Saturday, October 21, 2017

സ്ഥിതപ്രജ്ഞയിലേക്ക് ഒരുവനെ നയിക്കുന്നത് രണ്ടുവഴികളാണ്. ഒന്ന്: അഭ്യാസം, രണ്ട്: വൈരാഗ്യം. ഈ മാര്‍ഗ്ഗങ്ങള്‍ ആര്‍ക്കും സ്വീകരിക്കാം. മനസ്സിന്റെ സാമ്യാവസ്ഥ അപ്രായോഗികമാണെന്ന് കൃഷ്ണനോട് അര്‍ജ്ജുനന്‍ ആവര്‍ത്തിച്ചുപറയുന്നുണ്ട്. ‘ചഞ്ചലം ഹി മനഃ കൃഷ്ണാ’ (6-34) എന്ന് എത്രമേല്‍ പരിദേവനം അര്‍ജ്ജുനന്‍ നടത്തി. പ്രസ്തുതത്തെ പ്രദ്യോതിപ്പിക്കാനായി അതിമനോഹരമായ ഒരുപമയും ഉപയോഗിച്ചിരിക്കുന്നു. ‘തസ്യാഹം നിഗ്രഹം മന്യേ വായോരിവസുദുഷ്‌ക്കരം’ മനസ്സിനെ നിരോധിക്കുന്നത് കാറ്റിനെയെന്നപോലെ പ്രയാസമേറിയതാണ്.
വൈരാഗ്യം രാഗവിമുക്തതയാണ്. രാഗം നിലനില്‍ക്കുന്നത് സുഖത്തെ ആസ്പദിച്ചും. എല്ലാം ആത്മൗപമ്യേന അറിയുമ്പോള്‍ വിരാഗം ഉണ്ടാവും. ‘ആത്മൗപമ്യേന സര്‍വ്വത്രസമംപശ്യതി’ എന്നാണല്ലോ അര്‍ജ്ജുനനോട് ഭഗവാന്‍ പറഞ്ഞത്. സുഖാസ്പദമായ രാഗത്തില്‍നിന്നുള്ള വിമോചനമാണ് വൈരാഗ്യം. പരിശീലനത്തിന്റെ സമാലോചനയും അഭ്യാസം തന്നെ. അഭ്യാസവൈരാഗ്യങ്ങളാണ് ജീവിതവിജയത്തിന് കാരണമെന്ന് ഗീത പറഞ്ഞുപഠിപ്പിക്കുന്നു.
ഇന്ദ്രിയദമനവും മനോവിജയവും നേടിയാല്‍ സ്ഥിതപ്രജ്ഞ കൈവരുമെന്ന് ഗീത ഉറപ്പുതരുന്നു. ഇന്ദ്രിയഹനനം ഭഗവദ്ഗീത വിധിക്കുന്നില്ല. ദമനം ഹനനമല്ലല്ലോ. പഞ്ചേന്ദ്രിയങ്ങളെ കെട്ടഴിച്ചുവിടാതിരിക്കുക. ഇന്ദ്രിയാരാമത്വമനുവദിക്കാതിരിക്കാന്‍ ബുദ്ധിയെ മെരുക്കിയെടുത്താല്‍ മതിയാകും.
ഓരോ ഇന്ദ്രിയത്തിന്റെയും അറിവ് വെവ്വേറെയാണെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ അറിവ് ഒന്നുമാത്രമാണ്. ഒരേ അറിവ് തന്നെയാണ് ബുദ്ധിയിലൂടെ മനസ്സിലേക്കും മനസ്സില്‍ നിന്ന് ഇന്ദ്രിയങ്ങളിലേക്കും ഒഴുകുന്നത് എന്ന തിരിച്ചറിവിലെത്തുമ്പോല്‍ മാത്രമാണ് ‘പ്രജ്ഞാനം ബ്രഹ്മഃ’ എന്നരുവിടേണ്ടത്. അഖണ്ഡമായ അറിവാണ് ഭാരതസംസ്‌കാരത്തിലെ പ്രജ്ഞാനം.
ഞാനെന്നും എന്റേതെന്നുമുള്ള അഭിമാനം ഏതൊന്നാലുണ്ടാകുന്നവോ അതാണ് അധ്യാത്മവിചാരത്തിലെ മനസ്സ്. പാശ്ചാത്യമനോവിദഗ്ദ്ധര്‍ എങ്ങനേയും നിര്‍വചിച്ചു കൊള്ളട്ടെ, ഏറെയും കുമാര്‍ഗ്ഗങ്ങളിലൂടെ വഴിതെറ്റിയോടുന്ന മനസ്സിനെ നിയന്ത്രണവിധേയമാക്കലാണ് മനോവിജയം. ബുദ്ധിയാല്‍ മനസ്സിന്റെ അപഥസഞ്ചാരങ്ങളെ പ്രതിരോധിക്കുവാന്‍ കഴിയുക. ഭക്തിയുടെ ക്രമവും സാധനയും വിവരിക്കുമ്പോള്‍ ഒരാചാര്യന്‍ ‘അനുര്‍ദ്ധാര്‍ഷം’ എന്നൊരവസ്ഥ വിവരിക്കുന്നുണ്ട്. മതിമറന്നുള്ള ആഹ്ലാദത്തിന്റെ അഭാവമാണിത്. അനുര്‍ദ്ധര്‍ഷമാണ് ഇന്ദ്രിയദമനത്താലും മനോവിജയത്താലും നേടേണ്ടത്. ഈ അവസ്ഥാന്തരത്തിലെത്തിച്ചേരുന്നവന്‍ സ്ഥിതപ്രജ്ഞന്‍ തന്നെ.
ഇന്ദ്രിയ വിഷയങ്ങളുടെ നേര്‍ക്കുള്ള ആസക്തി ഒഴിവാക്കുക. ആഗ്രഹങ്ങള്‍ വെടിയാന്‍ ഗീത ഉപദേശിക്കുന്നതേ ഇല്ല അനര്‍ത്ഥഹേതു ആഗ്രഹമല്ല. ആസക്തിയാണ്. ആസക്തി ഒഴിവാക്കുക. മഹാത്മാഗാന്ധിക്ക് ഭഗവദ്ഗീത അനാസക്തിയോഗമാണെന്ന വസ്തുത നാം ഇവിടെ ഓര്‍മ്മിക്കുക. സ്ഥിതപ്രജ്ഞന്‍ അനിര്‍വിണ്ണചേതസ്സായിരിക്കണം. പ്രസാദഭരിതനാവണം. സ്ഥിതപ്രജ്ഞന്‍ എന്നര്‍ത്ഥം. ആയിരം നാവുള്ള ആസക്തിയാണ് പ്രസാദഭാവത്തെ കെടുത്തുന്നത്.
സ്ഥിതപ്രജ്ഞന് ശ്രദ്ധ, ഏകാഗ്രത, തന്മയത എന്നിവ ഉണ്ടാകണം. പലതിലും ഒന്നിനെ മാത്രം കാണുന്നതാണ് ദൈവശാസ്ത്രത്തിലെ ശ്രദ്ധ. മാല, വള, മോതിരം തുടങ്ങിയ പണിത്തരങ്ങളില്‍ ഒരുവന്‍ സ്വര്‍ണം മാത്രമേ കാണുന്നുള്ളൂവെങ്കില്‍ ആ ചിത്തവൃത്തി ശ്രദ്ധയാകുന്നു.
ഏകാഗ്രത ആധ്യാത്മികമായ അച്ചടക്കം തന്നെ. ദീപാരാധനയ്ക്ക് നടയില്‍ നില്‍ക്കുമ്പോള്‍ കണ്ണടച്ചാലും തുറന്നാലും ദേവതാരൂപം മാത്രമേ കാണുന്നുള്ളൂവെങ്കില്‍ അത് ഏകാഗ്രത മൂലമാണ്. ആരാധിച്ച് ആരാധിച്ച് ആരാധകന്‍ ആരാധ്യപുരുഷനില്‍ വിലയംപ്രാപിക്കുന്ന ജ്വരാവസ്ഥയാണ് തന്മയത. സല്ലയനത്താല്‍ ഒന്നാണ് ഞാനും ഭഗവാനും എന്ന അഭേദാവസ്ഥ തന്നെയിത്.
സ്ഥിതപ്രജ്ഞനുവേണ്ട സാധനകള്‍ വിവരിക്കുമ്പോള്‍ ഇവയൊക്കെയും ലൗകികജീവിതവ്യവഹാരത്തില്‍ സാധ്യമാണോ എന്ന ചിന്ത സാധാരണ ഭക്തനുണ്ടാവുക സ്വാഭാവികം. ശോകസംവിഗ്നമാനസനായ അര്‍ജ്ജുനന്‍ അതിശക്തമായ ഒരു ചോദ്യം ഭഗവാനോടുന്നയിക്കുന്നുണ്ട്. ‘കൃഷ്ണാ ആഗ്രഹിക്കാതിരുന്നിട്ടും ഇന്ദ്രിയങ്ങള്‍ എന്തുകൊണ്ട് ബലാല്‍ക്കാരമായി പാപങ്ങള്‍ ചെയ്തുകൂട്ടുന്നു?’ ഭഗവാന്‍ കൃത്യമായി മറുപടി നല്‍കുന്നുമുണ്ട്. രജോഗുണത്തിന്റെ ബുദ്ധിയിലാണീ വിപര്യയമുണ്ടാകുന്നതെന്ന് മനഃശാസ്ത്രവിശാരദനെപ്പോലെ ഭഗവാന്‍ വിശദീകരിക്കുന്നു. രജോഗുണമേറുമ്പോല്‍ അഗ്നി പുകയാലും കണ്ണാടി അഴുക്കിനാലുമെന്നപോലെ ജ്ഞാനം മലിനാവരണമണിയും.
അപ്പോഴാണ് അറിവേറിയവര്‍ അഴിമതി കാട്ടുന്നതും പഠിപ്പേറിയവര്‍ പാപം ചെയ്യുന്നതും. വഴി, രക്ഷപ്പെടാനൊന്നു മാത്രം. സാത്വികതയിലേക്ക് സ്വയം മെല്ലെ മെല്ലെ ഉയരുക. ‘ഉദ്ധേരാത്മനാത്മാനം’ പ്രസക്തമാവുന്നത് ഇവിടെയാണ്. സാധകന്‍ സാത്വികാഹാരത്തില്‍ സാധന ആരംഭിക്കുക. ധര്‍മ്മലേശം മഹാഭയത്തില്‍ നിന്നും പരിരക്ഷിക്കുന്നു എന്ന് ഭഗവാന്‍ പറയുന്നതും ഇതേ പ്രകരണത്തില്‍തന്നെ. ‘സ്വല്‍പമപ്യസ്യ ധര്‍മസ്യ/ത്രായതേ മഹതോ ഭയാത്’ (2-40)
വിശ്വോത്തരവിശുദ്ധമായ ദാര്‍ശനിക ഗ്രന്ഥമാണ് ഭഗവദ്ഗീത. ഉദാത്ത ചിന്തകളവതരിപ്പിക്കേണ്ട കഠിനമായ ബാധ്യത ഋഷികവിക്കുണ്ട്. സ്ഥിതപ്രജ്ഞതയിലേക്കുള്ള ആത്മീയയാത്ര തുടങ്ങുവാനും തുടരുവാനും കഴിയാതെ വന്നാല്‍ ഭക്തന്‍ അകപ്പെട്ടുപോയേക്കാവുന്ന ചതിക്കുഴികളും അതിനാല്‍ രണ്ടാമധ്യായം ചര്‍ച്ച ചെയ്യുന്നു. ഭക്തിജ്ഞാന കര്‍മ്മയോഗങ്ങളാല്‍ സ്ഥിതപ്രജ്ഞത ലക്ഷ്യമാക്കാത്ത ഒരുവനു സംഭവിക്കാവുന്ന പതനം ഭഗവാനിങ്ങനെ ഭംഗിയായി പറയുന്നു.
”ക്രോധാത്ഭവതി സംമോഹഃ
സംമോഹാത് സ്മൃതി വിഭ്രമഃ
സ്മൃതിഭ്രംശാത് ബുദ്ധിനാശോ
ബുദ്ധിനാശാത് പ്രണശ്യതി” (2-63)
അര്‍ത്ഥം: കോപത്തില്‍നിന്നും വ്യാമോഹം. വ്യാമോഹത്തില്‍നിന്നും സ്മൃതിവിഭ്രമം. സ്മൃതിവിഭ്രമത്തില്‍നിന്നും ബുദ്ധിനാശം. ബുദ്ധിനാശത്തില്‍നിന്നും സമ്പൂര്‍ണനാശം.
സ്ഥിതപ്രജ്ഞനെ വരച്ചുകാട്ടുന്ന ഭഗവാന്‍ ‘മിഥ്യാചാരി’യേയും ഭക്തനു മുന്‍പില്‍ നിവര്‍ത്തി നിര്‍ത്തുന്നുണ്ട്. ഇത് ഈ പ്രകരണത്തിന് പരഭാഗഭംഗി നല്‍കുന്നു. ബാഹ്യവൃത്തികളില്‍ നല്ലവന്‍. ആന്തരികമായി കെട്ടവന്‍. ഈ ഇരട്ടമുഖമുള്ളവനത്രെ മിഥ്യാചാരി. പുറമേ ശ്രീരാമന്‍, അകമേ രാവണന്‍ എന്നുനമുക്ക് പറയാം.സ്ഥിതപ്രജ്ഞന്‍, അവസാനമെത്തിച്ചേരുന്ന ഇടം സാംഖ്യയോഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘അന്തകാലേ അപി ബ്രഹ്മനിര്‍വാണം ഋച്ഛതി” അവസാനകാലത്തെങ്കിലും ബ്രഹ്മനിര്‍വൃതിയെ പ്രാപിക്കുവാന്‍ കഴിയും. സ്ഥിതപ്രജ്ഞന്റെ മനഃശാന്തി ലക്ഷണം ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തുന്നുണ്ട് ഭഗവാന്‍.
”നിര്‍മ്മമോ നിരഹംകരാഃ
സ ശാന്തിമധിഗച്ഛതി”
അര്‍ജ്ജുനന്‍ സ്ഥിതപ്രജ്ഞനായോ എന്ന ചോദ്യം ഗീതാ സ്വാധ്യായത്തില്‍ ബാലിശമാണ്. ഏതുകാലത്തെ സമൂഹത്തിന്റെയും സ്ഥിരചൈതന്യം മാനവമൂല്യങ്ങളാണ് എന്ന് പഠിപ്പിക്കുവാന്‍ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥി മാത്രമാണ് അര്‍ജ്ജുനന്‍.
വിദ്യാര്‍ത്ഥി വിഷയാര്‍ത്ഥിയാവാതിരിക്കാനാണ് സ്ഥിതപ്രജ്ഞന്റെ ചതുര്‍മാന ചിത്രം സംഗ്രാമഭൂമിയില്‍ നിന്നുകൊണ്ട് പരബ്രഹ്മമായ ഗുരു ആദ്യമേ പ്രദര്‍ശിപ്പിക്കുന്നത്. മാനവമൂല്യശോഷണമല്ലേ യഥാര്‍ത്ഥത്തില്‍ ധര്‍മ്മഗ്ലാനി?


ജന്മഭൂമി: http://www.janmabhumidaily.com/news724574#ixzz4wBZZX6TU

No comments: