Monday, November 19, 2018

ഓരോ മേഖലയിലും പരിഷ്‌ക്കാരത്തിന്റെ പേരുപറഞ്ഞ് സ്വാഭിമാനത്തിന്റെ ഘടകങ്ങള്‍ തഴയപ്പെട്ടുകൊണ്ടേയിരിക്കുന്നു.ഭാരതീയഭാഷകളിലും സംഗീതം, ചിത്രകല തുടങ്ങിയവയിലും ബിരുദമെടുക്കുന്നതിനുള്ള ഉപവിഷയം സംസ്‌കൃതമായിരുന്നു. പക്ഷെ ഇന്ന് പല സര്‍വകലാശാലകളിലും ഇത് ഒഴിവാക്കിയിരിക്കുന്നു. ആയുര്‍വേദത്തിനുപോലും സംസ്‌കൃതം ആവശ്യമില്ല എന്ന സ്ഥിതി വന്നിരിക്കുന്നു. ഇനിയെങ്കിലും ഇത് തിരിച്ചറിയാന്‍ ശ്രമിച്ചുകൂടെ? ഈ വഴിയില്‍ പലേ വിഷയങ്ങള്‍ ഉണ്ടെങ്കിലും പ്രത്യക്ഷമായി എളുപ്പം കൊണ്ടുവരാവുന്ന, ഏവരും അംഗീകരിച്ചിട്ടുള്ള ഒന്ന് സംസ്‌കൃതഭാഷയാണ്. സ്വദേശികളും പരദേശികളുമായ ഒട്ടനവധി ചിന്തകര്‍ ഒരേപോലെ അംഗീകരിച്ചതാണ് ഈ ഭാഷയുടെ ശാസ്ത്രീയതയും ശ്രേഷഠതയും. ലോകത്തെമ്പാടുമുള്ള വിദ്യാവിചക്ഷണര്‍ എന്നും അംഗീകരിച്ചുവന്നിട്ടുള്ള ഭാഷയാണ് സംസ്‌കൃതം. മനുഷ്യമനസ്സിന് വികസിപ്പിക്കാന്‍ സാധിച്ചതില്‍ വെച്ച് ഏറ്റവും അദ്ഭുതകരവും ഏറ്റവും പൂര്‍ണ്ണതയുള്ളതും അത്യന്തം വിസ്തൃതമായ സാഹിത്യമുള്ളതുമായ ഭാഷയാണിതെന്ന് അരവിന്ദമഹര്‍ഷിയും, സംസ്‌കൃതം ലോകത്തിലെ ഏറ്റവും മഹത്തായ ഭാഷയാകുന്നു എന്ന് മാക്‌സ്മുള്ളറും അഭിപ്രായപ്പെട്ടിരുന്നു. ലോകത്തെമ്പാടും സംസ്‌കൃതം പഠിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു എന്നത് സംസ്‌കൃതഭാഷയോട് ജനങ്ങള്‍ക്കുള്ള താല്‍പര്യത്തെ, സംസ്‌കൃതഭാഷയുടെ വൈശിഷ്ട്യത്തെ വെളിപ്പെടുത്തുന്നതാണ്.അമേരിക്കയില്‍ സര്‍വകലാശാലകളില്‍ സംസ്‌കൃതപഠനമുണ്ടായിരുന്നെങ്കിലും ഈ അടുത്തകാലത്താണ് സ്‌കൂള്‍വിദ്യാഭ്യാസത്തില്‍ ഒരു വിഷയമായി അംഗീകരിച്ചത്.എസ്എഎഫ്എല്‍ എന്ന പേരില്‍ തുടങ്ങിയ ഈ പദ്ധതിയില്‍ ധാരാളം കുട്ടികള്‍ സംസ്‌കൃതം പഠിച്ചുവരുന്നുണ്ട്.ഒന്നാം ക്ലാസു മുതല്‍ അനിവാര്യവിഷയമായി സംസ്‌കൃതം പഠിപ്പിക്കുന്ന ഇംഗ്ലണ്ടിലെ സെന്റ്‌ജെയിംസ് ഇന്‍ഡിപെന്‍ഡന്റ് സ്‌ക്കൂള്‍, സൗത്ത് ആഫ്രിക്കയിലെ സെന്റ്‌ജെയിംസ് സ്‌കൂള്‍, ഐറന്റികലെ ജോണ്‍സ്‌ക്കോട്ടസ് സ്‌ക്കൂള്‍,ന്യൂസിലാന്റിലെ ഫിസിനോസ്‌ക്കൂള്‍ എന്നിവ വിദേശങ്ങളില്‍ സംസ്‌കൃതത്തോടുള്ള അഭിനിവേശം തെളിയിക്കുന്നതാണ്.ഭാരതത്തില്‍ കേരളത്തിലും മണിപ്പൂരിലും മാത്രമാണ് ഒന്നാംതരം മുതല്‍ സംസ്‌കൃതപഠനം ഈ വര്‍ഷംതൊട്ട് തുടങ്ങിയിട്ടുള്ളത്.അതും ഐച്ഛികമായി മാത്രം എന്നതും നാം ഓര്‍ക്കേണ്ടതാണ്. ഇന്തോനേഷ്യയിലെ ഹിന്ദുധര്‍മ നഗരി ഇന്‍സ്റ്റിറ്റിയൂട്ടില്‍ 3500 വിദ്യാര്‍ഥിനകള്‍ സംസ്‌കൃതം പഠിക്കുന്നു.ചൈനയിലും ജര്‍മനിയിലും റഷ്യയിലും സിങ്കപ്പൂരും മലേഷ്യയിലും മറ്റും സംസ്‌കൃതപഠനം പലതരത്തില്‍ നടന്നുവരുന്നു.ഗ്രീക്ക് രാഷ്ട്രത്തലവനും സംസ്‌കൃതം പഠിക്കുന്നതായും നമ്മുടെ രാഷ്ട്രപതിയെ സംസ്‌കൃതത്തില്‍ സ്വാഗതം ചെയ്തതായുമുള്ള വാര്‍ത്ത നാം പത്രങ്ങളില്‍ വായിച്ചതാണല്ലൊ? ഇപ്രകാരം സര്‍ക്കാരിന്റേയോ മറ്റു സംഘടനകളുടേയോ പ്രത്യേക പ്രയത്‌നംകൂടാതെതന്നെ സംസ്‌കൃതം ലോകം മുഴുക്കെ വ്യാപിച്ചുകൊണ്ടിരിക്കുന്നത് സംസ്‌കൃതഭാഷയില്‍ നിഹിതമായിരിക്കുന്ന വിജ്ഞാനസമ്പത്തിന്റെ അടിസ്ഥാനത്തിലാണ്, അതിന്റെ ശാസ്ത്രീയതയുടെ ബലത്തിലാണ്, അത് ഭാരതത്തെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ടാണ്. ഫക്രുദീന്‍ അലി അഹമ്മദ് പറഞ്ഞതുപോലെ സംസ്‌കൃതം ഏതെങ്കിലുമൊരു വിഭാഗത്തിന്റേയോ സമുദായത്തിെേന്റയോ ഭാഷയല്ല, മറിച്ച് ഓരോ ഭാരതീയന്റേയും ഭാഷയാണ്. 1961 മുതല്‍ ആഘോഷിച്ചുവരുന്ന സംസ്‌കൃതദിനാചരണത്തെ തിരസ്‌ക്കരിക്കുന്നതിനായി അടുത്തകാലത്ത് തമിഴ്നാട്ടില്‍ നടന്ന ശ്രമങ്ങള്‍ ദേശീയതയുടെ മഹത്വത്തേയും പൂര്‍വികരുടെ സങ്കല്‍പങ്ങളേയും നിസ്സാരവല്‍ക്കരിക്കുന്നതായിരുന്നു. വിവിധ ദേശങ്ങളില്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വിശ്വസംസ്‌കൃതസമ്മേളനങ്ങളും കമ്പ്യൂട്ടറില്‍ ഉപയോഗിക്കാവുന്ന ഭാഷകളില്‍ മുഖ്യസ്ഥാനം ലഭിച്ചതും, അതോടനുബന്ധിച്ച് ഗവേഷണങ്ങള്‍ ജര്‍മ്മനിയിലേതടക്കം 16 സംസ്‌കൃത സര്‍വകലാശാലകള്‍ നടക്കുന്നതുമെല്ലാം ലോകത്തിലെ പ്രാചീനവിജ്ഞാനത്തിന്റെ 75 ശതമാനത്തിലധികം താളിയോലകളുള്‍പ്പെടുന്ന ഈ ഭാഷയുടെ മഹത്ത്വമല്ലാതെ മറ്റെന്താണ്? പക്ഷെ പാശ്ചാത്യാഭിനിവേശാന്ധകാരം ബാധിച്ച നമുക്ക് ഇത് വേണ്ടത്ര കാണാന്‍ കഴിയുന്നില്ല എന്നുമാത്രം. ഇതിന് ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ച, ഇന്നും നാം അനുവര്‍ത്തിച്ചുവരുന്ന വിദ്യാഭ്യാസപദ്ധതി ഒരു പ്രധാനകാരണമാണ്. ഇംഗ്ലീഷുകാരുടെ വരവോടുകൂടി,സംസ്‌കൃതനിഷ്ഠമായ ബൃഹദ്പാരമ്പര്യത്തെ അംഗീകരിക്കാത്ത മറ്റൊരു പ്രബലജനവിഭാഗംകൂടി ഭാരതത്തിലുണ്ടായി. ''ഇന്ത്യന്‍ മാനസികഘടനയെ തികച്ചും പാശ്ചാത്യവല്‍ക്കരിക്കുക എന്നതായിരുന്നു ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സാര്‍വത്രികമായി നടപ്പിലാക്കിയ വിദ്യാഭ്യാസ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. ഇന്ത്യക്കാരില്‍ വളരെ വലിയൊരുവിഭാഗം ഈ ലക്ഷ്യത്തെ സര്‍വാത്മനാ അംഗീകരിക്കുകയുണ്ടായി. ഇതോടെ സംസ്‌കൃതവല്‍ക്കരണം വളരെയേറെ മന്ദഗതിയിലായി'' എന്ന എന്‍.വി. കൃഷ്ണവാരിയരുടെ അഭിപ്രായം ഓര്‍ക്കേണ്ടതാണ്. ധ്യാനസമാനം ആന്തരികപരിണാമത്തിനുകാരണമാണ് സംസ്‌കൃതത്തിന്റെ ഉച്ചാരണമെന്ന് കണ്ടത്തിയ പാശ്ചാത്യശാസ്ത്രജ്ഞരും (ഡോക്ടര്‍ ട്രാവിസ്) ലോകൈക്യത്തിനുപോലും കാരണമായേക്കാമെന്ന് അഭിപ്രായപ്പെട്ട വിവേകാനന്ദസ്വാമികളും (വിവേകാനന്ദസാഹിത്യസര്‍വസ്വം,ഭാഗം3, പേജ് 486,487) പാടിപ്പുകഴ്ത്തിയ ഈ സംസ്‌കൃതഭാഷയെ വീണ്ടും ജനകീയമാക്കാന്‍ ശക്തമായി,ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ നാം തയ്യാറാകണം. ഇതുവഴി നമുക്ക് ഭാരതത്തിന്റെ ആത്മവീര്യത്തെ തട്ടിയുണര്‍ത്താം. മാത്രമല്ല, 'ലോകമേതറവാടെ'ന്നുദ്‌ഘോഷിച്ച ആര്‍ഷസംസ്‌ക്കാരത്തെ ലോകമെമ്പാടും വാരിവിതറാം. ഭാരതത്തിന്റെ ചിരന്തനപ്രാര്‍ത്ഥനയായ 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' എന്ന സ്വപ്‌നം സാക്ഷാല്‍ക്ക്രിക്കാം. ഇതിനായി ഭാരതത്തിലും മറ്റു പല വിദേശങ്ങളിലും ആചരിക്കുന്ന സംസ്‌കൃതവാരാഘോഷം നമുക്ക് ക്രിയാത്മകമായി ആഘോഷിക്കാം..nandakumar

No comments: