ഛാന്ദോഗ്യോപനിഷത്ത് 55
സങ്കല്പത്തെ ബ്രഹ്മമായി ഉപാസിക്കണമെന്ന് കേട്ട നാരദന്‍ സങ്കല്പത്തേക്കാള്‍ കേമമായി എന്തെങ്കിലുമുണ്ടോ എന്ന് ചോദിച്ചു. ഉണ്ട് എന്ന് സനത് കുമാരന്‍ പറഞ്ഞു. എങ്കില്‍ എനിക്കത് ഉപദേശിച്ചു തരണമെന്ന് നാരദന്‍ ആവശ്യപ്പെട്ടു.
ചിത്തം വാവ സങ്കല്പാദ് ഭൂയോ, യദാ വൈ ചേതയതേളഥ സങ്കല്പയതേ, അഥ മനസ്യതി, അഥ വാചമീരയതി, താമൂ നാമ്‌നീരയതി, നാമ്‌നി മന്ത്രാ ഏകം ഭവന്തി മന്ത്രേഷു കര്‍മ്മാണി.
ചിത്തമാണ് സങ്കല്പത്തേക്കാള്‍ ശ്രേഷ്ഠം. ചിത്തമെന്ന് പറയുന്നത് ചേതയിതൃത്വം ഉള്ളതാണ്. ഒരു വസ്തുവിനെപ്പറ്റി മുന്‍പുള്ളതും ഇപ്പോഴുള്ളതും വരാന്‍ പോകുന്നതുമായ കാര്യങ്ങളെ വേണ്ട വിധത്തില്‍ നിരൂപണം ചെയ്യലാണിത്.
ചിത്ത വ്യാപാരമുണ്ടാകുമ്പോഴാണ് സങ്കല്പിക്കുന്നത്. തുടര്‍ന്ന് മനസ്സില്‍ വിചാരിക്കുന്നു. പിന്നെ വാക്കുകളെ പറയുന്നു. അതു കഴിഞ്ഞ് നാമങ്ങളുടെ വിഷയത്തില്‍ പ്രേരിപ്പിക്കുന്നു. നാമത്തില്‍ മന്ത്രങ്ങളും മന്ത്രങ്ങളില്‍ കര്‍മ്മങ്ങളും ഉള്‍ക്കൊള്ളുന്നു.
അന്തക്കരണത്തിന്റെ രണ്ട് പ്രവര്‍ത്തനങ്ങളെ ചേര്‍ത്താണ് ചിത്തം എന്ന് പറഞ്ഞത്. ഇവിടെ ബുദ്ധിയേയും ഓര്‍മയേയും ചേര്‍ത്തുകൊണ്ടാണ് ചിത്തം എന്ന് വിശേഷിപ്പിച്ചത്. ചിത്തം കൊണ്ട് കാര്യങ്ങളെ ഓര്‍മ്മിച്ച് ആലോചിച്ച് ഉറപ്പിച്ച ശേഷം അത് ചെയ്യണമെന്ന് സങ്കല്പിക്കുന്നു. തുടര്‍ന്ന് മനസ്യനവും വാക്കും നാമവുമൊക്കെ...
താനി ഹ വാ ഏതാനി ചിത്തൈകായനാനി ചിത്താത്താനി ചിത്തേ പ്രതിഷ്ഠിതാനി...
ചിത്തമാത്മാ, ചിത്തം പ്രതിഷ്ഠാ ചിത്തമുപാസ്സ്വേതി.
സങ്കല്പം മുതലായവ ചിത്തത്തില്‍ നിന്ന് ഉണ്ടാകുന്നവയും ചിത്തസ്വരൂപങ്ങളും ചിത്തത്തില്‍ പ്രതിഷ്ഠിതവുമാണ്. അതിനാല്‍ നല്ല അറിവുള്ള ആളായാലും ചിത്തമില്ലാത്തവനാന്നെങ്കില്‍ അയാള്‍ക്ക് 'ഇവ ഇല്ല' എന്ന് ആളുകള്‍ പറയും. അയാള്‍ക്ക് അറിവുണ്ടെങ്കിലോ വിദ്വാനാണെങ്കിലാ ഇതുപോലെ ചിത്തമില്ലാത്തവനായിത്തീരുകയില്ലായിരുന്നു. അല്പം അറിവുള്ളവനായാലും ചിത്തമുള്ളയാളില്‍നിന്ന് ആളുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കും. ചിത്തം തന്നെയാണ് എല്ലാറ്റിനും ആശ്രയവും ആത്മാവും പ്രതിഷ്ഠയും. അതിനാല്‍ ചിത്തത്തെ ബ്രഹ്മമായി ഉപാസിക്കണം.
ചിത്തമില്ലാത്തയാളെ 'ഇവന്‍ ഇല്ല' എന്ന് പറയുന്നത് ഉണ്ടെങ്കിലും ഇല്ലാത്തതുപോലെ ആയതിനാലാണ്. ഇയാളുടെ അറിവ് കൊണ്ടും പ്രയോജനമില്ല. വല്ലതും അറിയാമായിരുന്നുവെങ്കില്‍ ഇങ്ങനെയാകുകയില്ലായിരുന്നു. ഇയാള്‍ പഠിച്ചതും പഠിക്കാത്തതും ഒരുപോലെയെന്ന് ചിത്തമില്ലാത്തവരെപ്പറ്റി മറ്റുള്ളവര്‍ കരുതും.
സ യശ്ചിത്തം ബ്രഹ്മേത്യുപാസ്‌തേ ചിത്താന്‍ വൈ സ ലോകാന്‍ ധ്രുവാന്‍ ധ്രുവ: പ്രതിഷ്ഠിതാന്‍ പ്രതിഷ്ഠിത: അവ്യഥ മാനാ നവ്യഥ മാനോളഭി സിധ്യതി, യാവച്ചിത്തസ്യ ഗതം തത്രാസ്യ യഥാകാമ ചാരോ ഭവതി യശ്ചിത്തം ബ്രഹ്മേത്യുപാസ്‌തേ...
ചിത്തത്തെ ബ്രഹ്മമായി ഉപാസിക്കുന്നയാള്‍ ബുദ്ധിയുടെ ഗുണങ്ങളാല്‍ സമൃദ്ധങ്ങളും നിത്യങ്ങളും സുപ്രതിഷ്ഠിതങ്ങളും ആരുടേയും ഉപദ്രവമില്ലാത്തതുമായ ലോകങ്ങളെ പ്രാപിക്കും. അവിടെ നിത്യനായും സുപ്രതിഷ്ഠിതനായും ഭയമില്ലാത്തവനായും കഴിയും.
ചിത്തത്തിന് വിഷയമായവയിലെല്ലാം ഇഷ്ടം പോലെ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യവും അയാള്‍ക്കുണ്ടാകും. അതിനാല്‍ ചിത്തത്തെ ബ്രഹ്മമായി ഉപാസിക്കണം.
സ്വാമി അഭയാനന്ദ
No comments:
Post a Comment