സൂക്ഷ്മശക്തികള്‍ ഉണ്ടോ, മന്ത്രവും തന്ത്രവുംകൊണ്ട് അവയെ സ്വാധീനിക്കാന്‍ പറ്റുമോ, അതില്‍നിന്നും ഗുണങ്ങളും ദോഷങ്ങളുമുണ്ടോ എന്നെല്ലാം സംശയങ്ങള്‍ പലര്‍ക്കും ഉണ്ട്. ഉത്തരമായി ശ്രീനാരായണഗുരുസ്വാമികളുടെ വാക്കുകള്‍ തന്നെ ഇവിടെ സ്വീകരിക്കുന്നു.
''ഈ ഭൂലോകത്തില്‍ ബഹുവിധം ജീവകോടികള്‍ വസിക്കുന്നതുപോലെ ഗന്ധം, ശീതം, ഉഷ്ണം ഈ ഗുണങ്ങളോടുകൂടിയ വായുലോകത്തിലും അനന്തജീവകോടികളിരിക്കുന്നു. അന്തരചാരികളുണ്ടെന്നും അവര്‍ ചില ഭക്തന്മാരുടെ മുമ്പില്‍ പ്രത്യക്ഷമായി വന്ന് അവര്‍ക്ക് വേണ്ടും വരങ്ങളെല്ലാം കൊടുത്തിരിക്കുന്നുവെന്നും ഇന്നും അവരെ ഉപാസിക്കുന്ന ഭക്തന്മാര്‍ക്ക് അങ്ങനെതന്നെ സംഭവിക്കുമെന്നും ദേവതാസിദ്ധിയുള്ള ആളുകള്‍ ഇപ്പോഴും അനേകമിരിക്കുന്നുവെന്നും ലോകസമ്മതമാകുന്നു.
അതുകൊണ്ട് ഇഹലോകവാസികളെ പോലെ പരലോകവാസികളും ഉണ്ടെന്നുള്ളത് നിര്‍വിവാദമാകുന്നു. അവര്‍ക്ക് വായുവെപ്പോലെ വേഗമുള്ളതുകൊണ്ടും അദൃഷ്ടരൂപികളായിരുന്നുകൊണ്ട് അതികഠിനപ്രവൃത്തികളെ ചെയ്കകൊണ്ടും ഇവരില്‍വച്ച് ചിലര്‍ അടുക്കുമ്പോള്‍ ഉഷ്ണവും, ചിലരുടെ സാന്നിദ്ധ്യത്തില്‍ ശീതവും, ചിലര്‍ക്ക് സുഗന്ധവും ചിലര്‍ക്ക് ദുര്‍ഗന്ധവും മറ്റും ഇങ്ങനെയുള്ള സകല സംഗതികളെകൊണ്ടുമാണ് ഇവരെ വായുലോകവാസികളെന്ന് ചുരുക്കമായി പ്രസ്താവിച്ചിരിക്കുന്നത്.
ഈ വായുലോകവാസികളില്‍ ചിലര്‍ക്ക് പാലിലും ചിലര്‍ക്ക് നെയ്യിലും ചിലര്‍ക്ക് തേനിലും ചിലര്‍ക്ക് പായസത്തിലും പ്രീതിയുണ്ട്. ചിലരുടെ നിറം വെളുപ്പ്, ചിലരുടെ നിറം കറുപ്പ്, ചിലര്‍ക്ക് മഞ്ഞ ചിലര്‍ കാളവാഹനം ഉള്ളവര്‍, ചിലര്‍ മയില്‍ വാഹനം ഉള്ളവര്‍....
ഇതുപോലെ അനേകം സിദ്ധിഭേദങ്ങളോടും വര്‍ണ്ണവിശേഷങ്ങളോടും ആഹാരവിശേഷം, വാഹനവിശേഷം ഇതുകളോടുകൂടിയിരിക്കുന്ന ശുദ്ധദൈവങ്ങളും അശുദ്ധദുഷ്ടഭൂതപ്രേതയക്ഷരാക്ഷസ പൈശാചികജാതികളും ഇരിക്കുന്നു. ഇവര്‍ സര്‍വ്വ പ്രാണികളുടെ ഹൃദയത്തിലും പ്രവേശിച്ച് ബുദ്ധിയെ ശുദ്ധിവരുത്തുന്നതിനും ഭ്രമിപ്പിച്ചു മാലിന്യപ്പെടുത്തി കെടുക്കുന്നതിനും നന്നാക്കുന്നതിനും സര്‍വ്വസമ്പത്തുകളെയും കൊടുക്കുന്നതിനും എടുക്കുന്നതിനും രക്ഷിക്കുന്നതിനും ശിക്ഷിക്കുന്നതിനും ശക്തിയുള്ളവരാകുന്നു.
അതുകൊണ്ട് നാം ഇവരെ ഇഷ്ടോപചാരങ്ങള്‍കൊണ്ട് ഭജിച്ച് പ്രസാദിപ്പിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യകര്‍മ്മം തന്നെയാണ്. ദുര്‍ദേവതാപ്രീതികരങ്ങളായ ആരാധനാകര്‍മ്മങ്ങളുടെ അനര്‍ത്ഥഫലങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കേണ്ടതാണ്. സന്മാര്‍ഗികളായി ശുദ്ധോപചാരങ്ങളെകൊണ്ട് ശുദ്ധദൈവങ്ങളെ ഭജിച്ച് പ്രസാദിപ്പിക്കണം. അപ്പോള്‍ ഇവരുടെ അനുഗ്രഹംകൊണ്ട് നമുക്ക് ഹൃദയപ്രസാദമുണ്ടായി ഐഹികഭോഗങ്ങള്‍ സകലവും ന്യായമായി അനുഭവിച്ച് തൃപ്തിവന്ന് ഭോഗങ്ങളില്‍ വൈരാഗ്യമുണ്ടായി ബ്രഹ്മജ്ഞാനികളാകുന്നതിനും സംഗതി വരുന്നു. കര്‍മശേഷത്താല്‍ ഇതിനുസംഗതി വരാതെപോയാലും ആയുരന്ത്യത്തില്‍ നമ്മുടെ ഉപാസനാമൂര്‍ത്തികളായ ശുദ്ധദൈവങ്ങള്‍ വസിക്കുന്ന ദിവ്യസ്ഥലത്തുചെന്ന് അവരോടുകൂടി അങ്ങുള്ള സുഖഭോഗങ്ങളെ ഭുജിച്ച് ഭൂമിയില്‍ വന്നു പുണ്യയോനികളില്‍ പിറന്ന് ഉത്തമഗുണങ്ങളോടുകൂടി വളര്‍ന്ന് സകലഭോഗങ്ങളിലും വിരക്തി സംഭവിച്ച് ബ്രഹ്മജ്ഞാനികളായി പരമപദം പ്രാപിക്കുന്നതിലേയ്ക്ക് യാതൊരു സംശയവുമില്ല.''
(ശ്രീനാരായണഗുരു- ദൈവചിന്തനം-1)
(ശ്രീനാരായണഗുരു- ദൈവചിന്തനം-1)
സ്ഥൂലവും സൂക്ഷ്മവുമായ ലോകങ്ങളെ കുറച്ചും പിന്നെ അദ്വൈതസത്യത്തെകുറിച്ചും ശരിയായി മനസിലാക്കാതിരുന്നാലുള്ള കുഴപ്പങ്ങള്‍ പലതാണ്. സാധകന് സൂക്ഷ്മരൂപത്തിലുള്ള ഏതെങ്കിലും ശക്തിയുടെ അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സത്യം സാക്ഷാല്‍ക്കരിച്ചു എന്നു തെറ്റിദ്ധരിക്കാം, ചിലപ്പോള്‍ ഭയന്ന് മതിഭ്രമം വന്നെന്നുവരാം, അതുമല്ലെങ്കില്‍ മന്ത്രതന്ത്രപ്രയോഗങ്ങളിലൂടെ സ്വാധീനിക്കാന്‍കഴിയുന്ന ലോകത്തിനു അപ്പുറത്ത് മറ്റൊരു ഏകമായ സത്യം ഇല്ലെന്ന് ധരിച്ച് കര്‍മ്മിയായി അഹങ്കാരം വളര്‍ന്നുവെന്നും വരാം. സൂക്ഷ്മലോകത്തെ കുറിച്ചു ശരിയായ ധാരണയില്ലാതെ ആ വിഷയത്തില്‍ സാധാരണക്കാരന്‍റെ സംശയങ്ങള്‍ തീര്‍ക്കുവാന്‍ ശ്രമിക്കുന്ന വേദാന്തികളും അപകടകാരികളാണ്. സ്ഥൂലലോകത്തെ കുറിച്ച് ശരിയായ ധാരണയില്ലാതെ ബാഹ്യലോകത്ത് പെരുമാറിയാല്‍ അപകടം ആണല്ലോ? അതുപോലെ തന്നെ സൂക്ഷ്മലോകത്തെ കുറിച്ചുള്ള ധാരണയില്ലാതെ സൂക്ഷ്മലോകത്തിലൂടെ സഞ്ചരിക്കുന്നതും അപകടം തന്നെയാണ്..
krishnakumar kp
No comments:
Post a Comment