സപ്തയോഗ ഭൂമികകള്‍
ആര്‍ഷപരിമളം - 07
യോഗോന്മുഖമായ ചിത്തം കടന്നുപോകുന്ന അനുഭവദശകളെക്കുറിച്ച് ‘യോഗവാസിഷ്ഠം’ അതിവിദഗ്ധമായി ചര്‍ച്ച ചെയ്യുന്ന പ്രകരണത്തിലാണ് സപ്തയോഗഭൂമികകള്‍ അഥവാ സപ്തജ്ഞാന ഭൂമികകള്‍ വിവരിക്കുന്നത്. വിക്ഷിപ്തചിത്തത്തില്‍നിന്നും നിരുദ്ധചിത്തത്തിലേക്കുള്ള പ്രയാണത്തിനിടയ്ക്കുള്ള സപ്തപഥങ്ങളാണ് യോഗഭൂമികകള്‍.
ശുഭേച്ഛ, (സു) വിചാരണ, തനുമാനസ, സത്വാപത്തി, അസംസക്തി, പദാര്‍ത്ഥഭാവനി തുര്യഗ എന്നിവയ്ക്ക് യോഗദര്‍ശനത്തില്‍ ഏറെ പ്രാധാന്യമുണ്ട്. സത്യവും ശുദ്ധവുമായ ഈശ്വരാനേ്വഷണത്തില്‍ വ്യാപൃതനായരിക്കുന്ന യോഗാരൂഢനുവേണ്ടിയാണ് ഇവ വിധിച്ചിരിക്കുന്നത്.
1. ശുഭേച്ഛ
ലക്ഷ്യബോധത്തോടെ സാധകന്‍ കയറിനില്‍ക്കേണ്ട ഒന്നാമത്തെ പടിയാണ് ശുഭേച്ഛ. യോഗാരംഭം ശുഭേച്ഛയില്‍ കുറിക്കപ്പെടുന്ന സജ്ജനസംസര്‍ഗ്ഗം നേടി ശാസ്ത്രചിന്തനം ചെയ്ത് സത്യാവബോധത്തിലെത്താനുള്ള പ്രാരംഭക്രമമാണിത്.
2. (സു) വിചാരണ
സജ്ജനസംസര്‍ഗവും ശാസ്ത്രവിചാരവും വേണ്ടത്ര മെരുക്കിവളര്‍ത്തുകയാണ് സുവിചാരണ എന്ന ദ്വിതീയ ദശ. തത്വബോധനത്തിനായി ഒരു സദ്ഗുരുവിനെ സാധകന്‍ സമീപിക്കണം. ശ്രവണമനനങ്ങളാണ് ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടത്.
3. തനുമാനസ
ശുഭേച്ഛ വിചാരണകളുടെ ഫലമായി ഇന്ദ്രിയ പ്രത്യക്ഷമായ ലോകവിഷയങ്ങളില്‍ വൈരാഗ്യം വന്ന് മേനാവൃത്തികള്‍ ചുരുങ്ങുന്ന ഭൂമിയാണ് തനുമാനസ. നിസ്സംഗത്വത്താല്‍ നിഷ്ചന്ദമാകുന്ന മനോനിലയെന്നും പറയാം. ശ്രവണമനനങ്ങളെ തുടര്‍ന്നുള്ള നിദിധ്യാസമാണിവിടെ വേണ്ടത്.
4. സത്വാപത്തി
ചിത്തവൃത്തികള്‍ സങ്കോചിക്കുന്നതിലൂടെ സ്വാഭാവികമായി വന്നുചേരുന്ന അവസ്ഥയാണ് സത്വാപത്തി. ഈ ഭൂമികയിലെത്തുന്ന സാധകന്‍ സുഷുപ്തിയിലാണെന്നു തോന്നാം. യഥാര്‍ത്ഥത്തില്‍ ഉറങ്ങുന്നില്ല, ഒന്നിനേയുമൊട്ടറിയുന്നുമില്ല. ഇവിടെയെത്തിയാല്‍ ചിത്തം പ്രസന്നമായി ശാന്തിസുഖങ്ങള്‍ അനുഭവിക്കുകയായി. ഈ ഭൂമിക സാധകനെ സാക്ഷാല്‍ക്കാരത്തിലേക്കു നയിക്കുകയായി.
5. അസംസക്തി
ആത്മഭാവത്താല്‍ ശരീരം വിസ്മൃതമാവുകയും മനസ്സ് തത്വാനുസന്ധാനം ചെയ്തുകൊണ്ടുമിരിക്കുന്ന ഭൂമികയാണ് അസംസക്തി. സംസക്തി ഇല്ലാത്തതാണ് അസംസക്തി. വിഷയബന്ധമില്ലാത്തത് എന്ന് ശബ്ദാര്‍ത്ഥം. ഇഹപരങ്ങളായ രണ്ടു ലോകങ്ങളുടെയും മധ്യത്തിലാണ് അസംമ്പക്തന്‍ നില്‍ക്കുന്നത്. മോക്ഷഹര്‍മ്മ്യത്തിന്റെ ചന്ദനമണിവാതിലാണ് ഈ ജ്ഞാനഭൂമിക.
6. പദാര്‍ത്ഥഭാവനി
ജാഗ്രത് സ്വപ്‌നസുഷുപ്തിയെന്ന അവസ്ഥാത്രയത്തിനപ്പുറമെത്തി, പദാര്‍ത്ഥബോധം പൂര്‍ണമായും നഷ്ടപ്പെടുന്ന യോഗഭൂമികയുടെ പേരാണ് പദാര്‍ത്ഥഭാവനി. ഭാവത്തിന്റെ പരകോടിയിലെ അഭാവത്തിന്റെ ബോധനിലാവിലാണ് ഇപ്പോള്‍ സാധകന്‍. കര്‍ത്തൃഭാവമോ ഭോക്തൃഭാവമോ ഈ ദശയിലില്ല.
7. തുരീയം/തുര്യഗ
സാധകന്‍ ബ്രഹ്മചിന്താനിമഗ്‌നനാകുന്ന അവസ്ഥയണ് സപ്തജ്ഞാന ഭൂമികയിലെ അവസാനപടിയായ തുരീയം അഥവാ തുര്യഗ. ബ്രഹ്മവിദ്ബ്രഹ്‌മൈവ ഭവതി എന്ന വിശുദ്ധവും വിമോഹനീയവുമായ സ്ഥിതി. പരമമായ ജ്ഞാനമെന്നത് ആത്മബോധമാണ്. അന്യബോധങ്ങളില്ലാതെയാവുമ്പോള്‍ മാത്രമേ ആത്മബോധം കൈവരൂ. ഇപ്പോള്‍ വിദേഹകൈവല്യം എന്നിടത്ത് ജന്മധന്യതയോടെ സാധകന്‍ എത്തിയിരിക്കുന്നു.
മേല്‍വിവരിച്ച സപ്തഭൂമികകളുടെ സുവിദിത പരിണാമമാണ് മോക്ഷം. അജ്ഞാനത്തെ അകറ്റി ജ്ഞാനത്തെ പ്രാപിക്കലാണ് മോക്ഷം. ഓരോ ഭൂമികയിലും എത്രകാലം എന്നതിന് കണക്കൊന്നുമില്ല.
അവസാനത്തെ നാലു ഭൂമികകൡലെത്തുന്ന സാധകന്റെ മഹത്വം നോക്കുക.
സത്വാപത്തി – ബ്രഹ്മവിദ്
അസംസക്തി – ബ്രഹ്മവിദ്‌വരാ
പദാര്‍ത്ഥഭാവനി – ബ്രഹ്മവിദ് വരിഷ്ഠാ
അസംസക്തി – ബ്രഹ്മവിദ്‌വരാ
പദാര്‍ത്ഥഭാവനി – ബ്രഹ്മവിദ് വരിഷ്ഠാ
ധര്‍മ്മത്തിന്റെയും വിശ്വാസത്തിന്റെയും ദാരിദ്ര്യമേറിയിരിക്കുന്ന വര്‍ത്തമാനകാലത്ത് ഈശ്വരനെ അറിയുകയും അനുഭവിക്കുകയും ആശ്രയിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ട് സാധകന്‍ യുക്തിക്കായി ഈ സപ്തജ്ഞാനഭൂമികകളിലൂടെ സകുടുംബം ഒന്നു യാത്രചെയ്യുക.
ജന്മഭൂമി: http://www.janmabhumidaily.com/news725067#ixzz4wJ1CpsMn
No comments:
Post a Comment