Wednesday, November 21, 2018

ക്ഷേത്രങ്ങളും ക്ഷേത്രാചാരങ്ങളും
--------------------------------------
( ഭാഗം മൂന്ന്)
അഷ്ടബന്ധ പ്രതിഷ്ഠയും കലശവും
(തുടർച്ച)
പുരുഷ- സ്ത്രീ- നപുംസക ശിലകൾ എങ്ങിനെ എന്ന് നോക്കാം
"ഗുർവ്വീ ധീരരവാ സ്‌ഫുലിംഗ ബഹു ളാ
ന്യഗ്രോ ധബോധിച്ഛദ -
പ്രഖ്യാ ബിംബവിധൌ വിശാല ബഹു ളാ
ഗ്രാഹ്യാ ശിലാ പൌരുഷീ,
രംഭാപത്രനിഭാ ന ചാതി ബഹുളാ
സ്നിഗ്ദ്ധസ്വരാ ശീതളാ
സ്‌ത്രൈണീ, പീഠവിധൌ ,ദ്വിലക്ഷ്മഭി ദുരാ
ക്ലൈബീ പദാബ്ജാർപണേ."
വലുതും ഗംഭീര ധ്വനിയോടുവാഴ കൂടിയതും ഉളി തട്ടിയാൽ ധാരാളം തീപ്പൊരി കാണുന്നതും പേരാലില പോലെയോ അരയാലില പോലെയോ ആകൃതി ഉള്ളതും വിസ്താരം കൂടുതലുള്ളതും ആയ ശില പുരുഷ ബിംബം നിർമ്മിക്കവാൻ യോഗ്യമാകുന്നു.
കദളിവാഴയിലപോലെ ഇരിക്കുന്നതും അധികം വിസ്താരമില്ലാത്തതും മൃദുസ്വരത്തോടുകൂടിയിരിക്കുന്നതും തൊട്ടാൽ തണുപ്പ് തോന്നുന്നതും ആയ ശില സ്ത്രീ ശിലപീഠമുണ്ടാക്കുവാൻ അനുയോജ്യമാണ്.
പുരുഷസ്ത്രീലക്ഷണസമ്മിശ്രസ്വഭാവത്തോട്കൂടിയ ശില നാളത്തിന്റെ ചുവട്ടിലുള്ള നപുംസകശിലാ നിർമ്മാണത്തിനായിട്ടും സ്വീകരിക്കാം.( ബിംബത്തിന്റെ പാദമുറപ്പിക്കാനുള്ള നാളത്തിന്റെ അടിയിലെ ശിലക്ക് നപുംസക ശില എന്ന് പറയും. )
അങ്ങിനെ ലക്ഷണത്തോടു കൂടിയ ശില നിശ്ചയിച്ചുകഴിഞ്ഞാൽ ദർഭ മൃത്ത്വക്കുകളെ കൊണ്ടും വെള്ളം കൊണ്ടും ആശിലകള കഴുകി വേണ്ട പോലെ ശുദ്ധി വരുത്തി ആ ശിലകളുടെ മുകളിൽ ദിഗ്ധ്വജങ്ങളോടും തോരണങ്ങളോട്ടും കൊടിക്കൂറുകളോടും പരിവൃതമായിട്ടുള്ള ഒരു മണ്ഡപം കെട്ടിയുണ്ടാക്കി എല്ലാ ദേവന്മാർക്കും പ്രസ്തുത മണ്ഡപത്തിന്റെ നടുക്ക് പത്മമിട്ട് മൂലമന്ത്രം കൊണ്ട് ദേവനേയും കിഴക്ക് മുതൽ എട്ട് ദിക്കുകളിലും ഇന്ദ്രാദി ദ്ക്പാലകന്മാരേയും ആവാഹിച്ച് പൂജിക്കുക .ആ പൂജക്ക് ശേഷം ശിവന് ബീജമുഖ്യമന്ത്രംകൊണ്ടും ക്ഷുരികാമന്ത്രംകൊണ്ടും മൃത്യുഞ്ജയ മന്ത്രം കൊണ്ടും പൂജിക്കുക .
"ഭ്രൂം ജ്യും ക്ഷ്റും --- ബീജമന്ത്രം
ഓം ചിച്ഛിഖേച്ഛിദിക്ഷികൃത്--- ക്ഷുരി കാമന്ത്രം
ഓം ജൂം സ: --- മ്യത്യുഞ്ജയമന്ത്രം
പിന്നെ എല്ലാ ദേവന്മാർക്കും പൂജയുടെ പടിഞ്ഞാറു ഭാഗത്തായി തളിച്ചു മെഴുകി കീറി തിയ്യിട്ട് അസ്ത്ര മന്ത്രം കൊണ്ട് 108 പ്രവശ്യം ആജ്യാഹൂതി ചെയ്ത് സമ്പാതമുണ്ടാക്കി ( ആജാഹൂതിയും സമ്പാതമുണ്ടാക്കലും പിന്നീട് വിവരിക്കാം ) അസത്രം കൊണ്ട് ശസ്ത്രസമൂഹത്തെ വസ്ത്രം കൊണ്ട് മൂടി അധിവസിച്ച് അവിടെ വസിച്ചിരിക്കുന്ന ദേവതകളുടെ ഉദ്യാസനക്കായി മണ്ഡപത്തിന്റെ 8ദിക്കിലും മുമ്പേ പറഞ്ഞ "ദേവതാഭ്യ: പിതൃഭ്യഃ എന്ന് ചൊല്ലി ഹവിസ്സുകൊണ്ട് ബലിതൂകുക .
തൂവാനുള്ള മന്ത്രം
ദേവതാഭ്യ: പിതൃഭ്യോ/ഥ ഭൂതേഭ്യ: സ ഹ ജംഗ മൈ
ഏതത് സ്ഥാനനിവാസിഭ്യ: പ്രായ ച്ഛാമി ബലിം നമ:
ദേവാഗ്രതോ ജപതു നിശ്യധിശയ്യ - ദർഭശയ്യാം നമസ്സകലലോകമനും ത്രിധാമ്നി
ശംഭോ നമഃശമതി മന്ത്രയുജാ/ർത്ഥയിത്വാ
സ്വപ്നാർത്ഥമോം ഹിലിഹിലീതി മനും ജപേച്ച
രാത്രി ദേവനെ പൂജിച്ചതിന്റെ മുമ്പിൽ പുല്ല് വിരിച്ച് ആ പുല്ലിൽ ആചാര്യൻ കിടക്കണം .കിടക്കുമ്പോൾ ഏതു ദേവനേയാണോ പ്രതിഷ്ഠിക്കുന്നത് ആ ദേവന്റെ വിങ്കലമന്ത്രം ജപിച്ചിരിക്കണം. ദു:സ്വപ്നം കണ്ടാൽ പ്രാത കാലത്ത് അസ്ത്രം കൊണ്ട് 108 പ്രാവശ്യം ആജാഹൂതി ചെയ്ത് അതിന്റെ സമ്പാതം ശിലയിൽ സ്പർശിച്ച് ആശിലയെ പൂജിക്കുക .ബിംബത്തിന്റെ മുഖം വരുന്ന ഭാഗത്തും ,പാദം വരുന്ന ഭാഗത്തും അകത്തു പുറത്തു കൈകൾ മുതലായ സ്ഥാനങ്ങളിലും അടയാളം ഉണ്ടാക്കുക .പിന്നെ പണിക്കാരെ കൊണ്ട് പീഠത്തിന്റെയും നപുംസക ശിലയുടേയും ബിംബത്തിനേറെയും ശിലകളെ എടുപ്പിക്കുക .അതിന് ശേഷം വണ്ടിയിൽ കയറ്റി വെച്ച് ക്ഷേത്രത്തിൽ കൊണ്ടുവന്ന് വടക്ക് ഭാഗത്ത് ഉണ്ടാക്കിയിട്ടുള്ള പണിപ്പുരയിൽ വെച്ച് ബിംബത്തേയും പീoത്തേയും നപുംസക ശിലയേയും ലക്ഷണ യുക്തമായി പണി ചെയ്യിപ്പിക്കണം
(തുടരും)
പി . എം . എൻ . നമ്പൂതിരി

No comments: