Thursday, November 08, 2018

🕉 *ആർത്തവാശുദ്ധിയെ പടി കടത്തുമ്പോൾ ....* 🕉

മലവദ്വാസസാ ന സംവദേത. ന സഹാസീത.  നാസ്യാ അന്നമദ്യാത്. തിസ്രോ രാത്രീർ വ്രതം ചരേത്..
യജുർവേദം (13-1)

(മലവദ്വാസസ്സ് = ഋതുമതി. തീണ്ടാർന്നവളുമായി സംവദിക്കാനോ ഒപ്പമിരിക്കാനോ അവൾ വച്ച ഭക്ഷണംകഴിക്കാനോ പാടില്ല.  മൂന്നുരാത്രി അവൾ വ്രതമാചരിക്കണം.)

സൈഷാ ഭ്രൂണഹത്യാ മാസി മാസ്യാവിർഭവതി

(അങ്ങനെയുള്ള ഈ ഭ്രൂണഹത്യ മാസം തോറും ആവിർഭവിക്കുന്നു)

🌻🌻🌻🌻🌻🌻🌻🌻

ഹിന്ദുമതവിശ്വാസികളുടെ  പരമപ്രമാണമാണ് വേദം. കേരളത്തിലെ  ദേവാലയങ്ങളിലെ ആചാരപദ്ധതി  വേദാനുസൃതമായാണ് രൂപം കൊടുത്തിരിക്കുന്നത്. വേദത്തിൽ നിഷേധിച്ചിരിക്കുന്ന  ഒന്ന് ദേവാലയത്തിൽ  അനുവദിക്കുന്നില്ല. അനുവദിച്ചാൽ അത് ധർമ്മവിരുദ്ധമാവും.

വേദത്തിൽ കൃത്യമായി ആർത്തവകാലത്തെ അശുചിയായി പറഞ്ഞിരിക്കുന്നു. സൂത്രഗ്രന്ഥങ്ങളും സ്മൃതികളും ഇന്നുവരെയുള്ള ആചാരവും അതിന് അടി വരയിടുന്നു.

വേദത്തിലും വേദപ്രമാണത്തിലും  വിശ്വസിക്കാത്തവർക്ക് മേൽപദ്ധതി പ്രകാരമുള്ള ദേവാലയങ്ങളിൽ പോകാതിരിക്കുവാൻ സ്വാതന്ത്ര്യമുണ്ടായിരിക്കണം. അത് ഇവിടെ എക്കാലവും  ഉണ്ടായിരുന്നു. ഇപ്പോഴും  ഉണ്ട്.

മാത്രമല്ല, അവർക്ക് വൈദികപദ്ധതി അനുസരിക്കാത്ത തങ്ങളുടേതായ  ആരാധനാലയങ്ങൾ ആരംഭിക്കുവാനും സ്വാതന്ത്ര്യം ഉണ്ട്.

എന്നാൽ അതേ പോലെ  തന്നെ, വേദത്തിലും വേദപ്രമാണത്തിലും  വിശ്വസിക്കുന്നവർക്ക് വൈദികപദ്ധതി പ്രകാരം ചിട്ടപ്പെടുത്തിയ ദേവാലയങ്ങളിൽ ആ പദ്ധതിയിലെ നിയമങ്ങൾ പാലിച്ചു തന്നെ ആരാധന നടത്തുവാനുള്ള സ്വാതന്ത്ര്യം കൂടി ഉണ്ടായിരിക്കണം. ഈ സ്വാതന്ത്ര്യം ഇന്ന് നിയമം മൂലം നിഷേധിക്കപ്പെടുകയാണ്.

ദേവാലയമെന്ന പരിമിതമായ പ്രദേശത്തെങ്കിലും ഈ സ്വാതന്ത്ര്യത്തെ അനുവദിച്ച് രക്ഷിക്കാനുള്ള കടമ കൂടി നിർവ്വഹിക്കുന്നുവെങ്കിൽ മാത്രമേ ഭരണകൂടവും   നീതിന്യായസംവിധാനവും മികച്ചതാവൂ. അപ്പോൾ മാത്രമേ അത് മതേതരമാവൂ, പക്ഷപാതരഹിതമാവൂ.

ഹാ കഷ്ടം ... !!!
ഈ വഴിയിലൊന്നും നീതിന്യായസംവിധാനം ചിന്തിക്കുന്നതായി തോന്നുന്നില്ല. വാദമുഖങ്ങൾ നിരത്താൻ ഉത്തരവാദിത്തപ്പെട്ടവർ അതിന് മുഖം തിരിഞ്ഞു നിൽക്കുന്നു.

വിഷയത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തുവാൻ കഴിവുള്ള വേദധർമ്മപണ്ഡിതരെ ബന്ധപ്പെട്ട് ധർമ്മസംസ്ഥാപനത്തിന് മുന്നിട്ടിറങ്ങാൻ  ഏതെങ്കിലും വിശ്വാസിസംഘടനകൾ മുന്നോട്ടു വരുമോ ?

No comments: