ്. ഈ ബീജങ്ങളെ ചോല്ലുവാനും കൃത്യമായ നീയമങ്ങളും ഉണ്ട്. 


शिवश्शक्तिः कामः क्षितिरथ रविश्शीत किरणः स्मरो हंसश्शक्रः तदनुच परामारहरयः 
अमी ह्रुल्लेखाभिः तिसृभिः अवसानेषु घटिताः भजन्ते वर्णास्ते तवजनानि नामावयवताम् । 
क-ए-ई-ल-ह्रीं ഇതിനെ വഹ്നി കുണ്ഡലിനി എന്നും , 2. ह-स-क-ह-ल-ह्रीं ഇതിനെ സൂര്യകുണ്ഡലിനി എന്നും, स-क-ल-ह्रीं സോമകുണ്ഡലിനി എന്നും പറയുന്നു. ഓരോ വ്യാഖ്യാതാക്കളും അക്ഷരങ്ങൾക്ക് വ്യത്യസ്തമായ അര്ഥം പറയാറുണ്ട് എങ്കിലും പ്രധാനമായി “ क” represents Lord Shiva, “ ए” represents Goddess Shakthi, “ ई” represents the God of കാമ, “ ल” represents the ക്ഷിതി earth, “ह” represents the sun, “स” represents the moon with cool rays, “क” also again represents the god of സ്മര, ”ह” represents the sky, “ल” represents Indra , the king of devas, “स” represents Para, “क” represents the God of മാര, “ल” represents Lord Vishnu. 

ഒന്നു കൂടി വിശധീകരിച്ചു പറഞ്ഞാൽ ശ്രീവിദ്യാമന്ത്രത്തിലെ ക എന്നത് ശിവനും, ശക്തി എ യും, ഇ എന്നത് കാമനും, ല എന്നത് ക്ഷിതിയും, ഇതാണ് ഒന്നാം ഖണ്ഡം. രണ്ടാമത്തെ ഖണ്ഡത്തിൽ രവി ഹയും, ശീതകിരണൻ സയും, ഹംസ കയും, ശക്രൻ ലയും ആണ്. മൂന്നാമത്തേത്തിൽ സ എന്നത് പരാ ദേവിയും, ക എന്നത് മാരനും, ല എന്നത് ഹരിയുമാണ്. ഇതിന്റെ കൂടെ ഹൃല്ലേഖാ അഥവാ ഹ്രീം ചേര്ക്കുമ്പോൾ പഞ്ചദശാക്ഷരി ആകുന്നു. ഇതിന്റെ കൂടെ ശ്രീം എന്നത് കൂടി ചേര്ക്കുമ്പോൾ ഷോഡശി എന്ന് പറയുന്നു. 

ബീജാക്ഷരങ്ങളെ കണക്കാക്കി പഞ്ചദശിയെ മൂന്നായി തിരിച്ചിരിക്കുന്നു.. അതിനെ കൂടങ്ങൾ എന്നു പറയുന്നു. കൂടത്രയങ്ങളായ വാഗ്ഭവകൂടം കാമരാജകൂടം ശക്തികൂടം എന്നിവയുടെ പ്രതീകങ്ങളായി മൂന്ന് ബീജങ്ങൾ ചേര്ത്ത ബാലാ ത്രിപുരസന്ദരിയുടെ മന്ത്രത്തെ അടിസ്ഥാനമാക്കിയാണ് ശ്രീവിദ്യാമന്ത്രങ്ങൾ. മൂന്നു കൂടങ്ങളിൽ വാഗ്ഭവകൂടം കാമരാജകൂടം ശക്തികൂടം ഇവയെ പ്രതിനിധാനം ചെയ്യുന്നതാണ് ശ്രീവിദ്യാ. അതിൽ ശക്തിരേകാരഃ തൂര്യ ഈകാരഃ, അതുകൊണ്ട് കകാര ഏകാര ഈകാര ലകാര മഹാമായാ ചേര്ന്നത് വാഗ്ഭവകൂടം. ശിവോ ഹകാരഃ ചന്ദ്രഃ സകാരഃ അതുകൊണ്ട് തന്നെ ഹകാര സകാര ലകാര മഹാമായാ ചേര്ന്ന് കാമരാജകൂടം ആകുന്നു. ചന്ദ്രഃ മകാരഃ അതുകൊണ്ട് സകാരകകാരലകാരമഹാമായാ എന്നത് ശക്തികൂടം ആകുന്നു. അങ്ങിനെ മൂന്ന് കൂടങ്ങൾ ചേര്ന്നതാണ് ശ്രീവിദ്യാ. വാഗ്ഭവം ക എ ഇ ല ഹ്രീം, കാമരാജകൂടം ഹ സ ക ഹ ല ഹ്രീം, ശക്തികൂടം സ ക ല ഹ്രീം എന്നും അറിയപ്പെടുന്നു. 


പ്രഥമകൂടമായ വാഗ്ഭവകൂടത്തിൽ അഞ്ച് മന്ത്രാക്ഷരങ്ങൾ ശിവൻ ശക്തി ശിവശക്തി കാമദേവൻ മായ എന്നിവയെ സൂചിപ്പിക്കുന്നു. മധ്യകൂടമായ കാമരാജകൂടത്തിൽ ആറ് മന്ത്രാക്ഷരങ്ങൾ ഹംസൻ, ഭൃഗു, കാമൻ, ശശിമൌലി, ശുക്രൻ, ഭുവനേശ്വരൻ എന്നിവയേയും ശക്തികൂടമായ മൂന്നാം കൂടത്തിൽ നാല് മന്ത്രാക്ഷരങ്ങൾ ചന്ദ്രൻ, മനോഭുവം, ക്ഷിതി, ഹൃല്ലേഖ എന്ന നാലു ദേവിശക്തികളേയും പ്രതിനിധികരിക്കുന്നു. ക ത്രയം ഹ ദ്വയം ചൈവ ശൈവോ ഭാഗഃ പ്രകീര്തിതഃ ശക്ത്യക്ഷരാണി ശേഷാണി ഹ്രീംകാര ഉഭയാത്മകഃ . ഇങ്ങിനെ നോക്കുമ്പോൾ ല, സ, ഹ, ഈ, ഏ, ര, ക, അര്ദ്ധചന്ദ്രം, ബിന്ദു എന്നിങ്ങനെ 9 അക്ഷരങ്ങളായി കണക്കാക്കാറുണ്ട്. ശ്രീചക്രത്തിലെ ഒറ്റ ത്രികോണത്തിലെ 15 നിത്യകളുടെ സൂചകമാണ് ശ്രീവിദ്യാമന്ത്രത്തിലെ 15 അക്ഷരങ്ങൾ എന്നും പറയുന്നു. കേന്ദ്രസ്ഥാനമായ മൂലബിന്ദുവിലുള്ള മഹാനിത്യയും ചേര്ത്ത് 16 അക്ഷരങ്ങൾ ആയും പറയപ്പെടുന്നു. 


ശ്രീചക്രത്തിലെ മന്ത്രാക്ഷരപ്രധാനം നോക്കുകയാണെങ്കിൽ वाग्भवं पञ्चवर्णाख्यं विद्येयं ब्रह्मरूपिणि महात्रिपुरसुन्दर्या मन्त्रा मेरुसमुद्भवा. ശ്രീചക്രത്തിലെ ഏഴാമത്തെ ആവരണമായ സർവരോഗഹരമെന്ന എട്ട് ത്രികോണങ്ങൾ ചേര്ന്ന ചക്രത്തിൽ അപ്രദക്ഷിണക്രമത്തിൽ വശിന്യാദി വാഗ്ദേവതകൾ വസിക്കുന്നു. ലളിതാ ദേവിയുടെ ഭക്തിന്മാര്ക്ക് വാക്സാമര്ഥ്യം കൊടുക്കുന്നത് ഇവരായാണ് ലളിതാസഹസ്രനാമത്തിന്റേ പൂർവഭാഗം പറയുന്നത്. വശിന്യാദി ദേവതകൾ ഓരോ അക്ഷരസമൂഹങ്ങളുടേയും അധിദേവതകളായി ലളിതോപാഖ്യാനം പറയുന്നു. സ്വരാക്ഷരങ്ങളുടേത് വശിനി. കവര്ഗാക്ഷരങ്ങളുടേത് കാമേശ്വരി, ചവര്ഗാക്ഷരങ്ങളുടേത് മോദിനി, ടവര്ഗങ്ങളുടേത് വിമലാ, തവര്ഗങ്ങളുടെ അരുണാ, പവര്ഗങ്ങളുടെ ജയിനി, യരലവ എന്നിവയുടേത് സർവേശ്വരി, ശ ഷ സഹ ളക്ഷ എന്നിവയുടേത് കൌളിനീ എന്നിങ്ങനെയാണ് അധിദേവതകൾ. 

ഒരു വട്ടം പഞ്ചദശാക്ഷരി ജപിക്കുന്നത് 3 വട്ടം പൂര്ണഗായത്രി ജപിക്കുന്നതിന് തുല്യമായാണ് കണക്കാക്കപ്പെടുന്നത്.. അതേ പോലെ ഒരു വട്ടം ലളിതാ ത്രിശതി ചൊല്ലുന്നത് 20 വട്ടം പഞ്ചദശി ചൊല്ലുന്നതിന് തുല്യമാണ്. എങ്ങിനെ എന്ന് വച്ചാൽ ത്രിശതിയിലെ ഓരോ വരിയും തുടങ്ങുന്നത് പഞ്ചദശിയിലെ ഒരോ അക്ഷരങ്ങൾ വച്ചുകൊണ്ടാണ്.. അങ്ങിനെ നോക്കുമ്പോൾ ക എന്നത് 60 വട്ടം, എ എന്നത് 20 തവണ, ഈ എന്നത് 20 തവണ, ല എന്നത് 60 തവണ, ഹ എന്നത് 40 തവണ, സ എന്നത് 40 തവണ ഹ്രീം എന്നത് 60 തവണ. അങ്ങിനെ ലളിതാ ത്രിശതിയിലെ 300 പേരുകൾ പറയുമ്പോൾ 20 തവണ ഒരാൾ പഞ്ചദശി ജപിക്കുന്നു എന്നര്ഥം. 

ലളിതാ ത്രിശതിയിലൂടേയും ലളിതാ സഹസ്രനാമത്തിൽ കൂടിയും എല്ലാം നാം ചെയ്യുന്നത് അറിഞ്ഞോ അറിയാതെയോ പഞ്ചദശി എന്ന ദേവി മന്ത്രജപം തന്നേയാണ്. സ്ഥൂലസൂക്ഷ്മതലങ്ങളിൽ സാധകനും ദേവിയും ഒന്നായി മോക്ഷപ്രാപ്തിക്ക് ഏറ്റവും എളുപ്പമായ സാധനാ പദ്ധതിയായി ശ്രീവിദ്യ അറിയപ്പെടുന്നു.

ഈ കാര്യങ്ങൾ മനസ്സിലാക്കുവാൻ തീര്ച്ചയായും പ്രയാസമാകുമെന്ന് അറിയാം..ഒരുപൂജാപദ്ധതി എന്നതിലുപരി ശ്രീവിദ്യോപാസനയെ അറിയണമെങ്കിൽ തീര്ച്ചയായും വീണ്ടും വീണ്ടും അതിനെ മനസ്സിലാക്കാൻ ശ്രമിക്കുക.. ഇതിൽ പറയുന്ന ഓരോ കാര്യങ്ങളും ഗ്രന്ഥവ്യാഖ്യാനത്തിൽ വിശധീകരിക്കാൻ ശ്രമിക്കാം.. ഹരി ഓം..
krishnakumar.FB

No comments: