1. ഒരു ഒന്നിനെ കോടിക്കണക്കിനു തുണ്ടുകളായി ഭാഗിച്ചാൽ ആ ഒന്നിന്റെ ബലവും ആകാരവും എത്രകണ്ട് ചെറുതായിപ്പോകുമോ അതുപോലെയാണ് ദ്വൈതചിന്ത..
2. ആന്തരികമാണ് ജ്ഞാനിയുടെ സ്ഥിതി
ഈശ്വര-ജീവ സംയോഗമാണ് യോഗം. ലക്ഷ്യം പ്രാപിച്ച ആളാണ് യോഗി; അതിനാൽ ഇനി ലക്ഷ്യം എന്നുപറഞ്ഞ് മറ്റൊന്ന് പ്രാപിക്കാനുമില്ല. തന്നിൽ ആ പരമകാരണത്തെ കണ്ടെത്തിയ യോഗി "തന്നിൽ" ആണ് ഇരിക്കുന്നതും ഏകാഗ്രമനസ്കനായിട്ടുള്ളതും. സകല തീർത്ഥങ്ങളും അയാൾ തന്നിൽ കണ്ടുകഴിഞ്ഞു; അതിനാൽ പ്രത്യേകിച്ചൊരു തീർത്ഥയാത്ര അയാൾക്ക് നടത്താനുമില്ല. അയാളുടെ എല്ലാ ചുമതലകളും അവസാനിച്ചു; എങ്കിൽ കൂടി അയാളിലൂടെ പ്രകൃതി ചലിച്ച് ആ ശരീരത്തിലൂടെ നിയതമായ കർമ്മങ്ങൾ ചെയ്യപ്പെടുന്നു.
ജ്ഞാനിയുടെ സ്ഥിതി തികച്ചും ആന്തരികമാണ്. അവന്റെ സ്ഥിതിയെ ആ "വസ്തു"വിനെ കാണാത്തവർക്ക് എങ്ങനെയാണ് ഭാവനചെയ്യാനൊക്കുക! അവരുടെ പ്രകാശമയമായ ലോകം സാധാരണ ജനങ്ങൾക്ക് ഇരുട്ടാണ്; സാധാരണ ജനങ്ങളുടെ ലോകം അവർക്ക് ഇരുട്ടാണ്. ജ്ഞാനിയുടെ അലൗകികമായ അനുഭൂതിസ്ഥിതിയെ ലൗകികചക്ഷുസ്സുകൊണ്ടു കാണാൻ പറ്റില്ല; അവന്റെ ആന്തരികമണ്ഡലത്തിനെ അല്പംപോലും പരീക്ഷണംചെയ്യാനോ ഊഹിക്കാനോ ഉള്ള ശ്രമം ഉപേക്ഷിച്ചിട്ട് ആ അലൗകികതയെ അല്പമെങ്കിലും സ്മരിച്ചുകൊണ്ട് അതിനു അടങ്ങിക്കൊടുക്കുന്നതാണ് ഒരു ലൗകികനെ സംബന്ധിച്ചിടത്തോളം ഭൂഷണമായിട്ടുള്ളത്. അല്ലാതെ അവരുടെ ആന്തരികമായ അനുഭൂതിയെ അളന്നുനോക്കാനോ പരീക്ഷിക്കാനോ ഒരിക്കലും പുറപ്പെടരുത്. യാതൊരുവിധത്തിലും അതു ഭാവനചെയ്യാനോ ഊഹിക്കാൻ പോലുമോ സാധ്യമല്ല.
വാസ്തവത്തിൽ അവരുടെ ശരീരത്തിനെയാണ് ലൗകികർ കാണുന്നത്, അവരുടെ വ്യക്തിത്വത്തിനെയും പ്രാരാബ്ധത്തിനെയുമൊക്കെയാണ് അവർ കാണുന്നത്. അവരുടെ കണ്ണിൽ യോഗി തങ്ങളെപ്പോലെത്തന്നെ സുഖദുഃഖങ്ങൾ അനുഭവിക്കുന്നതായും കർമ്മങ്ങൾ ചെയ്യുന്നതായും തോന്നുന്നു. ആത്മജ്ഞാനത്തോടെ, അവർ അവരുടെ വ്യക്തിത്വത്തിനെയും ശരീരത്തിനെയും പ്രാരാബ്ധത്തിനെയും ഉപേക്ഷിച്ചുകഴിഞ്ഞു; മറ്റുള്ളവർ അവരുടെ ശരീരത്തിനെ കണ്ടിട്ട് ആ വിധത്തിൽ അവരിലൂടെ നടക്കുന്ന പ്രവർത്തികളെ കണ്ടിട്ട് അഭിപ്രായം പറയുന്നത് ശുദ്ധ വിഡ്ഢിത്തമാണ്.
ഒരു ലോജിക്കും ഒരു യുക്തിയും ജ്ഞാനിയുടെ കാര്യത്തിൽ ഫലിക്കില്ല. നമ്മൾ കാണുന്ന അവരുടെ മനസ്സും ശരീരവും സ്വയമേവ പ്രകൃതിയുടേതാണ്; അവർ സ്വയമേവ ആത്മാകാരം പൂണ്ടവരാണ്. ആചാര്യസ്വാമികൾ പ്രബോധസുധാകരത്തിൽ ഇങ്ങനെ പറയുന്നു: "ജ്ഞാനി ദേഹിയെപ്പോലെ കാണപ്പെടുന്നു; പക്ഷേ, കേവലമായ ആത്മാവായിത്തീർന്നിരിക്കുന്ന അയാളെ എങ്ങനെ ഭാവനചെയ്യും? എങ്ങനെ ചിന്തിക്കും? എങ്ങനെ ഊഹിക്കും?" അത് ഇന്നപോലെയാണെന്ന് ഒരു ലൗകികന് ഒരിക്കലും ഊഹിക്കാൻപോലും സാധ്യമല്ല.
3. സകല വികാരങ്ങളുടെയും മൂലം അന്തസത്ത
സന്തോഷം ഉൾപ്പടെയുള്ള സകല വികാരങ്ങളും വരുന്നത് ഉള്ളിൽനിന്നുതന്നെയാണ്; എന്നാൽ അത് പുറംവസ്തുക്കളിൽ നിന്നും വരുന്നു എന്നു നാം തെറ്റിദ്ധരിക്കുന്നു. വസ്തുക്കളിൽ നിന്നാണ് സന്തോഷം വരുന്നതെങ്കിൽ അതു മറ്റൊന്നിന്റെയും പ്രേരണയില്ലാതെ തുള്ളിച്ചാടേണ്ടതാണ്; എന്നാൽ അവ സ്വയമേവ ജഡമാകയാൽ അതുണ്ടാകുന്നില്ല.
ചേതനയാണ് എല്ലാ വികാരങ്ങളുടെയും മൂലവസ്തു; അതിനാൽ എല്ലാം അറിയപ്പെടുന്നു. ആശ്രയം വസ്തുക്കളിൽ നിന്നും വിട്ട് "അതി"ലേക്കായിത്തീരട്ടെ; ശ്രദ്ധ ആന്തരീകമായിത്തീരേണ്ടതിന്റെ പ്രാധാന്യം ഇവിടെയാണ്.
4.
ഏകമേവ അദ്വിതീയം
ഒരേ ഒരു ഒന്നിൽ നിന്നും മറ്റനേകം "ഒന്നുകൾ" ഉണ്ടായി, പലതുപോലെ നിലനിൽക്കുന്നു. നാമരൂപങ്ങളുടെ ആകർഷണത്തിൽ വീണുപോയാൽ ഏകമായ സത്യം വിഘടിക്കപ്പെടും; അതു മനോകാലുഷ്യത്തിനു വഴിവയ്ക്കും, അശാന്തി അനുഭവപ്പെടും. മനസ്സ് ശന്തോന്മുഖമാകണമെങ്കിൽ അതിന്റെ പലതിലേക്കുള്ള വ്യാപാരം നിലച്ച് ശ്രദ്ധ ഏകത്തിൽ നിലനിൽക്കണം. ഏകത്തിനു അനേകത്തിനേക്കാൾ പതിന്മടങ്ങു ബലമുണ്ട്..
5.
ഇപ്പോൾ ഇവിടെ എന്തുണ്ടോ അത് എപ്പോഴുമുണ്ടായിരുന്നു; ഭാവിയിൽ ഉണ്ടായിരിക്കുകയും ചെയ്യും. എന്തെങ്കിലും മാറിയിട്ടുണ്ടെന്നു തോന്നുകയാണെങ്കിൽ അത് നാമരൂപങ്ങൾ മാത്രമാണ്.
6. സത്തും അസത്തും
സംശുദ്ധമായ ചിത്തം (മനസ്സ്) എന്നുവച്ചാൽ വാസനാശൂന്യമായ ചിത്തം എന്നർത്ഥം. വാസനാശൂന്യമായ ചിത്തം എന്നാൽ അചലമായ, ചലനമറ്റ, ചിത്തവൃത്തികളേതുമില്ലാത്ത ചിത്തം; അങ്ങനെയുള്ള ചിത്തത്തിനു പേര് ചിത്തം അഥവാ മനസ്സ് എന്നല്ല, മറിച്ച് ആത്മാ എന്നുതന്നെയാകുന്നു.
ചിത്തവൃത്തികളായ ചിത്തത്തിനു മനസ്സ് എന്നു പേര്; ചിത്തവൃത്തികൾ അശേഷം അടങ്ങിയ ചിത്തത്തിനു ആത്മാ എന്നു പേര്. ആത്മാ തന്നെ ബാഹ്യമായി ചലിക്കുമ്പോൾ അതു മനസ്സ്; മനസ്സ് ആന്തരികമായിത്തീരുമ്പോൾ അതു ആത്മാ.
ഉള്ളത് ആത്മാ തന്നെ; അജ്‌ഞാനവശാൽ, അതിൽനിന്നുള്ള ശ്രദ്ധവിട്ട് അതുതന്നെ പുറമേയ്ക്ക് ചലിക്കുമ്പോൾ അതിൽനിന്നും അത് മനസ്സ് എന്ന പേരിൽ പിറവിയെടുക്കുന്നു. സത്തുതന്നെ അസത്തായും, അസത്തുതന്നെ സത്തായും മാറുന്നു. അതിനെ, സത്തെന്നും അസത്തെന്നും പറയാം; സത്തുമല്ല അസത്തുമല്ല എന്നും പറയാം. യാതൊന്നിലും ഉൾക്കൊള്ളാതെയും, എന്നാൽ എല്ലാറ്റിലും ഉൾക്കൊണ്ടും "അതു" നിലകൊള്ളുന്നു. അത് എല്ലാവിധ നിർവ്വചനങ്ങൾക്കും അപ്പുറത്തുമാണ്; എല്ലാ നിർവ്വചനങ്ങളും അതിലാണിരിക്കുന്നതും.
അതല്ലാതെ ഇവിടൊന്നുമില്ല എന്നറിയുന്നത് പരമമായ "ജ്ഞാനം". അതിൽനിന്നന്യമായി എന്തുതോന്നുന്നുവോ അത് "അജ്ഞാനം".
7. ബ്രഹ്മസത്യം-ജഗന്മിഥ്യ
ബ്രഹ്മസത്യം ജഗന്മിഥ്യ എന്ന് എന്തുകൊണ്ട് ശ്രീശങ്കരന്‍ പറഞ്ഞു? ഈ ജഗത്ത് ഞാന്‍ കാണുന്നുണ്ടല്ലോ! അതില്‍ ഒരു ഭാഗമായി ഞാനുണ്ടുതാനും. പിന്നെങ്ങനെ ഇപ്പറഞ്ഞതില്‍ വാസ്തവമുണ്ടാകും?
മൂന്നു കാലത്തും (ജാഗ്രത്-സ്വപ്നം-സുഷുപ്തി) ഏതൊന്ന് ഉണ്മയായി അനുഭവത്തിലുണ്ടോ അതിനെയാണ് ശ്രീശങ്കരന്‍ 'സത്യം' എന്നു വിളിച്ചത്. ബാക്കിയെല്ലാം മിഥ്യ എന്നും പറഞ്ഞു.
മിഥ്യ എന്നാല്‍ ഉണ്ടായി, നിലനിന്ന്, അവസാനം നശിച്ചുപോകുന്നത് എന്നര്‍ത്ഥം. ചഞ്ചലമായ പ്രകൃതിയിലെ സകലമാന പദാര്‍ത്ഥങ്ങളും അതിനാല്‍ മിഥ്യതന്നെ. ഏതൊന്നിന് ഇതു മൂന്നും ഇല്ലയോ, എന്നാല്‍ ഇവയ്ക്കൊക്കെ പരമകാരണമായി, ശാശ്വതമായി, കാലദേശഭേദമില്ലാതെ, അവയില്‍നിന്നെല്ലാം അതിക്രമിച്ചുകൊണ്ട് നിശ്ചലതത്വമായി നിലനില്‍ക്കുന്നുവോ, അതു സത്യം. അത് ആത്മാ ഒന്നുമാത്രം.
ബ്രഹ്മസത്യം, ജഗന്മിഥ്യ!
8. ജ്ഞാനം സന്യാസലക്ഷണം
- ശ്രീ ശങ്കര ഭഗവദ്പാദർ
ആത്മാന്വേഷണവും, അതിന്റെ വിജയകരമായ പരിസമാപ്തിയിൽ ആ പരമാത്മതത്വത്തെ സ്വാനുഭവത്തിലൂടെ അറിയലുമാകുന്നു ജ്ഞാനം; ഇതിനെ ആചാര്യസ്വാമികൾ "സന്യാസം" എന്നുവിളിച്ചു.
***സന്യാസം ആന്തരികമാണ്; ബാഹ്യമായ വേഷംകെട്ടലുകൾ ഉണ്ടെന്നുകരുതി അതു സന്യാസമാവില്ലെന്നു സാരം.
9. അഹംവൃത്തി-അഹംസ്ഫൂർത്തി-അഹംബോധം
ഈശ്വരാന്വേഷണം എവിടെനിന്നു തുടങ്ങണം? അത് അന്വേഷിക്കുന്ന ആളിൽനിന്നുതന്നെ തുടങ്ങണം. അഹംവൃത്തിയെന്ന "ഞാൻ" എന്ന വ്യക്താഹന്തയെ ആദ്യം അന്വേഷിക്കുക. അത് പൊതുവായി, "ഞാൻ പുരുഷൻ", "ഞാൻ സ്ത്രീ", "ഞാൻ കുട്ടി", "എന്റെ പേര് ഇത്", "ഞാൻ ഇന്ന രാജ്യക്കാരനാകുന്നു", "ഞാൻ ഇന്ന സ്ഥാപനത്തിൽ ജോലിചെയ്യുന്നു", "എന്റെ മാതാപിതാക്കൾ ഇവരൊക്കെയാണ്" എന്നൊക്കെപ്പറയുന്നത് ഈ അഹംവൃത്തിയാണ്. ഈ അഹംവൃത്തിയെ ആഴത്തിൽ അന്വേഷിച്ചുമുങ്ങുമ്പോൾ അത് എവിടെനിന്നും പൊന്തിയോ അവിടെച്ചെന്നു ലയിക്കും. അഹം ഉദിക്കുകയും ലയിക്കുകയും ചെയ്യുന്ന സ്ഥാനത്തിന് പേരാണ് "ഹൃദയം". "ഞാൻ" എന്ന അഹംവൃത്തി അതിന്റെ അന്വേഷണത്തിലൂടെ ഹൃദയത്തിൽ ലയിച്ചുകഴിഞ്ഞാൽ, അവിടെ മറ്റൊരു “ഞാൻ” പൊന്തിവരുന്നു; അതാണ് അഹത്തിനും (വ്യക്തിത്വം അഥവാ മനസ്സ്) സാക്ഷിയായ യഥാർത്ഥ "അഹം".
ഒരു വിമാനത്തിന്റെ കാര്യമെടുക്കുക; അതിനു റൺവേയിൽ ഓടുന്നത് ഒരു മോട്ടോർ പ്രവർത്തിപ്പിച്ചിട്ടാണ്. റൺവേയിൽ ഓടിക്കഴിഞ്ഞു, പറന്നുയരാനായി പ്രധാന റൺവേയിൽ ഓടുമ്പോൾ മറ്റൊരു യന്ത്രമാണ് പ്രവർത്തിക്കുക. പിന്നീട് പറന്നുയരുമ്പോഴും അതെ യന്ത്രത്തിലാണ് വിമാനം മുന്നോട്ടുകുതിക്കുന്നത്. അതുപോലെ സകല ജീവന്റെയും മൂലാധാരമായി ആത്മാ എന്ന "അഹം" നിലനിൽക്കുന്നു; അതാവട്ടെ ആദ്യം പറഞ്ഞ അഹം (അഹംവൃത്തി) എന്നതിനുമപ്പുറം, അതിനും സാക്ഷിയായിക്കൊണ്ട്, കാരണമായിക്കൊണ്ട് സാധാരണഗതിയിൽ മറഞ്ഞിരിക്കുന്നപോലെ നിലനിൽക്കുന്നു. എല്ലാവിധ ചലനങ്ങൾക്കും മൂലമായ ഈ അഹമാണ് ഓരോ ജീവനിലും "ഉണ്ട്" എന്ന ഉണ്മയായി കുടികൊള്ളുന്ന "അഹം സ്ഫൂർത്തി". ഇതാണ് നാം പൊതുവെ പറയാറുള്ള ജീവാത്മാ.
ഇപ്പറഞ്ഞ അഹംസ്ഫൂർത്തിയെ വളരെ ആഴത്തിൽ വിശകലനംചെയ്തുകഴിഞ്ഞാൽ ഒരു കാര്യം വ്യക്തമാകും; എന്റെയുള്ളിൽ ഏതൊന്നു ഉണ്മയായി വർത്തിക്കുന്നുവോ, അതേ അഹംതന്നെ, യാതൊരു ഭാവവ്യത്യാസവുമില്ലാതെ അചഞ്ചലമായി സകല ചരാചരങ്ങളിലും ഉണ്മയായി നിലനിൽക്കുന്നുണ്ട്. ഇപ്പറഞ്ഞ അഹംസ്ഫൂർത്തിതന്നെ വിശ്വാകാരമായും, വിശ്വത്തിനുമുഴുവൻ ആധാരമായും സകലതിനും ഉണ്മയായും നിലനിൽക്കുന്നു. ഇതാവട്ടെ അവിനാശിയും, ജനനമരണശൂന്യമായതും, സർവ്വതിനും ആധാരമായതുമായ പൊരുളാണ്. സർവ്വതിനും ആധാരമായ ഈ അഹം, "അഹംബോധ"മായി അറിയപ്പെടുന്നു. നിത്യസത്യമായ ഈ വസ്തുതന്നെ ഈശ്വരൻ എന്നും, ബ്രഹ്മമെന്നും, പരമാത്മാ എന്നുമൊക്കെ അറിയപ്പെടുന്നു.
യഥാർത്ഥത്തിൽ ഉള്ളത് "അഹംബോധം"തന്നെ; അതുതന്നെ അഹംസ്ഫൂർത്തി എന്നും, അഹംവൃത്തിയെന്നും അറിയപ്പെടുന്നു എന്നുമാത്രം. തത്വമറിഞ്ഞവർക്ക് അഹംബോധം മാത്രം സത്യം.
ഞാനുദിയാതുള്ള നിലയ്
ഞാനതുവായുള്ള നിലയ്..... സത്യത്തെക്കുറിച്ചുള്ള രമണമഹർഷിയുടെ വാക്കുകൾ വളരെ സ്പഷ്ടമാണ്.
ഞാനതുവായുള്ള നിലയ്..... സത്യത്തെക്കുറിച്ചുള്ള രമണമഹർഷിയുടെ വാക്കുകൾ വളരെ സ്പഷ്ടമാണ്.
"ഞാൻ" (അഹം വൃത്തി - പ്രത്യേക ജീവബോധം) ഉദിക്കാത്ത സ്ഥിതി, ഞാൻ അതായുള്ള (പരമാത്മബോധം - അഹംബോധം) സ്ഥിതി; അത് സ്വയമേവ പൂർണ്ണമാകുന്നു; അത് ജനന-മരങ്ങൾക്കും അതീതമായ വസ്തുവാകുന്നു. എല്ലാം പൂർണം; പൂർണ്ണമല്ലാതെ ഇവിടെ മറ്റൊന്നില്ലെന്ന അറിവ്...
10. സർവ്വതും ഈശ്വരന്റെ കൃപയാൽ ചലിക്കുന്നു, ഈശ്വരൻതന്നെ അടുപ്പിക്കേണ്ടവരെ അടുപ്പിക്കുന്നു, അകറ്റേണ്ടവരെ അകറ്റുന്നു; എല്ലാം ഈശ്വരകാര്യത്തിനായി മാത്രം.
ജീവിതത്തിൽ ഏറ്റവും വലിയ പാഠമായത് ഒരിക്കലും സ്വമേധയാ ആരും ഈശ്വരനിലേക്ക് അടുക്കുന്നില്ല എന്നതാണ്; ഈശ്വരൻ തന്നെയാണ് ഇങ്ങോട്ടുവന്ന് ജീവനെ അതാത് തലങ്ങളിലേക്ക് എത്തിക്കുന്നത്. നാം അതിനുവേണ്ടി ശ്രമിക്കുന്നു, പ്രവർത്തിക്കുന്നു എന്നുപറയുന്നതൊക്കെ ഒരു വലിയ തെറ്റിധാരണമാത്രമാണ്. എല്ലാ ശ്രമവും എല്ലാ പ്രവർത്തിയും പരാജയമാണെന്ന് സ്വയം ബോധ്യമായി തന്നെക്കുറിച്ചുള്ള സകലവിധ അഭിമാനങ്ങളും, "താൻ ചെയ്യുന്നു" എന്ന വ്യക്ത്യാഹന്തയും ഒരു മഹനീയ സന്നിധിയിൽ അടങ്ങിക്കഴിയുമ്പോൾ അവിടെ ആ ഈശ്വരൻ പ്രവർത്തിച്ചുതുടങ്ങുന്നു. ആ ജീവനെ ഇങ്ങോട്ടുവന്ന് ഈശ്വരൻ കൂട്ടിക്കൊണ്ടുപോകുന്നു. ഇതിനു "തടുത്ത് ആൾക്കൊള്ളൽ" എന്നത്രെ പേര്. സാധാരണ ഭാഷയിൽ "കൃപാസാക്ഷാത്കാരം" എന്നും പറയാം. സർവ്വതും ആ കൃപതന്നെ.
ഒരു സുനാമിയുണ്ടാകുമ്പോൾ സമുദ്രം ഇങ്ങോട്ടുവന്ന് നദിയെ അപ്പാടെ വിഴുങ്ങുന്ന ഒരു സാഹചര്യമുണ്ടല്ലോ; അത് നദിയുടെ പരിശ്രമമാണോ; അല്ലേലയല്ല. നദിയുടെ സമുദ്രത്തിലേക്കുള്ള പ്രയാണംപോലും സമുദ്രത്തിന്റെ ആകർഷണമല്ലാതെ മറ്റെന്താണ്!...
letting go
No comments:
Post a Comment