Wednesday, November 14, 2018

പ്രവാഹണന്റെ ശിഷ്യനായി ഗൗതമന്‍

സ്വാമി അഭയാനന്ദ (ചിന്മയ മിഷന്‍, തിരുവനന്തപുരം)
Wednesday 14 November 2018 2:13 am IST
ശ്വേതകേതു, അപമാനിക്കപ്പെട്ടതിനാല്‍ വീïും കൊട്ടാരത്തില്‍ പോകാന്‍ കൂട്ടാക്കിയില്ല. പക്ഷേ ഗൗതമന്‍ പഠിക്കാന്‍ നിശ്ചയിച്ച് രാജാവിനെ കാണാന്‍ എത്തി
ശ്വേതകേതുവിന്റെ അച്ഛനായ ഗൗതമന്‍ പ്രവാഹണ രാജാവിന്റെ അടുത്ത് പഠിക്കാനെത്തുന്നു.
സ ഹോ വാച, തഥാ നസ്ത്വം താത ജാനീഥാ...
അച്ഛന്‍ പറഞ്ഞു; വത്സാ, എന്തെല്ലാം എനിക്ക് അറിയാമോ അതെല്ലാം നിനക്ക് ഞാന്‍ ഉപദേശിച്ചിട്ടുണ്ട് എന്ന് കരുതുന്നു. വരൂ... നമുക്ക് അവിടെ പോയി ബ്രഹ്മചാരിമാരായി താമസിക്കാം. അങ്ങ് തനിയേ പോകൂ, ഞാനില്ല എന്ന് ശ്വേതകേതു പറഞ്ഞു. ആ ഗൗതമന്‍ ജീവലന്റെ മകനായ പ്രവാഹണന്റെ സഭയിലേക്ക് പോയി. രാജാവ് അദ്ദേഹത്തിന് ആസനം കൊടുത്ത് വെള്ളം കൊണ്ടുവന്നു കൊടുപ്പിച്ചു. പിന്നെ അര്‍ഘ്യം മുതലായവയെ കൊണ്ടു പൂജിച്ചു. രാജാവ് അദ്ദേഹത്തിന്റെ ആഗ്രഹത്തെ സാധിപ്പിച്ചു കൊടുക്കാമെന്ന് ഉറപ്പ് നല്‍കി.
രാജാവിന്റെ ചോദ്യങ്ങളുടെ ഉത്തരം തനിക്കറിയാത്തവയാണെന്ന് ഗൗതമന്‍ സമ്മതിച്ചു. ആ വിഷയം രാജാവില്‍ നിന്ന് ഒരുമിച്ച് പോയി പഠിക്കാമെന്ന് അച്ഛന്‍ പറഞ്ഞു.
ശ്വേതകേതു, അപമാനിക്കപ്പെട്ടതിനാല്‍ വീണ്ടും കൊട്ടാരത്തില്‍ പോകാന്‍ കൂട്ടാക്കിയില്ല. പക്ഷേ ഗൗതമന്‍ പഠിക്കാന്‍ നിശ്ചയിച്ച് രാജാവിനെ കാണാന്‍ എത്തി.
സ ഹോ വാച, പ്രതിജ്ഞാതോ മ ഏഷ വരഃ...
രാജാവേ അങ്ങ് എന്റെ ഇഷ്ടം സാധിപ്പിച്ച് തരാമെന്ന് പറഞ്ഞുവല്ലോ. എന്നാല്‍ എന്റെ മകന്‍ ശ്വേതകേതുവിനോട് എന്തെല്ലാം ചോദ്യങ്ങളാണോ ചോദിച്ചത് അതിനെക്കുറിച്ച് എനിക്ക് പറഞ്ഞു തരണേ എന്ന് ഗൗതമന്‍ പറഞ്ഞു.
സ ഹോവാച, ദൈവേഷു വൈ ഗൗതമ...
അത് ദേവ സംബന്ധികളായ വരങ്ങളിലുള്ളതാണ്. മനുഷ്യരെ സംബന്ധിച്ച വരം ചോദിക്കാന്‍ രാജാവ് ഗൗതമനോട് പറഞ്ഞു. അലൗകികങ്ങളായ കാര്യങ്ങളെപ്പറ്റി ചോദിക്കാതെ ഭൗതികസമ്പത്തോ ലൗകിക ജ്ഞാനമോ മറ്റോ ആവശ്യപ്പെടൂ എന്നാണ് രാജാവ് ഉദ്ദേശിച്ചത്.
സ ഹോവാച, വിജ്ഞായതേ ഹാസ്തി ഹിരണ്യസ്യാപാത്തം...
എനിക്ക് ധാരാളം സ്വര്‍ണവും പശുക്കളും കുതിരകളും ദാസികളും പരിവാരങ്ങളും വസ്ത്രവും ഉണ്ടെന്ന് അങ്ങേക്ക് അറിയാമല്ലോ. അനന്തവും അതിരില്ലാത്തതുമായ ധനത്തെപ്പറ്റി അങ്ങ് എന്നോട് പറയേണ്ടതില്ല എന്ന് ഗൗതമന്‍ പറഞ്ഞു.
അങ്ങനെയെങ്കില്‍ നീ വിധി പ്രകാരം വിദ്യ നേടാനായി ആഗ്രഹിക്കൂ എന്ന് രാജാവ് പറഞ്ഞു. ഞാന്‍ അങ്ങയുടെ ശിഷ്യനായിരിക്കുന്നുവെന്ന് ഗൗതമന്‍ രാജാവിനോട് പറഞ്ഞു. പൂര്‍വികര്‍ വാക്ക് കൊണ്ട് തന്നെയാണ് ഗുരുവിനെ സമീപിച്ചിരുന്നത്. ഗൗതമന്‍ ശിഷ്യനാകുന്നു എന്ന വാക്ക് കൊണ്ടു തന്നെ രാജാവിന്റെ കൂടെ താമസിച്ചു.
ഭൗതികമായ സമ്പത്ത് തനിക്ക് വേണ്ടുവോളമുണ്ടെന്നും അതിനല്ല വന്നതെന്നും ഗൗതമന്‍ രാജാവിനെ അറിയിച്ചപ്പോഴാണ് ശിഷ്യനെന്ന നിലയില്‍ തന്നെ സമീപിക്കാന്‍ രാജാവ് നിര്‍ദേശിച്ചത്. ബ്രാഹ്മണര്‍ ക്ഷത്രിയരുടെ അടുത്തോ ക്ഷത്രിയര്‍ വൈശ്യരുടെ അടുത്തോ ശിക്ഷ അഭ്യസിക്കുന്നത് പ്രതിലോമ രീതിയാണ്. അപ്പോള്‍ ഉപഹാരം, ശുശ്രൂഷ മുതലായവയൊന്നും വേണ്ട. ഞാന്‍ ശിഷ്യത്വം സ്വീകരിക്കുന്നുവെന്ന് വാക്കാല്‍ പറഞ്ഞാല്‍ മതി. ഈ രീതിയനുസരിച്ചാണ് ഗൗതമന്‍ പ്രവാഹണന്റെ ശിഷ്യനായത്.

No comments: