Wednesday, November 21, 2018

അവ്യയങ്ങൾ  अव्यया: 
കളരി 38 വരെ നാമങ്ങളേപ്പറ്റിയും ക്രിയകളേപ്പറ്റിയുമുള്ള അനേകം കാര്യങ്ങൾ നാം  മനസ്സിലാക്കി.  ലിംഗം,  വചനം,   വിഭക്തി എന്നിവ അനുസരിച്ച് നാമങ്ങൾക്ക് (ശബ്ദങ്ങൾക്ക്)  നിരവധി മാറ്റങ്ങൾ ഉണ്ടാകുന്നു.   ധാതുക്കൾക്കാണെങ്കിൽ പുരുഷൻ വചനം, കാലം, പ്രകാരം ഇവയെ ആസ്പദമാക്കിയും അനേകമനേകം രൂപമാറ്റങ്ങളുണ്ടാകുന്നു.
എന്നാൽ യാതൊരു വിധ രൂപമാറ്റവുമുണ്ടാകാത്ത മൂന്നാമതൊരുതരം പദങ്ങളുണ്ട്.  അവയെയാണ് അവ്യയങ്ങൾ എന്നു പറയുന്നത്. വ്യയമില്ലാത്തത്, മാറ്റമില്ലാത്തത് അവ്യയം.  
കുട്ടി പഠിക്കാൻ പോകുന്നു,  കുട്ടി പഠിക്കാൻ പോയി.   കുട്ടി പഠിക്കാൻ പോകും. കുട്ടി പഠിക്കാൻ പോകട്ടെ.  
ഈ വാക്യങ്ങളിൽ പഠിക്കുക, പോകുക എന്ന രണ്ടു ക്രിയകളുണ്ട്.   ഇവയിൽ പഠിക്കുക എന്ന കർമം നടക്കുന്നത് പോകുക എന്ന കർമത്തിനു ശേഷമാണല്ലോ.  ആദ്യം നടക്കുന്ന ക്രിയയക്കു മാത്രം കർത്താവിന്റെ പുരുഷ വചനങ്ങളനുസരിച്ചു മാറ്റം വരുന്നു. രണ്ടാമതു നടക്കുന്ന  ക്രിയ നാലു വാക്യങ്ങളിലും പഠിക്കുക എന്നതാണ്.  അതു സൂചിപ്പിക്കുന്ന പഠിക്കാൻ എന്ന ക്രിയാരൂപത്തിന് യാതൊരു മാറ്റവുമില്ല. ഇപ്രകാരം ഉള്ള പദമാണ് അവ്യയം.  
പഠിക്കാൻ, എഴുതാൻ, പറയാൻ തുടങ്ങിയ അർത്ഥം കിട്ടാൻ സംസ്കൃതത്തിൽ ധാതുക്കളോടുകൂടി തും എന്ന പ്രത്യയം ചേർക്കുന്നു.   ചിലപ്പോൾ തും എന്നത് ഇതും  എന്നാകും.
पठितुं = പഠിക്കുന്നതിന്
लिखितुं = എഴുതുന്നതിന്
कर्तुं = ചെയ്യുന്നതിന്
गन्तुं  = പോകുന്നതിന്
छात्रा: पठितुं विद्यालयं गच्छन्ति।= വിദ്യാർഥികൾ പഠിക്കുന്നതിനായി  വിദ്യാലയത്തിലേയ്ക്കു പോകുന്നു.
किमर्थं विद्यालयं गच्छन्ति?  पठितुं विद्यालयं गच्छन्ति।
किमर्थं = എന്തിന്, എന്തിനു വേണ്ടി. (കിമർത്ഥം ഒരു അവ്യയപദമാണ്)
पठितुं गच्छति, पठितुं अगच्छत्,  पठितुं गमिष्यति, पठितुं गच्छेत् (പഠിക്കാൻ പോകുന്നു, പഠിക്കാൻ പോയി, പഠിക്കാൻ പോകും, പഠിക്കാൻ പോകട്ടെ) .  കാലമേതായാലും, പ്രകാരം ഏതായാലും പഠിതും എന്ന പദത്തിന് രൂപവ്യത്യാസം വരുന്നില്ല.  അതുപോലെ
 स: पठितुं गच्छति। तौ पठितुं गच्छत:।  ते पठितुं गच्छन्ति।  കർത്താവിന്റെയും ഗച്ഛ് ധാതുവിന്റെയും രൂപങ്ങൾ മാറിയെങ്കിലും പഠിതും എന്നതിനു മാറ്റം വരുന്നില്ല.  അതിനാൽ പഠിതും എന്ന രൂപത്തിൽ ലിംഗ വചന വിഭക്തികളുടെയോ പുരുഷ വചനങ്ങളുടെയോ അടിസ്ഥാനത്തിൽ യാതൊരു മാറ്റവുമില്ല.  അതിനാൽ അത് അവ്യയം.  ഒരു പ്രവൃത്തി ചെയ്യാൻ എന്ന അർത്ഥത്തിൽ ധാതുവിനോട്  तुम् പ്രത്യയം ചേരുമ്പോൾ ഉണ്ടാകുന്ന പദം അവ്യയം ആണെന്നറിയുക.
ചില ഉദാഹരണങ്ങൾ--
ഗന്തും = പോകുന്നതിന്
ശ്രോതും = കേൾക്കുന്നതിന്
ദാതും = നൽകുന്നതിന്
ഭോക്തും = ഭക്ഷിക്കുന്നതിന്
സ്തോതും = സ്തുതിക്കുന്നതിന്
ത്യക്തും = ത്യജിക്കുന്നതിന്
ഹന്തും = കൊല്ലുന്നതിന്
രക്ഷിതും = രക്ഷിക്കുന്നതിന്
കർതും = ചെയ്യുന്നതിന്
ജേതും = ജയിക്കുന്നതിന്
പാതും = കുടിക്കുന്നതിന്
നേതും = നയിക്കുന്നതിന്
ഒരു കാര്യം ചെയ്യാൻ, ചെയ്യുന്നതിന് എന്നർത്ഥം വരുന്ന ഈ അവ്യയങ്ങൾക്കൊരു പേരുണ്ട്.  തുമുന്നന്ത അവ്യയങ്ങൾ.
ഇവയെല്ലാം മറ്റൊരു ക്രിയാപദത്തെ വിശേഷിപ്പിക്കുന്ന ക്രിയാവിശേഷണങ്ങൾ ആണ്.
सैनिक: जेतुं युद्धं करोति। ഭടൻ ജയിക്കാനായി യുദ്ധം ചെയ്യുന്നു.
पति: भोक्तुं गृहं आगच्छति। ഭർത്താവ് ഭക്ഷണം കഴിക്കാൻ വീട്ടിലേക്കു വരുന്നു.
हे पुत्र त्वं देवं नमस्कर्तुं देवालयं गच्छ। ഹേ പുത്ര! നീ ദേവനെ നമസ്കരിക്കാൻ ക്ഷേത്രത്തിലേക്കു പോകൂ.
दुष्टान् हन्तुं शिष्टान् रक्षितुं च ईश्वर: भूमौ अवतरति। ദുഷ്ടന്മാരെ കൊല്ലുന്നതിനും ശിഷ്ടന്മാരെ രക്ഷിക്കുന്നതിനുമായി ഈശ്വരൻ ഭൂമിയിൽ അവതരിക്കുന്നു.
संस्कृतभाषां पठितुं अहं संस्कृतक्कलरीं आश्रयामि। സംസ്കൃതഭാഷ പഠിക്കുന്നതിനായി ഞാൻ സംസ്കൃതക്കളരിയെ ആശ്രയിക്കുന്നു.
pradikshanam

No comments: