Tuesday, October 03, 2017

കൃഷ്ണാവതാര കഥ ചുരുക്കി പറയാം. യദുവംശത്തില്‍ കൃഷ്ണനായി പിറന്നത് സാക്ഷാല്‍ വിഷ്ണുവാണ്. കശ്യപന്റെ അംശമാണ് പ്രതാപിയായ വസുദേവന്‍. എന്നാല്‍ പണ്ട് കിട്ടിയ ശാപം മൂലം അദ്ദേഹത്തിനൊരു  പശുപാലനായി കഴിയേണ്ടി വന്നു. അദ്ദേഹത്തിനു രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു. അദിതിയും സുരസയും. വരുണശാപത്താല്‍ അവരാണ് പിന്നീട് സഹോദരിമാരായ ദേവകിയും രോഹിണിയും ആയി പിറന്നത്.ദേവന്മാരുടെ അംശാവതാരങ്ങള്‍ക്കും ഭഗവാന്‍ ഹരിയുടെ കൃഷ്ണാവതാരത്തിനും വസുദേവരുടെ ജനനത്തിനും, ദേവകിയുടെയും രോഹിണിയുടെയും ജനത്തിനുള്ള ഹേതുവും, എല്ലാം ഞാന്‍ പറയാം. വരുണന്റെ പശുവിനെ ഒരിക്കല്‍ കശ്യപന്‍ മോഷ്ടിച്ചു. പലതവണ വരുണന്‍ വന്നു ചോദിച്ചിട്ടും മുനി പശുവിനെ തിരികെ കൊടുക്കുകയുണ്ടായില്ല. അതിനാല്‍ വരുണന്‍ ലോകനാഥനായ ബ്രഹ്മാവിന്റെയടുക്കല്‍ സങ്കടമുണര്‍ത്തിച്ചു. തന്റെ പശുവിനെ വിട്ടുകിട്ടാത്തതുകൊണ്ട് കശ്യപനെ ഒരു ഗോപനായി ജനിക്കാന്‍ താന്‍ ശപിച്ചുവെന്നു വരുണന്‍ ബ്രഹ്മദേവനെ അറിയിച്ചു. മനുഷ്യനായുള്ള ആ ജന്മത്തിലും അദ്ദേഹത്തിനു രണ്ടു ഭാര്യമാര്‍ ഉണ്ടായിരിക്കും. എന്നാല്‍ എന്റെ പൈക്കിടാങ്ങള്‍ തള്ളയില്ലാഞ്ഞു വലയുന്നതുകൊണ്ട്  അവരും മക്കള്‍ മരിച്ച് ദുഖിക്കാന്‍ ഇടവരട്ടെ എന്നു മാത്രമല്ല, കാരഗ്രഹവാസം കൂടി  ഞാന്‍ ശപിച്ചു നല്‍കിയിട്ടുണ്ട്. അദിതിയാണ് ഇങ്ങിനെ പുത്രദുഖമനുഭവിച്ച്  കാരാഗ്രഹത്തില്‍ കഴിയാന്‍ പോകുന്നത്.

ബ്രഹ്മദേവന്‍ ഇത് കേട്ടപ്പോള്‍ കശ്യപനെ വിളിച്ചു വരുത്തി. ‘അങ്ങെന്തിനാണ് വരുണന്റെ പശുവിനെ മോഷ്ടിച്ചത്? ചോദിച്ചിട്ട് തിരികെ കൊടുക്കുന്നുമില്ല. അന്യരുടെ സ്വത്ത് അപഹരിക്കുക എന്നതെത്ര അധര്‍മ്മമാണെന്ന് അറിയാമല്ലോ? മഹാന്മാരെപ്പോലും ലോഭം ബാധിക്കുന്നു. നരകമാണ് ലോഭത്തിന്റെ ഫലം. സാക്ഷാല്‍ കശ്യപനുപോലും ലോഭത്തെ വെല്ലാന്‍ കഴിഞ്ഞില്ല! അപ്പോള്‍ ലോഭത്തിനാണ് ഞാന്‍ എന്റെ സൃഷ്ടിയില്‍ ഏറ്റവും വലിയ സ്ഥാനം നല്‍കിയതെന്ന് തോന്നുന്നു! വൈഖാനസന്മാരും ലോഭം ത്യജിച്ചവരുമായ മാമുനിമാരാണ് ശരിയ്ക്കും ധന്യര്‍. ലോഭമെന്ന ദുഷ്ടന് കശ്യപമുനിപോലും വശഗതനായി! തന്റെ പൌത്രനാണെങ്കിലും ബ്രഹ്മാവും കശ്യപനെ ശപിച്ചു. ‘നീ പശുപാലകനായി ജനിച്ചു ഭാര്യമാരോട് കൂടി യദുകുലത്തില്‍ വാഴുക!’

ഭൂഭാരം തീര്‍ക്കാന്‍ ഭഗവാന്‍ ഹരി കൈക്കൊള്ളുന്ന  അംശാവതാരത്തിനു വഴിയൊരുക്കാനായി ബ്രഹ്മാവിന്റെയും വരുണന്റെയും ശാപപ്രകാരമാണ് കശ്യപന്‍ വസുദേവരായി ജന്മമെടുത്തത്. ദുഖിതയായ ദിതി തന്റെ സഹോദരിയെയും ശപിച്ചു. “നിനക്കുണ്ടാകുന്ന പുത്രന്മാരേഴും ജനിക്കുന്നയുടനെതന്നെ മരിച്ചു പോകട്ടെ”..devibhagavathamnithyaparayanam

No comments: