Tuesday, November 06, 2018

*രാസലീല 61*
 യോഗമാർഗ്ഗം ഭക്തി മാർഗ്ഗം ജ്ഞാനമാർഗ്ഗത്തിലൊക്കെ ഭഗവദ് അനുഭൂതി ആദ്യം ഉണ്ടാവണു. കുറച്ച് അനുഭവംണ്ടായി നമുക്ക് രുചി തന്ന് ആ അനുഭവം മറഞ്ഞു പോകണു. പിന്നീട് സമ്പൂർണമായ വാസനാക്ഷയം ഉണ്ടാവാതെ, ഇന്ദ്രിയനിഗ്രഹം ഉണ്ടാവാതെ, മനോനാശം ഉണ്ടാവാതെ ഈ അനുഭൂതി പൂർണമാവില്ല്യ. അതുകൊണ്ട് ആദ്യം കൊടുത്ത ആ അനുഭൂതി മറഞ്ഞു പോയി. ആ മറഞ്ഞുപോകലിലാണ് ഭക്തി വിരഹഭക്തി ആയി മാറുന്നത്. ഒരിക്കൽ സംഗം ഉണ്ടായി പിന്നീട് വിടുമ്പോഴുള്ള സ്ഥിതിയിലാണ് മഹാത്മാക്കളുടെ ഒക്കെ കൃതികൾ. ഏതോ ഒരു രീതിയിൽ ഭഗവാൻ ദർശനം കൊടുക്കുണു. അതുവരെ നമുക്ക് സാധനാ ഭക്തി ആണ്.  സാധനാ ഭക്തി ന്നാ ഭക്തി ഒന്നുണ്ടെന്നറിയാം. ഭക്തിയെ ഭക്തന്മാരിൽ കണ്ടു. എന്നിട്ട് ഭക്തിക്ക് അനുഷ്ഠിക്കുന്നത് തികച്ചും സാധനാ ഭക്തി ആണ്. അവിടെ അനുഭൂതി ഇല്ല്യ. പക്ഷേ അല്പം അനുഭവം ഉണ്ടായ ശേഷം ,കുറച്ചു അനുഭൂതി കിട്ടിയ ശേഷം ആ അനുഭൂതി വിട്ടു പോകുമ്പോൾ ആ അനുഭൂതി എങ്ങനെ കിട്ടുന്നു ജീവന്റെ പ്രയത്നം കൊണ്ടല്ല ഭഗവാന്റെ കൃപ കൊണ്ട്. കൃപ കൊണ്ട് ഭഗവാൻ സ്വയം പ്രകടീഭവിക്കുന്നു. ഈ ജീവന് തന്നെ കാണിച്ചു കൊടുക്കുന്നു. കാണിച്ചു കൊടുത്തു മോഹിപ്പിച്ചു. ഗോപികകൾ തന്നെ പറഞ്ഞു.

 പ്രേമ ഹാസാവലോകനൈ:

പ്രേമത്തോടെ കൂടെ ഞങ്ങളെ നോക്കി മന്ദഹസിക്കുകയും വീക്ഷിക്കുകയും ഒക്കെ ചെയ്തു ഞങ്ങളുടെ ഹൃദയം ഒക്കെ അപഹരിച്ചു. ഏത് മനസ്സാണോ ഗൃഹകൃത്യം ചെയ്യേണ്ടത് ഏത് കൈയ്യാണോ അടുക്കള പണി ചെയ്യേണ്ടത് ആ കൈയ്യും കാലുമൊക്കെ ഇവിടെ കെട്ടിയിട്ടു. ഇനി ഞങ്ങൾക്ക് വ്രജത്തിലേക്ക് തിരിച്ചു പോവാൻ വയ്യ.സർവ്വസംഗപരിത്യാഗികളായിട്ട് നില്ക്കാണ്.

അപ്പോ ഭഗവാൻ തന്റെ സൗന്ദര്യം കാണിച്ച് ഈ ജീവനെ മയക്കിക്കഴിഞ്ഞാൽ തന്റെ വശത്താക്കി ക്കഴിഞ്ഞാൽ പിന്നെ ഈ ജീവൻ

 താവകാ: 
ഗോപികകളുടെ വാക്ക് തന്നെ താവകാ: ഞങ്ങള് അവിടുത്തേക്ക്
അശുല്ക്കദാസികാ:

അവിടുന്ന് ആ അനുഭവം തരൂ. ഞങ്ങളെ പൂർണമാക്കൂ. ഞങ്ങളുടെ  അനുഭൂതിയെ പൂർണമാക്കൂ. അനുഭൂതി കൊടുക്കുന്നതു വരെ ഭഗവാൻ സുലഭമാണ്. അദ്ധ്യാത്മ ജീവിതത്തിൽ പലരുടേയും അനുഭവമാണത്. ആദ്യം ഉണ്ടാവണ ഒരു ടേസ്റ്റ് പെട്ടെന്ന് ഉണ്ടാവും. അദ്ധ്യാത്മത്തിലേക്ക് വരുമ്പോ വളരെ സുലഭനാണ് ഭഗവാൻ. ആദ്യം പെട്ടെന്ന് അങ്ങട് ധ്യാനം ഉണ്ടാവും. സുഖംണ്ടാവും . പുസ്തകങ്ങൾ ഒക്കെ വായിക്കുമ്പോ മനസ്സിലായ പോലെ തോന്നും. അല്പം ജപവും ധ്യാനവും ഒക്കെ ചെയ്യുമ്പോ തന്നെ നല്ല ആഴത്തിൽ അനുഭവംണ്ടാവും. അങ്ങനെ സാധകന്മാര് അനുഗ്രഹീതരാവും. പക്ഷേ കുറച്ചു കഴിയുമ്പോ വിട്ടിട്ട് പോകും. അത് അതിന്റെ സ്വഭാവമാണ്. അത് വിട്ടു കഴിഞ്ഞാൽ പിന്നെ വിരഹതാപമായി. ചിലപ്പോ പരമലൗകികനായിട്ടിരിക്കുന്ന ഒരാളെ ആ ലൗകികത്തിലേക്ക് പ്രവേശിച്ച് ഭഗവാൻ ഇങ്ങട് വലിച്ചു കൊണ്ട് വരും. വലിച്ചു കൊണ്ട് വന്ന് ആനന്ദം കൊടുക്കും. സാധുക്കളുടെ കഥകളൊക്കെ അങ്ങനെ ആണ്. ഭക്തന്മാരുടെ കഥകളൊക്കെ നോക്കിയാൽ ശിവഭക്തനായ മാണിക്യവാചകസ്വാമികൾ പറയണു  ഭഗവാനേ എത്രയോ പേര് ജപം ചെയ്യണു പ്രാണായാമം ചെയ്തു യോഗസാധനകൾ ചെയ്തു അങ്ങയെ കിട്ടണില്ല്യ .ഇത്ര ജപം ചെയ്തു ഞാൻ ഭഗവാനെ പിടിക്കും എന്ന് തീരുമാനിച്ചു പലവിധ സാധനകൾ ചെയ്ത് അതിലൊക്കെ പരാജിതരായി നില്ക്കുമ്പോ ഞാനോ ഒരു സാധനയും ചെയ്തില്ല. കള്ളം പറഞ്ഞു. കള്ളമായ ഈ പ്രപഞ്ചത്തെ വിശ്വസിച്ചു. ഞാൻ, എന്റെ എന്ന അഭിമാനത്തിൽ നടന്നു കൊണ്ടിരുന്നു. പലവിധത്തിലുള്ള കള്ളവും വിശ്വസിച്ച് പ്രവർത്തിച്ച് ഞാൻ എന്റെ എന്നുള്ള അഹങ്കാരത്തിന്റെ പിടിയിൽ പെട്ട് എനിക്ക് നന്നാവണംന്ന് വിചാരിച്ചാലും സമ്മതിക്കാത്ത വിധത്തില് ശരീരത്തിലെ ഹാബിറ്റായിട്ടും മനസ്സിലുള്ള ചാപല്യങ്ങളായിട്ടും ബുദ്ധിയിലുള്ള അജ്ഞാനമായിട്ടും പരിണമിച്ച ആ പ്രാരബ്ധത്തിന്റെ ശക്തി എത്ര ഒക്കെ തന്നെ ഭഗവാന്റെ പരമകൃപയെ അറിഞ്ഞാലും, എത്രയൊക്കെ തന്നെ ഭഗവദ് അനുഭൂതിയുടെ സുഖത്തിനെ അറിഞ്ഞാലും, ആ ശാന്തിയെ അറിഞ്ഞാലും അവിടേക്ക് പോവാതെ വീണ്ടും വീണ്ടും ലൗകികത്തിലേക്ക് വലിച്ചു കൊണ്ട് പോകുന്നതും തള്ളിവിടുന്നതുമായ ആ ശക്തി ആ ശക്തിയിൽ പെട്ട് വട്ടം തിരിയുമ്പോ, രക്ഷ പെടാൻ ഒരു വഴിയും കാണാനില്ല്യ .ല്ലേ. നീന്താൻ അറിയാത്ത ആള് വെള്ളത്തിൽ പെട്ട പോലെയാണ്. എങ്ങനെ രക്ഷപെടും. രക്ഷപെട്ടു വാ രക്ഷ പെട്ടു വാ ന്ന് പറഞ്ഞാൽ വെള്ളം ഒഴുകല്ലേ. ഞാൻ എങ്ങട് നീന്തും. ഏത് വഴിക്ക് രക്ഷ പെടും. ഒരു വഴിയും കാണാനില്ല്യ. ഒരു വഴിയേ ഉള്ളൂ. നല്ല ബലമുള്ള നീന്താനറിയുന്ന ആരെങ്കിലും പുറത്തു നിന്ന് വലിക്കണം. അങ്ങനെ ആരു വലിക്കുംന്ന് വെച്ചാൽ ഒരാള് മുമ്പില് വന്നു നിന്നൂന്നാണ്. മുമ്പില് വന്നെന്നെ പിടിച്ചു. പിടിച്ചാലും ഞാൻ നില്ക്കില്ല്യ. പിന്നയും ടേസ്റ്റ് ഇവിടെ ആണ്. നോക്കണേ ഇങ്ങനെ ഒരു കൃപാ ശക്തി ഇല്ലെങ്കിൽ ജീവന് രക്ഷപെടാൻ ഒക്കില്ല്യ.സാധ്യമല്ല. രക്ഷപെടും സാധന ചെയ്യും ഒക്കെ പറയാം. ചെയ്തു നോക്കുമ്പോ മനസ്സിലാവും നമ്മളുടെ ബുദ്ധിയിലുള്ള നിശ്ചയത്തിനേക്കാൾ എത്രയോ ബലമാണ് നമ്മളുടെ പ്രാരബ്ധത്തിന്റെ ഫോഴ്സ്. ദൗർബല്യത്തിന്റെ ബലം. അങ്ങനെ ഇരിക്കുമ്പോ ഉയർന്ന ഒരു മണ്ഡലത്തിലുള്ള ഒരു  ശക്തിയുടെ ഇന്റർവെൻഷൻ ഇല്ലെങ്കില് ജീവൻ രക്ഷപെടില്ല്യ. ആരാണ് മുമ്പില് വന്നു നിന്നത്. വേദങ്ങളൊക്കെ ഏതൊരു പരമപുരുഷനെ അന്വേഷിക്കുന്നുവോ ആ ഭഗവാൻ എന്റെ മുമ്പില് വന്നു നിന്നു. അവൻ ജ്ഞാനാനുഭവം കൊടുത്താൽ ആരു തന്നെ ജ്ഞാനി ആവില്ല്യ!!!
ശ്രീനൊച്ചൂർജി
 *തുടരും. ...*

No comments: