Saturday, November 10, 2018

പ്രാണന്റെ ഉപാസന

സ്വാമി അഭയാനന്ദ (ചിന്മയ മിഷന്‍, തിരുവനന്തപുരം)
Saturday 10 November 2018 2:36 am IST
ആറാം അധ്യായം
ഒന്നാം ബ്രാഹ്മണം
വിവിധ ഗുണങ്ങളോടുകൂടിയ പ്രാണന്റെ ഉപാസനയെ പറഞ്ഞ് ആറാം അധ്യായം ആരംഭിക്കുന്നു.
ഓം യോ ഹ വൈ ജ്യേഷ്ഠം ച ശ്രേഷ്ഠം ച വേദ...
ആരാണോ ജ്യേഷ്ഠനെന്നും ശ്രേഷ്ഠനെന്നും അറിഞ്ഞ് ഉപാസിക്കുന്നത് അയാള്‍ സ്വന്തക്കാരുടെ ഇടയില്‍ ജ്യേഷ്ഠനും ശ്രേഷ്ഠനുമായിത്തീരുന്നു. പ്രാണന്‍ തന്നെയാണ് ജ്യേഷ്ഠനും ശ്രേഷ്ഠനും. ഇങ്ങനെ അറിഞ്ഞ് പ്രാണനെ ഉപാസിക്കുന്നവര്‍ ബന്ധുക്കളുടെ ഇടയില്‍ മാത്രമല്ല അങ്ങനെയാകാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിലും ജ്യേഷ്ഠനും ശ്രേഷ്ഠനുമാകും.
ഗര്‍ഭത്തിലിരിക്കുന്ന കാലം മുതല്‍ വളര്‍ത്തിക്കൊണ്ട് വരുന്നത് പ്രാണന്‍ ആയതിനാലാണ് പ്രാണനെ ജ്യേഷ്ഠന്‍ എന്ന് പറയുന്നത്.
മറ്റ് ഇന്ദ്രിയങ്ങളെല്ലാം പിന്നീടാണ് ഗര്‍ഭസ്ഥ ശിശുവുമായി ചേരുന്നത്. ഇനിയുള്ള 5 മന്ത്രങ്ങളില്‍ ജ്യേഷ്ഠത്വവും തുടര്‍ന്ന് 14 വരെയുള്ള മന്ത്രങ്ങളില്‍ ശ്രേഷ്ഠത്വത്തേയും പറയുന്നു. ഇത്തരം പ്രാണോപാസനയാല്‍ ഇവ രണ്ടും ലഭിക്കും. ഛാന്ദോഗ്യ ഉപനിഷത്തിലെ അഞ്ചാം അധ്യായത്തില്‍ ഈ ഉപാസനാ ഫലം പറഞ്ഞിട്ടുണ്ട്.
യോ ഹ വൈ വസിഷ്ഠാം വേദ വസിഷ്ഠഃ സ്വാനാം ഭവതി...പ്രാണനെ വലിയ ധനികനെന്ന് അറിഞ്ഞ് ഉപാസിക്കുന്നയാള്‍ സ്വന്തം ബന്ധുക്കളുടെ ഇടയില്‍ ധനവാനായിത്തീരും. വാക്കാണ് വലിയ ധനികന്‍. ഇങ്ങനെ അറിഞ്ഞ് പ്രാണനെ വാക്കായി ഉപാസിക്കുന്ന യാള്‍ സ്വന്തം ബന്ധുക്കളുടെ ഇടയില്‍ മാത്രമല്ല അങ്ങനെ ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിലും വലിയ ധനികനാകും.
നല്ല വാക്കുകളെ ഉപയോഗിക്കുന്നയാള്‍ക്ക് വളരെ ധനം ഉണ്ടാകും. ധനികന്‍ സമൂഹത്തില്‍ പ്രധാനിയായതിനാല്‍ എല്ലാവരും ആദരിക്കും. അതിനാല്‍ ഏറ്റവും വലിയ ധനവാന്‍ എന്ന അര്‍ഥമുള്ള വസിഷ്ഠ ഗുണത്തോടു കൂടിയ വാക്ക് എന്ന നിലയ്ക്ക് പ്രാണനെ ഉപാസിക്കണം.
യോ ഹ വൈ പ്രതിഷ്ഠാം വേദ പ്രതിതിഷ്ഠതി...പ്രാണനെ പ്രതിഷ്ഠയായി ഉപാസിക്കുന്നയാള്‍ സമതലത്തിലും ദുര്‍ഘടമായ സ്ഥലങ്ങളിലും കുലുങ്ങാതെ ഉറച്ചു നി
ല്‍ക്കും. ചക്ഷുസ്സാണ് പ്രതിഷ്ഠ. കണ്ണിന്റെ സഹായത്താലാണ് സമവും ദുര്‍ഗ്ഗമവുമായ സ്ഥലങ്ങില്‍ ഉറച്ചുനില്‍ക്കാനാവുന്നത്. പ്രാണനെ കണ്ണായി കണ്ട് ഉപാസിക്കുന്നയാള്‍ എവിടേയും ഏത് ദുഷ്‌കരമായ സ്ഥലത്തും ഉറച്ചു നില്‍ക്കും.ഏത് സാഹചര്യവും സമയവും സ്ഥലവുമൊന്നും അയാളെ ഇളക്കുകയില്ല.
യോ ഹ വൈ സമ്പദം സം ഹാസ്‌മൈ പദ്യതേ...
പ്രാണനെ സമ്പത്തായി ഉപാസിക്കുന്നയാള്‍ എന്താണോ ആഗ്രഹിക്കുന്നത് അതിനെ നേടും. ശ്രോത്രമാണ് സമ്പത്ത്. കാതിലൂടെയാണ് എല്ലാ വേദങ്ങളും (അറിവുകളും)  സമ്പാദിക്കുന്നത്.  ഇങ്ങനെ അറിഞ്ഞ് പ്രാണനെ ഉപാസിക്കുന്നയാള്‍ക്ക് എന്താഗ്രഹിച്ചാലും ലഭിക്കും.
ചെവി കൊണ്ട് കേട്ടാണ് വേദങ്ങള്‍ പഠിക്കുന്നത്. അതേ തുടര്‍ന്ന് വിഹിത കര്‍മങ്ങള്‍ അനുഷ്ഠിക്കും. അതിന്റെ ഫലമായി ഇഷ്ടമുള്ളതൊക്കെ നേടിയെടുക്കാം.
യോ ഹ വാ ആയതനം വേദായതനം സ്വാനാം ഭവതി...പ്രാണനെ ആശ്രയമായി അറിഞ്ഞ് ഉപാസിക്കുന്നയാള്‍ സ്വന്തക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ആശ്രയമായിത്തീരും. മനസ്സ് തന്നെയാണ് ആശ്രയം. ഇങ്ങനെ അറിഞ്ഞുപാസിക്കുന്നവര്‍ ബന്ധുക്കള്‍ക്കും എല്ലാവര്‍ക്കും ആശ്രയമാണ്.
ഇന്ദ്രിയങ്ങള്‍ക്കും വിഷയങ്ങള്‍ക്കും മനസ്സാണ് ആശ്രയം. മനസ്സിനെ ആശ്രയിക്കുന്ന വിഷയങ്ങള്‍ അനുഭവിക്കാറാവുന്നു. മനസ്സിന്റെ സങ്കല്‍പമനുസരിച്ചാണ് ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം.
 യോ ഹ വൈപ്രജാതിം വേദ പ്രജായതേ...
പ്രാണനെ പ്രജാതയായി ഉപാസിക്കുന്നയാള്‍ സന്തതി, പശുക്കള്‍ എന്നിവ കൊണ്ട് അഭിവൃദ്ധിപ്പെടും. രേതസ്സാണ് പ്രജാതി. ഇങ്ങനെ അറിഞ്ഞ് പ്രാണനെ ഉപാസിച്ചാല്‍ സന്തതിപരമ്പരയും പശുക്കളും ധാരാളമായുണ്ടാകും.
ജനനേന്ദ്രിയത്തെയാണ് രേതസ്സ് എന്നതുകൊണ്ട് ഉദ്ദേശിച്ചത്. പ്രജാതി എന്നാല്‍ പ്രജനനം. നല്ല മക്കളെ ജനിപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

No comments: