പ്രാണായാമത്തെപ്പറ്റിയുള്ള ചര്‍ച്ചകഴിഞ്ഞു. ഇനി ക്രിയകളാണ്.
മേദശ്ലേഷ്മാധിക: പൂര്‍വം
ഷട് കര്‍മാണി സമാചരേത്
അന്യസ്തു നാചരേത് താനി
ദോഷാണാം സമഭാവത: - 2 - 21
മേദസ്സും കഫവും കൂടുതലുള്ളവര്‍ ആദ്യം ആറു ക്രിയകള്‍ ചെയ്യണം. ത്രിദോഷങ്ങള്‍ സമമായതുകൊണ്ട് മറ്റുള്ളവര്‍ അത് ചെയ്യരുത്.
ചരകസംഹിതയില്‍ പറയുന്നു :-
വായു: പിത്തം കഫശ്ചോക്ത:
ശാരീരോ ദോഷ സംഗ്രഹം
വാതം, പിത്തം, കഫം എന്നിങ്ങനെ മൂന്നാണ് ശരീരത്തില്‍ ഉള്ള ദോഷങ്ങള്‍, ത്രിദോഷങ്ങള്‍. ദോഷസാമ്യം, അതായത് മൂന്ന് ദോഷങ്ങളും വേണ്ട അളവില്‍ സന്തുലിതമായി വരുന്നതാണ് ആരോഗ്യം. അവയില്‍ ചിലതു കൂടുക, ചിലതു കുറയുക എന്നത് ദോഷവൈഷമ്യം. ഇതാണ് ശരീരത്തിലേക്ക് രോഗത്തെ ആകര്‍ഷിക്കുന്നത്. ദോഷവൈഷമ്യമകറ്റി ദോഷസാമ്യമുണ്ടാക്കലാണ് ചികിത്സ.
പ്രാണായാമത്തിനു മുമ്പ് ഈ കുഴപ്പങ്ങള്‍ തീര്‍ക്കണം. അനാവശ്യമായ കൊഴുപ്പു കളയണം. നാസാ നാളത്തിലെയും ശ്വാസനാളത്തിലേയും കെട്ടിക്കിടക്കുന്ന കഫം ഇളക്കിക്കളയണം. വയറ്റിലെയും കുടലിലെയും ദുര്‍വായു കളയണം. ഇതിനെല്ലാമായി ഹീയോഗത്തില്‍ 6 ക്രിയകള്‍ പറയുന്നുണ്ട്. ആയുര്‍വേദവും പ്രകൃതി ചികിത്സയും ഒക്കെ ചേര്‍ന്ന ഒരു പദ്ധതിയാണിത്. എന്നാല്‍ ദോഷസാമ്യമുള്ളവര്‍ക്ക് ഷട്ക്രിയയുടെ ആവശ്യമില്ല. എങ്കിലും യോഗവിദ്യാര്‍ഥികള്‍ ഇവ പഠിച്ചിരിക്കണം. പഠിപ്പിക്കാനും, വേണ്ട സമയത്ത് സ്വയം അഭ്യസിക്കാനും ഇതിലുള്ള ജ്ഞാനം ആവശ്യം തന്നെ.
ധൗതിര്‍ വസ്തിസ്തഥാ നേതി -
സ്ത്രാടകം നൗളികം തഥാ
കപാലഭാതിശ്ചൈതാനി
ഷട്കര്‍മാണി പ്രചക്ഷതെ. - 2 - 22
ധൗതി, വസ്തി,നേതി, ത്രാടകം, നൗളി,
കപാലഭാതി എന്നിവയാണ് ഷട്കര്‍മങ്ങള്‍
ഹഠയോഗത്തിലെ പ്രധാനപ്പെട്ട ചില പ്രയോഗങ്ങളാണ് ഷട്ക്രിയകള്‍ അഥവാ ഷട്കര്‍മങ്ങള്‍. ദേഹശുദ്ധി തന്നെയാണ് ഇവയുടെ എല്ലാം ഉദ്ദേശ്യം. ദേഹത്തിലെ വിവിധ ദ്വാരങ്ങളെയാണ് ഇതില്‍ ഉപയോഗപ്പെടുത്തുന്നത്. അതു കൊണ്ട് കൈകാലുകള്‍ക്ക് ഇതില്‍ പ്രവൃത്തിയില്ല. ഘേരണ്ഡ സംഹിതയാണ് ക്രിയകള്‍ കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യുന്നത്. അതുകൂടി ഇതിന്റെ ചര്‍ച്ചയില്‍ പരിശോധിക്കും.
ധൗതി അന്നനാളത്തെയും ആമാശയത്തെയും ശുദ്ധീകരിക്കാനാണ്. വസ്തി കുടലിനെ ശുദ്ധിയാക്കും. നേതി ശ്വാസനാളത്തെയാണ് ശുദ്ധിയാക്കുന്നത്. ത്രാടകം കണ്ണിനെ ശുദ്ധീകരിക്കന്നു. നൗളി ഉദരപേശികളെ ശുദ്ധമാക്കും കപാലഭാതി തലച്ചോറിലെ നാഡികളെ ശുദ്ധമാക്കും.
കര്‍മ ഷട്കമിദം ഗോപ്യം
ഘടശോധന കാരകം
വിചിത്ര ഗുണ സംധായി
പൂജ്യതേ യോഗി പുങ്ഗവൈ: - 2 - 23
ഷട്ക്രിയ എന്നും ഷട്കര്‍മം എന്നും പറയുന്നത് ഒന്നു തന്നെ. ഈ ഷട്കര്‍മങ്ങള്‍ രഹസ്യവും ദേഹശുദ്ധിക്കുള്ളതുമാണ്. പല ഗുണങ്ങളുമുള്ളതാണ്. ശ്രേഷ്ഠന്മാരായ യോഗിമാര്‍ അനുഷ്ഠിക്കുന്നതുമാണ്.
'കര്‍മഷട്കം' എന്നാല്‍ കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞ ആറു കര്‍മങ്ങളുടെ കൂട്ടം. അതു ഗോപ്യമാണ്. ഗോപനം ചെയ്യുക എന്നാല്‍ ഒളിപ്പിക്കുക എന്നര്‍ഥം. രഹസ്യമാണെന്നു താല്പര്യം. ആരില്‍ നിന്നും ഒളിപ്പിക്കണം?. അനര്‍ഹര്‍ക്ക് ഇതുപദേശിക്കരുത് എന്നാണ് താല്പര്യം. ദുരുപയോഗം ചെയ്യന്നവരെ അകറ്റണം. യോഗ്യതയുള്ളവര്‍ക്ക് കൊടുക്കണം. സ്വന്തം ഷട്കര്‍മാഭ്യാസവും ഗോപ്യമായേ ചെയ്യാവൂ.
ഘടം എന്നാല്‍ ശരീരമെന്നാണ് ഇവിടെ അര്‍ഥം. അതിന്റെ മലങ്ങളെ കളയാനുള്ള തന്ത്രങ്ങളാണ് ക്രിയകള്‍. വളരെ ഗുണകരമായ, ഗൗരവമുള്ള അഭ്യാസമാണ് ഷട്കര്‍മങ്ങള്‍. ശരീരം ശുദ്ധമാവുന്നതിലൂടെ മനസ്സും ശുദ്ധമാവും.
മണ്ണു കൊണ്ട് കുടമുണ്ടാക്കും. അതിന് പക്ഷെ വേണ്ടത്ര ഉറപ്പുണ്ടാവുകയില്ല. വെള്ളത്തിലിട്ടാലലിഞ്ഞു പോകും.അത് ചുട്ടെടുത്താലോ? അതിന് പിന്നെ കേടു വരില്ല. 5000 വര്‍ഷത്തെ പഴക്കമുള്ള മണ്‍കുടങ്ങള്‍ പു
രാവസ്തുവായി മണ്ണില്‍ നിന്നു പുറത്തേക്കെടുക്കാറുണ്ട്. നശിക്കാതിരിക്കുന്നുണ്ട്. അതുപോലെ ശരീരമാകുന്ന ഘടവും യോഗാഗ്‌നിയില്‍ ദഹിപ്പിച്ചാല്‍ പൂര്‍വാധികം ശക്തമാകും.
ഷട്കര്‍മം കൊണ്ട് ശുദ്ധി, ആസനം കൊണ്ട് ദൃഢത, മുദ്ര കൊണ്ട് സ്ഥിരത, പ്രത്യാഹാരം കൊണ്ട് ധൈര്യം, പ്രാണായാമം കൊണ്ട് ലാഘവം (ഭാരക്കുറവ് ), ധ്യാനം കൊണ്ട് ആത്മസാക്ഷാത്കാരം, സമാധി കൊണ്ട് നിസ്സംഗാവസ്ഥ ഇങ്ങിനെ എഴു കൂട്ടം സാധന - സാധ്യങ്ങള്‍ ഘടശുദ്ധിക്കായി ഘേരണ്ഡ മുനി ഉപദേശിക്കുന്നുണ്ട്.
No comments:
Post a Comment