Wednesday, October 18, 2017

ഹിന്ദുമതം എന്നാൽ കുറെ ദേവതകളും മന്ത്രങ്ങളും അമ്പലങ്ങളും പൂജയും വഴിപാടും ദീപാവലി പോലെയുള്ള ഉത്സവാഘോഷങ്ങളുമൊക്കെയാണെന്നാണ് ബഹുഭൂരിപക്ഷം ഹിന്ദുമതവിശ്വാസികളും മറ്റു മതവിശ്വാസികളും ധരിച്ചിരിക്കുന്നത്. ഇപ്പറഞ്ഞതെല്ലാം ഹിന്ദുമതത്തിന്റെ ഭാഗം തന്നെയാണെന്നതിൽ സംശയമില്ല, പക്ഷേ ഹിന്ദുമതം ഇതൊന്നുമല്ല. ലോകക്ഷേമത്തെ ഉദ്ദേശിച്ചുള്ള വേദോപനിഷത്തുക്കളിലെ നിസ്വാർത്ഥമായ ആർഷഭാരത ഋഷിദർശനങ്ങളിലാണ് ഹിന്ദുമതമെന്ന മഹനീയസൗധം കെട്ടിപ്പടുത്തിരിക്കുന്നത്. വിവേകബുദ്ധിയിലാണ്, വികാരത്തിലല്ല ഈ ദർശനങ്ങളെല്ലാം നിലകൊള്ളുന്നതെന്നതിനാൽ ഇതെല്ലാം തന്നെ തീർത്തും യുക്തിസഹവും ശാസ്ത്രബോധത്തിനു നിരക്കുന്നതുമായ സിദ്ധാന്തങ്ങളാണ്. സർവ്വചരാചരങ്ങൾക്കുള്ളിലും അവയുടെയൊക്കെ ചൈതന്യമായി ഈശ്വരൻ വസിക്കുന്നു എന്നതാണ് ഈ സിദ്ധാന്തപക്ഷം. ഹൈന്ദവദർശനശാസ്ത്രപ്രകാരം ഈശ്വരനും ചിന്താശക്തിയുള്ള മനുഷ്യനും ഇടയിൽ ഒരേ ഒരു വ്യത്യാസമേയുള്ളൂ; മനുഷ്യനിലെ അഹന്ത. അതായത്, ഈശ്വരൻ + അഹന്ത = മനുഷ്യൻ എന്നതാണ് ഹിന്ദുമതത്തിന്റെ സമവാക്യം. ഈ സമവാക്യത്തിൽ നിന്നും ആർക്കും ഈശ്വരനെ കണ്ടുപിടിക്കാവുന്നതേയുള്ളൂ; ഈശ്വരൻ = മനുഷ്യൻ - അഹന്ത. അതേ, മനുഷ്യനിലെ ഞാനെന്നും എന്റെയെന്നുമുള്ള അഹങ്കാരത്തെ മാറ്റിനിർത്തിയാൽ ബാക്കിയുള്ളത് ഈശ്വരൻ മാത്രം. ഇതാണ് 'തത്വമസി' (അതു നീയാണ്) എന്ന ഉപനിഷദ് വാക്യം കൊണ്ടുദ്ദേശിക്കുന്നത്. അഹന്തയുടെ പതിനെട്ടു പടികൾ കാൽക്കീഴിലായിക്കഴിയുമ്പോൾ തന്റെയുള്ളിലെ ഈശ്വരനെ സാധകന് കാണാനാകും. അതിന്റെ പ്രതീകമാണ് മുന്നിൽക്കാണുന്ന സ്വർണ്ണവിഗ്രഹം. ശ്രീനാരായണ ഗുരുദേവന്റെ കണ്ണാടിപ്രതിഷ്ഠയുടെ തത്വവും ഈ 'എന്നിലെ നിന്നെക്കാണൽ' തന്നെ. ഹിന്ദുമതത്തിന്റെ പേരിൽ നമുക്കു ചുറ്റും കാണുന്ന മിക്ക ആചാരങ്ങളും സംവിധാനങ്ങളും കർമ്മങ്ങളും ഈ തത്വചിന്തയുടെ പ്രായോഗിക പരിശീലനസംവിധാനങ്ങളാണ്. സദ് പ്രമാണങ്ങളെ വളച്ചൊടിച്ചു സങ്കുചിത താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്ന രീതി എല്ലാ മതങ്ങളിലും ഉള്ളതുപോലെ തന്നെ ഹിന്ദുമതത്തിലും ഉണ്ട്. അപൂർണ്ണനും സ്വാർത്ഥനുമായ മനുഷ്യനാണ്, പൂർണ്ണനായ ഈശ്വരനെ കൈകാര്യം ചെയ്യുന്നത് എന്നതിനാലുണ്ടാകുന്ന പ്രശ്നമാണിത്..Mohandas.

No comments: