Tuesday, November 06, 2018

*🎼ശ്രീനാരായണ ഗുരു*
(സഞ്ചാര ചരിത്രം)

മാമ്പലം വിദ്യാനന്ദ സ്വാമികൾ (ഗുരുദേവ ശിഷ്യൻ)എഴുതിയത്‌

എഴുപതാമത്തെ സ്വാമി തിരുനാൾ കഴിഞ്ഞ ഉടനെ1927 സെപ്തൻബർ 4 ന് വർക്കല നിന്നു അംബാസമുദ്രത്തിലേക്കു പുറപ്പെട്ടു. ഈ സഞ്ചാരത്തിനുണ്ടായ കാരണത്തെപ്പറ്റി ഈ അവദരത്തിൽ വല്ലതും എഴുതാതിരിക്കുകയാണു ഭംഗി എന്നു വിചാരിക്കുന്നു. തൃപ്പാദങ്ങളുടെ ഒന്നിച്ചു സംഗീത സ്വാമികൾ ശംഖുഭക്തൻ തിരുപ്രകുൺഡ്രം ശാന്തലിംഗ സ്വാമികൾ ഹനുമാൻ ഗിരി സ്വാമികൾ മുതലായവർ ഉണ്ടായിരുന്നു. പത്താം തീയതി ഞാൻ കൂടെ പോയിച്ചേർന്നു.

പതിനാറിനു വരെ താമ്രപർണ്ണി തീരത്തിൽ പാർത്തു. അവിടുന്നു തിരുപ്ര കുൺഡ്രത്തിലേക്കു പോയി.അവിടെ മുട്ടയരശ്‌ എന്നു പേരുള്ള ഒരു ഏകാന്തമായ വനത്തിൽ കുറേ ദിവസം ഗുരുസ്വാമികൾ വിശ്രമിച്ചു.അവിടെ പഴയ ഒരു ക്ഷേത്രവും നല്ല മണ്ഡപങ്ങളും കുളവും കിണറുകളും നല്ല നിഴലുള്ള തോപ്പുകളും ഉണ്ട്‌. അവിടുന്നു മധുരക്ക്‌ നാലഞ്ചു മൈൽ ദൂരമുണ്ട്. സ്വാമികളെ ദർശിക്കുന്നതിനായി മധുരയിൽ നിന്നു വളരെ ആളുകൾ വന്നു കൊണ്ടിരുന്നു. ഹനുമാൻ ഗിരിസ്വാമികളുടെയും മറ്റും ഉത്സാഹത്താൽ എല്ലാ സൗകര്യങ്ങളും മറ്റും ലഭിച്ചുകൊണ്ടിരുന്നു. കാട്ടിലാണെങ്കിലും സ്വാമികളുടെ സാന്നിദ്ധ്യത്തിൽ ഞങ്ങൾ അവിടെ പാർത്തിരുന്ന ദിവസങ്ങളൊക്കെ മഹോത്സവമായിത്തന്നെ കഴിഞ്ഞു.മധുര മഹാനഗരത്തിലെ ഫലപുഷ്പാദികളും വിശിഷ്ടസാധനങ്ങളുമെല്ലാം അവിടെ വന്നുചേർന്നുകൊണ്ടിരുന്നു. തമിഴർക്ക്  സ്വാമികളോടുണ്ടായിരുന്ന ഭക്തി പ്രത്യേകമായിരുന്നു.

 ബ്രഹ്മാനന്ദസ്വാമിമഠത്തിലെ മഠാധിപതി അദ്വൈതാനന്ദ
സ്വാമികൾ കുന്നക്കുടി മേലേമഠം  മഠാധിപതി ഗണപതിസ്വാമികൾ മുതലായവർ വന്നു സ്വാമികളെ അവരുടെ മഠങ്ങളിലേക്ക്‌ ക്ഷണിച്ചുകൊണ്ടു പോയിരുന്നു. അതിനിടയ്ക്കു ദേവക്കോട്ട ജമീന്ദാർ എം എൽ എ
ആർ അരുണാചലം ചെട്ടിയാർ വന്നു ക്ഷണിച്ചു അവരുടെ വീട്ടിലേക്കും കൊണ്ടു പോയിരുന്നു. ഈ ചെട്ടിയാർ സ്വാമിതൃപ്പാദങ്ങളുടെ പഴയ ഒരു ഭക്തനാണ്. കോവിലൂർ മഠാധിപതി മഹാദേവ സ്വാമികൾ ക്ഷണിക്കയാൽ അവരുടെ മഠത്തിലേക്കും പോയിരുന്നു. അവിടങ്ങളിലൊക്കെ സ്വാമികൾക്കും കൂടെയുള്ളവർക്കും വിശിഷ്ട സത്കാരങ്ങൾ ചെയ്തിരുന്നു. കുന്നക്കുടിയിലും കോവിലൂരിലും ദേവക്കോട്ടയിലുമായി കുറേദിവസം വിശ്രമിച്ചു. കുന്നക്കുടിയിൽ വിശ്രമിക്കുമ്പോൾ ഒരു വിശേഷ സംഭവമുണ്ടായി. സ്വാമികൾ മേലേമഠത്തിനു സമീപം വിശ്രമിക്കുകയായിരുന്നു. അടിത്തു ചെറിയൊരു ഗണപതിക്ഷേത്രം ആരുടെയും ശ്രദ്ധയിൽപ്പെടാതെ സ്ഥിതി ചെയ്യുന്നു.സ്വാമികൾ ആ ക്ഷേത്രത്തെ നോക്കി ഓരോ ഫലിതങ്ങളും വിനോദങ്ങളും പറഞ്ഞുകൊണ്ടിരുന്നു. ആ കൊല്ലം മഴയില്ലാതെ സസ്യാദികൾക്കെന്ന്  മാത്രമല്ല മനുഷ്യർക്കും സ്നാനപാനാദികൾക്കും വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രമാണികളായ ചില ഭക്തന്മാർ വന്നു സ്വാമികളോട്  സങ്കടം ബോധിപ്പിച്ചു. മഴ പെയ്താൽ ഈ പിള്ളയാർക്ക്‌ (ഗണപതി) തേങ്ങയുടയ്ക്കാമോ എന്നു സ്വാമി ചോദിച്ചു. എത്ര വേണമെങ്കിലും ഉടയ്ക്കാം എന്ന് എല്ലാവരും പറഞ്ഞു. എന്നാൽ മഴപെയ്യും എന്നു സ്വാമികൾ കൽപിച്ചു. ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ മഴ ആരംഭിച്ചു. അന്നുമുഴുവൻ മഴ പെയ്തു. ജനങ്ങൾക്കെല്ലാം വളരെ ആശ്ചര്യം തോന്നി. പിള്ളയാർക്ക്  വിശേഷപൂജയും ആയിരക്കണക്കിനു തേങ്ങയുടക്കലും നടന്നു. അന്നു മുതൽ പിള്ളയാർക്ക്‌ ശരിയായി പൂജയും ലഭിച്ചു.

ഒക്ടോബർ മാസം 10 ന്  വീണ്ടും മധുരയിലേക്കു മടങ്ങി.പിറ്റേ ദിവസം അവിടുന്നു പത്തു മെയിൽ  വടക്കുള്ള തിരുപേടകം എന്ന സ്ഥലത്തേക്കു പുറപ്പെട്ടു. വൈഗാ നദീ തീരത്തുള്ള ഈ സ്ഥലം പുരാണപ്രസിദ്ധമാണ്. ഒരു കുഗ്രാമമാണെങ്കിലും വാസസുഖമുണ്ട്‌. ഇനി മലയാള രാജ്യത്തേക്കു പോകണ്ട. നമുക്കു ഇവിടെ എവിടെയെങ്കിലും താമസിച്ചാൽ മതി.ആരെങ്കിലും അന്വേഷിച്ചു വരുമായിരിക്കും എന്നാലും പോകരുത്. ആരുവരുവാൻ നമ്മെ അന്വേഷിച്ച്  നമ്മുടെ ദാസ്‌ വരുമായിരിക്കാം.

പിന്നെയും ചിലരൊക്കെയുണ്ടല്ലോ . ഈ തമിഴരെപ്പോലെ ആർക്കും സ്നേഹമില്ലല്ലോ എന്നൊക്കെ സ്വാമികൾ പലതും കാര്യമായും നേരം പോക്കായും പറഞ്ഞുകൊണ്ടിരിക്കും. അവിടെ ജമീന്ദാർ ചെട്ടിയാരുടെ വകയായി ഒരു ബംഗ്ലാവുണ്ട്‌.  സ്വാമികൾ മുമ്പ്‌ നിശ്ചയിച്ചിരുന്ന അവധിക്കു മുൻപ്‌ തന്നെ ബംഗ്ലാവിൽ ചെന്നു ചേർന്നിരുന്നു. താക്കോൽക്കാരൻ
(ചെട്ടിയാരുടെ കാര്യസ്ഥൻ) അവിടെ എത്തിയിട്ടില്ല. ചെന്ന ദിവസം ഒരു ബ്രാഹ്മണന്റെ ഭവനത്തിൽ  പാർത്തു. പിറ്റേ ദിവസം രാവിലെ വെളിക്ക് പോകാൻ പുറപ്പെട്ടു. കൂടെ കമണ്ഠലുവിൽ വെള്ളവുമായി ഞാനും പോയി.സ്വാമികൾക്കു ശരീരത്തിനു നല്ല സുഖമുണ്ടായിരുന്നില്ല. ആന്ത്രത്തിന്റെ ഉപദ്രവം കുറേശ്ശെയുണ്ട്‌. ക്ഷീണവും ഉണ്ട്‌.അധികം നടക്കുവാൻ ശക്തിയില്ല. എന്നിട്ടും രണ്ടു മൈൽ നടന്ന്  വെളിക്കു പോയശേഷം ആറ്റിൽ  കുളിക്കുവാൻ തീർച്ചയാക്കി. വെള്ളം കലങ്ങി ഒഴുകുന്നു. എന്നു മാത്രമല്ല പല്ലു തേപ്പാനും കുളിപ്പാനുമുള്ള ഒരുക്കത്തോടുകൂടിയായിരുന്നില്ല പോയിരുന്നതു. സ്വാമികൾ ഒരാലിന്റെ വേരു പറിച്ചെടുത്തു പല്ല്  തേച്ചു.ആറ്റിലെ മണലിൽ ഞാനൊരു ഊറ്റുകുഴി തോണ്ടിയുണ്ടാക്കി.അതിലൂറിയ വെള്ളം കമണ്ഠലുകൊണ്ടു ഞാൻ മുക്കി കൊടുത്തു.സ്വാമികൾ കുളിയും കഴിച്ചു. വസ്ത്രം രണ്ടും നനച്ചു. ഉടുക്കാൻ വേറെ വസ്ത്രമില്ല.ഒന്നു ഉണങ്ങാൻ വിരിച്ചു. മറ്റേതു നനഞ്ഞപാടെ ഉടുത്തു. കുളി കഴിഞ്ഞ ശേഷം ഇനി നടക്കാൻ കഴിയുകയില്ല ഇവിടെ എവിടെയെങ്കിലും ഇരിക്കാം എന്നു പറഞ്ഞു സ്വാമികൾ അടുത്തുണ്ടായിരുന്ന ഒരു മരത്തിന്റെ ചുവട്ടിൽ പോയി കുറെ നേരം ചുറ്റി നടന്നിട്ടു അവിടെ ഇരുന്നു.വേറെ ആരും കൂടെ ഇല്ലാത്തതു കൊണ്ട് സ്വാമികളെ വിട്ടു പോയി ആവശ്യങ്ങൾ വല്ലതും കൊണ്ട്  വന്നു കൊടുപ്പാൻ എനിക്കു നിവൃത്തിയായില്ല. കൂടെ വന്നവരൊക്കെ രണ്ടു മൈൽ ദൂരത്തു ബ്രാഹ്മണഗൃഹത്തിൽ ഇരിക്കുന്നു. അടുത്തു നെൽവയലുകളല്ലാതെ വീടുകളൊന്നും ഇല്ല. ചോളവന്താൻ റെയിൽവെ സ്റ്റേഷൻ മൂന്ന് മൈൽ ദൂരത്താണ്. അവിടെയേ വീടുകളുള്ളൂ. കുറേ നേരം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ആളുകൾ സ്വാമികൾക്ക്  ആഹാരവും ഇരിക്കുന്നതിന്  വിരിപ്പും മറ്റും കൊണ്ടുവന്നു. ആഹാരം കഴിച്ചു സ്വാമികൾ പിന്നെയും അവിടെ തന്നെയിരുന്നു. അംബാസമുദ്രം സ്വാമിനാഥപിള്ളയെ സ്വാമികളുടെ അടുക്കൽ ആക്കിയിട്ട്  ഞങ്ങളെല്ലാവരും ദിനകൃത്യങ്ങൾക്കായിപ്പോയി. ഞാൻ വേഗം ആഹാരം കഴിച്ചു സ്വാമികൾ ഇരിക്കുന്ന ദിക്കിലേക്കോടി.ഓടിയോടിയടുക്കാറായപ്പോൾ ഒരു പെരുമഴയുണ്ടായി.എന്റെ കൈയിൽ കുടയില്ല. സമീപമെങ്ങും വീടുകളുമില്ല.
സ്വാമികൾ അവിടെത്തന്നെയുണ്ടോ ഏതു സ്ഥിതിയിൽ ഇരിക്കുന്നു എന്നു നോക്കിയിട്ടു കുട എടുത്തുകൊണ്ട്  വരാമെന്നുവെച്ചു ഓടിയടുത്തുചെന്നപ്പോൾ സ്വാമികൾ നനഞ്ഞു വിറച്ചുകൊണ്ടു മരത്തിന്റെ ഒരു വശത്തു ഒട്ടി നിൽക്കുന്നു. സ്വാമിനാഥപിള്ള മറുവശത്തും മരത്തെ ആശ്രയിച്ചു നിൽക്കുന്നു. വിരിപ്പും തുണിയുമെല്ലാം നനഞ്ഞപാടെ വാരിപ്പിടിച്ചിട്ടുണ്ട്‌.
നനഞ്ഞുകൊണ്ട്‌ ചെല്ലുന്ന എന്നെ കണ്ടിട്ടു സ്വാമികൾ എല്ലാം നനഞ്ഞു പോയല്ലോ!

ഇല്ലാ സാരമില്ല എന്നു പറഞ്ഞു. മഴ നിൽക്കാനുള്ള ലക്ഷണമില്ലെന്ന്  കണ്ടപ്പോൾ ഞാൻ കുടയ്ക്കായി ഓടി. ഒരു വശം വൈഗാനദിയും ഒരുവശം നെടുകെ  വിശാലമായ നെൽ വയലും. മദ്ധ്യേ ചോളവന്താൻ റെയിൽവെ  സ്റ്റേഷനിലേക്ക്  പോകാൻ വളഞ്ഞുള്ള റോഡും അല്ലാതെ കയറി നിൽക്കാൻ ഒരു വീടോ മറ്റോ ഇല്ല.

ഞാൻ ഓടിപ്പോയി കുടയും സ്വാമികൾക്ക്  വസ്ത്രവും എടുത്തു ആളുകളോടു കൂടി മടങ്ങിയെത്തി. സ്വാമികൾ മഴയെപ്പറ്റി പല ഫലിതങ്ങളും പറഞ്ഞുകൊണ്ടിരുന്നു. നടക്കാൻ ശക്തിയില്ല. കാലുകൾ  വിറയ്ക്കുന്നു. എന്നിട്ടും റെയിൽ വെ സ്റ്റേഷനിലേക്കു നടന്നു തുടങ്ങി. ബുദ്ധിമുട്ടൊന്നും ഇല്ലാ.ഇല്ലേ? ബഹുസുഖം. നിങ്ങൾക്ക്  ബുദ്ധിമുട്ടു തോന്നുന്നുണ്ടോ? നടക്കാൻ മാത്രം പ്രയാസം എന്നിങ്ങനെ ഓരോന്നും പറഞ്ഞുകൊണ്ടിരിക്കുന്നു. കുടവാങ്ങി കൈയിൽ പിടിച്ചു. വസ്ത്രം നനഞ്ഞതുതന്നെ നല്ലതെന്നു പറഞ്ഞു. ഞങ്ങൾ നിർബന്ധിച്ചിട്ടും ഉണങ്ങിയ വസ്ത്രം വാങ്ങി ഉടുക്കുകയില്ല. അങ്ങനെ നടന്നുകൊണ്ടിരിക്കെ തിരുപേടകത്തു നിന്നു വേറെ ആളുകൾ രണ്ടു ഇരട്ടക്കാളവണ്ടിയും ഓടിച്ചുകൊണ്ടു വന്നെത്തി. വണ്ടിയും കാറും ഒന്നും സുഖമല്ല. ഇതാണ് സുഖം എന്നു പറഞ്ഞു കൊണ്ട്  സ്വാമികൾ പിന്നേയും നടന്നു.വണ്ടിയിൽ കയറിയില്ല.
മഴ നിൽക്കുന്ന ലക്ഷണവും കാണുന്നില്ല. ആ മഴ നാലു മണിക്കൂർ നേരം നീണ്ടു നിന്നു.

കുറെ ദൂരം പോയപ്പോൾ ചെറിയ ഒരു മണ്ഡപം കണ്ടു. അതിൽ കുറെ അധികം ആളുകൾ ഇരിക്കുന്നു. എല്ലാം വൃത്തികെട്ടവർ. അവരുടെ കൈവശം കോഴികൾ ഉണ്ട്‌. അത്യന്തം വൃത്തികെട്ട ആ മണ്ഡപത്തിനകത്തു സ്വാമികൾ കയറി ഇരുന്നു. ഉടുത്തിരുന്ന ഒറ്റവസ്ത്രം എടുത്ത് തലമൂടിപുതച്ചു കൊണ്ടു ഇരിപ്പായി. മറ്റുള്ളവരൊക്കെ സമീപത്തു നിന്നു. മഴകുറഞ്ഞപ്പോൾ വീണ്ടും  എഴുന്നേൂ നടന്നു. ഞങ്ങൾ എത്ര നിർബന്ധിച്ചിട്ടും വണ്ടിയിൽ കയറിയില്ല. അങ്ങനെ കുറെ നടന്ന ശേഷം ഒരു വിധത്തിൽ വണ്ടിയിൽ കയറി. റെയിൽവെ സ്റ്റേഷനിൽ അടുക്കാറായപ്പോൾ ആവണ്ടി എതിരായി വന്ന മറ്റൊരു വണ്ടിയിൽ അൽപം മുട്ടി. സ്വാമികൾ ഉടനെ ചാടിയിറങ്ങി നടന്നു.വണ്ടിക്കാരനും ഞങ്ങളും തമ്മിൽ അതു നിമിത്തം വാക്കുതർക്കമുണ്ടാകുകയും കൂലികൊടുത്തു അവനെ തിരിച്ചയക്കുകയും ചെയ്തു. റെയിൽ വെ സ്റ്റേഷനിൽ  ചെന്നപ്പോൾ വണ്ടി വരാൻ പിന്നേയും വളരെ സമയമുണ്ടെന്നറിഞ്ഞു. ചെറിയ സ്റ്റേഷൻ ഇരിക്കുവാൻ എവിടെയും സൗകര്യമില്ല. ഒരു ബഞ്ച് മാത്രമെ ഉള്ളൂ. അതിൽ ആളുകൾ സ്ഥലം പിടിച്ചിരുന്നു. അവരെ ഒരു വിധം പറഞ്ഞു സമാധാനപ്പെടുത്തി ബെഞ്ച് വാങ്ങി പ്ലാറ്റ്ഫോറത്തിൽ കൊണ്ടുവന്നു അവിടെ വെച്ചു. സ്വാമികൾ അതിൽ ഇരുന്നു. മഴ വീണ്ടും വന്നു. സ്വാമികൾ എഴുന്നേറ്റ്‌ നടന്നു അടുത്തുള്ള ഒരു പിള്ളയാർ കോവിലിൽ കയറി ഇരുന്നു. അതിൽ പിള്ളയാർക്ക്‌ തന്നെ ഇരിക്കാൻ കഷ്ടിച്ചേ സ്ഥലമുണ്ടായിരുന്നുള്ളൂ. ഇതിനിടയ്ക്കു വസ്ത്രം വാങ്ങിയുടുത്തു.

കൂടെയുള്ളവരൊക്കെ കുറ്റം പറഞ്ഞു കൊണ്ടിരുന്നു. സൗകര്യമായി കുറച്ചു ദിവസം വിശ്രമിക്കത്തക്കവണ്ണം ഒരിടം കണ്ടുപിടിക്കാൻ ആർക്കും സാധിക്കുന്നില്ലല്ലോ എന്നായിരുന്നു ആക്ഷേപം.
മഴ നനഞ്ഞു കഷ്ടപ്പെട്ടിരുന്ന സ്വാമിനാഥപിള്ളയെ നോക്കി സ്വാമികൾ വളരെ പരിതപിക്കാറുണ്ട്‌.

'ജീവചരിത്രം എഴുതുന്നവർ ഉണ്ടെങ്കിൽ ഇതൊക്കെ വിട്ടുകളയാതെ എഴുതേണ്ടതാണ് എന്നു പല പ്രാവശ്യം സ്വാമികൾ പറഞ്ഞുകൊണ്ടിരുന്നു.പിള്ളയാർ കോവിലിൽ ഇരുന്നുകൊണ്ടിരിക്കുമ്പോൾ മധുരയിൽ നിന്നു ഹമാൻ ഗിരിസ്വാമികളും സുഗുണാനന്ദഗിരി സ്വാമികളും കൂടി ഒരുകാറും കൊണ്ടുവന്നു ചേർന്നു. അതിൽ കയറി മധുരയ്ക്കു പോകാമെന്ന്  അപേക്ഷിച്ചിട്ട്  സ്വാമികൾ കയറിയില്ല. ട്രയിനിൽ തന്നെ പോകണമെന്നു പറഞ്ഞു അങ്ങനെ തീർച്ചയാക്കി. ട്രെയിൻ മധുരയിൽ എത്തുന്നതിനിടയ്ക്കു കാറുകൊണ്ടു  സ്റ്റേഷനിൽ എത്താമെന്നുകരുതി ഞാനും സ്വാമിനാഥപിള്ളയും കൂടിയുടനെ തിരിച്ചു. സ്വാമിയും ഒന്നിച്ചുള്ള ഒരാളും കയറും മുൻപ്‌ ട്രെയിൻ ഇളകി. വണ്ടിയിൽ കയറിയ ശിഷ്യന്മാർ അടുത്ത സ്റ്റേഷനിൽ ഇറങ്ങി വീണ്ടും ചോളവന്താൻ സ്റ്റേഷനിൽ സ്വാമികളുടെ അടുത്തെത്തി. അന്നു പിന്നെ മധുരയിലേക്കു പോകാൻ സ്വാമികൾ ഇഷ്ടപ്പെട്ടില്ല. എല്ലാവരും ചോളവന്താനിൽ ഒരു വീട്ടിൽ താമസിച്ചു. പിറ്റേ ദിവസത്തെ വണ്ടിയിൽ സ്വാമികൾ മധുരയിൽ എത്തി. മാരിയമ്മൻ തെപ്പക്കളത്തിനു സമീപമുള്ള മുത്തുചെട്ടിയാരുടെ ബംഗ്ലാവിൽ പാർത്തു.അതു ഏകാന്തസ്ഥാനത്തിൽ സർവ്വസൗകര്യങ്ങളോടും കൂടിയ മനോഹരമായ പുതിയ ഒരു ബംഗ്ലാവായിരുന്നു. അവിടെ വെച്ചു ഗവർണ്ണർക്കു വിരുന്ന്  കൊടുത്തിട്ടു ഒരു മാസമേ ആയിരുന്നുള്ളൂ. ആറു ദിവസം അവിടെ പാർത്തു . പിന്നീട്‌ അതിനടുത്തുള്ള രാമനാഥപുരം രാജാവിന്റെ കൊട്ടാരത്തിൽ മൂന്നു ദിവസം വിശ്രമിച്ചു.

ഇതിനിടയ്ക്കു സ്വാമികളെ അന്വേഷിച്ചു വർക്കല നിന്നും ശ്രീമാൻ എ.കെ. ഗോവിന്ദദാസും ഗോവിന്ദാനദ സ്വാമികളും മറ്റും വന്നിരുന്നു. രാമനാഥപുരം രാജാവിന്റെ കൊട്ടാരത്തിൽ വെച്ചു ജോർജ്ജ്‌ ജോസഫ്‌ എം എ
ബി എൽ മുതലായ ചില മാന്യന്മാർ വന്നു സ്വാമികളെ കണ്ടു. മധുരയിൽ സ്ത്രീകൾക്ക്‌ വേണ്ടി ഒരു സ്ഥാപനമുണ്ടാക്കേണ്ടതിനെക്കുറിച്ചു സ്വാമികൾ അവരോട്  ആലോചിച്ചു. അവർ അതിനു വേണ്ടുന്ന വേലകൾ ചെയ്യാമെന്നേൽക്കുകയും ചെയ്തു.

18-10-1926 ൽ രാമനാഥപുരത്തു പോയി. ഞങ്ങളുടെ കൂടെ മിസ്റ്റർ ദാസും വന്നിരുന്നു.ആ രാജാവിന്റെ അതിഥിയയി രണ്ടു ദിവസം പാർത്തു. മൂന്നാം ദിവസം രാവിലെ രാമേശ്വരത്തേക്കു തിരിച്ചു.എല്ലാം അവിചാരിതമായിട്ടുള്ള യാത്രയായിരുന്നു.അവിടെ സ്വാമികൾ മുമ്പ്‌ പോയിട്ടുണ്ടായിരുന്നില്ല. രാമേശ്വരത്തേക്ക്  പോകുന്നത് അതു ഒന്നാമത്തെ പ്രാവശ്യമായിരുന്നു. അവിടെ സ്വാമികൾക്കു വിശ്രമിക്കാൻ മുൻ കൂട്ടി ഒരേർപ്പാടും ചെയ്തിരുന്നില്ല. ആരും അറിയാതെ ഒരു സത്രത്തിലോ മറ്റോ താമസിക്കാം എന്നു സ്വാമികൾക്കുറപ്പുണ്ട്‌.മലയാളക്കാരുടെ ഉപദ്രവത്തിൽ അകപ്പെടാതെ ഒഴിഞ്ഞിരിക്കണം എന്നു മാത്രമായിരുന്നു അപ്പോഴത്തെ ഉദ്ദേശം. രാമേശ്വരത്തു ജമീന്ദാർ ചെട്ടിയാരുടെ വക ബംഗ്ലാവുണ്ടെന്നു എല്ലാവർക്കുമറിയാംപക്ഷെ അവിടെ ചെന്നപ്പോൾ  മുതലാളിയുടെ അനുവാദം ഇല്ലാതെ സ്ഥലം അനുവദിക്കില്ലെന്ന്  ചെട്ടിയാരുടെ കാര്യസ്ഥൻ അറിയിച്ചു. ഞങ്ങൾ ചെട്ടിയാർക്കു കമ്പി അയച്ചു. സ്വാമികൾക്കു വിശ്രമിക്കുന്നതിനു മൂന്നു ബംഗ്ലാവും ഒഴിഞ്ഞു കൊടുക്കുന്നതിന്  പുറമെ സ്വാമികൾക്കും കൂടെയുള്ളവർക്കും അവർ അവിടെ താമസിക്കുന്ന കാലം വരെ വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ചെയ്ത്  കൊടുക്കണമെന്നും ചെട്ടിയാർ കാര്യസ്ഥനു മറുപടി കൊടുത്തു. എല്ലാം അനുകൂലമായിരുന്നുവെങ്കിലും ഇടയ്ക്കൊരു വൈഷമ്യം നേരിട്ടു. വൈക്കം സത്യാഗ്രഹത്തിന്റെ വർത്തമാനം അതിനിടയ്ക്കു രാമേശ്വരത്തും എത്തിയിരുന്നു. പണ്ട്‌ തീണ്ടലുണ്ടാകാതിരുന്ന നാരായണഗുരുസ്വാമികൾക്കും വൈക്കം സത്യാഗ്രഹത്തിന്  ശേഷം തീണ്ടലുണ്ടായി. മുൻപു സ്വാമികൾ രാമേശ്വരത്തു പോയപ്പോൾ തീണ്ടലുണ്ടായിരുന്നില്ല. സ്വാമികളുടെ ജാതിക്കാരെന്നു പറയുന്ന അവിടങ്ങളിലെ ഈഴവർക്കും തീണ്ടലുണ്ടായിരുന്നില്ല. തീണ്ടലുള്ള ജാതിക്കാരനായ നാരയണഗുരുസ്വാമി വരുന്നുണ്ട്‌. ക്ഷേത്രത്തിലും മറ്റും കയറ്റുന്നതു സൂക്ഷിച്ചു വേണം  എന്ന രാമനാഥപുരം കളക്ടറുടെ മുന്നറിയിപ്പു രാമേശ്വരം ക്ഷേത്രത്തിലെ ധർമ്മകർത്താക്കൾക്കു ഉണ്ടായിരുന്നതായി അറിഞ്ഞു. ഞങ്ങൾ രാമേശ്വരത്തു  ചെന്ന പിറ്റേ ദിവസം ഒരു ധർമ്മ കർത്താവ്  സുഗുണാനന്ദഗിരിസ്വാമികളെ വഴിയിൽ വെച്ചു കണ്ടു പല ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമിട്ടിക്കുകയും ക്ഷേത്രത്തിൽ കയറിപ്പോകരുതെന്നു താക്കീതു ചെയ്യുകയും ചെയ്തു. സ്വാമികൾ ഈ വിവരം അറിഞ്ഞപ്പോൾ അവിടുത്തേക്കു മനസ്സിന് വലിയ വെറുപ്പുണ്ടായി.

ആ അവസരത്തിൽ വൈക്കം സത്യാഗ്രഹത്തെപ്പറ്റി പറഞ്ഞ അഭിപ്രായങ്ങളെ ഇവിടെ രേഖപ്പെടുത്തുന്നില്ല.രാമേശ്വരത്തു ഒന്നു രണ്ടു മാസം താമസിക്കണമെന്നു ആഗ്രഹമുണ്ടായിരുന്ന സ്വാമികൾ അഭിപ്രായം മാറ്റി ഉടനെ രാമേശ്വരം വിട്ടു പോകണമെന്നു തീർച്ചയാക്കി.
അപ്പോഴാണു കൊളമ്പിലേക്കു പോകാമെന്നു തോന്നിയത് കൂടെ ഉണ്ടായിരുന്ന മിക്കവരെയും മടക്കി അയച്ചു. കൊളമ്പിൽ പോകുന്ന കാര്യം ആരേയും അറിയിച്ചില്ല.

എന്നോടും സുഗുണാനന്ദഗിരി സ്വാമികളോടും മാത്രം പറഞ്ഞു. രാമേശ്വരത്ത്  ആകെ നാലു ദിവസമെ താമസിച്ചുള്ളൂ.
അതിനിടയ്ക്ക്‌ ഒരു ദിവസം ഗന്ധമാദന പർവ്വതത്തിൽ  പോയിരുന്നു.

24-10-1926 ൽ രാമേശ്വരം വിട്ടു ധനുഷ്ക്കോടിക്ക്  പോയി. അവിടെ വേണ്ടപ്പെട്ട സൗകര്യങ്ങൾ ഉണ്ടാക്കിത്തരുന്നതിനായി ജമീന്ദാരുടെ കാര്യസ്ഥൻ ഏർപ്പാടുകൾ ചെയ്തിരുന്നുവെങ്കിലും സ്വാമികൾക്കു അവിടുത്തെ പരിതസ്ഥിതികൾ അത്ര പിടിച്ചില്ല. കോഴികളും പന്നികളും ദുർഗ്ഗന്ധവും സ്വാമികളെ വെറുപ്പിച്ചു. സ്വാമികളും കൂടെയുള്ളവരും അന്നു മുഴുവൻ  പട്ടിണിയായിരുന്നു. അന്നു തന്നെ രാത്രി മണ്ഡപത്തിലേക്ക്‌ തിരിച്ചു. അവിടം നല്ലകാറ്റും ശുദ്ധജലവും ഉള്ള സുഖവാസസ്ഥലമാണല്ലോ. സ്വാമികൾക്കും സ്ഥലം പിടിച്ചു.

മണ്ഡപം മരയ്ക്കാർ എന്ന് പ്രസിദ്ധനായ ഒരു പ്രഭുവിന്റെ ഏകാന്തവും വിശാലവുമായ ഒരു ബംഗ്ലാവിൽ ഞങ്ങൾ നാലു ദിവസം പാർത്തു. കൊളമ്പുയാത്രയ്ക്കു സ്വാമികൾ തിരക്കു കൂട്ടിത്തുടങ്ങി. മധുരയിൽ ഹനുമാൻ ഗിരിസ്വാമികൾക്കും മധുരയിലുള്ള ചില മലയാളികൾക്കും കമ്പി കൊടുത്തു. ഹനുമാൻ ഗിരി സ്വാമികൾ സർവ്വ സജ്ജീകരണങ്ങളോടും കൂടി ഉടനെയെത്തി. ഗോവിന്ദാനന്ദ സ്വാമികളും വന്നു ചേർന്നു.പക്ഷെ അദ്ദേഹം ഉടനെ കാഞ്ചീപുരത്തേക്കു പോയി. ബാക്കിയുണ്ടായിരുന്ന ഞങ്ങൾ എല്ലാവരും കൂടി ചേർന്നു ഹെൽത്തു സർട്ടിഫിക്കറ്റുകളും മറ്റും വാങ്ങി 29-10-26 ൽ കൊളംബിലേക്കു പുറപ്പെട്ടു. സ്വാമികളോടു കൂടിയുണ്ടായിരുന്നതു സുഗുണാനന്ദഗിരിസ്വാമികളും ഹനുമാൻ ഗിരിസ്വാമികളും ഞാനും ഭൃത്യൻ കുമാരനും മാത്രമായിരുന്നു.

30-10-26 നു കാലത്തു കൃത്യം 7.55 നു കൊളമ്പ്‌ ഫോർട്ട്‌ സ്റ്റേഷനിൽ എത്തി. അവിടെയപ്പോൾ സ്വാമികളെ സ്വീകരിക്കാൻ എത്തിയിരുന്ന ആളുകൾക്കു കൈയും കണക്കും ഉണ്ടായിരുന്നില്ല. ഞാൻ സ്വാമുകളോടൊത്തു പലസ്ഥലങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്‌. സ്വാമികളെ എതിരേൽക്കാൻ ഇത്ര വലിയ പുരുഷാരം എവിടെയും കണ്ടിരുന്നില്ല. ജനക്കൂട്ടം നിമിത്തം ഞങ്ങൾക്കു സ്റ്റേഷൻ പ്ലാറ്റ്‌ ഫോമിൽ ഇറങ്ങി  നിൽക്കുവാൻ കൂടി സാധിച്ചില്ല. ഹിന്ദുക്കളും കൃസ്ത്യാനികളും മുസ്ലീങ്ങളും സിംഗാളികളും എല്ലാവരും വന്നിരുന്നു. നാട്ടുകൊട്ട ചെട്ടിയാർ തുടങ്ങിയ തമിഴരുടെ വലിയൊരുസംഘം വേറെ. എച്ച്‌. എൽ. ഡി . മെൽ
സി എം ചെല്ലപ്പ ഉമ്പിച്ചിക്കോയ സാഹിബ്ബ്‌ സത്യവാഗീശ്വരയ്യർ നല്ലവേലുപിള്ള അരുണാചലം ചെട്ടിയാർ സഭാരത്ന മുത്തുകൃഷ്ണൻ മുതലാളി കൊളമ്പിലുള്ള പ്രമാണികൾ ഒക്കെ ഉണ്ടായിരുന്നു. തമിഴന്മാരായിരുന്നു അധികം. അവരായിരുന്നു സ്വാമികളുടെ വിശ്രമത്തിനു വേണ്ടിയിരുന്ന സൗകര്യങ്ങളൊക്കെ ചെയ്തിരുന്നതു.നാനാനാവിധ വാദ്യഘോഷങ്ങളോടും പുഷ്പമാല്യാദി അലങ്കാരങ്ങളോടും പലതരം വാഹനങ്ങളോടും  കൂടി അവർ സ്വാമികളെ പരിവാരസമേതം സ്വീകരിച്ചു. നാട്ടുകൊട്ട ചെട്ടികളുടെ വക കതിരേശൻ കോവിൽ വളരെ വിശേഷമായി അലങ്കരിച്ചു സ്വാമികളെ ആദരിച്ചു സ്വീകരിക്കുവാൻ ഏർപ്പാടു ചെയ്തിരുന്നു. അവിടെ സ്വാമികൾ കുറെ ദിവസം വിശ്രമിച്ചു. കൊളമ്പിൽ അത്രവിശാലവും സ്വാമികൾക്കു വിശ്രമിക്കുവാൻ സൗകര്യവും ഉള്ള ഒരു സ്ഥലം അതു പോലെ വേറെ കിട്ടുവാൻ പ്രയാസമാണ്. തൃപ്പാദങ്ങളുടെ ആഗമനത്തെ ബഹുമാനിച്ചു തമിഴർ ദിവസം പ്രതി സദ്യ നടത്തി. അതിൽ മലയാളികളും സഹകരിച്ചിരുന്നു.
21-12-26 വരെ സ്വാമികൾ സിലോണിൽ വിശ്രമിച്ചു. അതിനിടയിൽ മാന്യന്മാരായ അനേകം പേർ സ്വാമികളെ വന്നു സന്ദർശിച്ചു കൊണ്ടിരുന്നു. പലരും തൃപ്പാദങ്ങളെ ക്ഷണിച്ചുകൊണ്ടു പോയി സത്കരിക്കുകയും  പലസ്ഥലങ്ങളും അവിടുന്നു പോയി കാണുകയും ചെയ്തു. അവിടുത്തെ മലയാളികളുടെ പരിതാപകരമായ സ്ഥിതി കണ്ട്  സ്വാമികൾക്കു ദയ തോന്നുകയും അതു നന്നാക്കണമെന്ന്  അഭിപ്രായമുണ്ടാവുകയും ചെയ്തുവെങ്കിലും പറയത്തക്കവണ്ണം വല്ലതും ചെയ്‌വാൻ ആ അവസരത്തിൽ സാധിച്ചിരുന്നില്ല. മലയാളികൾ തമ്മിൽ അവിടെ കക്ഷി മത്സരമുണ്ടായിരുന്നു. അതു പറഞ്ഞു തീർക്കുവാൻ സ്വാമികൾ പരിശ്രമിച്ചു. ഒടുവിൽ ഗോവിന്ദാനന്ദ സ്വാമികളെയും നടരാജനെയും വരുത്തി അവരുടെ വഴക്കു തീർക്കാൻ സ്വാമികൾ ആഞ്ജാപിച്ചു. അവരെക്കൊണ്ടും ഒന്നും ചെയ്‌വാൻ സാധിച്ചില്ല. മലയാളികൾ അവരെ നിന്ദിച്ചു പറഞ്ഞയക്കുകയാണു ചെയ്തത്.

സ്വാമികൾ പിന്നീട്  വിശ്രമിച്ചത്  മുത്തുവാൽ എന്ന സ്ഥലത്തുള്ള ലേഡി അരുണാചലം എന്നവരുടെ ഒരു ക്ഷേത്രത്തിൽ ആയിരുന്നു.
സർ രാമനാഥന്റെ അനുജൻ സർ അരുണാചലം എന്ന മാന്യന്റെ പത്നിയാണു ലേഡി അരുണാചലം. അവരും മക്കളും തൃപ്പാദങ്ങളുടെ നേരെ പണ്ടേ തന്നെ നിഷ്കാമടമായ ഭക്തിയുള്ളവരാണ്
പരമഭക്തനായ
സി എം ചെല്ലപ്പായുടെ വീട്ടിലും സ്വാമികൾ ചില ദിവസം വിശ്രമിച്ചിരുന്നു. ശ്രീമാൻ ഡി മെൽ രാജകോവിലങ്ങളെ അതിശയിക്കുന്ന തന്റെ ഭവനം അതിഭംഗിയിൽ അലങ്കരിച്ചു അവിടേക്കു സ്വാമികളെ ക്ഷണിച്ചു സത്കരിച്ചു. പരമ്പരയാ ബുദ്ധമതക്കാരായ അവർക്കു സന്യാസിമാരെ  പൂജിക്കുവാൻ നല്ലവണ്ണം അറിയാം. ഞങ്ങളൊക്കെ മത്സ്യമാംസാദികൾ ഭക്ഷിക്കാത്തവരാണ് എന്നറിഞ്ഞപ്പോൾ ഡി മെല്ലിന്റെ ഭാര്യക്കും മക്കൾക്കും വളരെ ആശ്ചര്യവും ഞങ്ങളെപ്പറ്റി ബഹുമാനവും ഉണ്ടായി. കണ്ടിയിലുള്ള നാട്ടുകൊട്ട ചെട്ടികളുടെ ക്ഷണമനുസരിച്ചു സ്വാമികൾ അവിടേയും പോയി അൽപദിവസം വിശ്രമിച്ചിരുന്നു.

കണ്ടിയിലും കൊളമ്പിലും ഉള്ള പ്രധാനമായ ബുദ്ധമത സ്ഥാപനങ്ങളിൽ ചിലതെല്ലാം സ്വാമികൾ സന്ദർശിക്കുലയുണ്ടായി. അവരുടെ  വൃത്തികൾ സ്വാമിക്കു തീരെ പിടിച്ചില്ല. മഠങ്ങളിൽ സ്വാമിമാർ ഓരോ കോളാമ്പുകൾ വെച്ചു തുപ്പിക്കൊണ്ടിരിക്കും. അടുത്തുവന്നാലുള്ള ദുർഗ്ഗന്ധവും മനുഷ്യരുടെ നേരെ പ്രേമമില്ലാത്ത സ്വഭാവവും സ്വാമികൾക്കിഷ്ടമായില്ല. എന്നാൽ അനേകം ഭിക്ഷുക്കൾ സ്വാമികളെ വന്നു ദർശിച്ചുകൊണ്ടിരുന്നു. ജർമ്മൻ കാരനായ മാഹിന്ദൻ മുതലായ ഭിക്ഷുക്കൾ  തൃപ്പാദങ്ങളെ പ്രത്യേകം ഭക്തിപൂർവ്വം വന്ദിച്ചിരുന്നു.വയോധികനായ ഒരു സിംഹള ബുദ്ധഭിക്ഷുവിന്  വളരെക്കാലമായി ഉണ്ടായിരുന്ന ഒരു പിശചിന്റെ ഉപദ്രവം സ്വാമികൾ വെള്ളവത്തയിൽ വെച്ചു വാക്കു കൊണ്ടു പറഞ്ഞു തീർത്തു. പലർക്കും സ്വാമികൾ നല്ല ഉപദേശങ്ങൾ ചെയ്തുകൊണ്ടിരുന്നു. ഖാദർ എന്നു പേരായ ഒരു മുസൽമാൻ സ്വാമികളുടെ പ്രിയ ശിഷ്യനായി ഉപദേശം വാങ്ങി.
അയാൾക്കു ഹിന്ദു മതത്തോടുള്ള പ്രതിപത്തി നിമിത്തം  ഖാദർ കന്തസ്വാമി എന്നു സ്വയം നാമകരണം ചെയൂകയും വിഭൂതി ധരിക്കുകയും ചെയ്തു. അയാൾ ചെറിയൊരു പ്രഭുവാണ്. സ്വാമികളുടെ സന്ന്യാസി ശിഷ്യന്മാരിൽ ഒരാളായിരിക്കണമെന്നു അയാൾക്കു വളരെ മോഹമുണ്ടായിരുന്നുതൽക്കാലം വേണ്ടെന്നു സ്വാമികൾ പറയുകയാൽ അയാൾ കൊളമ്പിൽ തന്നെ നിന്നു. റോസ്‌ ക്രുഷ്യൻ  സൊസൈറ്റിയിലെ അംഗമായ ഒരു  സായിപ്പ്‌ സ്വാമികളുടെ അടുത്തുവന്നു നിത്യം ജപിപ്പാൻ ഒരു മന്ത്രം ഉപദേശിക്കണമെനു അപേക്ഷിച്ചു. സായിപ്പു അയാളുടെ മദാമ്മയെയും കുട്ടികളെയും സ്വാമികളുടെ അടുത്തു കൂട്ടിക്കൊണ്ടുവന്നു നമസ്കാരം ചെയ്യിച്ചു

കൊളമ്പുരാജ്യം വിട്ടുപോരുന്നതിന്  സ്വാമികൾക്കു ഇഷ്ടമില്ലായിരുന്നു. ന്യൂറേലിയായിലോ തിരുക്കോണമലയിലോ പോയി അവിടെ തന്നെ അന്ത്യകാലം വരെ ഇരുന്നുകളയാമെന്നും സ്വാമികൾക്കു വളരെ ആഗ്രഹമുണ്ടായിരുന്നു. മലയാളനാട്ടിൽ പോകുന്നതിന്  ഇഷ്ടമുള്ളവരെല്ലാം പൊയ്ക്കൊള്ളട്ടെ എന്നുപറഞ്ഞു അനേകം പേരെ സ്വാമികൾ മടക്കിയയച്ചു. ഇന്ത്യയിലേക്കു തന്നെ മടങ്ങുന്ന കാര്യം വളരെ പ്രയാസമാണെന്നു കണ്ടു തുടങ്ങിയപ്പോൾ ഭക്തന്മാരായ പലരെക്കൊണ്ടും ശുപാർശ ചെയ്യിച്ച ശേഷമാണു ഒരു വിധം കൊളമ്പ്‌ വിട്ടു ഇന്ത്യയിലേക്കു മടങ്ങിയത്.

21-12-26 നു കൊളമ്പ്‌ വിട്ടു. 22-12-26 ന് മധുര എത്തിച്ചേർന്നു. തൃപ്പാദങ്ങൾ മധുരയിൽ എത്തിയ വിവരം അറിഞ്ഞു വർക്കല നിന്നു ഗോവിന്ദാനന്ദ സ്വാമികളും ആലുവായിൽ നിന്നു ശങ്കരാനന്ദസ്വാമികൾ പറവൂർ കേശവൻ എന്നിവരും തിരുപ്പുറംകുൺഡ്രത്തു വന്നു സ്വാമികളെ സന്ദർശിച്ചു. വളരെ അപേക്ഷിച്ചു ക്ഷണിക്കയാലാണ്  വർക്കലക്ക്  പുറപ്പെട്ടത് അതിനിടക്ക്‌ വിരുതു നഗരത്തിൽ നിന്നു ചില പ്രഭുക്കന്മാരായ നാടാർ സമുദായക്കാർ സ്വാമികളെ ക്ഷണിച്ചു. അവിടേയും പോകണമെന്ന്  സ്വാമികൾക്ക്  അഭിപ്രായമുണ്ടയിരുന്നെങ്കിലും വർക്കലക്ക്‌ ക്ഷണിപ്പാൻ വന്നവരുടെ നിർബന്ധം നിമിത്തം എവിടെയും പോയില്ല. 31-12-26 ന്  തിരുപ്പുറകുൺഡ്രം വിട്ടു വർക്കലയ്ക്ക്  പുറപ്പെട്ടു.
01-01-27 ലെ പ്രഭാതത്തിനു വർക്കല വന്ന്  ചേർന്നു. അതിനുശേഷമായിരുന്നു ശിഷ്യ പാരമ്പര്യം ഉറപ്പിക്കുന്നതിനായി ധർമ്മസംഘം സ്ഥാപിച്ചതും മറ്റും.

No comments: