സൂര്യന്‍ തുലാരാശിയില്‍ പ്രവേശിക്കുന്ന കൃഷ്ണപക്ഷത്തിലെ പ്രദോഷത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. ഹിന്ദു, ജൈന, സിഖ് മതവിശ്വാസികള്‍ മണ്‍ചെരാതുകളില്‍ വിളക്ക് കത്തിച്ചും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷിക്കുന്നു.
ദീപാവലിയുമായി ബന്ധപ്പെടുത്തി പ്രചരിച്ച കഥകളൊക്കെയും അധാര്‍മികതയുടെ മേലുള്ള ധര്‍മത്തിന്റെ വിജയത്തെക്കുറിച്ചാണ്. തിന്മയുടെ അന്ധകാരത്തില്‍നിന്നു നന്മയുടെ പ്രഭാപൂരത്തിലേക്കു ജനതയെ കൈപിടിച്ചുയര്‍ത്തിയ സംഭവങ്ങളുടെ സ്മരണകളാണ്.
ദീപം (വിളക്ക്), ആവലി (നിര) എന്നീ പദങ്ങള്‍ ചേര്‍ന്നാണ് ദീപാവലി എന്ന പദം ഉണ്ടായത്, ഇത് ലോപിച്ചാണ് ദീവാളി എന്നായത്. കേരളത്തില്‍ പൊതുവെ ഒരു ദിവസത്തെ ആഘോഷം മാത്രമാണുള്ളതെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ദീപാവലി (ദീവാളി). അമിതമായ ആഘോഷങ്ങളില്‍ അഭിരമിച്ചു തന്റെ സമ്പാദ്യമെല്ലാം കളഞ്ഞുകുളിക്കുന്നതിനെ ദ്യോതിപ്പിക്കുന്ന 'ദീവാളികുളിക്കുക' എന്ന ഭാഷ പ്രയോഗവും ദീപാവലിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നു.
ധനത്രയോദശി എന്നാണ് ആദ്യദിനം അറിയപ്പെടുന്നത്. ഹിമ എന്ന രാജാവിന്റെ പുത്രന്‍ ജാതകവശാല്‍ വിവാഹത്തിന്റെ നാലാം ദിവസം പാമ്പുകടിയേറ്റ് മരിക്കുമെന്നായിരുന്നു. വിവാഹത്തിന്റെ നാലാം രാത്രി ഇതറിഞ്ഞ രാജകുമാരന്റെ ഭാര്യ വീടുമുഴുവന്‍ വിളക്കുകള്‍ കൊളുത്തി, ഉമ്മറവാതിലിനു മുന്നില്‍ ആഭരണങ്ങളുടെയും നാണയങ്ങളുടെയും കൂമ്പാരം നിരത്തി. സര്‍പ്പരൂപത്തിലെത്തിയ യമദേവന് വീട്ടിലെ പ്രഭാപൂരത്തില്‍ കണ്ണ് മഞ്ഞളിച്ച് അകത്തു കടക്കാനായില്ല. അന്നു രാത്രി മുഴുവന്‍ രാജകുമാരി പറഞ്ഞ കഥകള്‍ കേട്ട് സര്‍പ്പം പിറ്റേന്ന് തിരിച്ചു പോയെന്നാണ് ഐതിഹ്യം. അന്ന് അശ്വിന മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമായിരുന്നതിനാലാണ് ഇന്നും വീടും വ്യാപാരസ്ഥാപനങ്ങളും ഇതേദിവസം അലങ്കരിച്ച് വാതില്‍ക്കല്‍ രംഗോലി ഇട്ട്, വിളക്കു വെച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും ചെയ്യുന്നത്.
ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുര്‍ദശി. അശ്വിന മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ആണ് ഇത്. നരകാസുരനെ വധിച്ച കാളിയെ ആണ് അന്നേ ദിവസം പൂക്കുന്നത്. മറ്റൊരു ഐതിഹ്യം ലക്ഷ്മീദേവിയുടേയും മഹാവിഷ്ണുവിന്റേയും വിവാഹദിനമാണ് ദീപാവലി ആഘോഷിക്കുന്നത് എന്നതാണ്. ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് (അമാവാസി) ലക്ഷ്മിപൂജ. പാലാഴിമഥനത്തിലൂടെ മഹാലക്ഷ്മി അവതാരമെടുത്ത ദിനമാണ് ഇതെന്ന് വിശ്വസിക്കുന്നു. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടതും ഇതാണ്. അന്നേ ദിവസം ഗണപതി, കുബേരന്‍, മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, എന്നീ ദേവതകളെ പൂജിക്കുന്നു. പദ്വ അഥവാ ബലിപ്രതിപദ ആണ് നാലാമത്തെ ദിനം. ഉത്തരേന്ത്യയില്‍ ഈ ദിവസം ഗോവര്‍ധനപൂജ നടത്തുന്നു.
ആചാരങ്ങള്‍ പല സംസ്ഥാനങ്ങളിലും പലതാണെങ്കിലും, തേച്ചു കുളിയും പുതുവസ്ത്രങ്ങള്‍ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങള്‍ കൊടുക്കുന്നതും പതിവാണ്. ഇതു കൂടാതെ രംഗോലിയോ കോലമോ കൊണ്ടു മുറ്റം അലങ്കരിക്കുക, കളിമണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകള്‍ പണിയുക, ബലിയെയും ഭാര്യ വിന്ധ്യാവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകള്‍ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്.
അഞ്ചാമത്തെ ദിവസം അറിപ്പെടുന്നത് ഭായ്ദൂജ് എന്നാണ്. യമന്‍ സഹോദരിയായ യമിയെ സന്ദര്‍ശിച്ച് ഉപഹാരങ്ങള്‍ നല്‍കിയ ദിനമാണിത്. ഈ ദിവസം സഹോദരിയുടെ കൈയില്‍ നിന്നും തിലകമണിയുന്നവര്‍ ഒരിക്കലും മരിക്കില്ലെന്ന് യമന്‍ പ്രഖ്യാപിച്ചു. സഹോദരീ സഹോദരന്മാര്‍ക്കിടിയിലെ സ്‌നേഹത്തിന്റെ പ്രതീകമാണ് ഭായ്ദൂജ്.
ദീപാവലി ആഘോഷത്തിനു പിന്നില്‍ പല കഥകള്‍ പ്രചാരത്തിലുണ്ട്. അവയില്‍ ഏറ്റവും പ്രചാരമുള്ള കഥ നരകാസുര വധവുമായി ബന്ധപ്പെട്ടതാണ്. ഹിരണ്യാക്ഷന്‍ എന്ന അസുരന്‍ ഭൂമിദേവിയെ തട്ടിയെടുത്ത് പാതാളത്തിലേക്ക് അപ്രത്യക്ഷനായ സമയം ദേവിയുടെ മേനിയും ഹിരണ്യാക്ഷന്റെ കൊമ്പുമായി സമ്പര്‍ക്കമുണ്ടായി. അതോടെ ഗര്‍ഭിണിയായ ഭൂമിദേവി അതിശക്തനായ അസുരശിശുവിനെ പ്രസവിച്ചു. ഭൂമിദേവിയുടെ ദയനീയത കണ്ടു മനസ്സലിഞ്ഞ മഹാവിഷ്ണു അസുരനില്‍ നിന്നും ദേവിയെ മോചിതയാക്കി. അശുദ്ധിയില്‍ നിന്നാണ് ജനനമെങ്കിലും തന്റെ കുഞ്ഞിനെ രക്ഷിക്കണമെന്ന് ഭൂമിദേവി ഭഗവാനോട് അഭ്യര്‍ഥിച്ചു. ഭഗവാന്‍ അവന് നരകന്‍ എന്ന് പേരിട്ട്, നാരായണാസ്ത്രം നല്‍കി അനുഗ്രഹിച്ചു. അസ്ത്രം കയ്യിലുള്ളിടത്തോളം പത്‌നീസമേതനായ ശ്രീഹരിക്കല്ലാതെ മറ്റാര്‍ക്കും അവനെ വധിക്കാനാവില്ലെന്നു വരവും നല്‍കി.
വരലബ്ധിയില്‍ നരകന്‍ മഹാ അഹങ്കാരിയായി. ദേവസ്ത്രീകളെ ബലാത്ക്കാരം ചെയ്യാനും ദേവന്മാരെ ഉപദ്രവിക്കാനും അവന് മടിയില്ലായിരുന്നു. പ്രാഗ്‌ജ്യോതിഷം എന്ന അവന്റെ രാജ്യതലസ്ഥാനത്തേക്ക് അസുരന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രവേശിക്കാന്‍ അനുവാദവും നരകന്‍ കൊടുത്തില്ല.
ഒരു ദിവസം സ്വശക്തിയില്‍ മദോന്മത്തനായി ദേവേന്ദ്രന്റെ വാസസ്ഥലത്ത് ചെന്ന് സ്ഥാനചിഹ്നങ്ങളായ വെണ്‍കൊറ്റക്കുടയും കിരീടവും കൈയ്ക്കലാക്കുകയും ഇന്ദ്രമാതാവായ അദിതിയുടെ വൈരക്കമ്മലുകള്‍ സ്വന്തമാക്കുകയും ചെയ്തു നരകന്‍. പ്രാണഭീതിയോടെ ഇന്ദ്രന്‍ മഹാവിഷ്ണുവില്‍ അഭയം പ്രാപിച്ചു. ഭഗവാന്‍ മഹാലക്ഷ്മിയോടൊപ്പം ഗരുഡാരൂഢനായി പ്രാഗ്‌ജ്യോതിഷത്തിലെത്തി നരകാസുരനുമായി യുദ്ധം തുടങ്ങി. അന്ന് തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദശിയായിരുന്നു. അര്‍ധരാത്രി കഴിഞ്ഞ പാടെ ഭഗവാന്‍ നരകാസുരനെ വധിച്ചു. ബ്രാഹ്മമുഹൂര്‍ത്തം കഴിയവെ ഗംഗാ തീര്‍ഥത്തിലെത്തി ദേഹശുദ്ധിയും വരുത്തി. വീണ്ടെടുത്ത സ്ഥാനചിഹ്നങ്ങളും വൈരക്കമ്മലുകളും തന്റെ ആശ്രിതനായ ദേവേന്ദ്രനെ തിരിച്ചേല്‍പ്പിച്ചു. അസുര വധത്തില്‍ ആഹ്ലാദം പൂണ്ട ദേവന്മാര്‍ ദീപപ്രകാശത്തോടും കരഘോഷത്തോടും മധുര ഭക്ഷണത്തോടും ദേവലോകത്ത് ആഘോഷം തുടങ്ങി. ആ സ്മരണയുടെ ചുവടുപിടിച്ചാണ് ദീപാവലി ഭൂമിയിലും പ്രകാശപൂര്‍ണമായ ഒരാചാരമായി മാറിയത്.
മറ്റൊരൈതിഹ്യം ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ദുഷ്ടനിഗ്രഹം ആധാരമാക്കിയാണ്. രാവണനിഗ്രഹത്തിനു ശേഷം സീതാദേവിയോടൊപ്പം ഭഗവാന്‍ അയോധ്യയിലേക്ക് മടങ്ങിയത് തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശിയിലായിരുന്നു. പത്‌നീസമേതനായി തിരിച്ചെത്തിയ മഹാരാജാവിനെ അത്യാഘോഷപൂര്‍വം അയോധ്യാവാസികള്‍ സ്വീകരിച്ചു. ഇതിന്റെ ഓര്‍മയില്‍ പിന്നീട് ഭാരതമാകെ ദേശീയോത്സവമായി ദീപാവലി കൊണ്ടാടി.
രണ്ട് ഐതിഹ്യങ്ങളിലേയും പൊരുള്‍ ഒന്നുതന്നെ. ദുഷ്ടനിഗ്രഹത്തിലുടെ ഭൂമിയെ പ്രകാശമാനമാക്കി എന്ന തത്ത്വം. ആ പ്രകാശം ദീപോത്സവമാക്കി നമ്മള്‍ ആഘോഷിക്കുന്നു.
പ്രകാശമേകുകയാണ് ദീപങ്ങളുടെ ധര്‍മം. അതിലുടെ നമ്മള്‍ പലതും കാണുന്നു, അറിയുന്നു, അനുഭവിക്കുന്നു.
ദീപാവലിക്കു തൊട്ടുമുന്‍പുള്ള അമാവാസി പിതൃബലിക്കും പുണ്യതീര്‍ഥസ്‌നാനത്തിനും ഉത്തമമണ്. വ്രതാനുഷ്ടാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും തൈലസേചനം അപൂര്‍വമാണ്. എന്നാല്‍ ദീപാവലിയില്‍ പരമപ്രധാനം അംഗപ്രത്യംഗം എണ്ണ തേച്ചുള്ള പ്രഭാതസ്‌നാനമാണ്. ആ പുണ്യദിനത്തില്‍ മഹാലക്ഷ്മി എണ്ണയിലും ഗംഗാദേവി ജലത്തിലും സാന്നിധ്യപ്പെടും എന്നും ചതുര്‍ദശിയിലെ പ്രഭാതസ്‌നാനം സര്‍വൈശ്വര്യങ്ങളും പ്രദാനം ചെയ്യും എന്നുമാണ് വിശ്വാസം.
ഏതു വിശ്വാസമായാലും എല്ലാത്തിന്റെയും ആത്യന്തിക തത്ത്വം തിന്മയില്‍ നിന്ന് നന്മയിലേക്കുള്ള മാറ്റമാണ്. നന്മനിറഞ്ഞ ഒരു ലോകത്തെ കാംക്ഷിച്ചുകൊണ്ട് എല്ലാവര്‍ക്കും നന്മനിറഞ്ഞ ദീപാവലി ആശംസിക്കുന്നു.
No comments:
Post a Comment