Thursday, November 08, 2018

ഒരു മനുഷ്യന്‍ അറിവിന്‍റെ കാര്യത്തില്‍ അടിസ്ഥാനപരമായി മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യം ഉണ്ട്. നമുക്ക് പുറം കാഴ്ചകളുടെ ലോകവും അതിന്‍റെ അനുഭവങ്ങളെ വിശദീകരിക്കുന്ന ഭൗതികവിജ്ഞാനം ഉണ്ട്. അതുപോലെതന്നെ നമുക്ക് അകം ലോകദര്‍ശനങ്ങളും അവയുടെ ജ്ഞാനദര്‍ശന വിദ്യയും ഉണ്ട്. അതായത് ബാഹ്യലോകവും ആന്തരിക ലോകവും നമുക്ക് ഉള്ളതുകൊണ്ട് അവ ചേര്‍ത്തു പഠിക്കണം. എന്നാലേ പഠനം സമ്പൂര്‍ണ്ണമാകൂ. ഇതറിയാതെ പരസ്പരം ഓരോന്ന് അടിച്ചേല്പിക്കുന്നത് നടക്കുന്ന കാര്യമാണോ!
അല്ലെങ്കില്‍ എന്താ കുഴപ്പം എന്നറിയുമോ? നാം ഏതെങ്കിലും ഒന്നിനു മാത്രമായി വിധേയപ്പെടും. ഭൗതികവാദം അത്തരത്തിലൊരു വിധേയത്വം ആണ്. നാം ബാഹ്യമായ ശാസ്ത്രങ്ങളില്‍ വിധേയപ്പെട്ട് ഒരു തലം മാത്രം പഠിക്കുന്നു. എന്നിട്ട് ആന്തരിക ലോകത്തെ കുറിച്ച് പഠിക്കാനും അവരുടെ കാല്ക്കീഴില്‍ തന്നെ വിധേയപ്പെട്ട് ഇരിക്കുന്നു.
കഠോപനിഷത്തിനെ ഉദ്ധരിച്ചുകൊണ്ട് വിവേകാനന്ദസ്വാമികള്‍ പറയും, ''ഏതൊന്നു കണ്ടെത്താന്‍ കഴിയാതെയാണോ നമ്മുടെ ബുദ്ധിയും കണ്ണുകളും മനസ്സും പരാജയപ്പെട്ടു മടങ്ങുന്നത് അതിനെ ആ ഉപാധികള്‍കൊണ്ടല്ല അറിയേണ്ടത്. ശ്രീനാരായണഗുരുസ്വാമികള്‍ ആത്മോപദേശശതകത്തില്‍ കണ്ണുകള്‍ അഞ്ചും ഉള്ളിലടക്കി നിരന്തരം ഉപാസിക്കണം എന്ന് ഉപദേശിക്കുന്നതും ഇതുതന്നെയാണ്.
''അറിവിലുമേറിയറിഞ്ഞീടുന്നവൻ ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണുവണങ്ങിയോതിടേണം.''
അതിനാല്‍ ഒരു കൂട്ടര്‍ ഭൗതികനിഷ്ഠമായ ശാസ്ത്രങ്ങള്‍ നമ്മെ പഠിപ്പിക്കുമ്പോള്‍ നാം അത് ശ്രദ്ധയോടെ പഠിക്കേണ്ടതാണ്. ഒപ്പം അവര്‍ക്ക് തിരികെ ആത്മനിഷ്ഠമായ ദര്‍ശനത്തെ നാം അങ്ങോട്ടും പഠിപ്പിക്കണം. 'എന്നാലല്ലേ ശരിയായ സമത്വം ഉണ്ടാകൂ, സമത്വംകൊണ്ടല്ലേ സൗഹൃദമുണ്ടാകൂ' എന്നതാണ് വിവേകാനന്ദസ്വാമികള്‍ ചോദിക്കുന്നത്.
ഔം..krishnakumar kp

No comments: