നാലാം ബ്രാഹ്മണം
ഏഷാം വൈ ഭൂതാനാം പൃഥ്വീ രസഃ...
ഈ ഭൂതങ്ങളുടെ രസമാണ് പൃഥ്വി. പൃഥ്വിയുടെ രസമാണ് അപ്പുകള്‍. അവയുടെ രസമാണ് ഓഷധികള്‍. ഓഷധികളുടെ രസമാണ് പൂക്കള്‍. പൂക്കളുടെ രസമാണ് പുരുഷന്‍. പുരുഷന്റെ രസമാണ് രേതസ്സ്.
ഉത്തമനായ മകനുണ്ടാകുന്നത് അച്ഛന് ഉയര്‍ന്ന ലോകങ്ങളിലേക്ക് പോകാന്‍ വഴിയൊരുക്കും. സന്താനോല്‍പ്പത്തി വിജ്ഞാനമാണിത്. കഴിഞ്ഞ ബ്രാഹ്മണത്തില്‍ പറഞ്ഞ ശ്രീ മന്ഥകര്‍മം അനുഷ്ഠിച്ചവര്‍ക്കാണ് പുത്രമന്ഥം ചെയ്യാനുള്ള അധികാരം.
സ ഹ പ്രജാപതിരീക്ഷാഞ്ച ക്രേ...ആ പ്രജാപതി ഇപ്പോള്‍ ഇതിന് ഒരു ആശയത്തെ സൃഷ്ടിക്കട്ടെ എന്ന് ആലോചിച്ചു. അദ്ദേഹം സ്ത്രീയെ സൃഷ്ടിച്ചു. എന്നിട്ട് അവളുടെ അധോഭാഗത്തെ ഉപാസിക്കുക എന്ന മൈഥുന കര്‍മത്തെ വിധിച്ചു. സത് സന്താനത്തിന് ഈ മൈഥുനം ആവശ്യമാണ്. ഈ പുത്രോല്‍പ്പാദന കര്‍മത്തെ വാജസനേയ യജ്ഞത്തോടാണ് സമാനത പറഞ്ഞിരിക്കുന്നത്. യജ്ഞ ബുദ്ധിയോടെ സന്താനോല്‍പ്പാദനം നടത്തിയാലേ നല്ല മക്കളുണ്ടാവുകയുള്ളൂ.
നല്ല സങ്കല്‍പമില്ലാത്ത കാമാവേശത്തോടോ ഭോഗത്തിന്റെ ക്ഷണിക ആനന്ദത്തോടോ ആവരുത് മൈഥുനം.
ബ്രഹ്മചാരി, വാനപ്രസ്ഥന്‍, സന്ന്യാസി, വൃദ്ധന്‍, ബാലകന്‍, വിരക്തന്‍ എന്നിവര്‍ക്ക് ഈ വിഷയം ത്യജിക്കേണ്ടതാണ്.
തസ്യാ വേദിരുപസ്ഥഃ ലോമാനി ബര്‍ഹിഃ...
സ്ത്രീയോനിയെ മധ്യഭാഗം ജ്വലിക്കുന്ന യാഗാഗ്‌നിയോടാണ് ഉപമിച്ചിട്ടുള്ളത്. വാജപേയ യാഗം ചെയ്യുന്നയാള്‍ ഏതെല്ലാം ലോകങ്ങളില്‍ പോകുമോ അവിടെയെല്ലാം വിധിപ്രകാരം മൈഥുനം ചെയ്യുന്നവരും എത്തിച്ചേരും. മൈഥുനത്തെ സ്തുതിക്കുകയാണ് ഇവിടെ. മൈഥുന കര്‍മത്തെ യാഗവിധി പ്രകാരം അറിയുന്നവര്‍ക്ക് സ്ത്രീകളുടെ സുകൃതം കൂടി കിട്ടും. അതറിയാത്തവരുടെ സുകൃതം സ്ത്രീകള്‍ക്കും ലഭിക്കും.ഈ വിഷയത്തില്‍ അറിവുള്ളവരായ ഉദ്ദാലകനും, നാകനും, കുമാരഹാരിതനും
ഇതേപ്പറ്റി പറഞ്ഞിട്ടുണ്ട്. മൈഥുന കര്‍മത്തെ വേണ്ടപോലെ അറിയാതെ ചെയ്താല്‍ സുകൃതം ഇല്ലാത്തവരായിത്തീരും. പത്‌നിക്ക് ഋതു കാലം വരും മുമ്പ് പ്രാണോപാസകനായ ആള്‍ ഉറങ്ങുമ്പോഴോ ഉണര്‍ന്നിരിക്കുമ്പോഴോ രേതസ്സ് സ്ഖലിച്ചാല്‍ അതിന് തക്ക പ്രായശ്ചിത്തം ചെയ്യണം.
ഋതു സ്‌നാനം കഴിഞ്ഞ് ശുദ്ധയായിരിക്കുന്ന പത്‌നിയുമായാണ് സംഗമിക്കേണ്ടത്. അവളുടെ ആഗ്രഹങ്ങളെ സാധിപ്പിച്ച് സ്വാധീനിക്കണം. അനുമതിയോടെ യശസ്സുണ്ടാവണമെന്ന മന്ത്രം ജപിച്ച് സന്തോനോല്‍പാദനത്തെ നടത്തണം.
എത്രയോ പവിത്രമാണ് സന്താനോല്‍പ്പാദനമെന്ന് തുടര്‍ന്ന് വരുന്ന മന്ത്രങ്ങളില്‍ വിവരിക്കുന്നുണ്ട്. തന്റെ പത്‌നിയെ ഗര്‍ഭം ധരിപ്പിക്കാനും അല്ലാതെ ശാരീരിക ആനന്ദത്തിനായുള്ള മൈഥുനത്തേയും പിന്നീട് പറയുന്നു. പരസ്ത്രീ ഗമനത്തിന്റെ ദോഷത്തേയും അങ്ങനെയുള്ളവര്‍ക്ക് വന്ന് പെടുന്ന ഭയങ്കരമായ അവസ്ഥയേയും ഇവിടെ പറയുന്നുണ്ട്.
No comments:
Post a Comment