പ്രാണോപാസന
ഉപനിഷത്തിലൂടെ -315/ബൃഹദാരണ്യകോപനിഷത്ത്- 102/സ്വാമി അഭയാനന്ദ
Tuesday 6 November 2018 1:02 am IST
പതിമൂന്നാം ബ്രാഹ്മണം
ഉക്ഥംഃ പ്രാണോ വാ ഉക്ഥം, പ്രാണോ ഹീദം സര്‍വമുത്ഥാപയതി...
സ്‌തോത്രങ്ങളില്‍ പ്രധാനമായ ഉക്ഥം എന്ന നിലയില്‍ പ്രാണനെ ഉപാസിക്കണം. പ്രാണന്‍ തന്നെയാണ് ഉക്ഥം. എന്തെന്നാല്‍ പ്രാണനാണ് എല്ലാത്തിനേയും നിലനിര്‍ത്തുന്നത്. ഇപ്രകാരം അറിഞ്ഞ് ഉപാസിക്കുന്നയാള്‍ക്ക് ഉക്ഥത്തെ അറിയുന്ന വീരനായ പുത്രന്‍ ഉണ്ടാകും. ഉക്ഥത്തിന്റെ സായൂജ്യത്തേയും സാലോക്യത്തേയും പ്രാപിക്കും.
ഉക്ഥം എന്നത് മഹാവ്രതയജ്ഞത്തില്‍ ഉപയോഗിക്കുന്ന സ്‌തോത്രങ്ങളില്‍ പ്രധാനമായവയാണ്. അതുപോ
ലെ ഇന്ദ്രിയങ്ങളില്‍ പ്രധാനമായതാണ് പ്രാണന്‍. ഇതാണ് ഇവ രണ്ടും തമ്മിലുള്ള സാമ്യം. പ്രാണന്‍ എല്ലാത്തിനേയും ഉത്ഥാനം ചെയ്യുന്നതിനാല്‍ ഉക്ഥം എന്ന് പറയുന്നു.
യജുഃ പ്രാണോ വൈ യജുഃ പ്രാണേ ഹീമാനി...
യജുസ്സ് എന്ന നിലയില്‍ പ്രാണനെ ഉപാസന ചെയ്യണം. പ്രാണന്‍ തന്നെയാണ് യജുസ്സ്. എന്തെന്നാല്‍ പ്രാണനിലാണ് എല്ലാ ഭൂതങ്ങളും യോജിക്കുന്നത്. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നയാളുടെ ശ്രേഷ്ഠതയ്ക്കായി എല്ലാ ഭൂതങ്ങളും യോജിക്കുന്നു. അയാള്‍ യജുസ്സിന്റെ സായുജ്യത്തേയും സാലോ ക്യത്തേയും പ്രാപിക്കുന്നു.
സാമപ്രാണോ വൈ സാമഃ പ്രാണേ ഹീമാനി...
സാമം എന്ന നിലയില്‍ പ്രാണനെ ഉപാസിക്കണം. പ്രാണന്‍ തന്നെയാണ് സാമം. എന്തെന്നാല്‍ പ്രാണനിലാണ് എല്ലാ ഭൂതജാലങ്ങളും സമമായിത്തീരുന്നത് അഥവാ ഒന്നിക്കുന്നത്. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നയാളുടെ ശ്രേഷ്ഠതയ്ക്കായി എല്ലാ ഭൂതങ്ങളും ഒന്നിക്കുന്നു. അയാള്‍ സാമത്തിന്റെ സായുജ്യത്തേയും സാലോക്യത്തേയും പ്രാപിക്കുന്നു.
ക്ഷത്ത്രം പ്രാണോ വൈ ക്ഷത്ത്രം, പ്രാണോഹി വൈ ക്ഷത്ത്രം...
ക്ഷത്ത്രം എന്ന നിലയില്‍ പ്രാണനെ ഉപാസിക്കണം. പ്രാണന്‍ തന്നെയാണ് ക്ഷത്ത്രം. പ്രാണന്‍ ക്ഷത്ത്രമാണ് എന്നത് പ്രസിദ്ധമാണ്. എന്തെന്നാല്‍ പ്രാണന്‍ ഈ ദേഹത്തെ ക്ഷതങ്ങളില്‍ നിന്ന് രക്ഷിക്കുന്നു. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നവര്‍ വേറെ രക്ഷകന്റെ ആവശ്യമില്ലാത്ത പ്രാണനെ പ്രാപി
ക്കുന്നു. അയാള്‍ ക്ഷത്ത്രമാകുന്ന പ്രാണന്റെ സായുജ്യത്തേയും സാലോക്യത്തേയും നേടുന്നു.
പതിനാലാം ബ്രാഹ്മണം
ഗായത്രിയുമായി ബന്ധപ്പെട്ട ബ്രഹ്മത്തിന്റെ ഉപാസനയെക്കുറിച്ച് പറയുന്നു.
ഭൂമിരന്തരീക്ഷം ദ്യൗരിത്യഷ്ടാവക്ഷരാണി...
ഭൂമി, അന്തരീക്ഷം, ദ്യോവ് ഇത് എട്ട് അക്ഷരങ്ങളാണ്. ഗായത്രിയുടെ ഒന്നാമത്തെ പാദവും എട്ട് അക്ഷരങ്ങളോട് കൂടിയതാണ്. അതിന്റെ ഒന്നാം പാദം ഈ മൂന്ന് ലോകങ്ങള്‍ തന്നെയാണ്. ഗായത്രിയുടെ ഈ പാദത്തെ ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നയാള്‍ ഈ മൂന്ന് ലോകങ്ങളില്‍ എന്തെല്ലാമുണ്ടോ അതിനെയൊക്കെ ജയിക്കും.
വേദമന്ത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗായത്രിമന്ത്രം. മൂന്ന് പാദങ്ങളിലായി എട്ട് അക്ഷരങ്ങള്‍ വീതമുള്ളതാണ് ഗായത്രി ഛന്ദസ്സ്. ഇതില്‍ ഒന്നാം പാദത്തെ മൂന്ന് ലോകമായി സങ്കല്‍പിച്ച് ഉപാസിക്കണം.
ഋചോ യജുംഷി സാമാനീത്യഷ്ടാവക്ഷരാണി...
ഋച: യജുംഷി സാമാനി എന്നത് എട്ടക്ഷരങ്ങളാണ്. ഗായത്രിയുടെ രണ്ടാം പാദവും എട്ട് അക്ഷരമുള്ളതാണ്. രണ്ടാമത്തെ പാദം ഋഗ്വേദം, യജുര്‍വേദം സാമവേദം എന്നീ മൂന്ന് വേദങ്ങള്‍ തന്നെയാണ്. ഗായത്രിയുടെ ഈ പാദത്തെ അറിഞ്ഞ് ഉപാസിക്കുന്നവര്‍ ഈ വേദത്തിലെ ജ്ഞാനത്താല്‍ അതിന് ചേര്‍ന്ന ഫലത്തെ നേടുന്നു.
No comments:
Post a Comment