Monday, November 12, 2018

അപ്പൊ എന്തുകൊണ്ട് ആത്മാ അറിയപ്പെടുന്നില്ല ഇന്ന് രാത്രി 12 മണിക്ക് ഗ്രഹണമാണ്. കൂരിരുട്ടില് ചന്ദ്രനെ രാഹുഗ്രഹിക്കുന്നു. രാഹുഗ്രഹണം ചന്ദ്രനെയും സൂര്യനെയും രാഹുഗ്രഹിക്കുന്നതിനെയാണ് നമ്മള് ഗ്രഹണം എന്നു പറയുന്നത് . ആചാര്യസ്വാമികൾ ദക്ഷിണാ മൂർത്തി സ്തോത്രത്തിൽ പറയുന്നു. ഇതേപോലെ ആത്മാവിനെ അജ്ഞാനമാകുന്ന രാഹുഗ്രഹിക്കുണൂ എന്നാണ്.
രാഹു ഗ്രസ്ത ദിവാകരേന്ദു സദൃശോ
മായാസമാച്ഛാദനാത്
സന്മാത്രാ കരണോപസംഹരണ തോ
യോ ഭൂത് സുഷുപ്തി പുമാൻ
പ്രാഗ് അസ്വാപ്സമിതി പ്രബോധസമയേ
യ പ്രത്യഭിജ്ഞാ യ തേ
തസ്മെ ശ്രീ ഗുരുമൂർത്ത യേ നമ ഇദം ശ്രീ ദക്ഷിണാ മൂർത്തയെ നമഃ ഇദം ശ്രീ ദക്ഷിണാ മൂർത്തയെ
രാഹുഗ്രസ് ത ദിവാകരേന്ദു സദൃശ:
ദിവാകരനും ഇന്ദുവും ദിവാകരൻ സൂര്യൻ ഇന്ദു ചന്ദ്രൻ സൂര്യനെയും ചന്ദ്രനെയും രാഹു ഗ്രസിക്കുമ്പോൾ പ്രകാശിക്കുന്നില്ല. അതേ പോലെ മായയാവുന്ന രാഹു നമ്മുടെ ഉള്ളില് സൂര്യനെയും ചന്ദ്രനെയും മറയ്ക്കുണൂ . സൂര്യൻ ആരാണ് " ബുദ്ധി" ചന്ദ്രൻ " മനസ്സ്" 'ചന്ദ്രമാം മനസ്സോ ജാത: ' ബുദ്ധിയെയും മനസ്സിനെയും അജ്ഞാനമായ രാഹു ഗ്രസിക്കുമ്പോൾ ആത്മ തത്ത്വം പ്രകാശിക്കിണില്ല ന്നാണ്. സ്വരൂപം പ്രകാശിക്കിണില്ല. സുഷുപ്തിയിൽ ബുദ്ധിയും മനസ്സും ഇല്ലാതായി ലയിച്ചു കിടക്കുമ്പോൾ " സന്മാത്ര: " ഉണ്ട് എന്നൊരു തോന്നൽ മാത്രം. വേറെയൊന്നും അറിയപ്പെടുന്നില്ല. ബോധം, പ്രജ്ഞ ഇല്ല. എന്നിട്ട് ഉറങ്ങി എഴുന്നേറ്റു വന്നിട്ടാണ് പറയണത് " അസ്വാപ് സം " ഞാൻ ഉറങ്ങി എന്നു പറയണത്. അപ്പൊ രാഹു, ആ സ്തോത്രത്തിന്റെ അർത്ഥമല്ല ഞാനിപ്പൊ പറയുന്നത് രാഹു ഗ്രസിക്കുന്ന പോലെ ഒരു അജ്ഞാനം ഗ്രസിച്ചിരിക്കുന്നു. ബുദ്ധന്റെ പുത്രന് രാഹുലൻ എന്നാണ് പേര്. ആ പേരിടാൻ കാരണം ബുദ്ധനെ ശുദ്ധോധരൻ പുറത്തേക്കേ വിടാതെ കൊട്ടാരത്തിൽ സുഖിപ്പിച്ചു വച്ചു. അപ്പോഴാണ് ഒരു ദിവസം നാടുകാണാനായിട്ട് ഇറങ്ങിയത്. നാടു കാണാൻ ഇറങ്ങിയ പ്പൊ ഒരു ശവം കൊണ്ടുവരുന്നതു കണ്ടു .വ്യാധി പിടിച്ച ഒരാളെ കണ്ടു. ഒരു വൃദ്ധനെ കണ്ടു. അപ്പൊ വാർദ്ധക്യം, മരണം, വ്യാധി ഇതൊക്കെ ഉണ്ട് എന്ന് മനസ്സിലായി. ശാന്തനായിട്ട് ഇരിക്കുന്ന ഒരു താപസനെയും കണ്ടു. അപ്പൊ ഇതിന് ഒരു പരിഹാരം ഉണ്ട് എന്നും മനസ്സിലായി. അപ്പൊ സംസാരം അത്യന്തം വലിയൊരു ബന്ധം ആണ് എന്ന് അദ്ദേഹത്തിനു തോന്നി. ഭാര്യ അപ്പൊ കുട്ടി ഉണ്ടായിട്ടില്ലല്ലൊ. ഭാര്യ, ബന്ധുക്കൾ ഇതൊക്കെ വളർന്നു വളർന്നു വരും തോറും തന്നെ പിടിച്ചു കെട്ടുകയാണോ എന്ന് അദ്ദേഹത്തിനു തോന്നി. ഈ യാത്ര കഴിഞ്ഞ് തിരിച്ച് കൊട്ടാരത്തിലേക്ക് വരുമ്പോഴാണ് ഒരു പുത്രനുണ്ടായിരിക്കുന്നു എന്ന സന്തോഷ വാർത്ത ഇദ്ദേഹത്തെ അറിയിക്കുന്നത്. അറിയിച്ചപ്പൊ അദ്ദേഹം പറഞ്ഞൂ ത്രേ ബന്ധത്തിനു മേലെ ബന്ധം . ഇനി ഒരു ബന്ധം കൂടി തന്നെ കെട്ടാൻ വന്നിരിക്കുണൂ. അപ്പൊ അദ്ദേഹത്തിനു തോന്നി തന്നെ പിടിക്കാൻ വന്നിരിക്കണ രാഹുആണ് എന്ന് തോന്നീ ത്രേ. അതു കൊണ്ടാണത്രെ രാഹുലൻ എന്നു പേരു വച്ചത്. ഗ്രസിക്കാൻ വന്നിരിക്കുന്ന രാഹുആണ് എന്നു തോന്നി എന്നാണ്. അതുകൊണ്ട് അതു പിടിക്കുന്നതിനു മുൻപ് ചാടണം എന്നു പറഞ്ഞിട്ടാണത്രെ അന്നു രാത്രി തന്നെ ഇറങ്ങി പുറപ്പെട്ടത്. അപ്പൊ രാഹു ബുദ്ധിയെയും മനസ്സിനെയും ഗ്രസിക്കുന്നു. അജ്ഞാനം, അവിദ്യ ഗ്രസിക്കുമ്പോ നമ്മുടെ യഥാർത്ഥ സ്വഭാവമായ പൂർണ്ണത , ആനന്ദം, തൃപ്തി നമുക്ക് പിടി കിട്ടിണില്ല. നമ്മുടെ സ്വ സ്വരൂപമായ തൃപ്തി പിടികിട്ടിണില്ല. ശരീരം ആണ് ഞാൻ എന്നു മാത്രം അറിയാം. ശരീരത്തിനെ സുഖിപ്പിക്കുന്നതു കൊണ്ട് ഞാൻ സുഖിക്കുണൂ. ശരീരത്തിനു വിഷമം വന്നാൽ എനിക്കു വിഷമം. അതു കൊണ്ട് ശരീരത്തിന്റെ തലത്തിൽ മാത്രം നിന്നുകൊണ്ടുള്ള ജീവിതമാണ് ലോകത്തില് സാധാരണമായിട്ട് കാണുന്ന ജീവിതം. അങ്ങനെ ശരീരത്തിന്റെ തലത്തിൽ തന്നെ ജീവിച്ച് ആത്മതത്വം അറിയാതെ അത് ഒട്ടും കേൾക്കാതെ അങ്ങനെ ഒന്നു ഉണ്ടെന്നു പോലും അറിയാതെ ഈ ജീവിത പ്രശ്നങ്ങളൾക്ക് പരിഹാരം ഉണ്ടെന്നു പോലും അറിയാതെ പരിഹരിക്കണത് പോട്ടെ. പരിഹാരം ഉണ്ട് എന്ന് അറിയുന്നത് ഏറ്റവും പ്രധാന ഘട്ടം. വിദ്യാരണ്യസ്വാമികൾ ഒരിടത്തു പറയുന്നു പഞ്ചദശിയാലോ മറ്റോ ഈ ജീവന്റെ ഉള്ളിൽ മുക്തിയെക്കുറിച്ചുള്ള സന്ദേശം വീഴുന്നതു തന്നെ ആ ജീവന്റെ യാത്രയിൽ ഒരു മുഖ്യമായ ഘട്ടം എന്നാണ്. ആ ജീവന് സാക്ഷാത്കാരം ഉണ്ടായോ ബന്ധവിമുക്തി ഉണ്ടായോ ആനന്ദം നേടിയോ എന്നൊക്കെ കാര്യം വേറെ. പക്ഷേ ഏതൊ ഒരു ഘട്ടത്തില് ജീവിതത്തിന്റെ ഏതോ ഒരു മുഖ്യമായ ഘട്ടത്തിൽ യഥാർത്ഥമായി അനുഭവിച്ച ഒരാളിൽ നിന്നും ഈ ബ്രഹ്മവിദ്യ കേൾക്കാ എന്ന് ഭാഗ്യം കിട്ടാ. ചെവിയില് വീഴാ. ആ വീഴുമ്പോ എന്തൊന്നറിയാതെ അർത്ഥം ഒന്നും മനസ്സിലായിട്ടില്ലെങ്കിലും ഒരു ആനന്ദം തോന്നും "ശ്രവണാ യാ പി ബഹു ഭിർ യോ ന ലഭ്യ: എന്നാണ്. കേൾക്കാൻ പോലും എത്രയോ പേർക്ക് കിട്ടിണില്ല. ആ കേൾക്കാൻ സിദ്ധിക്ക എന്നുള്ളത് ഏററവും പ്രധാനമായ ഘട്ടം. അതു കേൾക്കാൻ പോലും സാധിക്കാതെ ജീവിതം മുഴുവൻ ബഹിർമുഖ വൃത്തിയിൽ തന്നെ പണമുണ്ടാക്കാ പ്രവൃത്തിക്കാ കുറെ ഊണ് കഴിക്കാ ഉറങ്ങാ ഇങ്ങനെ കഴിഞ്ഞു പോയി. അവസാനം ആകുമ്പോൾ കണക്കെടുത്തു നോക്കിയാൽ ഒന്നും പറയാനില്ല. കുറെ പച്ചക്കറി, കുറെ അരി, കുറെ കാപ്പിപ്പൊടി, കുറെ ചായപ്പൊടി, പാല്, തൈര്, മോര് ഒക്കെ കാലിയാക്കി എന്നല്ലാതെ വേറെയൊന്നും പറയാനില്ല
(സാംഖ്യയോഗം പ്രഭാഷണം - നൊച്ചൂർ ജി )

No comments: