മനസ്സിനെ എങ്ങനെ നിയന്ത്രണവിധേയമാക്കാം എന്ന ചോദ്യവും മനസ്സിൽ സൂക്ഷിച്ചുകൊണ്ടാണ് ഒരു ഭക്തൻ രമണ മഹർഷിയുടെ അടുത്തെത്തിയത്.
ആ സമയം മഹർഷി മൂന്നുനാല് അണ്ണാൻകുഞ്ഞുങ്ങളെ ഓരോന്നായി പിടിച്ച് ഒരു ചെറിയ കൂട്ടിലിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഒന്നിനെ പിടിക്കാൻ പോകുമ്പോൾ കൂട്ടിലിട്ട അണ്ണാൻകുഞ്ഞ് വെളിയിൽ ചാടി ഓടും. അതിനെ പിടിക്കാൻ ശ്രമിക്കുമ്പോൾ മറ്റേ കുഞ്ഞ് കൂട്ടിൽനിന്നും ഇറങ്ങിയോടും. എങ്കിലും കുറെയേറെ സമയത്തെ പരിശ്രമത്തിനുശേഷം എല്ലാറ്റിനെയും പിടിച്ച് കൂട്ടിലിടാനായി.
ഇതുകഴിഞ്ഞ് മഹർഷി, മനസ്സിൽ സംശയവുമായി വന്നയാളെ അർത്ഥഗർഭമായ ഒന്നു നോക്കി; എന്നിട്ടു പറഞ്ഞു: "പാവം; പുറത്ത് ഇവറ്റകളുടെ തള്ളയെ പിടിച്ചുതിന്ന പൂച്ച ഇരിക്കുന്ന കാര്യം ഇവർക്കറിയില്ല, അതുകൊണ്ട് ഇങ്ങനെ ഓടിനടക്കുന്നു."
ചോദ്യം ചോദിക്കാൻ വന്ന ഭക്തന് പെട്ടെന്ന് കാര്യം പിടികിട്ടി.
ലോകത്തിൽ വ്യവഹരിക്കാനാണ് മനസ്സിന് എപ്പോഴും താല്പര്യം. പുറത്ത് ദുഃഖമാകുന്ന പൂച്ച ഇരിക്കുന്നുണ്ടെന്ന കാര്യം മനസ്സിനറിയില്ല; അറിഞ്ഞിരുന്നെങ്കിൽ പുറത്തുപോകില്ലായിരുന്നു. പുറമേയ്ക്ക് ദുഃഖമുണ്ടെന്നറിയുകയും ഒപ്പം വൈരാഗ്യം ആവിർഭവിക്കുകയും, അതോടൊപ്പംതന്നെ സദാ ആശ്രയിക്കാവുന്ന സത്യം അകത്തിരിക്കുന്നു എന്നറിയുകയും ചെയ്യുമ്പോൾ മനസ്സ് സ്വാഭാവികമായും അന്തർമുഖമാകും. പിന്നെ പതിയെ ശാന്തമാവുകയും ചെയ്യും.
അതിനാൽ മനസ്സിനെ നിയന്ത്രിക്കാനൊന്നും പോകണ്ട, അതിനൊട്ടു സാധ്യവുമല്ല; മറിച്ച് പുറമേയ്ക്കുള്ള മനസ്സിന്റെ യാത്ര നിർത്തിയാൽ മാത്രം മതി. അതിനു പുറത്ത് ദുഃഖം ഒളിഞ്ഞിരിക്കുന്നു എന്ന വൈരാഗ്യം ഉറയ്ക്കണം..sudha bharat
No comments:
Post a Comment