Wednesday, November 07, 2018

എല്ലാറ്റിലും ഞാനാണ്‌, എല്ലായിടത്തും ഞാനാണ്‌ എന്നറിഞ്ഞവ‍ൻ പിന്നെ ആഗ്രഹിക്കുന്നില്ല. അപൂർ‍ണ്ണനാണ് ആഗ്രഹം. ‘അത് കൂടി’ കിട്ടിയാൽ‍ പൂർണ്ണം ആകുമെന്നതാണ് ആഗ്രഹത്തിന്റെ അടിസ്ഥാനം. വിശ്വത്തിന് ഉണ്മ നല്‍കുന്നത് ഞാനാണ്‌ എന്നാ അറിവിലാകണം നമ്മുടെ അടിത്തറ. ഞാനെന്ന ബോധമാണ് ചുറ്റുപാടുമുള്ള എല്ലാറ്റിനെയും നിലനിർത്തുന്നത്.
നിദ്രയിലേക്ക് പ്രവേശിക്കുമ്പോൾ‍ കാലവും ദേശവും ഇല്ല. എല്ലാം എവിടെയോ ലയിക്കുന്നു. ആനന്ദം എന്ന അനുഭവത്തിലേക്കാണ് ഇങ്ങനെ ദിവസവും നാം അറിയാതെ പ്രവേശിക്കുന്നത്. അതിലേക്ക് ബോധപൂർവ്വം പ്രവേശിക്കലാണ് ധ്യാനം. ഇളകാത്ത ദീപത്തെപോലെയാകണം നമ്മൾ‍. മിതമായ ഭക്ഷണം,ഉറക്കം,വിഹാരകർ‍മ്മങ്ങ‍ൾ ,എല്ലാം മിതമായ രീതിയിൽ വേണം.മിതത്വമാണ് ഒരുവനെ സത്യം അറിയാൻ‍ സഹായിക്കുന്നത്. അത് വിഷമം പിടിച്ച ഒന്നല്ല. ഒരുപാടു പ്രയാസങ്ങൾ‍ വേണ്ട അത് നേടാൻ‍. ക്രമമായ ഭക്ഷണം, വിനോദം ,കർമ്മവ്യാപാരം, ഉറക്കം, ഉണരൽ ‍- എല്ലാറ്റിലും ക്രമത്തെ പിന്തുടരുന്നവർക്ക് യോഗഫലമായി ദുഃഖ നിവൃത്തിയുണ്ടാകും.
ഗതകാല സങ്കല്‍പ്പങ്ങളോ ഭാവികാല ആശങ്കകളോ ഇല്ലാതെ അങ്ങേയറ്റത്തെ ജാഗ്രതയാണ് ധ്യാനം. ഒരു ഉൾവലിയൽ‍, ഊർ‍ജ സമാഹരണം ആണ് ധ്യാനം. ധ്യാനത്തിൽ നിന്ന് ഉറക്കത്തിലെക്കല്ല, കർമ്മത്തിലേക്കാണ് വരിക. പൂർണ്ണമായി വർത്തമാനത്തിൽ‍ വർത്തിക്കലാണ് അത്. എല്ലാം നമ്മൾ ‍ കാണും കേൾക്കും. ആ ഇന്ദ്രിയങ്ങ‍ൾ വേറെയാണ്. കാതിന്റെ കാതും കണ്ണിന്‍റെ കണ്ണും ഒക്കെയായി നിലകൊള്ളുന്ന പ്രാണനാണ്‌ അത്. സ്വപ്നം കാണുന്ന കണ്ണും സ്വപ്നത്തി‍ൽ കേൾക്കുന്ന കാതും ഏതാണെന്ന് ആലോചിക്കുക.
ധ്യാനത്തിൽ സൂക്ഷ്മേന്ധ്രിയങ്ങൾ‍ പ്രവർത്തന നിരതമാകും. ചിന്തകൾ ‍ ഏതു, എപ്പോൾ‍, എങ്ങനെ വരുമെന്ന് പറയാനാകില്ല അവ വരും. പക്ഷെ അവയ്ക്ക് പിറകെ പോകരുത്. ആത്മാവുകൊണ്ടു. ആത്മാവിനെ കാണുന്നവൻ‍, തന്നിൽ‍ തന്നെ സന്തോഷിക്കുന്നവൻ‍ ആണ് യോഗി.
അവ‍ർണ്ണനീയമായ തലങ്ങളിലേക്ക് ദൃശ്യത്തെയും ശബ്ദത്തെയും ഒക്കെ കൊണ്ടുപോകുന്നതാണ് ധ്യാനം. മനനം ചെയ്യാൻ‍ പറ്റുന്നതിലും അപ്പുറത്ത് ആണത്. വിശ്വം മുഴുവൻ‍ ഒരു നടനമാണ്. നൃത്തത്തിൽ‍ നടനവും ന‍ർത്തകനും രണ്ടല്ല. അതുമായി ഇഴുകിചെരണം. ആ ഭാവത്തിൽ‍‍ ഭൂമിയുടെയും നക്ഷത്രങ്ങളുടെയും സംഗീതം വരെ കേൾ‍ക്കാം. നാം ജനലിലൂടെ പുറത്തുനോക്കുമ്പോൾ പുതിയതൊന്നും ഇല്ലെന്നു തോന്നുന്നുവെങ്കി‍ൽ നാം ഒന്നും കാണുന്നില്ല. ഇപ്പോള്‍ കച്ചവടക്കണ്ണകൊണ്ട് എല്ലാം വില നിശ്ചയിച്ചാണ് കാണുന്നത്. പഴയതൊക്കെ നിലനില്‍ക്കെ കാഴ്ചപ്പാടിൽ‍ ഒരു മാറ്റമാണ് ധ്യനമുണ്ടാക്കുന്നത്.
ഉന്നതമായ ഒരു തലത്തിലേക്ക് ഉയർ‍ച്ച. നിയന്ത്രിതമാർന്ന, ഒരു പ്രലോഭനങ്ങ‍ൾക്കും വഴങ്ങാത്ത, ഒരു ഒത്തു തീർപ്പിനും ഇല്ലാത്ത മനസ്സ് മറ്റൊന്നിലും ആശ്രയിക്കാതെ തന്നിൽത്തന്നെ നില്‍ക്കുമ്പോൾ‍ എല്ലാ ആഗ്രഹങ്ങളും വിട്ടുപോകും. പുറത്തേക്കല്ല ധ്യാനം വേണ്ടത്, ഇപ്പോൾ‍ എന്ത് പറഞ്ഞാലും ഭഗവാനെ എന്ന് പറഞ്ഞു പുറത്തേക്ക് ധ്യാനിക്കും. ഉള്ളിലെക്കൊഴിച്ച് മറ്റെല്ലായിടത്തും നാം നോക്കും. ഉള്ളിലാണ് ഭഗവാൻ‍. താ‍ൻ തന്നെയാണ് ലക്ഷ്യമാകേണ്ടത്.
ഇന്ദ്രിയങ്ങളെ പുറത്തേക്കാക്കിയാണ് സൃഷ്ടിച്ചത്. അമൃതത്വം ആഗ്രഹിക്കുന്നവ‍ൻ എല്ലാറ്റിന്റെയും ആധാരമറിയാൻ‍ ഉള്ളിലേക്ക് തിരിയും..............
rajeev kunnekkat

No comments: