സരസ്വതീ സങ്കല്‍പ്പം, സങ്കീര്‍ണ്ണവും ദുര്‍ഗ്രാഹ്യവുമാണ്. സരസ്വതി വാഗ്ദേവതയാണ്, ശബ്ദബ്രഹ്മമാണ്. കുണ്ഡിലിനിയും ശബ്ദബ്രഹ്മവും ഒന്നുതന്നെയെന്നു നാം കണ്ടുകഴിഞ്ഞു. കുണ്ഡിലിനി മൂലാധാരത്തില്‍ സ്ഥിതിചെയ്യുന്നുണ്ടെങ്കിലും ശബ്ദബ്രഹ്മമെന്ന നിലയില്‍ സര്‍വ്വവ്യാപിയുമാണ്. സരസ്വതി ”അന്പത്തൊന്നക്ഷരാളി”യാണ്; അക്ഷരദേവതയാണ്. സംസ്കൃതത്തില്‍ 51 അക്ഷരങ്ങളാണുള്ളത്.
ശിവതാണ്ഡവത്തിനിടയില്, ഭഗവാന് തന്റെ ”ഡമരു” പ്രത്യേക രീതിയില്‍ (9+5) 14 പ്രാവശ്യം ശബ്ദിപ്പിച്ചതില്നിന്നും പാണിനി മഹര്‍ഷി ”മഹേന്ദ്രസൂത്ര”വും സംസ്കൃതഭാഷയും വ്യാകരണവും രൂപപ്പെടുത്തി. ഇതില്‍നിന്നും ഒരിക്കല്‍ക്കൂടി ശിവ-ശക്തി ഏകതാഭാവം വ്യക്തമാകുന്നു. സ്വന്തം ഇച്ഛാശക്തിയാല്‍ ”പരാ” എന്ന നാദം മൂലാധാരസ്ഥിതയായ കുണ്ഡിലിനിയില് രൂപപ്പെടുന്നു. ആ ശബ്ദം സ്വന്തം ഇച്ഛയാല്‍ തന്നെ പ്രാണവായുവിന്റെ രൂപത്തില്‍ മുകളിലേക്കുയരുകയും സ്വാധിഷ്ഠാന ചക്രത്തിലെത്തുമ്പോള്‍ മനസ്സുമായി യോജിക്കുകയും ഈ നിലയില്‍ ”പശ്യന്തി” എന്നറിയുകയും ചെയ്യുന്നു. വീണ്ടും മുകളിലേക്കു തന്നെ ഉയര്‍ന്ന് അനാഹത ചക്രത്തിലെത്തുമ്പോള്‍ ബുദ്ധിയുടെ ചേര്‍ച്ച കൂടിയുണ്ടാകുകയും ”മധ്യമ” എന്നും, വീണ്ടും ഉയര്‍ന്ന്, തൊണ്ടയിലുള്ള വിശുദ്ധിചക്രത്തിലെത്തി, പല്ല്, നാക്ക്, ചുണ്ട് ഇവയില്‍ തട്ടി പുറത്തേക്കു പ്രവഹിക്കുമ്പോള്‍ ”വൈഖരി”യായിത്തീരുന്നു.
ഒരക്ഷരം ഉച്ചരിക്കപ്പെടുമ്പോള്‍, പരാ, പശ്യന്തി, മധ്യമ, വൈഖരി എന്നീ ഭാവങ്ങളിലൂടെ രൂപാന്തരം സംഭവിച്ച്, ഊര്‍ജ്ജ സംഘാതമായി (വൈഖരി) പുറത്തേക്ക് പ്രസരിക്കുന്നു. നാം കേള്‍ക്കുന്ന അക്ഷരവാക്കുകളുടെ ശക്തിയായിത്തീരുന്ന പ്രക്രിയയാണിത്. ”അക്ഷരം” നാശമില്ലാത്തത്, അത് ഊര്‍ജ്ജമാകുന്നു. അതിനാല്‍ അക്ഷരങ്ങള്‍ക്കും ശക്തിയുണ്ടാകുന്നു. ഈ ശക്തിയുടെ അക്ഷരദേവതയാണ്, ജ്ഞാനസ്വരൂപമായ സരസ്വതി. സപ്തമാതൃക്കളും ദേവിയുടെ വിവിധ ഭാവങ്ങള്‍ മാത്രം.
ഇതേപോലെ ദേവിയുടെ പ്രധാനപ്പെട്ട മറ്റൊരു ഭാവമാണ് മഹാകാളി. കാഴ്ചയില്‍ ഭീകരമെന്നു തോന്നാമെങ്കിലും കാളിമാതാവാണ്. ഉഗ്രമൂര്‍ത്തീ ഭാവങ്ങളുള്ള ദേവതകള്ക്കുമാത്രമേ കലിയുടെ ശക്തമായ ദോഷങ്ങളെ ഇല്ലായ്മ ചെയ്യുവാന്‍ കഴിയുകയുള്ളൂ. കാളിമനിറം, അന്തതയുടെയും (മഹാവിഷ്ണുവിന്റേതുപോലെ) യാഗാഗ്നിയിലെ സപ്തജിഹ്വകളുടെയും നിറമാണ്. പുറത്തേക്ക് ചാടി നില്ക്കുന്നതു ജിഹ്വയാണ്. ഭാഷയും പ്രചാരവും ശബ്ദവും ”ജിഹ്വ” പ്രതിനിധാനം ചെയ്യുന്നു. അരയിലെ, 51 വെട്ടിയെടുത്ത കൈകള്‍, മഹാപ്രളയത്തിലെ സര്‍വ്വനാശത്തെ 51 അക്ഷരങ്ങളെ ദ്യോതിപ്പിക്കുന്നു. തലയോട്ടിയും ”ലയ”ത്തിന്റെ പ്രതീകമാണ്.
ദേവി മഹാപ്രളയകാലത്തെ ശിവനോടൊപ്പമുള്ള ബ്രഹ്മസാക്ഷിണിയാണ്. മഹാകാളി പ്രപഞ്ചമാതാവാണ്, മക്കള്‍ക്ക് മാതാവാണ്. അനേക ദിവസം നീണ്ടുനിന്നയുദ്ധത്തിനുശേഷം അസുരനെ കൊല്ലാന്‍ നിശ്ചയിച്ച് മുകളിലേക്ക് വലിച്ചെറിഞ്ഞ് ത്രിശൂലത്തില്‍ കോര്‍ക്കാന്‍ വിധം കോപത്താല്‍ ജ്വലിച്ചുനിന്നപ്പോള്‍, തന്റെ അന്ത്യം മനസ്സിലാക്കി അസുരന് ”എന്റമ്മേ” എന്നു ദീനമായി വിളിച്ചപ്പോള്‍ ഒരു നിമിഷം കൊണ്ടു കരുണാര്‍ദ്രയായി അമ്മയായി മാറിയ മഹാകാളിയെ സ്വന്തം മാതാവായിക്കരുതി ഭക്തിയോടെ വിളിച്ചാല്‍ അമ്മ വിളികേള്‍ക്കുന്നതാണ്, സംശയിക്കേണ്ടതില്ല. എന്തൊക്കെയാണ് എന്നതിനേക്കാള്‍, എന്തൊക്കെ അല്ല എന്നു ചിന്തിക്കുകയാണ് വേണ്ടത്. സര്വ്വാനുഗ്രഹങ്ങള്ക്കുമായി പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്, ലളിതാ സഹസ്രനാമജപവും അര്‍ച്ചനയും നടത്തുക, സര്‍വ്വ ഐശ്വര്യങ്ങളും ഉറപ്പ്!
ജന്മഭൂമി: http://www.janmabhumidaily.com/news715548#ixzz4ug90oB00
No comments:
Post a Comment