Wednesday, November 07, 2018

ധേനുകവധം

ശ്രീകൃഷ്ണകഥാരസം/ഹരീഷ്. ആര്‍. നമ്പൂതിരിപ്പാട്
Thursday 8 November 2018 1:03 am IST
ഒരു ദിവസം പതിവുപോലെ, പശുക്കിടാങ്ങളേയും, തെളിച്ചുകൊണ്ട് ശ്രീകൃഷ്ണനും ഗോപന്മാരും വനാന്തര്‍ഭാഗത്തേക്കു കടന്നു... മനോഹരമായ പൂക്കളും, പൂമധു തേടുന്ന വണ്ടുകളും നിറഞ്ഞ, വനസൗന്ദര്യത്തില്‍ മതിമറന്ന് ശ്രീകൃഷ്ണന്‍ മനോഹരമായി ഓടക്കുഴല്‍ വിളിച്ചു... ആ നാദധാരയില്‍ സകലചരാചരങ്ങളും അലിഞ്ഞു ചേര്‍ന്നു...
കാട്ടിലും, മേട്ടിലും, മലഞ്ചെരുവുകളിലും, പശുക്കളുമായ് അവര്‍ ചുറ്റി സഞ്ചരിച്ചു.  മയിലിനൊപ്പം നൃത്തം ചവിട്ടിയും കുയിലിനെപ്പോലെ കൂവിയും, നുറുങ്ങു ഫലിതങ്ങള്‍ പൊട്ടിച്ചും ഭഗവാന്‍ രംഗത്തിനു കൊഴുപ്പേകി.
ശ്രീദാമാവെന്നു പേരായ ഗോപന്‍, ആ സമയത്ത് പറഞ്ഞു... 'കണ്ണാ, കളിയും, ചിരിയുമായ് നേരം കടന്നുപോയി ഞങ്ങള്‍ക്ക് വല്ലാതെ വിശക്കുന്നു, ഇതാ ഇവിടെ കുറച്ചകലെയായ് അതിമനേഹരമായ ഒരു വനമുണ്ട്...അവിടെ വിളയുന്ന പഴങ്ങള്‍ക്ക്, വല്ലാത്ത രുചിയാണത്രെ... പക്ഷേ ഒരാള്‍ക്കും അത് തിന്നാന്‍ എളുപ്പമല്ല... കഴുതയുടെ രൂപവും പുലിയുടെ ശൗര്യവുമുള്ള ധേനുകാസുരനും, ബന്ധുക്കളുമാണ് അവിടെ വസിക്കുന്നത്.
നരഭോജികളായ അവരെ ഭയന്ന്, ഒരീച്ചപോലും ആ വഴി ചെല്ലാറില്ല.  ആരും തിന്നിട്ടില്ലാത്ത ആ പഴങ്ങള്‍ ഒന്നു പറിച്ചു തരുമോ?  കൃഷ്ണാ, രാമാ, നിങ്ങള്‍ക്ക് അതിനു കഴിയും, വേഗം വരൂ, ഹായ്! എന്തു സുഗന്ധമാണ് അവയ്ക്ക് ഒന്നു വരൂ, രാമാ...
ശ്രീദാമാവിന്റെ ആഗ്രഹപ്രകാരം, രാമകൃഷ്ണന്‍മാരും മറ്റ് ഗോപന്മാരും ആ താലവനത്തിലേക്ക് പ്രവേശിച്ചു...  കുലകുലയായ് കായ്ച്ചുകിടക്കുന്ന പനമ്പഴങ്ങള്‍ കണ്ട് ആവേശഭരിതനായ ബലരാമന്‍ മരങ്ങള്‍ പിടിച്ച് കുലുക്കി...
കാട്ടാനകയറിയ കരിമ്പിന്‍കാടുപോലെ, രാമകൃഷ്ണന്‍മാര്‍ പനമരങ്ങള്‍ പിടിച്ചു കുലുക്കി, ഗോപന്‍മാര്‍ ആര്‍ത്തിയോടെ പഴങ്ങള്‍ വാരിക്കൂട്ടി.
ശബ്ദംകേട്ട് ധേനുകാസുരന്‍ അലറിക്കുതിച്ചു വന്നു, പിന്‍കാലുകൊണ്ട് തൊഴിച്ചെറിയാനായ് പാഞ്ഞടുത്ത അസുരന്റെ കാലു രണ്ടും കൂട്ടിപ്പിടിച്ച് ബലരാമന്‍ പനമരത്തില്‍ ആഞ്ഞടിച്ചു...
അസുരന്റെ തലയും പനമരവും ഒരുപോലെ പിളര്‍ന്നു വീണു...  ആ കൂറ്റന്‍ മരം മറിഞ്ഞു വീണപ്പോള്‍, അതിന്റെ ശക്തിയാല്‍, നിരനിരയായ് നിന്ന അനേകം മരങ്ങള്‍ കടപുഴകി വീണു...
ധേനുകന്റെ പതനംകണ്ട്, പാഞ്ഞെത്തിയ, അസുരന്‍മാരെ ജ്യേഷ്ഠാനുജന്‍മാര്‍, കാലില്‍പിടിച്ച് വലിച്ചെറിഞ്ഞ് സംഹരിച്ചു...
അസുരന്‍മാര്‍ ഒന്നൊഴിയാതെ അവസാനിച്ചപ്പോള്‍ ഗോപന്‍മാര്‍ സമാധാനമായിരുന്ന്, പനമ്പഴങ്ങള്‍ വാരിയെടുത്ത് തിന്നു...  അന്നുമുതല്‍ മനുഷ്യര്‍ക്ക് ധൈര്യപൂര്‍വ്വം ആ വനത്തില്‍, കയറി പനമ്പഴങ്ങള്‍ പറിക്കാറായി...
രാമകൃഷ്ണന്‍മാരെ തോളിലെടുത്ത് ആനന്ദനൃത്തചുവടുകളോടെ, ഗോപന്മാര്‍ ഗോകുലത്തിലെത്തിച്ചു...  അമ്മമാര്‍ അവരെ സ്വീകരിച്ച്, എണ്ണതേച്ചു കുളിപ്പിച്ച് യാത്രാക്ഷീണമകറ്റി... പാലും പഴങ്ങളും നല്‍കി സല്‍ക്കരിച്ച് പട്ടുമെത്തയില്‍ 

No comments: