Friday, November 02, 2018

നമുക്ക് ഒരാളെ ആഹാരം കൊടുത്തും പണം കൊടുത്തും വിദ്യാഭ്യാസം കൊടുത്തും ജോലികൊടുത്തും സഹായിക്കാം. എന്നാല്‍ ഇതൊന്നും തന്നെ ഒരാളുടെ മനോ സംസ്കാരത്തെ മാറ്റിയില്ലെങ്കിലോ?
ഒരാള്‍ക്ക് വിദ്യാഭ്യാസമോ പണമോ അധികാരമോ പദവികളോ എന്തും ലഭിക്കട്ടെ എന്നിരുന്നാലും അയാള്‍ക്ക് അയാളുടെ മാനസ്സികസംസ്ക്കാരത്തിന്‍റെ പ്രേരണകള്‍ക്ക് അനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കുവാന്‍ സാധിക്കു. എന്നതിനാല്‍ മനുഷ്യന്‍റെ സമഗ്രമായ പുരോഗമനം എന്നത് ബാഹ്യമായും ആന്തരികമായും ഉള്ള പരിവര്‍ത്തനംവഴിയാണ് സാധിക്കേണ്ടത്.
മനുഷ്യന്‍റെ ആന്തരിക സംസ്കാരത്തിന്‍റെ പുരോഗതിക്കു വേണ്ടിയുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങളാണ് ആദ്ധ്യാത്മികസാധനകള്‍. അതു വഴി ആര്‍ജ്ജിക്കുന്ന ജ്ഞാനമാകട്ടെ വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും ശാന്തിയരുളുന്നതുമാണ്. എന്നതിനാല്‍ ആദ്ധ്യാത്മിക ദാനം ആണ് ഏറ്റവും ശ്രേഷ്ഠമായുള്ള ദാനം എന്നു ആചാര്യന്മാര്‍ പറയുന്നു. മറ്റെന്തൊക്കെ നേടിയിട്ടും ആന്തരികമായ ശാന്തി ലഭിക്കുന്നില്ലല്ലോ! എന്നാല്‍ ഗുരുപരമ്പരയിലൂടെ പകര്‍ന്നുകിട്ടിയ ആദ്ധ്യാത്മിക ജ്ഞാനം ദാനമായി സ്വീകരിക്കുമ്പോള്‍ മനസ്സ് അടങ്ങുന്നു. അതുവരെയുണ്ടായിരുന്ന കലഹത്തിന്‍റെ അശാന്തമായ ആന്തരിക സംസ്കാരം തുടര്‍ന്നുള്ള സാധനകള്‍ വഴി ജ്ഞാനപൂര്‍ണ്ണമായ ശാന്തസംസ്കാരത്തിനു വഴിമാറുന്നുണ്ട്.
''അന്നപൂര്‍ണ്ണേ സദാപൂര്‍ണ്ണേ
ശങ്കരപ്രാണവല്ലഭേ
ജ്ഞാനവൈരാഗ്യസിദ്ധ്യര്‍ത്ഥം
ഭിക്ഷാംദേഹി ച പാര്‍വ്വതി.''..
krishnakumar kp

No comments: