Friday, November 02, 2018

എന്തൊക്കെ നേടിയാലെന്ത്, ഇനി എന്തൊക്കെ നേടാനുണ്ടെങ്കിലെന്ത്, എന്തൊക്കെ നഷ്ടപ്പെട്ടുവെങ്കിലുമെന്ത്? ഓരോ ദിവസവും രാത്രി ഇവ എല്ലാം ഉപേക്ഷിച്ചുകൊണ്ട് തന്നിലേയ്ക്ക് മടങ്ങിവന്ന് ഉള്ളം‍ ആത്മാവില്‍ അടങ്ങി ഉറങ്ങുമ്പോള്‍ മാത്രമാണ് ഏതൊരു മനുഷ്യനും സ്വസ്ഥത അനുഭവിച്ചിട്ടുള്ളത്.
ഇതുതന്നെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തിലും സംഭവിക്കുന്നത്. കൈകളില്‍ വരുന്നതെല്ലാം ഈശ്വരന്‍റെ ധനം എന്നറിഞ്ഞ് ഈശ്വരാര്‍പ്പിതമായോ ഈശ്വരേച്ഛയാലോ അതെല്ലാം സമൂഹത്തിനു നല്‍കുന്നു. അര്‍ത്ഥകാമങ്ങളെ ത്യാഗം ചെയ്യുന്നതിലൂടെ നാം നമ്മിലെ ഈശ്വരീയതയിലേയ്ക്ക് മടങ്ങിയെത്തുകയാണ്. അവിടെയാണ് ശാന്തി! ആത്മാനന്ദമായ് 'ഉള്ളില്‍ വിളയാടുന്ന വേദപൊരുളിനെ' ശരണം പ്രാപിക്കണം.
''അജ്ഞാനമറയില്‍ വീണുവലയുന്ന മനസ്സേ ഒരു മദ്യപാനിയെപ്പോലെ പാപം വരുത്തി വയ്ക്കരുത്. അതിനാല്‍ നീ പാര്‍വ്വതിയുടെ പുത്രനായ സുബ്രഹ്മണ്യനെ ഉള്ളില്‍ ഉറപ്പിക്കുക'' എന്ന് ശ്രീനാരായണഗുരുസ്വാമികള്‍ പറയുന്നു.
''രാപായില്‍ വീണുഴറുമാപാപമീയരുത്
ഇരാപായിപോലെ മനമേ!
നീ പാര്‍വ്വതീതനയമാപാദചൂഡമണിമാപാദനായ നിയതം.''
(നവമഞ്ജരി-ശ്രീനാരായണഗുരു )
krishnakumar kp

No comments: