Sunday, October 22, 2017

ഓരോ ഋതുവിലും ഓരോ നിറമാണ് മാടായിപ്പാറയ്ക്ക്. പുതുമഴയ്ക്കു ശേഷം തളിരിടുന്ന പുല്‍നാമ്പുകള്‍ മാടായിപ്പാറയെ പച്ചപുതച്ചൊരു ഉദ്യാനമാക്കും ജനവരി-ഫെബ്രുവരി മാസമാകുന്നതോടെ പുല്ലുകള്‍ക്കൊപ്പം ഇളം ചുവപ്പാകും ഈ പുല്‍മേടിന്റേയും നിറം വേനലില്‍ ഉണങ്ങിത്തുടങ്ങുന്ന പുല്‍ക്കൊടികളില്‍ വെയില്‍ വീഴുമ്പോള്‍ ഏക്കറകളിലായി പരന്നുകിടക്കുന്ന മാടായിപ്പാറ സ്വര്‍ണ നിറത്തില്‍ വെട്ടിത്തിളങ്ങും

ഉത്തരകേരളത്തിന്റെ ചരിത്രവും സംസ്‌ക്കാരവും ഉയിര്‍ത്തെഴുന്നേറ്റ ഇടം. സര്‍വ്വാഭീഷ്ടപ്രദായിനിയായ മാടായിക്കാവിലമ്മ കുടികൊള്ളുന്ന കാവും സര്‍വ്വനാശകാരണനായ സാക്ഷാല്‍ പരമശിവന് ഇരുന്നരുളുന്ന വടുകുന്ദക്ഷേത്രവും സ്ഥിതിചെയ്യുന്ന പവിത്രസങ്കേതം, ഉത്തരകേരളം അടക്കി ഭരിച്ച കോലത്തിരിരാജവംശത്തിന്റെ ആസ്ഥാനവും സാംസ്‌ക്കാരിക കേന്ദ്രവും ആയിരുന്നിടം, ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും കടല്‍ കടന്നിവിടെയത്തിയവരെ സര്‍വ്വാദരങ്ങളോടും കൂടി സ്വീകരിച്ച് കുടിയിരുത്തിയ ഭൂമി. ചരിത്രമുറങ്ങുന്ന ഈ ഭൂമി ചരിത്രത്തിന്റെ അവശേഷിപ്പുകള്‍ നിലനിര്‍ത്തുമ്പോഴും ഇന്ന് അറിയപ്പെടുന്നത് അവിടുത്തെ സമ്പന്നമായ ജൈവവൈവിധ്യത്തിന്റെ പേരിലത്രെ.
കണ്ണൂരില്‍ നിന്നും 22 കിലോമീറ്ററുകള്‍ ദൂരെയായാണ് മാടായിപ്പാറ സ്ഥിതിചെയ്യുന്നത്. കണ്ണൂര്‍ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തിലാണ് മാടായിപ്പാറ. പഴയങ്ങാടിയാണ് ഏറ്റവും അടുത്ത റെയില്‍വേ സ്‌റ്റേഷന്‍. കണ്ണൂരില്‍നിന്ന് മാടായിലേക്ക് ബസ് സൗകര്യം ലഭ്യമാണ്. കടലിലേക്ക് തള്ളിനില്‍ക്കുന്ന ഏഴിമലയുടെ കിഴക്കു ഭാഗത്തായാണ് മാടായിപ്പാറ സ്ഥിതി ചെയ്യുന്നത്. കടലിനോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശത്തെ ചുറ്റിയാണ് പഴയങ്ങാടിപ്പുഴ കടലില്‍ച്ചേരുന്നത്. ഒരു കാലത്ത് ഈ പ്രദേശവും കടലായിരുന്നുവെന്നും വെള്ളം നീങ്ങി ഉയര്‍ന്നുവന്ന ‘മാട് ‘എന്നതില്‍ നിന്നുമാണ് മാടായി ഉണ്ടായതെന്നും പറയപ്പെടുന്നു.
മുന്നൂറ് ഏക്കറോളം പരന്നു കിടക്കുന്ന പാറയില്‍ നിരവധി കാഴ്ചകളാണ് വിസ്മയം തീര്‍ക്കുന്നത്. കോലസ്വരൂപത്തിന്റെ പരദേവതയായി കണക്കാക്കപ്പെടുന്ന മാടായിക്കാവിലമ്മയുടെ സങ്കേതം അതിപ്രാചീനമത്രെ. തിരുവിതാംകൂര്‍ രാജവംശത്തിനും ഈ ക്ഷേത്രവുമായി ബന്ധങ്ങളുണ്ടെന്ന് ചരിത്രം പറയുന്നു. ശാക്തേയ പൂജ നടക്കുന്ന ഇവിടെ ഭദ്രകാളിയാണ് പ്രതിഷ്ഠ. തൊഴുതു വണങ്ങാന്‍ ദിനംപ്രതി എത്തിച്ചേരുന്നത് നിരവധി ഭക്തജനങ്ങളാണ്. തിരുവര്‍ക്കാട്ട് കാവ് എന്നു അറിയപ്പെട്ടിരുന്ന ഈ ക്ഷേത്രം മാടായിപ്പാറയുടെ ഒരറ്റത്തുള്ള പച്ചത്തുരുത്താണ്. നിരവധി അപൂര്‍വ്വവും അല്ലാത്തതുമായ മരങ്ങളുടെയും ചെടികളുടെയും കേന്ദ്രമാണ് ഈ പച്ചപ്പ്.
പാറയുടെ തെക്കു പടിഞ്ഞാറെ ഭാഗത്തായാണ് വടുകുന്ദ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്ക്-കി ഴക്കായി മാടായിക്കാവും സ്ഥിതി ചെയ്യുന്നു. മധ്യകാല ഘട്ടത്തില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം നിര്‍മിച്ചത് കോലത്തിരി രാജാക്കന്മാരാണെന്നു വിശ്വസിക്കപ്പെടുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകര്‍ന്നടിഞ്ഞ ക്ഷേത്രം പിന്നീട് ഏറെക്കാളം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നുവത്രെ. പിന്നീട് നാട്ടുകാരുടെ സഹകരണത്തോടെ പുനര്‍നിര്‍മ്മിക്കപ്പെട്ട ക്ഷേത്രം നിലവില്‍ കമ്മിറ്റിയാണ് ഭരണം നടത്തുന്നത്.
സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ക്ഷേത്രത്തോടു ചേര്‍ന്നു പാറപ്പുറത്തു കിടക്കുന്ന വലിയ വടുകുന്ദ തടാകം നല്ല വേനലിലും ജലം നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. മാടായിക്കാവിലമ്മയുടെ പൂരംകുളി നടക്കുന്നത് ഇവിടെയാണ്. ഇതു കൂടാതെ പാറയിലുടനീളം നിരവധി പവിത്രസങ്കല്‍പ്പങ്ങളും സങ്കേതങ്ങളും അതുമായി ബന്ധപ്പെട്ട ആചാരവിശ്വാസങ്ങളും ഉണ്ട്. മാടായിപ്പാറയോട് ചേര്‍ന്ന പഴയങ്ങാടി ടൗണിലുള്ള മാടായിപ്പള്ളി കേരളത്തിലെ മൂന്നാമത്തെ മുസ്ലീം പള്ളിയാണെന്നു കരുതപ്പെടുന്നു. മാലിക് ഇബിന് ദിനാര്‍ എഡി 1124ല്‍ നിര്‍മമിച്ചതെന്നു കരുതുന്ന ഈ പള്ളിയും ചരിത്രമുറങ്ങുന്ന ഒന്നാണ്.
മാടായിപ്പാറയുടെ തെക്കുകിഴക്കേ കോണില്‍ പ്രാചീനങ്ങളായ കോട്ടകളുടെ അവശിഷ്ടങ്ങളും അടിത്തറകളും പഴയ കിണറുകളും പീരങ്കിക്കോട്ടകളുടെ ഭാഗങ്ങളും ഇന്നും കാണാം. അവരുടെ നാട്ടിലെ ആഭ്യന്തര പ്രശ്‌നം കാരണം മാടായിയിലേക്ക് പലായനം ചെയ്ത ജൂതന്മാരുടെ സാന്നിധ്യം വാല്‍ക്കണ്ണാടിയുടെ ആകൃതിയില്‍ കൊത്തിയുണ്ടാക്കിയ ജൂതക്കിണറിന്റേയും പടവുകളില്ലാതെ ചെങ്കല്ലില്‍ പടുത്തെടുത്ത വട്ടക്കിണറിന്റേയും ചെങ്കല്ലില്‍ത്തന്നെ കൊത്തിയുണ്ടാക്കിയ ചതുരക്കിണറിന്റേയും രൂപത്തില്‍ മാടായിയില്‍ ഇന്നുമുണ്ട്. മാടായിപാറയുടെ കിഴക്കന്‍ ചെരുവില്‍ പാളയം ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു. ബ്രിട്ടീഷ് അധിനിവേശത്തോടു കൂടി അവര്‍ നിര്‍മിച്ച ബംഗ്ലാവും മാടായിപ്പാറയുടെ പ്രവേശനകവാടത്തില്‍ പോറലൊന്നും ഏല്‍ക്കാതെ നില്‍ക്കുന്നത് കാണാം.
ജൈവവൈവിധ്യത്തിന്റെ കേന്ദ്രമായ മാടായിപ്പാറയില്‍ ആയിരത്തോളം ഇനം സസ്യവര്‍ഗ്ഗങ്ങളെ കണ്ടെത്തിയതായി ഗവേഷകര്‍ രേഖപ്പെടുത്തിയുട്ടുണ്ട്. മാടായിപ്പാറയില്‍ നിന്നും മാത്രം കണ്ടെത്തി വിവരിക്കപ്പെട്ട ആറോളം സസ്യവര്‍ഗ്ഗങ്ങള്‍ ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം വിളിച്ചോതുന്നു. നൂറ്റി അമ്പതില്‍പ്പരം ചിത്രശലഭങ്ങളും നിരവധി തുമ്പി വര്‍ഗ്ഗങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. കടലിന്റെ സാമീപ്യവും പരിസരങ്ങളിലെ നീര്‍ത്തടങ്ങളും പക്ഷികളുടെ പറുദീസയായി മാറ്റിയിട്ടുണ്ട് മാടായിപ്പാറയെ. ആയിരക്കണക്കിനു മൈലുകള്‍ ദേശാടനം നടത്തുന്ന പക്ഷികളുടെ ഇടത്താവളം കൂടിയാണ് പീഠഭൂമിപോലെ ഉയര്‍ന്നു നില്ക്കുന്ന ഈ പ്രദേശം. മിക്ക വര്ഷങ്ങളിലും പുതിയ പക്ഷി വര്‍ഗങ്ങളെ ഇവിടെ നിന്നും പക്ഷി നിരീക്ഷകര്‍ കണ്ടെത്താറുണ്ട്. ലിഗ്‌നെറ്റ് നിക്ഷേപമുണ്ടെന്ന പേരില്‍ മാടായിപ്പാറയില്‍ മുമ്പ് ഖനനം നടത്തിയിരുന്നെങ്കിലും പ്രകൃതി സ്‌നേഹികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു.
മാടായിപ്പാറയില്‍ നൂറുകണക്കിന് സഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്. കഥയും ഐതിഹ്യവും ചരിത്രവും വിശ്വാസവും ഇവിടെ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്നു. പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുറങ്ങുന്ന മണ്ണിലെ വിശാലമായ പാറപരപ്പില്‍ മറ്റെങ്ങുമില്ലാത്ത മനോഹരമാകാഴ്ചകള്‍, തടാകങ്ങളും ക്ഷേത്രങ്ങളും ചരിത്രാവശിഷ്ടങ്ങളും എല്ലാമാണ് കാല വിത്യാസമില്ലാതെ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നത. മഴനനഞ്ഞ് പ്രകൃതി ഭംഗി ആസ്വദിക്കുകയെന്നത് ഇവിടെ എത്തുന്ന സഞ്ചാരികളുടെ ഒരു ഹരമാണ്.
തണ്ണീര്‍ത്തടങ്ങളില്‍ തണല്‍ തേടിയെത്തുന്ന പക്ഷികളും അവയെ ക്യാമറയിലാക്കാനെത്തുന്ന പക്ഷി നിരീക്ഷകരും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. ഓരോ ഋതുവിലും ഓരോ നിറമാണ് മാടായിപ്പാറയ്ക്ക്. പുതുമഴയ്ക്കു ശേഷം തളിരിടുന്ന പുല്‍നാമ്പുകള്‍ മാടായിപ്പാറയെ പച്ചപുതച്ചൊരു ഉദ്യാനമാക്കും ജനവരി-ഫെബ്രുവരി മാസമാകുന്നതോടെ പുല്ലുകള്‍ക്കൊപ്പം ഇളം ചുവപ്പാകും ഈ പുല്‍മേടിന്റേയും നിറം വേനലില്‍ ഉണങ്ങിത്തുടങ്ങുന്ന പുല്‍ക്കൊടികളില്‍ വെയില്‍ വീഴുമ്പോള്‍ ഏക്കറകളിലായി പരന്നുകിടക്കുന്ന മാടായിപ്പാറ സ്വര്‍ണ നിറത്തില്‍ വെട്ടിത്തിളങ്ങും. ഓണക്കാലത്ത് മാടായിയുടെ നിറം നീലയാണ് കണ്ണെത്താദൂരത്തോളം പൂത്തുനില്‍ക്കുന്ന കാക്കപ്പൂവിന്റെ നിറം ഏക്കറുകളോളം നീല പട്ടുവിരിച്ച കാക്കപ്പൂക്കള്‍ ആനന്ദ നിര്‍വൃതിയിലെത്തിക്കുന്ന കാഴ്ചയാണ് .
ചരിത്രവും സാംസ്‌ക്കാരവും ജൈവവൈവിധ്യവും പ്രാധാന്യം നല്‍കുന്ന മാടായിപ്പാറ നേരിടുന്ന ഭീഷണികളും വളരെ വലുതാണ്. തൊളളായിരത്തോളം ഏക്കറുകളിലായി വിശാലമായി കിടന്നിരുന്ന പാറപ്പരപ്പ് മാടായി ദേവസ്വത്തിന്റെ സ്വന്തമായിരുന്നു. എന്നാല്‍ ഇന്ന് അനധികൃതവും അധികൃതവുമായ കൈയേറ്റങ്ങളിലൂടെ ഇതിന്റ വിസ്തൃതി പകുതിയോളമായി കുറഞ്ഞിരിക്കുന്നുവെന്നാണ് മാടായിപ്പാറയുടെ സംരക്ഷണത്തിനു വേണ്ടി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന മാടായിപ്പാറ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും പാറയില്‍ സ്വന്തമായി കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് കാണാം. കളിമണ്‍ ഖനനം തല്‍ക്കാലം നടക്കുന്നില്ലെങ്കിലും ഖനനം പാറയില്‍ സൃഷ്ടിച്ച പ്രത്യഘാതങ്ങളും ഖനനം ഏത് സമയത്തും വീണ്ടും തിരിച്ചുവരാമെന്ന അവസ്ഥയും നിലനില്‍ക്കുന്നു. പ്രാധാന്യം ഒട്ടു മനസ്സിലാക്കാത്ത രീതിയിലുള്ള വിനോദസഞ്ചാരികളുടെ പെരുമാറ്റം പാറയ്ക്കു വരുത്തുന്ന പ്രശ്‌നങ്ങള്‍ ഒട്ടനവധിയാണ്.
പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കുപ്പിച്ചില്ലുകളും നിറഞ്ഞിരിക്കുന്നത് വകതിരിവില്ലാത്ത ടൂറിസത്തിന്റെ അനന്തരഫലങ്ങളത്രെ. പൂത്തുനില്‍ക്കുന്ന ചെറു ചെടികളുടെ മുകളിലൂടെ തലങ്ങും വിലങ്ങും മോട്ടോര്‍ വാഹനങ്ങളോടിക്കുന്നവര്‍ അറിയുന്നില്ല, നഷ്ടപ്പെടുന്നത് ഒരു പ്രദേശത്തിന്റെ സംസ്‌കാരത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും ഈടുവെപ്പുകളാണെന്നത്. നിറഞ്ഞുനില്‍ക്കുന്ന പാറക്കുളങ്ങളിലും പരന്നൊഴുകുന്ന കൊച്ചരുവികളിലും മോട്ടോര്‍ വാഹനങ്ങള്‍ കഴുകിയും അവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞും ജലസസ്യങ്ങളുടെയും ഉഭയജീവികളുടെയും മത്സ്യങ്ങളുടെയും നിലനില്‍പ്പ് ഇല്ലാതാക്കുന്നവര്‍ ഭാവിതലമുറകളോട് ചെയ്യുന്നത് എന്താണെന്നറിയുന്നില്ല.
ദേവസ്വം അധികാരികളും ജൈവവൈവിധ്യസംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരും പാരമ്പര്യത്തിന്റെയും സംസ്‌ക്കാരത്തിന്റെയും പ്രാധാന്യം ഉള്‍ക്കൊള്ളുന്നവരും നാട്ടുകാരും ഭരണകൂടവും ഒത്തൊരുമിച്ചു ശ്രമിച്ച് മാടായിപ്പാറ എന്ന ഈ അപൂര്‍വ്വ വിസ്മയത്തെ വരും തലമുറകള്‍ക്കായി സംരക്ഷിക്കേണ്ടതുണ്ട്. ഇവിടത്തെ വിശേഷങ്ങള്‍ ഇതുകൊണ്ടൊന്നും തീരുന്നില്ല. കാഴ്ചകള്‍ വാക്കുകളുടെ ഫ്രയിമുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നില്ല.


ജന്മഭൂമി: http://www.janmabhumidaily.com/news724534#ixzz4wEF4FjRa

No comments: