Saturday, November 17, 2018

വിഷ്ണു സഹസ്രനാമം  വ്യാഖ്യാനം

ഓം നമോ നാരായണായ നമഃ

ശ്ലോകം. 107

ശംഖഭൃന്നന്ദകീ ചക്രീ  ശാർങ്ഗധന്വാഗദാധരഃ
രഥാങ്ഗപാണിരക്ഷോഭ്യഃ സർവ്വപ്രഹരണായുധഃ

993. ശംഖഭൃത്


       ശംഖു ധരിച്ചവൻ

           ഭഗവാൻറെ ശംഖ് പാഞ്ചജന്യമാണ്. ശംഖുരൂപത്തിലുളള പഞ്ചജൻ എന്ന അസുരനെ നിഗ്രഹിച്ച് പുറംതോട് ശംഖാക്കി മാറ്റി. ഏറ്റവും വലിയ ധീരൻ പോലും ആ ശംഖനാദം കേട്ടാൽ മരിച്ചു വീഴും എന്നാണ് പറയുക. ഭൂതാദിയായ താമസ അഹങ്കാരത്തെ സൂചിപ്പിക്കുന്നതാണ്, ശംഖ് എന്നാണ് പറയുക. അഹങ്കാരം മൂന്നുവിധമുണ്ട് . ഭൂതാദി അഹങ്കാരം താമസം, ഇന്ദ്രിയാദി അഹങ്കാരം രാജസം,  വൈകാരികാദി അഹങ്കാരം സാത്വികം. ( പഞ്ചഭൂത നിർമ്മിത ദേഹകാന്തിയെ ചൊല്ലിയുള്ള അഹങ്കാരം താമസമാണ്. ഇന്ദ്രിയങ്ങളുടെ മിടുക്കിനെ ചൊല്ലിയുളളത് രാജസവും അവനവനിലുളള നന്മ, ശുദ്ധി, പവിത്രത എന്നിവയെ ചൊല്ലിയുളളത് സാത്വികവും. )

994.  നന്ദകീ

നന്ദകി എന്ന വാൾ ധരിപ്പവൻ

     നന്ദകിയെന്ന വാളിൻറെ ഉറ  അവിദ്യയുടെ പ്രതീകവും നന്ദകി വിദ്യാരൂപവുമത്രെ.

995. ചക്രീ

       സുദർശന ചക്രമേന്തിയവൻ സുദർശനചക്രം മനഃതത്ത്വമത്രെ.

996. ശാർങ്ഗധന്വാ

      ശാർങ്ഗം എന്ന വില്ലേന്തിയവൻ.

     ഭഗവാൻറെ ധനുസ്സാണ് ശാർങ്ഗം

997. ഗദാധരഃ


   ഗദയേന്തിയവൻ

      കൗമോദകീ എന്നാണ് ഭഗവാൻറെ ഗദയുടെ പേര്. ഗദ ബുദ്ധിതത്ത്വത്തിൻറെ പ്രതീകമത്രെ.

998. രഥാംഗപാണി

      തേർചക്രം  ആയുധമായി ധരിച്ചവൻ

          ആയുധമെടുക്കില്ല എന്ന പ്രതിജ്ഞ ലംഘിച്ച്  ഒമ്പതാം ദിവസം, കുരുക്ഷേത്രയുദ്ധത്തിൽ, അർജ്ജുനനെ ഭീഷ്മർ വധിക്കുമെന്നായപ്പോൾ, അർജ്ജുനൻ ഭീഷ്മരെ വധിക്കാൻ മടിച്ചപ്പോൾ , ഒരു തേർചക്രം കയ്യിലേന്തി രഥത്തിൽ നിന്നും ചാടിയിറങ്ങി ഭീഷ്മർക്ക് നേരെ പാഞ്ഞടുത്തു. അരുതെയെന്ന അപേക്ഷയുമായി അർജ്ജുനൻ തടുത്തു.  മുന്നോട്ടായന്ന കൃഷ്ണനെ കണ്ട് അമ്പും വില്ലും  തേരിലിട്ട് കൈകൂപ്പി ഭീഷ്മർ " വരിക വരിക ഹേ ദേവ ദേവ  " എന്നു പറഞ്ഞു.   ഒരു മനുഷ്യൻ ഈശ്വരനേയും അതിശയിച്ച മഹാസന്ദർഭങ്ങളിലൊന്നാണത്.

999. അക്ഷോഭ്യഃ

      മനസ്സു ക്ഷോഭിക്കാത്തവൻ

       ആയുധമേന്തുമ്പോഴും നിരായുധനായിരിക്കുമ്പോഴും സ്ഥിതപ്രജ്ഞനാണ് ഭഗവാൻ.  അതിനാൽ അക്ഷോഭ്യൻ.

1000. സർവ്വപ്രഹരണായുധഃ

      പ്രഹരണം ചെയ്യുന്ന  എല്ലാ വസ്തുക്കളും ആയുധമായവൻ.

    സത്യസങ്കല്പനാണ്. അവിടുന്ന് സർവ്വേശ്വരൻ. അഞ്ചു പ്രസിദ്ധങ്ങളായ ആയുധങ്ങൾ അവിടത്തേക്ക് മാത്രം സ്വന്തം.  -- ശംഖ് , ചക്രം, ഗദ, വാൾ , വില്ല് ഇവയ്ക്കു പുറമേ " വല്ലഭനു പുല്ലും  ആയുധം  " എന്നു പറഞ്ഞതു പോലെ എന്തും ഏതും അവിടുത്തേക്ക് ആയുധമാണ്. ശ്രീരാമാവതാരത്തിൽ ഇന്ദ്രപുത്രനായ ജയന്തൻ  ഒരു കാക്കയുടെ രൂപത്തിൽ വന്നപ്പോൾ ഒരു പുൽക്കൊടി പറിച്ച് , ജപിച്ച് , ബ്രഹ്മാസ്ത്രമാക്കിയാണ് ജയന്തനെ ഓടിച്ചത്. ഒടുവിൽ ജയന്തനെ രക്ഷിക്കാൻ ആരുമില്ലാതെ, ശ്രീരാമനെ ശരണം പ്രാപിച്ച് മാപ്പിരന്നപ്പോൾ തൊടുത്ത   അസ്തരത്തിനു ലക്ഷ്യം കാണാതെ മടങ്ങാൻ പറ്റുകയില്ല. അതിനാൽ ലക്ഷ്യം കുറിക്കാനാവശ്യപ്പെട്ടു, രാമൻ. ഒടുവിൽ ജയന്തൻറെ ഒരു കണ്ണ്  ബലിയായി സ്വീകരിച്ചാണ്  അസ്ത്രം മടങ്ങിയത്.

       ഭക്തരെ നേർവഴിക്ക് ആക്കാൻ ഗോവിന്ദൻ സകലതും ഉപയോഗിക്കും. സാമ ദാന ഭേദ ദണ്ഡങ്ങൾ ഉപയോഗിച്ചാണ് അവരെ പരിപാലിക്കുന്നത്. ഒരമ്മ കുഞ്ഞുങ്ങളെ വളർത്തുന്നതുപോലെ

   ത്വമേവ മാതാമ പിതാത്വമേവ
   ത്വമേവ ബന്ധുത്വസഖാത്വമേവ
   ത്വമേവ വിദ്യാ ദ്രവിണം ത്വമേവ
  ത്വമേവ സർവ്വം മമ ദേവ ദേവ!

     ഓം എന്നതിൽ നിന്നാരംഭിച്ച്  ഓംകാരത്തിൽ അവസാനിക്കുന്നു.  ഓംകാരത്തോടെ ശ്രീകൃഷ്ണസ്വാമിക്ക് നമസ്ക്കാരം ചെയ്യുകയാണ്.

      ശ്രീകൃഷ്ണനു ചെയ്യുന്ന നമസ്ക്കാരം പത്തു അശ്വമേധയാഗത്തിനു തുല്യമത്രെ. അശ്വമേധയാഗം ചെയ്തവനു പുനർജന്മമുണ്ടാകാം . പക്ഷേ ശ്രീകൃഷ്ണനെ ഒരിക്കൽ വേണ്ടവിധം നമസ്ക്കരിച്ചവനു പുനർജന്മമില്ല എന്നാണ് പറയുക.

 ഓം

           സർവ്വം കൃഷ്ണാർപ്പണമസ്തു.

                              - സമാപ്തം -

ഓം പൂർണ്ണമദ പൂർണ്ണമിദം പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണസ്യ പൂർണ്ണമാദായ
പൂർണ്ണമേവാവശിഷ്യതേ
ഓം ശാന്തി : ശാന്തി : ശാന്തി :

No comments: