അതിപ്രാചീനങ്ങളായ ഭാഷകളില്‍ പ്രഥമഗണനീയയാണ് സംസ്‌കൃതഭാഷ. ദേവഭാഷ എന്ന് ഇത് സ്തുതിക്കപ്പെടുന്നു. സംസ്‌കൃതത്തിന്റെ ദേവഭാഷാ വിശേഷണം പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. അണിമ, ഗരിമ, ലഘിമ തുടങ്ങിയ അഷ്‌ടൈശ്വര്യ സിദ്ധികളോടുകൂടിയ ഭാഷ എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നമ്മുടെ സംസ്‌കാരത്തിന്റെ കലവറയും സംഗീതവുമാണ് സംസ്‌കൃതം. ഈ സംഗീതം നിലച്ചാല്‍ നമ്മുടെ ചലനതാളം നിലയ്ക്കും. ഈ ചലനരാഹിത്യം സര്‍വനാശത്തിന്റെ തുടക്കമായിരിക്കും. വിവിധമതങ്ങളും വിവിധജാതികളും ഉപജാതികളും ഉള്‍ക്കൊള്ളുന്ന, വിവിധഭാഷകളും വേഷങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനില്‍ക്കുന്ന ഈ മഹാദേശത്തെ ഒന്നാക്കി ബന്ധിച്ച് നിര്‍ത്തുന്ന അദൃശ്യശക്തി ഈ അമരവാണിയില്‍നിന്ന് ഊറി ഉറഞ്ഞ സംസ്‌കാര ശക്തി വിശേഷം തന്നെയാണെന്നതില്‍ പക്ഷാന്തരമില്ല. ദേശീയോദ്ഗ്രഥനം എന്ന മഹത്തായ ലക്ഷ്യം സംസ്‌കൃതഭാഷയുടെ വളര്‍ച്ചയില്‍ കൂടി സാധ്യമാകുന്നു. നമ്മുടെ നാട്ടില്‍ സംസ്‌കൃത പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുമ്പോള്‍ ഈ ഭാഷയുടെ ദേശീയോദ്ഗ്രഥന ശക്തി വിശേഷം തന്നെയാണ് പ്രഥമവും പ്രധാനവും. എവിടെവിടെ നമുക്ക് നമ്മുടെ സംസ്‌കാരത്തെ സംക്രമിപ്പിക്കുവാനും സന്നിവേശിപ്പിക്കുവാനും കഴിയാതെ വന്നുവോ അവിടെയെല്ലാം വിഘടനവാദവും വര്‍ഗീയതയും കലിയാട്ടമാടുന്ന കാഴ്ച നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. നമ്മെ ഒന്നാക്കിനിര്‍ത്തുന്ന സംസ്‌കൃതത്തിന്റെ മാസ്മര ശക്തികള്‍ ഉള്‍ക്കൊള്ളുവാന്‍ ഇനിയും അമാന്തിച്ചുകൂടാ. തനത് സംസ്‌കാരം നമുക്ക് പ്രൗഢവും സമൃദ്ധവും സര്‍വസമ്മതവുമായ ഒരു തനത് സംസ്‌കാരമുണ്ട്. നമ്മുടെ നാടിന്റെ പൗരാണികതയെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും അറിയുവാന്‍ സംസ്‌കൃതപഠനം അത്യന്താപേക്ഷിതമാണ്. ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍ തുടങ്ങി ആദ്ധ്യാത്മിക ചിന്താപദ്ധതികള്‍ ചരിത്രാതീതകാലം മുതല്‍ക്കേ വളര്‍ന്നു പുഷ്ടിപ്പെട്ടതുകൊണ്ടാണ് ഭാരതീയ സംസ്‌കാരത്തിന് ഇത്രയും മഹത്വമുണ്ടായത് എന്ന വസ്തുത ആര്‍ക്കും വിസ്മരിക്കുവാന്‍ സാധ്യമല്ല. ജ്ഞാനതപോനിഷ്ഠരായ പുരാതന ഋഷിമാര്‍ അന്തര്‍ദൃഷ്ടികൊണ്ട് മനനം ചെയ്തറിഞ്ഞ പ്രപഞ്ച രഹസ്യങ്ങള്‍ വേദോപനിഷത്തുകളിലൂടെ അവര്‍ വെളിപ്പെടുത്തി. ഈ വെളിപാടിന്റെ ആവേശം കാലപ്രവാഹത്തെ അതിജീവിച്ച് സാമൂഹിക ജീവിതത്തിന്റെ പല സരണികളിലും അടിയൊഴുക്കുകളായി നിലനിന്ന് പോന്നു. മഹത്തായ ഈ പാരമ്പര്യത്തിന്റെ അവബോധം നമ്മെ ദേശസ്‌നേഹികളും ദേശാഭിമാനികളുമാക്കിത്തീര്‍ത്തു. ഇത് സംസ്‌കൃത പഠനത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നു...janmabhumi
No comments:
Post a Comment