Wednesday, November 14, 2018

സൗഹൃദം എന്താണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം.  ആരാണ് യഥാർത്ഥ സുഹൃത്ത്.   നമ്മുടെ സുഖത്തിലും ദുഃഖത്തിലും പ്രശ്നങ്ങളും കൂടെ നിൽക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്.  എപ്പോഴും നമ്മളെ പുകഴ്ത്തുന്നവർ നല്ല സുഹൃത്ത് ആകില്ല.   നമ്മുടെ തെറ്റുകൾ ചൂണ്ടി കാണിക്കുകയും അത് തിരുത്തുകയും ചെയ്യുന്നവരായിരിക്കും  യഥാർത്ഥ സുഹൃത്ത്. സൗഹൃദം എന്ന് പറഞ്ഞാൽ നമ്മളെ നമ്മളായി അറിയുന്നതാണ്. ബന്ധങ്ങളിൽ ഏറ്റവും ശ്രദ്ധിച്ചു തിരഞ്ഞെടുക്കണ്ടതാണ് സുഹൃത്ത് ബന്ധം. കാരണം നമ്മുടെ സ്വഭാവ രൂപീകരണത്തെയും മാറ്റത്തെയും  ജീവിതത്തെയും എല്ലാം സ്വാധീനിക്കാൻ സൗഹൃദത്തിന് കഴിയും.  ഒരാളുടെ സ്വഭാവം എന്തെന്നറിയാൻ അയാളുടെ സുഹൃത്തുക്കൾ ആരൊക്കെയാണ് എന്നറിഞ്ഞാൽ മതിയാകും. കാരണം നമ്മുടെ സ്വഭാവത്തോട് യോജിക്കാത്തവരുമായി ആത്മാർത്ഥമായ ഒരു സൗഹൃദം തുടർന്ന് പോകാൻ കഴിയില്ല. 

        കൗമാരപ്രായക്കാരിലാണ് സൗഹൃദങ്ങൾ വളരെയധികം പ്രയോജനം ചെയ്യുന്നതും പ്രശ്നം ഉണ്ടാക്കുന്നതും. സ്വഭാവ രൂപീകരണത്തിൽ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് കൗമാരം. കൂടുതൽ കുട്ടികൾക്കും രക്ഷിതാക്കൾക്ക് തങ്ങളോട് സ്നേഹമില്ല എന്ന് തോന്നി തുടങ്ങുന്ന പ്രായം. കൗമാരത്തിന്റെ പ്രശ്നങ്ങൾ അറിയുന്ന രക്ഷിതാക്കൾ അവരോട് കൂടുതൽ കർക്കശമാകുന്നതോ നിരീക്ഷിക്കുന്നതോ ആകാം അങ്ങനെ ഒരു തോന്നൽ ഉണ്ടാകാൻ കാരണം. ആ സാഹചര്യത്തിൽ ആകാം  കൂട്ടുകാർ ആണ് ഏറ്റവും വലുത് എന്ന് തോന്നുന്നതും അവർക്കായി എന്തും ചെയ്യാനുള്ള മനസ്സ് വരുന്നതും. ഈ സമയത്ത് കിട്ടുന്ന സൗഹൃദം നല്ലതായാൽ സ്വഭാവവും നന്നാകും. ചീത്ത കൂട്ടിൽ പെട്ടുപോയാൽ അത് പോലെ തന്നെ മോശം സ്വഭാവത്തിലെത്തും. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നവരിൽ കൂടുതലും കൂട്ടുകാർ വഴി ആ മേഖലയിൽ എത്തിപ്പെടുന്നവരാണ്.  പെൺകുട്ടികൾ പല അബദ്ധങ്ങളിൽ പെടുന്നതും ആൺകുട്ടികൾ പല കേസിൽ ചെന്ന് പെടുന്നതും ചീത്ത കൂട്ടുകെട്ടിലൂടെയാണ്. കുട്ടികൾ വഴിതെറ്റാതിരിക്കാനായി അവരെ നിരീക്ഷിക്കുന്നതിനേക്കാൾ സ്വയം അവരുടെ വിശ്വസ്തസുഹൃത്തുക്കളാകുകയാണ് നല്ലത്.

     
            നല്ല സ്വഭാവമുളള ഒരു വ്യക്തിക്ക്  ദുഷിച്ച സൗഹൃദത്തെ ഉൾക്കൊള്ളുന്നതിനാകില്ല. എത്രയും വേഗം അതിൽ നിന്നും രക്ഷപ്പെടാൻ ആഗ്രഹിച്ച് ആ സൗഹൃദം ഉപേക്ഷിക്കും. അത് പോലെ തന്നെ കളളുകുടിയാനായ ഒരുത്തൻ സാത്വികരായി നാമജപം  നടത്തുന്നവരുടെ  സൗഹൃദത്തിൽ പെട്ടാൽ എത്രയും പെട്ടെന്ന് അവിടുന്നു ഓടി രക്ഷപ്പെട്ടും. കാരണം ആ വ്യക്തിക്ക് ഈ അന്തരീക്ഷം ഉൾക്കൊള്ളുന്നതിന്  കഴിയില്ല എന്നത് തന്നെ.  ചിലപ്പോൾ മാറ്റങ്ങളും സംഭവിക്കാം. സൗഹൃദത്താൽ നല്ലവൻ കെട്ടവനും ആകാം. കെട്ടവൻ നല്ലവനും ആകാം. അത് അവന്റെ ഉള്ളിലെ വാസനാബലം തന്നെയാണ് ആ മാറ്റത്തിന് ആധാരം.


         ഇന്ന് ഒരു നല്ല സുഹൃത്തിനെ കിട്ടുക എന്നത് വളരെ വലിയ ഭാഗ്യമാണ്.  ഇന്നത്തെ പല ആത്മഹത്യകളും മാനസിക പ്രശ്നങ്ങളും ഒഴിവാക്കാൻ നല്ല സൗഹൃദങ്ങൾക്ക് കഴിയും.  തങ്ങളുടെ ജീവിതത്തിൽ  എല്ലാം തുറന്നു പറഞ്ഞു ദുഃഖങ്ങളും സുഖങ്ങളും പ്രശ്നങ്ങളും ഷെയർ ചെയ്യാനും, ആശ്വാസവചനങ്ങൾ പറയാനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും കഴിയുന്ന നല്ല സൗഹൃദങ്ങളുണ്ടെങ്കിൽ പലരും ആത്മഹത്യ എന്ന തീരുമാനത്തിൽ നിന്നും പിന്തിരിയുമായിരുന്നു. മാനസികമായ അസുഖങ്ങളിൽ നിന്നും രക്ഷപ്പെടുമായിരുന്നു.  പക്ഷേ ഇന്ന് വിശ്വാസമുളള സൗഹൃദങ്ങൾ വളരെ കുറവ്. അങ്ങനെ ഒരു സൗഹൃദം കിട്ടിയാൽ തന്നെ ഭാഗ്യം.  സൗഹൃദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക.. എല്ലാവർക്കും നല്ല സുഹൃത്തുക്കളെ കിട്ടട്ടെ....

No comments: