Sunday, October 22, 2017

മരണത്തില്‍ ഭയം, അതെന്തെന്നറിയാത്ത ഭ്രമം, മരണാനന്തരസ്ഥിതിയെപ്പറ്റി ഉത്കണ്ഠ, ജീവിതത്തിലെ അവ്യവസ്ഥകളില്‍ അതൃപ്തി, സംശയം; ഇങ്ങനെ ബഹുമുഖവികാരങ്ങളാണ് മരണവും ജീവിതവും തൊടുത്തുവിടുന്നത.് ഈ നൂലാമാലയില്‍നിന്നും മുക്തികിട്ടിയാലേ മനുഷ്യനു സ്വച്ഛനും സ്വതന്ത്രനുമാകാന്‍ കഴിയൂ. അതിനാല്‍ ഭാഗവതം നിര്‍ദേശിയ്ക്കുന്നത് ഉഭയാതീതസമീപനമാണ്, അതെങ്ങനെ കൈവരിയ്ക്കാം?
മരണം എല്ലാവര്‍ക്കും സുനിശ്ചിതമാണ്, ഒഴിവാക്കാവുന്നതല്ല. സര്‍വരേയും അനിഷേധ്യമായി ഗ്രസിയ്ക്കുന്ന മരണത്തെ അഭിനന്ദിയ്ക്കയോ ക്ഷണിച്ചുവരുത്തുകയോ വേണ്ട. സ്വാഗതമോ ക്ഷണമോ എന്തും മരണത്തിന് അയുക്തമാണ്, അനാവശ്യവും.
ജീവിതവും അഭിലഷണീയമല്ല. കാരണം, അത്എല്ലാപ്രകാരത്തിലും അനിശ്ചിതംതന്നെ. കോടാനുകോടി ജനങ്ങള്‍ ചുറ്റും അധിവസിയ്ക്കുന്നു. അവരെ നോക്കിയാല്‍ ജീവിതക്രമങ്ങള്‍ എത്ര പൊരുത്തക്കേടുനിറഞ്ഞതാണെന്നു മനസ്സിലാക്കാം.
അര്‍ഹതയില്ലാത്തവന്‍ യോഗ്യനാകുന്നു. അര്‍ഹതയുള്ളവന്‍ പുറന്തള്ളപ്പെടുന്നു. നല്ല മാതാപിതാക്കള്‍ക്കു അയോഗ്യമായ സന്താനങ്ങളുണ്ടാകുന്നു. സമാധാനത്തോടെ ജീവിയ്ക്കാനുണ്ടാക്കിയ ഗൃഹത്തില്‍ അസമാധാനം നുഴഞ്ഞുകയറുന്നു. വിശ്വസിയ്ക്കപ്പെടുന്നവന്‍ വിശ്വാസലംഘനം ചെയ്യുന്നു.
അനാരോഗ്യം, അല്ലല്‍, അലട്ട്, മത്സരം, അസൂയ എന്നിവതന്നെ എവിടേയും. ആശകള്‍ നിറവേറുന്നില്ല. ആശിയ്ക്കാത്തതു ബലാല്‍ വന്നുകൂടാറുമുണ്ട്. ഇങ്ങനെ ജീവിതദശ ഒരു കണക്കുകൂട്ടലിലും പെടുത്താനാവാത്തതാണെന്നാണ് അനുഭവം. പരസ്പരഭിന്നത, അതിരുകടന്ന വൈവിധ്യം, അസാമഞ്ജസ്യം, എങ്ങും ഇതൊക്കെത്തന്നെ!
ഇത്തരം ജീവിതത്തെ എങ്ങനെ അഭിനന്ദിയ്ക്കാം, ആശ്ലേഷിയ്ക്കാം? ജനിച്ചത് അഭിലഷിച്ചിട്ടല്ല. മരിയ്ക്കുന്നതും അഭിലാഷവിധേയമാകില്ല.രണ്ടിനുമിടയിലുള്ള ജീവിതത്തേയും അതേപോലെതന്നെ വിടുക.
മരണത്തിനു കാത്തിരിയ്‌ക്കേണ്ട, ജീവിതത്തിനും ഉറ്റുനോക്കേണ്ട. രണ്ടും അവയുടെ മുറയ്‌ക്കോ നിയതിയ്‌ക്കോ നടന്നുകൊള്ളട്ടെ. ഇതാണ് ഉഭയാതീതദൃഷ്ടി. സംന്യാസി ഇതില്‍ത്തന്നെവേണം പ്രകാശിയ്ക്കാന്‍.
കാലമാണ് ഉദ്ഭവക്ഷയങ്ങള്‍ വരുത്തുന്നത്. അതിന്റെ പ്രയാണത്തില്‍ പിണഞ്ഞതാണ് ജന്മം. അതുപോലെ വന്നുപോകുന്നതത്രേ ദിനരാത്രങ്ങള്‍, മാസവത്സരങ്ങള്‍. ഇതേ കാലചക്രം ഒരിയ്ക്കല്‍ മരണത്തേയും ആനയിയ്ക്കും. കാലത്തിന്റെ വേഗത കൂട്ടാനോ കുറയ്ക്കാനോ സാധ്യമല്ല. അതിനാല്‍ ഒന്നും ചെയ്യാനില്ല. കാലരചനകളെ കാത്തിരുന്നു കണ്ടുരസിയ്ക്കുക, അത്രതന്നെ! ഇങ്ങനെ പോകുന്നു സംന്യസ്തഹൃദയത്തിന്റെ ഉല്ലാസ സ്പന്ദനങ്ങള്‍.
ഉദാത്തമായ സംന്യാസിഹൃദയം
ഉത്തമസംന്യാസി വൃഥാവായന നടത്തരുത്. ആത്മദ്യോതകമായ ശാസ്ത്രങ്ങള്‍ വായിയ്ക്കാം, ചിന്തിച്ചുനോക്കാം. അല്ലാത്തതൊക്കെ വര്‍ജിയ്ക്കണം. ഉപജീവനത്തിനായി ഒരുപ്രവൃത്തിയും ചെയ്യരുത്. ഭാവിപ്രവചനം, കൈനോക്കല്‍, ഗ്രഹങ്ങളും വെറ്റിലയും നോക്കി ഗുണദോഷങ്ങള്‍ പറയുക, ഇതൊന്നും സംന്യാസിയ്ക്കു ചേര്‍ന്നതല്ല.
ആത്മതത്ത്വം യുക്തിസഹമായി വെളിപ്പെടുത്താം. ശുഷ്‌കതര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളില്‍ ആരുടെ പക്ഷവും പിടിയ്ക്കരുത്. എല്ലാവരും ഭൂസന്താനങ്ങളാണ്. നല്ലവര്‍ക്കും അല്ലാത്തവര്‍ക്കും ഇവിടെ സ്ഥാനമുണ്ട്. അതിനാല്‍ സംന്യാസിയുടെ മനസ്സും ബുദ്ധി യും സര്‍വഗ്രാഹിയാകണം.
ഭാഗവതത്തിന്റെ നിര്‍ദേശങ്ങള്‍ കൂടുതല്‍ ഗാഢവും സമഗ്രവുമാണ്. ശിഷ്യന്മാരുണ്ടാകണമെന്നു കരുതി, സംന്യാസി പ്രയത്‌നിയ്ക്കരുത്. ശിഷ്യന്മാരെ തന്നോടു ബന്ധിപ്പിയ്ക്കാനായി പുറപ്പെടുകയും വേണ്ട.
അനവധി ശാസ്ത്രങ്ങള്‍ വായിയ്ക്കുന്നതു ശരിയല്ല. ജ്ഞാനലബ്ധിയ്ക്കുവേണ്ട സാധനയും സിദ്ധിയും വെളിപ്പെടുത്തുന്നതു പഠിച്ചുമനസ്സിലാക്കിക്കഴിഞ്ഞാല്‍, പിന്നെ അത് അഭ്യസിച്ചു സിദ്ധിനേടുന്നതില്‍മാത്രമാകണം ശ്രദ്ധ. അപ്പോഴേ കേന്ദ്രീകൃതസാധനയാകൂ.
ഗ്രന്ഥവ്യാഖ്യാനവിവരണങ്ങളില്‍ അമിതാവേശം കാണിയ്ക്കുന്നതും ശരിയല്ല. ഒരിയ്ക്കലും പുതിയ സംരംഭങ്ങള്‍ തുടങ്ങിവെയ്ക്കരുത്. കര്‍തൃ ത്വംതന്നെ വിടുന്നതാണ് സംന്യാസത്തിന്റെ ലക്ഷ്യം. ഇതു നിറവേറ്റുന്നതിലാണ് സംന്യാസം അന്വര്‍ഥമാകുന്നത്.
അതിനാല്‍ മനസ്സ് ശാന്തമായി, സമചിത്തത കൈവരിച്ച മഹാത്മാവായ യതിവര്യനു സംന്യാസാശ്രമം ധര്‍മാചരണത്തിനു വേണ്ടിയാണെന്നു പറയുന്നതു ശരിയല്ല. മന:ശാന്തിയും സമത്വവും നേടിത്തരുന്നതാണ് ശാസ്ത്രത്തിന്റെ പരമോദ്ദേശം. ഇതു സുഗമമാക്കാന്‍ വേണ്ടിയാണ് എല്ലാ നിബന്ധനകളും നിര്‍ബന്ധങ്ങളും. ശാസ്‌ത്രോദ്ദേശം നിറവേറിക്കഴിയുന്നതോടെ, അവയെല്ലാം സഫലമായി പിന്‍തള്ളപ്പെടുക സ്വാഭാവികമാണല്ലോ.
സംന്യാസമുറകള്‍ സിദ്ധന് ഗ്രാഹ്യം ത്യാജ്യം മലകയറാന്‍ സഹായമായി ഉപയോഗിയ്ക്കുന്ന കുത്തുവടി അതിന്റെ ഉച്ചതലത്തില്‍ എത്തിക്കഴിഞ്ഞാല്‍ അനാവശ്യമായിത്തീരുമല്ലോ; പിന്നെ വേണ്ടിവരുമ്പോഴേ ഉപയോഗിയ്‌ക്കേണ്ടതുള്ളു. അതുപോലെ ആത്മജ്ഞാനസി ദ്ധന്നും ആപ്തകാമന്നും സംന്യാസാശ്രമനിബന്ധനകളെല്ലാം ആവശ്യാനുസാരം കൈക്കൊള്ളാം, വേണ്ടെന്നും വെയ്ക്കാം.
ഈ നിലയില്‍, ഈ സാഫല്യാവസ്ഥയില്‍, സംന്യാസിസിദ്ധന്‍ സ്വതന്ത്രനാണ്. ആവശ്യത്തിനൊത്തു ലോകസംഗ്രഹത്തിനു ചേര്‍ന്ന മുറകളെ ന്തോ അതു സിദ്ധന്‍ കൊണ്ടുനടക്കുന്നുവെന്നുമാത്രം വേണമെങ്കില്‍ പറയാം.
ഭാഗവതം ഒരുപടികൂടി മുന്നോട്ടുപോകുന്നു. ലക്ഷ്യം, മാര്‍ഗം, വിഷയം, അതിന്റെ പ്രസക്തി, ഇതൊക്കെ പ്രായോഗികവും അന്വര്‍ഥവും ആചരണ ദൃഷ്ടാന്തവുമാകുന്ന രീതി; എത്രഭംഗിയായാണ് തത്ത്വചിന്തകര്‍ ഈ അനുബന്ധമെല്ലാം പ്രസ്താവിയ്ക്കുന്നത്. കത്തിജ്വലിയ്ക്കുന്ന അഗ്നിയ്ക്ക് അതിനു കാരണമായ വിറകോ തന്മൂലമുള്ള പുകയോ തടസ്സമാണോ? അഗ്നിയുടെ ചൂടു കുറയുമോ, ഉപാധികള്‍ക്കു കുറയ്ക്കാന്‍ കഴിയുമോ?
മാധ്യമം അന്യമാണ്; അതിലൂടെ വെളിപ്പെടുന്ന പ്രകാശം സ്വച്ഛവും സ്വതന്ത്രവുംതന്നെ. ആത്മപ്രകാശത്തിന്റെ കാര്യത്തില്‍ ഇത് അനേകമിരട്ടി ശരിയാണ്. ആത്മാവിനെ അറിഞ്ഞവന്‍, അതില്‍ മുങ്ങി അതായിത്തീര്‍ന്നവന്‍, ആത്മാവിനെപ്പോലെതന്നെ സ്വച്ഛനും സ്വതന്ത്രനുമായിത്തീരുന്നു! ശാസ്ത്രമൊഴികള്‍ ഇവിടെ പരിസമാപിയ്ക്കയായി.
തത്ത്വജ്ഞന്മാര്‍ പറയുമ്പോഴും എഴുതുമ്പോഴും അവരറിയാതെതന്നെ ഒരു പ്രതിഭ അവതരിയ്ക്കുന്നു. അതിനാല്‍ അവരുടെ വാക്കുകള്‍ വാസ്ത വവും സമഗ്രവും സര്‍വഗ്രാഹിയുമായിത്തീരുകയാണ്. ന ഭാരതീ മേംഗ മൃഷോപലക്ഷ്യതേ (2.6.33) എന്നു ബ്രഹ്മാവ് നാരദനോടു പറഞ്ഞതുതന്നെ ഇവിടേയും.
സ്വാമി ഭൂമാനന്ദതീര്‍ഥര്‍ രചിച്ച ധര്‍മമൂല്യങ്ങള്‍ ഭാഗവതവാക്യങ്ങളില്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്


ജന്മഭൂമി: http://www.janmabhumidaily.com/news725021#ixzz4wJ0ajQA4

No comments: