കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ലോകത്തെ സൂര്യതേജസ്സായിരുന്നു പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍. ശക്തിയും ചൈതന്യവും നിറഞ്ഞ വാക്കുകളിലൂടെ നൂറ്റാണ്ടുകള്‍ ചര്‍ച്ച ചെയ്താലും തീരാത്ത പ്രഹേളികകളും സമസ്യകളും സാംസ്‌കാരിക കേരളത്തിന്റെ മുന്നിലേക്കിട്ടുകൊടുത്താണ് വിശ്വംഭരന്‍ മാഷ് അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞത്.
മഹാഭാരത പര്യടനം എന്ന ബൃഹത് ഗ്രന്ഥം മാത്രമാണ് വിശ്വംഭരന്‍ മാഷ് രചിച്ചത്. ഭാരതത്തിനു ലഭിച്ച അമൂല്യ നിധിയാണിത്. മലയാളം ആനുകാലികങ്ങളില്‍ അദ്ദേഹം വളരെയേറെ ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്.
വിശ്വംഭരന്‍ മാഷ് നിര്യാതനായി ഒരു വര്‍ഷം തികഞ്ഞ അവസരത്തില്‍, അദ്ദേഹവുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന പ്രമുഖ വ്യക്തികള്‍ തങ്ങളുടെ ഓര്‍മ്മകള്‍ സാംസ്‌കാരിക കേരളവുമായി പങ്കുവയ്ക്കുന്ന സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. 'പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരന്‍-ഓര്‍മ്മപ്പുസ്തകം' എന്ന കൃതി പ്രസ്തുത സംരംഭത്തിന്റെ നാന്ദിയാണ്.
123 പേജുകളിലായി പ്രൊഫസ്സറുടെ 23 സുഹൃത്തുക്കള്‍ രചിച്ച ലേഖനങ്ങള്‍ ഒരു തുടക്കം മാത്രമായേ കാണാന്‍ കഴിയൂ. 'ഇനിയും എത്രയോ വസ്തുതകള്‍ എഴുതപ്പെടാതെകിടക്കുന്നു' എന്നാണ് ലേഖനകര്‍ത്താക്കള്‍ തന്നെ ആത്മഗതം നടത്തുന്നത്.
ഭാരതീയ സംസ്‌കൃതിയുടെ അന്തസത്ത പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ അപൂര്‍വം ചിന്തകരില്‍ ഒരാളാണ് വിശ്വംഭരന്‍ മാഷ്. ഭാരതത്തിനു പുറത്തു രൂപീകരിക്കപ്പെടുകയും, നിയമവിരുദ്ധമായി ഭാരതീയ സാംസ്‌കാരികലോകത്തേക്കു നുഴഞ്ഞുകയറുകയും ചെയ്ത പ്രസ്ഥാനങ്ങള്‍ക്ക് ഇവിടെ വേരോട്ടം സാധ്യമാവില്ലെന്ന് അര്‍ഥശങ്കയ്ക്ക് ഇടവരാതെ പ്രഖ്യാപിച്ചയാളുമാണ് അദ്ദേഹം.
'മഹാഭാരത പര്യടനം' എന്ന ഗ്രന്ഥത്തിന്റെ ആരംഭത്തില്‍ തന്നെ വിശ്വംഭരന്‍ മാഷ് നല്‍കിയിരിക്കുന്ന വിവരണം അര്‍ത്ഥവത്താണ്. 'മഹാഭാരതത്തിന് അനേകം അര്‍ത്ഥതലങ്ങളുണ്ട്. അതുകൊണ്ട് ആ ഇതിഹാസത്തെ വിവിധ നിലപാടുകളില്‍ നിന്നുകൊണ്ട് വ്യാഖ്യാനിക്കാം. എന്നുവച്ച് തോന്നിയതുപോലെ വ്യാഖ്യാനിക്കാം എന്നല്ല. മഹര്‍ഷിയുടെ സങ്കല്‍പ്പത്തിന് വിഘാതം വരാതെ ഏതു ദിശയില്‍ നിന്നുകൊണ്ടും അതിനെ നോക്കിക്കാണാം. മഹര്‍ഷിയുടെ സങ്കല്‍പം എന്തെന്ന് ഗ്രഹിക്കുന്നതിന് ഗ്രന്ഥ രചനയുടെ പരമപ്രമാണമായി അദ്ദേഹം സ്വീകരിച്ചിരിക്കുന്ന ദര്‍ശനം എന്തെന്ന് അറിഞ്ഞിരിക്കണം. ഇതറിഞ്ഞാല്‍ ഇതിഹാസത്തിലേക്കുള്ള പ്രവേശം സുഗമമായി....'' എന്നാണ് വിശ്വംഭരന്‍ മാഷ് എഴുതിയിരിക്കുന്നത്.
വിശ്വംഭരന്‍ മാഷിന്റെ ഗുരുനാഥ ആയിരുന്ന ഡോ. എം. ലീലാവതി പ്രിയ ശിഷ്യന്റെ 'ഭീഷ്മാവലോകനം' വിലയിരുത്തിക്കൊണ്ട് ആമുഖ ലേഖനംതന്നെ ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. മഹാഭാരതത്തിലെ ഭീഷ്മര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ സംബന്ധിച്ച പ്രതിച്ഛായകള്‍ തകര്‍ത്തു ദൂരെ എറിയുന്ന പ്രിയ ശിഷ്യനെ ഡോക്ടര്‍ ലീലാവതി അനുമോദിച്ചിരിക്കുകയാണ്. ''വിശ്വംഭരന്‍ എന്റെ ശിഷ്യന്‍ മാത്രം ആയിരുന്നില്ല. അദ്ദേഹം എനിക്ക് ഗുരുനാഥനും ആയിരുന്നു'' എന്ന് ഒരു അദ്ധ്യാപിക തന്റെ ശിഷ്യനെ വിശേഷിപ്പിക്കണമെങ്കില്‍ എന്തായിരിക്കാം അതിന് കാരണമെന്ന് അന്വേഷിച്ചലയേണ്ട കാര്യമില്ല. മഹാഭാരത പര്യടനം ഒരു തവണ വായിച്ചാല്‍ മതിയാകും.
ഡോക്ടര്‍ ലീലാവതി സൂചിപ്പിച്ച ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. 'പ്രൊഫസര്‍ വിശ്വംഭരന്റെ രചനകള്‍ എല്ലാംതന്നെ എല്ലാ ഭാരതീയ ഭാഷകളിലേക്കും തര്‍ജമ ചെയ്യണം.
വിശ്വംഭരന്‍ മാഷിന്റെ സുഹൃത്തും തപസ്യയിലെ സഹപ്രവര്‍ത്തകനും ആയിരുന്ന എം.എ.കൃഷ്ണന്‍ എന്ന എം.എ.സാറിന്റെ ലേഖനം 'ജ്ഞാനസൂര്യന്‍' നിറകണ്ണുകളോടെ അല്ലാതെ വായിച്ചുതീര്‍ക്കാനാവില്ല. മഹാഭാരത പര്യടനം എന്ന പുസ്തകത്തെ എം.എ.സാര്‍ വിശേഷിപ്പിച്ചിരിക്കുന്നത് 'ജ്ഞാനത്തിന്റെ ജലാശയം' എന്നാണ്. ഒരു ഗ്രന്ഥത്തിന് ഇതില്‍ കൂടുതല്‍ അംഗീകാരം ലഭിക്കാനുണ്ടോ?
അമൃത ടി വി സംപ്രേഷണം ചെയ്തുവന്നിരുന്ന 'ഭാരതദര്‍ശനം' പരിപാടിയില്‍ വിശ്വംഭരന്‍ മാഷിന്റെ സന്തത സഹചാരി ആയിരുന്ന ഡോ. ലക്ഷ്മി ശങ്കര്‍ എന്ന ശിഷ്യയുടെ ഗദ്ഗദങ്ങളും തേങ്ങലുകളും മലയാളഭാഷ ഏറ്റുവാങ്ങും. വിശ്വംഭരന്‍ മാഷിന്റെ ദര്‍ശനങ്ങളെക്കുറിച്ച് എഴുതാന്‍ സര്‍വഥാ യോഗ്യ ഈ യുവതിയാവാം.
വിശ്വംഭരന്‍ മാഷിന്റെ പ്രഥമ ചരമ വാര്‍ഷികത്തിന് പ്രസിദ്ധീകരിച്ച 'ഓര്‍മ്മപ്പുസ്തകം' ഒരു നാഴികക്കല്ലുതന്നെയാണ്. തപസ്യ അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസിന്റെ അവതാരികയില്‍ നിന്ന് ഒരുകാര്യം വ്യക്തമാണ്. ഇതൊരു തുടക്കം മാത്രം. വിശ്വംഭരന്‍ മാഷ് തന്റെ സംഭാഷണങ്ങളിലും പ്രസംഗങ്ങളിലും സൂചിപ്പിച്ച കാര്യങ്ങള്‍ പുസ്തകങ്ങളായി മലയാളിക്ക് നല്‍കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. 'മാഷിന്റെ സിദ്ധിവൈഭവത്തെ പൂര്‍ണമായി ഉപയോഗിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ എന്ന സന്ദേഹം ബാക്കി നില്‍ക്കുന്നു'' എന്നാണ് പ്രൊഫ. ഹരിദാസ് പറയുന്നത്.
ഓര്‍മ്മപ്പുസ്തകത്തിന്റെ ശില്‍പി കെ.പി.മുരളി (മുരളി പാറപ്പുറം) അനുമോദനം അര്‍ഹിക്കുന്നു. അടുത്ത വിശ്വംഭര സ്മൃതിക്കു സമഗ്രമായ ഒരു നിരൂപണ ഗ്രന്ഥം എഴുതാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു. ഏതൊരു മലയാളിയും, പ്രത്യേകിച്ച് ഭാരതീയതയില്‍ വിശ്വസിക്കുന്നവര്‍ അവശ്യം വായിച്ചിരിക്കേണ്ടതാണ് ഈ ഓര്‍മ്മപ്പുസ്തകം...janmabhumi
No comments:
Post a Comment