ഗായത്രിയുടെ പൂര്‍ണ്ണമായ ജ്ഞാനം, അച്യുതത്വത്തിനു ഹേതു
ഉപനിഷത്തിലൂടെ 304/സ്വാമി അഭയാനന്ദ
Thursday 8 November 2018 1:04 am IST
കാണുന്നതുപോലെ തോന്നുന്നതും ലോകങ്ങളുടെയെല്ലാം മുകളില്‍ പ്രകാശിക്കുന്നതുമായ നിന്റെ നാലാംപാദത്തിന് നമസ്‌കാരം. ഗായത്രി ഉപാസിക്കുന്നവരെ ആരെങ്കിലും ദ്വേഷിക്കുന്നുവെങ്കില്‍ ആ ശത്രുവിന്റെ ആഗ്രഹം പൂര്‍ണ്ണമാകാതിരിക്കട്ടെ. ഇങ്ങനെ പ്രാര്‍ത്ഥിച്ചാല്‍ അത് സംഭവിക്കും.
താം ഹൈതാ മേകേ സാവിത്രീമനുഷ്ടുഭമന്വാ
ഹു: ..........
ചിലര്‍ അനുഷ്ടുപ് ഛന്ദസ്സിലുള്ള ഈ സാവിത്രിയെ ശിഷ്യന്‍മാര്‍ക്ക്, ഉപനയന സമയത്ത് ഉപദേശിക്കുന്നു. അനുഷ്ടുപ് വാഗ് ദേവതയാണ്, ആ വാഗ്‌ദേവതയെ നിങ്ങള്‍ക്ക് ഉപദേശിക്കുന്നുവെന്ന് അവരോട് പറയാറുണ്ട്.അങ്ങനെ ചെയ്യരുത്. ഗായത്രി തന്നെയായ സാവിത്രിയെ ഉപദേശിക്കണം. ഇങ്ങനെ അറിയുന്നവര്‍ ധാരാളമായി പ്രതിഗ്രഹം സ്വീകരിക്കുമെങ്കിലും അത് ഗായത്രിയുടെ ഒരു പാദത്തോളം ആകുകയില്ല.
ഗായത്രി പ്രാണനായതിനാല്‍ അതില്‍ വാഗ്‌ദേവതയും ഉള്‍പ്പെടും. പ്രാണന്‍ ഹിരണ്യഗര്‍ഭ രൂപത്തില്‍ ജഗത്തുമായി ഏകീഭവിച്ചതിനാല്‍ എല്ലാ പ്രതിഗ്രഹവും അയാള്‍ക്ക് അല്പം മാത്രമാണ്.
സ യ ഇമാന്‍ ത്രീന്‍ ലോ കാന്‍ പൂര്‍ണ്ണാന്‍ പ്രതിഗൃഹ്ണീയാത്...........
ഒരാള്‍ പൂര്‍ണ്ണങ്ങളായ മൂന്ന് ലോകങ്ങളേയും പ്രതിഗ്രഹമായി സ്വീകരിക്കുന്നുവെങ്കില്‍ അത് ഗായത്രിയുടെ ഒന്നാം പാദം അറിഞ്ഞതിന്റെ ഫലമേ ആകുകയുള്ളൂ. ഒരാള്‍ മൂന്ന് വേദങ്ങള്‍ അറിയുന്നതിന്റെ ഫലം പ്രതിഗ്രഹമായി സ്വീകരിക്കുന്നുവെങ്കില്‍ അത് ഗായത്രിയുടെ രണ്ടാം പാദം അറിഞ്ഞ പോലെ മാത്രമാണ്. മറ്റൊരാള്‍ ഈ ലോകത്തിലെ ജീവജാലങ്ങളെ പ്രതിഗ്രഹമാക്കി സ്വീകരിച്ചാല്‍ അത് ഗായത്രിയുടെ മൂന്നാം പാദം അറിഞ്ഞ ഫലം മാത്രം. തപിക്കുന്ന സൂര്യന്‍ തന്നെയാണ് നാലാം പാദം. ഇത് കാണുന്നതുപോലെ തോന്നുന്നതും ലോകങ്ങള്‍ക്ക് മുകളില്‍ പ്രകാശിക്കുന്നതുമാണ്. അത് ഒന്നുകൊണ്ടും പ്രാപിക്കാനാവില്ല. എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രമാത്രം പ്രതിഗ്രഹമായി സ്വീകരിക്കാന്‍ കഴിയുക.
ഗായത്രീ വിജ്ഞാന ഫലത്തെ സ്തുതിക്കുകയാണ് ഇവിടെ. ഓരോ പാദത്തേയും ഉപാസിച്ചാലുള്ള ഫലത്തെ ആദ്യം പറയുന്നു. ഗായത്രിയുടെ മുഴുവന്‍ ഉപാസനാഫലം അനന്തവും അളവറ്റതുമായ ഫലമാന്നെന്ന് പിന്നെ വിശദമാക്കുന്നു.
തസ്യാ ഉപസ്ഥാനം ഗായത്ര്യസ്യേകപദീ
ദ്വിപദീ........
ഗായത്രിയുടെ സ്തുതിയെ പറയുന്നു.-
ഗായത്രീ, നീ മൂന്ന് ലോകങ്ങളാകുന്ന ഒന്നാം പാദത്തോടും മൂന്ന് വേദങ്ങളാകുന്ന രണ്ടാം പാദത്തോടും മൂന്ന് പ്രാണങ്ങളാകുന്ന മൂന്നാം പാദത്തോടും ആദിത്യനാകുന്ന നാലാം പാദത്തോടും ആരാലും പ്രാപിക്കാത്തതിനാല്‍ പാദങ്ങളില്ലാത്തതുമാണ്.
കാണുന്നതുപോലെ തോന്നുന്നതും ലോകങ്ങളുടെയെല്ലാം മുകളില്‍ പ്രകാശിക്കുന്നതുമായ നിന്റെ നാലാംപാദത്തിന് നമസ്‌കാരം. ഗായത്രി ഉപാസിക്കുന്നവരെ ആരെങ്കിലും ദ്വേഷിക്കുന്നുവെങ്കില്‍ ആ ശത്രുവിന്റെ ആഗ്രഹം പൂര്‍ണ്ണമാകാതിരിക്കട്ടെ. ഇങ്ങനെ പ്രാര്‍ത്ഥിച്ചാല്‍ അത് സംഭവിക്കും. എനിക്ക് ഫലമുണ്ടാകട്ടെ എന്നും പ്രാര്‍ത്ഥിക്കാം.
സ്വന്തം കാര്യം നടക്കുന്നതിനും അതിന് തടസ്സം നില്‍കുന്നതിനെ നീക്കാനും ഗായത്രി ഉപാ
സന സഹായിക്കും.
ഏതദ്ധ വൈ തജ്ജനകോ വൈദേഹോ........
അതിനെപ്പറ്റി ഇങ്ങനെ പറയുന്നു.
വിദേഹ രാജാവായ ജനകന്‍ അശ്വതരാശ്വന്റെ മകനായ ബുഡിലനോട് ചോദിച്ചു. നീ ഗായത്രിയെ അറിയുന്നവനാണ് സ്വയം പറഞ്ഞുവല്ലോ. പിന്നെ എങ്ങനെയാണ് ആനയെപ്പോലെയായിത്തീര്‍ന്ന് ഭാരം ചുമക്കുന്നത്?
രാജാവേ, എനിക്ക് ഗായത്രിയുടെ മുഖം അറിയില്ല എന്ന് ബുഡിലന്‍ പറഞ്ഞു.
ഇത് കേട്ട ജനകന്‍ ഗായത്രിയുടെ മുഖം അഗ്‌നി തന്നെയാണ് എന്ന് പറഞ്ഞു. അഗ്‌നിയില്‍ എത്രയേറെ വിറകിട്ടാലും അതെല്ലാം ദഹിച്ചു പോകും. അതു പോലെ ഗായത്രിയെ ഇങ്ങനെ അറിയുന്നയാള്‍ എത്ര പാപം ചെയ്താലും അവയെല്ലാം നശിച്ച് ശുദ്ധനും പാപമില്ലാത്തവനും മാറ്റമില്ലാത്തവനും അമൃതസ്വരൂപനമായിത്തീരുന്നു.
ഗായത്രിയുടെ പൂര്‍ണ്ണമായ ജ്ഞാനം അച്യുതത്വത്തിന് കാരണമായിത്തീരും. ഏകദേശ ജ്ഞാനം സംസാരനാശമുണ്ടാകും.
No comments:
Post a Comment