Mohandas.
ഇന്നലെ ശബരിമല സന്ദർശനത്തിനെത്തിയ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനോട് ശബരിമല സ്പെഷ്യൽ സെക്യൂരിറ്റി ഓഫീസർ എസ്.പി.യതീഷ് ചന്ദ്ര പെരുമാറിയ വിധമാണീ പോസ്റ്റിനാധാരം. യതീഷ് ചന്ദ്രയെപ്പോലെ ഒരു സർക്കാർ ഉദ്യോഗസ്ഥനാണു ഞാനും. പോലീസിലല്ലെന്നേയുള്ളൂ. പോലീസിലായിരുന്നെങ്കിൽ കുറഞ്ഞ പക്ഷം ഇൻസ്പെക്ടർ ജനറലിന്റെയെങ്കിലും സീനിയോറിറ്റി ഉള്ള കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാണു ഞാൻ. അപ്പോൾ താഴെപ്പറയുന്നത് ഗൗരവമുള്ള കാര്യമാണ്; സമയം കൊല്ലാനെഴുതുന്ന FB പോസ്റ്റോ രാഷ്ട്രീയമോ ഒന്നുമല്ല.
എസ്.പി.തലത്തിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ, പോലീസ് സർവ്വീസിൽ തന്നെ ജൂനിയർ തലത്തിലുള്ള ഓഫീസർ മാത്രമാണ്. സർവ്വീസിലെ ഉന്നത ഉദ്യോഗസ്ഥനായ ഡി.ജി.പിയ്ക്കും മുകളിലുള്ളവരാണ് മന്ത്രിമാർ, പ്രത്യേകിച്ചും കേന്ദ്ര മന്ത്രിമാർ. സർക്കാർ സർവ്വീസിന്റെ പ്രത്യേകത തന്നെ, ജീവനക്കാരുടെ അച്ചടക്ക സ്വഭാവമാണ്. സേനാ വിഭാഗങ്ങളെപ്പോലെയുള്ള കർക്കശമായ അച്ചടക്കരീതി എല്ലാ സർക്കാർ ജീവനക്കാരും പാലിക്കേണ്ടതില്ലെങ്കിലും, മാന്യതയുടെ പരിധിയ്ക്കുള്ളിൽ നിന്നു കൊണ്ടുള്ള അച്ചടക്കം സർക്കാർ ഉദ്യോഗസ്ഥനിൽ നിർബ്ബന്ധമായും ഉണ്ടായിരിയ്ക്കേണ്ടതു തന്നെയാണ്. സീനിയറായിട്ടുളള ഉദ്യോഗസ്ഥരോടും ഭരണകർത്താക്കളോടും വളരെ മാന്യമായും തികഞ്ഞ അച്ചടക്കത്തോടെയും സർക്കാർ ഉദ്യോഗസ്ഥർ പെരുമാറേണ്ടതുണ്ടു്.
ഇപ്പറഞ്ഞതാണു കാര്യമെന്നിരിയ്ക്കെ, കേന്ദ്ര മന്ത്രിയോടുള്ള എസ്.പി.യതീഷ് ചന്ദ്രയുടെ പെരുമാറ്റം തെറ്റായിരുന്നു എന്നാണെന്റെ അഭിപ്രായം. സർക്കാർ വാഹനങ്ങളെ അനുവദിയ്ക്കുന്നതു പോലെ, സ്വകാര്യ വാഹനങ്ങളേയും പമ്പ വരെ പോകാൻ അനുവദിയ്ക്കുന്നതിൽ എന്താണ് പ്രശ്നം എന്നതായിരുന്നല്ലോ കേന്ദ്ര മന്ത്രിയുടെ ചോദ്യം? സുരക്ഷാ പരമായ കാരണങ്ങൾ കൊണ്ടാണ് എന്ന ഉത്തരത്തിനു ശേഷം അങ്ങിനെ പ്രശ്നങ്ങളുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം താങ്കൾ ഏറ്റെടുക്കുമോ എന്നായിരുന്നു മന്ത്രിയോട് എസ്.പി.ചോദിച്ചത്. ഈ ചോദ്യം ചോദിയ്ക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ ബോഡീ ലാംഗ്വേജ് പ്രത്യേക ശ്രദ്ധയർഹിയ്ക്കുന്നതാണ്. താനാണിവിടുത്തെ പരമാധികാരിയെന്നും തന്റെ തീരുമാനം തികച്ചും ശരിയാണെന്നും മന്ത്രിയൊന്നും ഒന്നുമല്ല എന്നുമുള്ള തരത്തിലുള്ള തികച്ചും അമാന്യവും ധിക്കാരപരവുമായ പെരുമാറ്റമായിരുന്നു അത്. മന്ത്രി ഒരു മാന്യനായതു കൊണ്ട്, എസ്.പി.യ്ക്ക് ഒരിളിഭ്യചിരി ചിരിയ്ക്കാനുള്ള സ്വാതന്ത്ര്യവും നൽകി, വളരെ സൗമ്യപൂർവ്വം മറുപടി പറഞ്ഞു മാറി. അല്പം ഈഗോയുള്ള ഒരാളായിരുന്നു അദ്ദേഹമെങ്കിൽ എസ്.പി.യ്ക്കുള്ള ശരിയായ മറുപടി അവിടെ വച്ചു തന്നെ കിട്ടുമായിരുന്നു. നമ്മൾ ദിനംപ്രതി കണ്ടു കൊണ്ടിരിയ്ക്കുന്നത് അങ്ങിനെയുള്ള പെരുമാറ്റമാണല്ലോ?
ഒരു സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിലും അച്ചടക്ക ബോധത്തോടെ സീനിയർ ഉദ്യോഗസ്ഥരോട് പെരുമാറാൻ ബാദ്ധ്യസ്ഥതയുളള ഒരു പോലീസ് ഓഫീസർ എന്ന നിലയിലും ഉള്ള തന്റെ ഉത്തരവാദിത്വത്തിൽ, ഈ സംഭവത്തിലൂടെ, വളരെ വലിയ വീഴ്ചയാണ് എസ്.പി. വരുത്തിയിട്ടുള്ളത്. ഇയാൾക്കു മാതൃകാപരമായ ശിക്ഷ നൽകുക തന്നെ വേണം. ഇതിൽ രാഷ്ട്രീയം നോക്കരുത്. രാഷ്ട്രീയത്തിൽ പലതും വന്നും പോയുമിരിക്കും. പക്ഷെ, ഉത്തരവാദപ്പെട്ട സ്ഥാനത്തിരിയ്ക്കുന്ന സർക്കാർ ഉദ്യോഗസ്ഥന്റെ കാര്യം അങ്ങിനെയാകരുത്.
No comments:
Post a Comment